കുടുംബങ്ങൾക്കുവേണ്ടി | മക്കളെ വളർത്തൽ
കുട്ടികളെ താഴ്മ പഠിപ്പിക്കാം
ബുദ്ധിമുട്ട്
-
നിങ്ങളുടെ മകൻ ധിക്കാരത്തോടെ പെരുമാറുന്നു. അവനു വയസ്സ് പത്തേ ആയിട്ടുള്ളൂ!
-
എല്ലാവരും അവനെ ഒരു താരമായി കാണണമെന്നാണ് അവന്റെ ആഗ്രഹം.
‘അവൻ എന്താ ഇങ്ങനെ പെരുമാറുന്നത്’ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. ‘അവന് അവനെക്കുറിച്ച് മതിപ്പ് തോന്നണം. പക്ഷേ, എല്ലാവരെക്കാളും മികച്ചവനാണ് അവൻ എന്നു ചിന്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.’
ഒരു കുട്ടിയുടെ ആത്മാഭിമാനം നഷ്ടപ്പെടാതെ അവനെയോ അവളെയോ താഴ്മ പഠിപ്പിക്കാൻ സാധിക്കുമോ?
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
മാതാപിതാക്കൾ കുട്ടികളുടെ ആഗ്രഹങ്ങൾക്കു വഴങ്ങിക്കൊടുക്കണം എന്നതാണ് പൊതുവെയുള്ള അഭിപ്രായം. പ്രശംസാർഹമായ ഒന്നും ചെയ്തില്ലെങ്കിലും അവരെ ധാരാളമായി പുകഴ്ത്തുക, തിരുത്തലും ബുദ്ധിയുപദേശവും വേണ്ടാ! കുട്ടികളോട് ഈ രീതിയിൽ ഒരു ‘താര’ത്തോടെന്നപോലെ പെരുമാറിയാൽ അവർ നല്ല ആത്മാഭിമാനത്തോടെ വളരുമെന്നാണ് പല മാതാപിതാക്കളും ചിന്തിക്കുന്നത്. എന്നാൽ തെളിവുകൾ എന്താണ് കാണിക്കുന്നത്? ഞാൻ തലമുറ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു: “പക്വതയുള്ള, സന്തോഷമുള്ള കുട്ടികളെ വാർത്തെടുക്കുന്നതിനു പകരം ഈ സ്വാഭിമാനപ്രസ്ഥാനം ധിക്കാരികളായ ഒരു കുട്ടിപ്പട്ടാളത്തെയാണ് സൃഷ്ടിച്ചിരിക്കുന്നത്.”
അർഹിക്കാത്ത പ്രശംസ ലഭിച്ചുപോരുന്ന പല കുട്ടികളും, ജീവിതത്തിൽ നിരാശ നേരിടുമ്പോൾ പിടിച്ചുനിൽക്കില്ല, വിമർശനങ്ങൾക്കും തോൽവികൾക്കും മുന്നിൽ പതറിപ്പോകും. സ്വന്തം ആഗ്രഹങ്ങൾക്കു മുൻതൂക്കം കൊടുക്കാൻ പഠിപ്പിച്ചുവളർത്തിയതിനാൽ മുതിർന്നുവരുമ്പോൾ നിലനിൽക്കുന്ന ബന്ധങ്ങൾ സ്ഥാപിക്കുന്നത് അവർക്കു ബുദ്ധിമുട്ടായിത്തീരുന്നു. ഇതിന്റെ ഫലമായി അനേകർ വിഷാദത്തിനും ഉത്കണഠയ്ക്കും ഇരയാകുന്നു.
മാതാപിതാക്കൾ കുട്ടികളെ എപ്പോഴും പുകഴ്ത്തിയാൽ കുട്ടികൾക്കു ആത്മാഭിമാനം തോന്നിയേക്കാം. എന്നാൽ ശരിക്കും ആത്മാഭിമാനം തോന്നേണ്ടത് സ്വന്തമായി നേട്ടങ്ങൾ കൈവരിക്കുന്നതിലൂടെയാണ്. തങ്ങൾ ആരൊക്കെയോ ആണെന്നു ചിന്തിച്ചതുകൊണ്ട് മാത്രം കാര്യമില്ല. പകരം സ്വന്തം കഴിവുകൾ മനസ്സിലാക്കുകയും അതിൽ പരിശീലനം നേടുകയും മികവു പുലർത്തുകയും ചെയ്യണം. (സുഭാഷിതങ്ങൾ 22:29) മറ്റുള്ളവരുടെ ആവശ്യങ്ങളെക്കുറിച്ചും ചിന്ത വേണം. (1 കൊരിന്ത്യർ 10:24) ഇതിനെല്ലാം വേണ്ടത് താഴ്മയാണ്.
നിങ്ങൾക്കു ചെയ്യാനാകുന്നത്
അർഹിക്കുമ്പോൾ മാത്രം പ്രശംസിക്കുക. നിങ്ങളുടെ മകൾ സ്കൂളിൽ നല്ല മാർക്ക് വാങ്ങിയാൽ അവളെ പ്രശംസിക്കുക. മാർക്ക് കുറഞ്ഞുപോയാൽ അതിന് കണ്ണുമടച്ച് ടീച്ചറിനെ കുറ്റപ്പെടുത്തരുത്. അങ്ങനെ ചെയ്താൽ നിങ്ങളുടെ മകൾ താഴ്മ പഠിക്കില്ല. അടുത്ത പ്രാവശ്യം എങ്ങനെ മെച്ചപ്പെടാം എന്നു മനസ്സിലാക്കാൻ അവളെ സഹായിക്കുക. യഥാർഥനേട്ടങ്ങൾക്കു മാത്രം അവളെ പ്രശംസിക്കുക.
ആവശ്യമായിവരുമ്പോൾ തിരുത്തുക. ഇതിന് അർഥം ഓരോ തെറ്റിനും കുട്ടിയെ വഴക്കു പറയണം എന്നല്ല. (കൊലോസ്യർ 3:21) എന്നാൽ ഗുരുതരമായ തെറ്റുകൾ തിരുത്തുകതന്നെ വേണം. തെറ്റായ മനോഭാവത്തിന്റെ കാര്യത്തിലും അതുതന്നെയാണ് ചെയ്യേണ്ടത്. അല്ലെങ്കിൽ പിന്നീട് അത് മാറ്റാൻ വളരെ ബുദ്ധിമുട്ടായിരിക്കും.
ഉദാഹരണത്തിന്, നിങ്ങളുടെ കുട്ടിക്കു വീമ്പിളക്കാനുള്ള പ്രവണതയുണ്ടെന്നു വിചാരിക്കുക. തിരുത്തിയില്ലെങ്കിൽ അവൻ അഹങ്കാരിയായിത്തീർന്നേക്കാം, അവനെ മറ്റുള്ളവർ ഒഴിവാക്കിത്തുടങ്ങിയേക്കാം. പൊങ്ങച്ചം പറയുന്നത് അവനെ മറ്റുള്ളവരുടെ മുമ്പാകെ മോശക്കാരനാക്കുമെന്നും അത് അവനു നാണക്കേടു വരുത്തിയേക്കാമെന്നും പറഞ്ഞുമനസ്സിലാക്കുക. (സുഭാഷിതങ്ങൾ 27:2) സ്വയം ശരിയായി വിലയിരുത്തുന്ന ഒരാൾ ഒരിക്കലും തന്റെ കഴിവുകൾ കൊട്ടിഘോഷിക്കുകയില്ല എന്ന കാര്യവും അവനു പറഞ്ഞുകൊടുക്കുക. അങ്ങനെ സ്നേഹത്തോടെ തിരുത്തൽ കൊടുത്താൽ അവന്റെ ആത്മാഭിമാനം നഷ്ടപ്പെടുത്താതെതന്നെ അവനെ താഴ്മ പഠിപ്പിക്കാം.—ബൈബിൾതത്ത്വം: മത്തായി 23:12.
ജീവിതയാഥാർഥ്യങ്ങളെ നേരിടാൻ നിങ്ങളുടെ കുട്ടിയെ ഒരുക്കുക. കുട്ടിയുടെ എല്ലാ ആഗ്രഹങ്ങളും നടത്തിക്കൊടുത്താൽ താൻ ആരോ ആണെന്ന ചിന്ത അവനു വന്നേക്കാം. നിങ്ങൾക്കു വാങ്ങിക്കൊടുക്കാൻ കഴിയാത്ത ഒരു സാധനം കുട്ടി ആവശ്യപ്പെടുന്നെങ്കിൽ വരുമാനത്തിനുള്ളിൽ ജീവിക്കേണ്ടത് എന്തുകൊണ്ടാണെന്ന് പറഞ്ഞുകൊടുക്കുക. ഒരു വിനോദയാത്രയോ പുറത്ത് പോകാനുള്ള ഒരു പരിപാടിയോ വേണ്ടെന്ന് വെക്കുന്നെന്നു കരുതുക. നിരാശകൾ ജീവിതത്തിന്റെ ഭാഗമാണെന്നു പഠിപ്പിക്കാൻ ഈ അവസരം ഉപയോഗിക്കുക. ഇത്തരം നിരാശകളുമായി നിങ്ങൾ എങ്ങനെയാണ് ഒത്തുപോകുന്നതെന്നും ചർച്ച ചെയ്യുക. എല്ലാ പ്രശ്നങ്ങളിൽനിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനു പകരം ഭാവിയിലെ ജീവിതയാഥാർഥ്യങ്ങളെ നേരിടാൻ അവരെ പരിശീലിപ്പിക്കുക.—ബൈബിൾതത്ത്വം: സുഭാഷിതങ്ങൾ 29:21.
കൊടുക്കാൻ പഠിപ്പിക്കുക. “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്” എന്ന സത്യം കുട്ടികളെ ബോധ്യപ്പെടുത്തുക. (പ്രവൃത്തികൾ 20:35) എങ്ങനെ? സാധനങ്ങൾ വാങ്ങിക്കാനോ എവിടെയെങ്കിലും പോകാനോ എന്തെങ്കിലും അറ്റകുറ്റപ്പണികൾ തീർക്കാനോ ഒക്കെ സഹായം ആവശ്യമുള്ളവരുടെ ലിസ്റ്റ് കുട്ടിയോടൊപ്പം ഇരുന്നുണ്ടാക്കുക. അവരിൽ ചിലരെ സഹായിക്കാൻ പോകുമ്പോൾ കുട്ടിയെയും കൂടെ കൊണ്ടുപോകുക. മറ്റുള്ളവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവരെ സഹായിച്ചപ്പോൾ നിങ്ങൾക്കു ലഭിച്ച സന്തോഷവും സംതൃപ്തിയും കുട്ടിയും കാണട്ടെ. ആ വിധത്തിൽ നിങ്ങൾ നിങ്ങളുടെ മാതൃകയിലൂടെ കുട്ടിയെ താഴ്മ പഠിപ്പിക്കും. താഴ്മ പഠിപ്പിക്കാനുള്ള ഏറ്റവും നല്ല വഴിയും ഇതാണ്.—ബൈബിൾതത്ത്വം: ലൂക്കോസ് 6:38.