ആർട്ടിക്ക് ടേണിന്‍റെ അത്ഭുതയാത്ര
ആർട്ടിക്ക് ടേൺ എന്ന ദേശാടനപക്ഷിയുടെ സഞ്ചാരപഥം ആർട്ടിക്ക് മുതൽ അന്‍റാർട്ടിക്ക വരെയാണ്. അങ്ങോട്ടും ഇങ്ങോട്ടും ആയി അവ ഏകദേശം 35,200 കിലോമീറ്റർ പറക്കുന്നു എന്നായിരുന്നു ധാരണ. എന്നാൽ അടുത്തിടെ നടന്ന ചില പഠനങ്ങൾ കാണിക്കുന്നത് ഈ പക്ഷികൾ അതിലേറെ പറക്കുന്നുണ്ടെന്നാണ്.
പക്ഷികളുടെ സഞ്ചാരപഥം മനസ്സിലാക്കാൻ ചെറിയ ഉപകരണങ്ങൾ (geolocators) അവയുടെ ശരീരത്തിൽ ഘടിപ്പിക്കുകയുണ്ടായി. ചില ആർട്ടിക്ക് ടേണുകൾ ശരാശരി 90,000 കിലോമീറ്റർ ഒരു ദേശാടനത്തിൽ പറക്കുന്നുണ്ടെന്നാണ് പേപ്പർ ക്ലിപ്പിന്‍റെ ഭാരമുള്ള ഈ ഉപകരണം കാണിച്ചുതന്നത്. അതിലൊരെണ്ണം ഏതാണ്ട് 96,000 കിലോമീറ്റർ പറന്നു! അറിയപ്പെടുന്നതിലേക്കുംവെച്ച് ഏറ്റവും ദീർഘദൂരം ദേശാടനം നടത്തുന്ന പക്ഷിയാണ് ഇത്. എന്തുകൊണ്ടാണ് പുതുക്കിയ കണക്കുകൾ വന്നിരിക്കുന്നത്?
ടേണുകൾ എവിടെനിന്നു ദേശാടനം തുടങ്ങിയാലും നേരെയുള്ള പാതയിലൂടെ അല്ല അതിന്‍റെ സഞ്ചാരം. ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ സാധാരണഗതിയിൽ അറ്റ്ലാന്റിക്ക് സമുദ്രം വഴിയുള്ള അതിന്‍റെ യാത്ര s രൂപത്തിലുള്ളതാണ്. കാരണം? ലഭിക്കുന്ന കാറ്റിന്‍റെ ഗതിക്ക് അനുസരിച്ച് അത് പറക്കുന്നു.
30 വർഷത്തോളം വരുന്ന അതിന്‍റെ ആയുസ്സിൽ 20,40,000 കിലോമീറ്ററിലധികം അത് പറന്നേക്കാം. ചന്ദ്രനിൽ മൂന്നോ നാലോ പ്രാവശ്യം പോയിവരുന്ന അത്രയും ദൂരം! “100 ഗ്രാമിൽ അൽപ്പമധികം മാത്രം വരുന്ന ഈ ഇത്തരിക്കുഞ്ഞന്റെ പ്രകടനം ചിന്തിക്കാൻപോലും പറ്റാത്തതാണ്,” എന്ന് ഒരു ഗവേഷകൻ പറയുന്നു. ഇനി ആർട്ടിക്ക് ടേണുകൾക്ക് രണ്ടു ധ്രുവങ്ങളിലെയും വേനൽക്കാലം ലഭിക്കുന്നു. ഭൂമിയിലെ ജീവിതം: ഒരു പ്രകൃതി ചരിത്രം (ഇംഗ്ലീഷ്) എന്ന പുസ്‌തകം പറയുന്നതനുസരിച്ച് “ഓരോ വർഷവും ഏതൊരു ജീവിയെക്കാളും അധികം സൂര്യപ്രകാശം കാണുന്നത്” ഈ പക്ഷികളാണ്.