ദഹനേന്ദ്രിയ നാഡീവ്യൂഹം—ശരീരത്തിലെ ‘രണ്ടാമത്തെ തലച്ചോറോ?’
നിങ്ങൾക്ക് എത്ര തലച്ചോറുണ്ട്? “ഒന്ന്” എന്നാണ് ഉത്തരമെങ്കിൽ അതു ശരിയാണ്. എന്നാൽ നിങ്ങളുടെ ശരീരത്തിൽ മറ്റു ചില നാഡീവ്യൂഹങ്ങളുമുണ്ട്. ന്യൂറോണുകളുടെ ഒരു ശൃംഖല വളരെ വിസ്‌തൃതമായതിനാൽ ശാസ്‌ത്രജ്ഞന്മാർ അതിനെ “രണ്ടാമത്തെ തലച്ചോർ” എന്നാണ് വിളിച്ചിരിക്കുന്നത്. അതാണ് ദഹനേന്ദ്രിയ നാഡീവ്യൂഹം (Enteric Nervous System). ഈ ‘തലച്ചോർ’ നിങ്ങളുടെ തലയിലല്ല, ഭൂരിഭാഗവും വയറ്റിലാണ്.
നാം കഴിക്കുന്ന ഭക്ഷണത്തെ ഇന്ധനമാക്കി മാറ്റാൻ നമ്മുടെ ശരീരം വലിയൊരു ശ്രമമാണ് ചെയ്യുന്നത്. പല അവയവങ്ങളും സഹകരണമനോഭാവത്തോടെ അതിൽ പങ്കുചേരണം. അതുകൊണ്ട് ദഹനത്തിന്റെ ഏതാണ്ട് മുഴുവൻ നിയന്ത്രണവും തലച്ചോർ ഈ നാഡീവ്യൂഹത്തിന് വിട്ടുകൊടുത്തതിൽ അതിശയിക്കാനില്ല.
തലച്ചോറിനെ അപേക്ഷിച്ച് വളരെ ലളിതമാണ് ഈ നാഡീവ്യൂഹമെങ്കിലും അത് അതിൽത്തന്നെ അങ്ങേയറ്റം സങ്കീർണവുമാണ്. ഏകദേശം 20 കോടിമുതൽ 60 കോടിവരെ ന്യൂറോണുകൾ അടങ്ങുന്നതാണ് മനുഷ്യശരീരത്തിലെ ഈ നാഡീവ്യൂഹം. ഇതു സ്ഥിതി ചെയ്യുന്നത് ദഹനേന്ദ്രിയ വ്യവസ്ഥയ്‌ക്കുള്ളിലാണ്. ശാസ്‌ത്രജ്ഞന്മാർ പറയുന്നതനുസരിച്ച് ഈ നാഡീവ്യൂഹത്തിന്റെ പ്രവർത്തനം തലച്ചോറിലാണ് നടക്കുന്നതെങ്കിൽ നാഡികൾക്കു നല്ല കട്ടിയുണ്ടായിരുന്നേനേ. അതുകൊണ്ട് രണ്ടാമത്തെ തലച്ചോർ എന്ന പുസ്‌തകം (ഇംഗ്ലീഷ്) പറയുന്നതുപോലെ, “(ദഹനേന്ദ്രിയ വ്യവസ്ഥ) സ്വന്തം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നതാണ് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവും.”
“ഒരു രസതന്ത്ര വർക്ക്‌ഷോപ്പ്”
നമ്മൾ കഴിക്കുന്ന ഭക്ഷണം ദഹിക്കുന്നതിന് പല തരത്തിലുള്ള, കൃത്യമായ രാസമിശ്രിതം കൃത്യസമയത്ത് ഉത്‌പാദിപ്പിച്ച് കൃത്യസ്ഥലത്ത് എത്തിക്കണം. ഗ്യാരെ മോവ് എന്ന പ്രൊഫസർ ദഹനേന്ദ്രിയ വ്യവസ്ഥയെ “ഒരു രസതന്ത്ര വർക്ക്‌ഷോപ്പ്” എന്നു വിളിച്ചത് തികച്ചും ഉചിതമാണ്. അതിസങ്കീർണമായ ഈ രാസപ്രവർത്തനം നമ്മളെ അതിശയിപ്പിക്കുന്ന ഒന്നാണ്. ഉദാഹരണത്തിന് ആമാശയഭിത്തിയിലെ പ്രത്യേക ഇനം കോശങ്ങൾ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ രാസഘടകങ്ങൾ ‘രുചിച്ചറിയുന്നു.’ ഈ വിവരം കൃത്യമായ ദഹനരസങ്ങൾ തിരഞ്ഞെടുക്കാൻ ദഹനേന്ദ്രിയ നാഡീവ്യൂഹത്തെ സഹായിക്കുന്നു. ഈ ദഹനരസങ്ങൾ നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ ദഹിപ്പിച്ച് ശരീരത്തിനുവേണ്ട പോഷണം നൽകുന്നു. ഇതുകൂടാതെ ഈ നാഡീവ്യൂഹം ഭക്ഷണപദാർഥങ്ങളിലെ അമ്ലത്വവും രാസഘടകങ്ങളും നിർണയിച്ച് അതിനു ചേരുന്ന ദഹനരസങ്ങൾ ക്രമീകരിക്കുന്നതിലും പ്രധാന പങ്കു വഹിക്കുന്നു.
അന്നനാളത്തെ ദഹനേന്ദ്രിയ നാഡീവ്യൂഹം നടത്തുന്ന ഒരു ഫാക്‌ടറിയോട് ഉപമിക്കാം. ഈ നാഡീവ്യൂഹം അല്ലെങ്കിൽ “രണ്ടാമത്തെ തലച്ചോർ” അന്നനാളത്തിലുള്ള ഭക്ഷണത്തെ മുന്നോട്ടു തള്ളുന്നതിനായി അന്നനാളത്തിന്റെ ഭിത്തിയിലെ പേശികൾക്ക് വേണ്ട നിർദേശങ്ങൾ കൊടുക്കുന്നു. ഈ പേശികൾ എപ്പോൾ, എത്ര ശക്തിയോടെ സങ്കോചിക്കണമെന്ന് കൃത്യമായ നിർദേശങ്ങൾ അപ്പപ്പോൾ ഈ നാഡീവ്യൂഹം കൊടുത്തുകൊണ്ടിരിക്കും.
ദഹനേന്ദ്രിയ നാഡീവ്യൂഹം സുരക്ഷയുടെ കാര്യത്തിലും മേൽനോട്ടം വഹിക്കുന്നു. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ അപകടകാരികളായ ബാക്‌ടീരിയകൾ കണ്ടേക്കാം. രോഗപ്രതിരോധ വ്യവസ്ഥയിൽ മുഖ്യ പങ്കു വഹിക്കുന്ന ലിംഫോസൈറ്റ് കോശങ്ങളുടെ 70-80 ശതമാനവും നമ്മുടെ വയറ്റിലാണുള്ളത്. വിഷാംശം അടങ്ങിയ ഭക്ഷണം കണക്കിലധികം വയറ്റിൽച്ചെന്നാൽ ഈ നാഡീവ്യൂഹം അതിനെ പുറംതള്ളാനുള്ള നിർദേശങ്ങൾ പേശികൾക്കു നൽകും. അങ്ങനെ ഛർദിച്ചോ വയറിളകിയോ ശരീരത്തിൽനിന്ന് അവയെ പുറംതള്ളിക്കൊണ്ട് ശരീരത്തെ സംരക്ഷിക്കുന്നു.
നല്ല ആശയക്കൈമാറ്റം
ദഹനേന്ദ്രിയ നാഡീവ്യൂഹം തലച്ചോറിന്റെ സഹായമില്ലാതെ സ്വയം പ്രവർത്തിക്കുന്നെങ്കിലും രണ്ടു നാഡീകേന്ദ്രങ്ങളായ ഇവ തമ്മിൽ നല്ല ആശയക്കൈമാറ്റമുണ്ട്.
ഉദാഹരണത്തിന് ഈ നാഡീവ്യൂഹമാണ് ഹോർമോണുകളെ ക്രമപ്പെടുത്തിക്കൊണ്ട് എപ്പോൾ കഴിക്കണം, എത്രത്തോളം കഴിക്കണം എന്നൊക്കെയുള്ള സന്ദേശങ്ങൾ തലച്ചോറിന് കൊടുക്കുന്നത്. വയറ് നിറയുമ്പോൾ നാഡീവ്യൂഹം തലച്ചോറിന് സന്ദേശം കൈമാറും. അതുകൊണ്ടാണ് ഭക്ഷണം ആവശ്യത്തിൽ ഏറെയാകുമ്പോൾ നമുക്ക് ഛർദിക്കാൻ തോന്നുന്നത്.ഈ ലേഖനം വായിക്കുന്നതിനു മുമ്പുതന്നെ, തലച്ചോറും നാഡീവ്യൂഹവും തമ്മിൽ എന്തോ ഒരു ബന്ധമുണ്ടെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകും. ഉദാഹരണത്തിന്, ചില ഭക്ഷണം കഴിക്കുമ്പോൾ നമുക്കു നല്ല സന്തോഷം തോന്നുന്നതായി ശ്രദ്ധിച്ചിട്ടുണ്ടോ? നാഡീവ്യൂഹം ‘സന്തോഷമുള്ള സന്ദേശങ്ങൾ’ തലച്ചോറിലേക്കു കൈമാറുകയും തലച്ചോർ അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നതുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് ഗവേഷകരുടെ അഭിപ്രായം. ടെൻഷൻ വരുമ്പോൾ പലരും നല്ല ഭക്ഷണം കഴിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ നിങ്ങൾക്ക് ഊഹിക്കാം. അതുകൊണ്ട് വിഷാദരോഗികളെ ചികിത്സിക്കുന്നതിനുവേണ്ടി നാഡീവ്യൂഹത്തെ കൃത്രിമമായി ഉത്തേജിപ്പിക്കാനുള്ള ശ്രമത്തിലാണ് ശാസ്‌ത്രജ്ഞന്മാർ.
ടെൻഷൻ വരുമ്പോൾ ചിലർക്ക് വയറ്റിൽനിന്ന് ഉരുണ്ടുകയറുന്നതുപോലെ തോന്നും. തലച്ചോറും ദഹനേന്ദ്രിയ നാഡീവ്യൂഹവും തമ്മിലുള്ള ആശയക്കൈമാറ്റത്തിന്റെ മറ്റൊരു തെളിവാണ് അത്. തലച്ചോറിൽ ടെൻഷൻ അനുഭവപ്പെടുമ്പോൾ നാഡീവ്യൂഹം വയറ്റിലേക്കുള്ള രക്തയോട്ടം കുറയ്‌ക്കുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ചിലപ്പോൾ ഛർദിക്കാൻ തോന്നുന്നതു മറ്റൊരു ഉദാഹരണമാണ്. കാരണം ടെൻഷൻ വരുമ്പോൾ, പേശികൾ സങ്കോചിക്കുന്ന രീതിക്ക് മാറ്റം വരുത്താൻ തലച്ചോർ നാഡീവ്യൂഹത്തിന് നിർദേശം കൊടുക്കുന്നു.
ദഹനേന്ദ്രിയ നാഡീവ്യൂഹം ചില വികാരങ്ങൾ ഉണർത്തുന്നുണ്ടെങ്കിലും നിങ്ങൾക്കുവേണ്ടി ചിന്തിക്കാനോ തീരുമാനങ്ങൾ എടുക്കാനോ അതിനാകില്ല. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ദഹനേന്ദ്രിയ നാഡീവ്യൂഹം നിങ്ങളുടെ തലച്ചോറല്ല. ഒരു കവിത രചിക്കാനോ ബാങ്ക് അക്കൗണ്ട് കണക്കുകൂട്ടാനോ നിങ്ങളുടെ ഹോംവർക്ക് ചെയ്യാനോ ഒന്നും നാഡീവ്യൂഹത്തിനാകില്ല. എന്നിട്ടും ഈ അതിശ്രേഷ്‌ഠമായ ശൃംഖലയുടെ സങ്കീർണമായ പ്രവർത്തനവിധം ശാസ്‌ത്രജ്ഞന്മാരെ അതിശയിപ്പിക്കുന്നു. അതിന്റെ പ്രവർത്തനവിധം പൂർണമായും മനസ്സിലാക്കാൻ ഇപ്പോഴും അവർക്കു കഴിഞ്ഞിട്ടില്ല എന്നതാണ് രസകരമായ വസ്‌തുത. അതുകൊണ്ട് അടുത്ത തവണ നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ ഒന്നു നിറുത്തുക. എന്നിട്ട് ദഹനേന്ദ്രിയ വ്യൂഹത്തിൽ എങ്ങനെയാണ് കാര്യങ്ങൾ നടക്കുന്നതെന്നും ഏകോപിപ്പിക്കുന്നതെന്നും ആശയക്കൈമാറ്റം ചെയ്യുന്നതെന്നും ചിന്തിച്ചുനോക്കൂ!