മുഖ്യലേഖനം | ഈ ലോകം രക്ഷപ്പെടുമോ?
ഈ ലോകം രക്ഷപ്പെടുമോ ഇല്ലയോ?
നിരാശപ്പെടുത്തുന്ന ഒരു പ്രഖ്യാപനത്തോടെയാണ് ശാസ്ത്രസമൂഹം 2017 എന്ന വർഷത്തിന് ആരംഭം കുറിച്ചത്. ഇതുവരെ കാണാത്ത ഒരു വലിയ ദുരന്തത്തിലേക്കു ലോകം ഒരു പടികൂടി അടുത്തിരിക്കുന്നെന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞർ ജനുവരിയിൽ പ്രഖ്യാപിച്ചു. മാനവകുടുംബം ആഗോളതലത്തിൽ മഹാദുരന്തത്തിന് അടുത്ത് എത്തിയിരിക്കുന്നതിനെ ചിത്രീകരിക്കാൻ ‘അന്ത്യദിനഘടികാര’ത്തിന്റെ മിനിട്ടുസൂചി ശാസ്ത്രജ്ഞർ 30 സെക്കന്റ് മുന്നോട്ട് നീക്കിയിരിക്കുന്നു. ഈ ഘടികാരത്തിൽ രാത്രി 12 മണിയാകാൻ വെറും രണ്ടര മിനിട്ടേ ശേഷിക്കുന്നുള്ളൂ. 60 വർഷത്തിന് ഇടയിൽ ആദ്യമായിട്ടാണ് ഒരു മഹാദുരന്തത്തോട് ലോകം ഇത്രയും അടുത്തിരിക്കുന്നത്!
ലോകാവസാനത്തോട് നമ്മൾ എന്തുമാത്രം അടുത്തിരിക്കുന്നെന്ന് 2018-ലും വിശകലനം ചെയ്യാൻ ശാസ്ത്രജ്ഞന്മാർ ഇപ്പോഴേ പദ്ധതിയിടുന്നു. അന്നും ആ അന്ത്യദിനഘടികാരം ഒരു മഹാദുരന്തം ഉടനെ സംഭവിക്കുമെന്നുതന്നെ സൂചിപ്പിക്കുമോ? നിങ്ങൾ എന്ത് വിചാരിക്കുന്നു? ഈ ലോകം രക്ഷപ്പെടുമോ? ഈ ചോദ്യത്തിന് ഉത്തരം നൽകാൻ ഒരുപക്ഷേ നിങ്ങൾക്കു ബുദ്ധിമുട്ടായിരിക്കാം. പ്രമുഖരായ പലർക്കും ഈ വിഷയത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്. എന്നാൽ ഇങ്ങനെയൊരു ലോകാവസാനമുണ്ടാകുമെന്ന് എല്ലാവരും വിശ്വസിക്കുന്നില്ല.
ദശലക്ഷക്കണക്കിന് ആളുകൾ ശോഭനമായ ഒരു ഭാവിയുണ്ടാകുമെന്ന് വിശ്വസിക്കുന്നു. മാനവകുടുംബവും നമ്മുടെ ഗ്രഹവും എന്നേക്കും നിലനിൽക്കുമെന്നും നമ്മുടെ ജീവിതനിലവാരം മെച്ചപ്പെടുമെന്നും ഉള്ളതിന് തെളിവുകളുണ്ടെന്ന് അവർ അവകാശപ്പെടുന്നു. ആ തെളിവുകൾ വിശ്വാസയോഗ്യമാണോ? വാസ്തവത്തിൽ ഈ ലോകം രക്ഷപ്പെടുമോ?