സന്തോഷത്തിനുള്ള വഴി ഇതാ!
പ്രത്യാശ
“ഞാൻ ചിന്തിക്കുന്നതു ദുരന്തത്തെക്കുറിച്ചല്ല, സമാധാനത്തെക്കുറിച്ചാണ്; നിങ്ങൾക്ക് ഒരു നല്ല ഭാവിയും പ്രത്യാശയും തരുന്നതിനെക്കുറിച്ചാണ്.”—യിരെമ്യ 29:11.
‘ദൈവവുമായുള്ള ഒരു നല്ല ബന്ധത്തിനുവേണ്ട പ്രധാനഘടകമാണ് പ്രത്യാശ’ എന്ന് ആശങ്കയുടെ യുഗത്തിൽ പ്രത്യാശ എന്ന ഇംഗ്ലീഷ് പുസ്തകം പറയുന്നു. അത് ഇങ്ങനെ തുടരുന്നു: “നിസ്സഹായതയുടെയും ഒറ്റപ്പെടലിന്റെയും ഭയത്തിന്റെയും പിടിയിൽനിന്ന് മോചനം ലഭിക്കാനുള്ള ഏറ്റവും നല്ല മരുന്നാണ് പ്രത്യാശ.”
മനുഷ്യർക്ക് പ്രത്യാശ ആവശ്യമാണെന്നു ബൈബിൾ പറയുന്നു. അതോടൊപ്പം വ്യാജപ്രത്യാശകളെ അത് തുറന്നുകാട്ടുകയും ചെയ്യുന്നു. “പ്രഭുക്കന്മാരെ ആശ്രയിക്കരുത്; രക്ഷയേകാൻ കഴിയാത്ത മനുഷ്യമക്കളെയുമരുത്” എന്ന് സങ്കീർത്തനം 146:3 പറയുന്നു. നമ്മുടെ രക്ഷയ്ക്കായി മനുഷ്യരെ ആശ്രയിക്കുന്നതിനു പകരം വാഗ്ദാനങ്ങളെല്ലാം നിറവേറ്റാൻ പ്രാപ്തിയുള്ള സ്രഷ്ടാവിൽ ആശ്രയിക്കുന്നതായിരിക്കും ബുദ്ധി. ദൈവം എന്താണ് നമുക്ക് വാക്കു തന്നിരിക്കുന്നത്? പിൻവരുന്നവ ശ്രദ്ധിക്കുക:
ദുഷ്ടത അവസാനിക്കും, നീതിമാന്മാർക്ക് നിലനിൽക്കുന്ന സമാധാനം ലഭിക്കും: “കുറച്ച് കാലംകൂടെ കഴിഞ്ഞാൽ ദുഷ്ടന്മാരുണ്ടായിരിക്കില്ല. . . . എന്നാൽ സൗമ്യതയുള്ളവർ ഭൂമി കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ അത്യധികം ആനന്ദിക്കും,” എന്ന് സങ്കീർത്തനം 37:10, 11 പറയുന്നു. അതേ അധ്യായത്തിന്റെ 29-ാം വാക്യത്തിൽ പറയുന്നത്, ഭൂമിയിൽ “നീതിമാന്മാർ . . . എന്നുമെന്നേക്കും ജീവിക്കും” എന്നാണ്.
യുദ്ധങ്ങൾ അവസാനിക്കും: ‘യഹോവ . . . ഭൂമിയിലെങ്ങും യുദ്ധങ്ങൾ നിറുത്തലാക്കുന്നു. വില്ല് ഒടിച്ച് കുന്തം തകർക്കുന്നു, യുദ്ധവാഹനങ്ങൾ കത്തിച്ചുകളയുന്നു.’—സങ്കീർത്തനം 46:8, 9.
രോഗം, കഷ്ടപ്പാട്, മരണം എന്നിവ ഉണ്ടായിരിക്കില്ല: “ദൈവത്തിന്റെ കൂടാരം മനുഷ്യരുടെകൂടെ. . . . ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല. പഴയതെല്ലാം കഴിഞ്ഞുപോയി!”—വെളിപാട് 21:3, 4.
ഭക്ഷ്യസമൃദ്ധി: “ഭൂമിയിൽ ധാന്യം സുലഭമായിരിക്കും; മലമുകളിൽ അതു നിറഞ്ഞുകവിയും.”—സങ്കീർത്തനം 72:16.
ഒരു ലോകഗവൺമെന്റിന്റെ നീതിയോടെയുള്ള ഭരണം—ക്രിസ്തുവിന്റെ രാജ്യം: “എല്ലാ ജനതകളും രാജ്യക്കാരും ഭാഷക്കാരും (യേശുക്രിസ്തുവിനെ) സേവിക്കേണ്ടതിന് അവന് ആധിപത്യവും ബഹുമതിയും രാജ്യവും നൽകി. അവന്റെ ആധിപത്യം ഒരിക്കലും നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജ്യം നശിപ്പിക്കപ്പെടാത്തതും ആയിരിക്കും.”—ദാനിയേൽ 7:14.
ഈ വാഗ്ദാനങ്ങളെല്ലാം നിറവേറുമെന്ന് എന്ത് ഉറപ്പാണുള്ളത്? ഭൂമിയിലായിരുന്നപ്പോൾ താനൊരു രാജാവാകാൻ യോഗ്യനാണെന്നു യേശു തെളിയിച്ചു. രോഗികളെ സുഖപ്പെടുത്തി, വിശക്കുന്നവർക്ക് ഭക്ഷണം കൊടുത്തു, മരിച്ചവരെ ഉയിർപ്പിച്ചു. ഇവയെക്കാൾ പ്രധാനം യേശുവിന്റെ പഠിപ്പിക്കലുകളായിരുന്നു. കാരണം ഒരുമയോടെ, സമാധാനത്തിൽ എന്നേക്കും ജീവിക്കാൻ സഹായിക്കുന്ന തത്ത്വങ്ങൾ യേശു പഠിപ്പിച്ചു. കൂടാതെ ഭാവി സംഭവങ്ങളെക്കുറിച്ചും യേശു മുൻകൂട്ടിപ്പറഞ്ഞു. അതിൽ ഇന്നത്തെ ലോകം അവസാനിക്കാൻ പോകുന്നതിന്റെ ചില ലക്ഷണങ്ങളും പറഞ്ഞിരിക്കുന്നു.
ശാന്തതയ്ക്കു മുമ്പുള്ള കൊടുങ്കാറ്റ്
അവസാനകാലത്തെ അടയാളത്തെക്കുറിച്ച് യേശു മുൻകൂട്ടിപ്പറഞ്ഞപ്പോൾ സമാധാനവും സുരക്ഷിതത്വവും ഉണ്ടായിരിക്കുമെന്നല്ല അതിന് വിപരീതമായ കാര്യങ്ങളായിരിക്കും സംഭവിക്കുക എന്നാണ് യേശു പറഞ്ഞത്. ഈ ‘വ്യവസ്ഥിതി അവസാനിക്കാൻപോകുന്നതിന്റെ’ അടയാളമായി യേശു പറഞ്ഞതിൽ അന്തർദേശീയ യുദ്ധങ്ങൾ, ഭക്ഷ്യക്ഷാമങ്ങൾ, പകർച്ചവ്യാധികൾ, വലിയ ഭൂകമ്പങ്ങൾ എന്നിവ ഉൾപ്പെട്ടിരിക്കുന്നു. (മത്തായി 24:3, 7; ലൂക്കോസ് 21:10, 11; വെളിപാട് 6:3-8) യേശു ഇങ്ങനെയും പറഞ്ഞു: “നിയമലംഘനം വർധിച്ചുവരുന്നതു കണ്ട് മിക്കവരുടെയും സ്നേഹം തണുത്തുപോകും.”—മത്തായി 24:12.
ഇങ്ങനെ സ്നേഹം തണുത്തുപോകുന്നത് പല വിധങ്ങളിൽ ഇന്നു കാണാം. ഒരു ബൈബിളെഴുത്തുകാരൻ അത് വ്യക്തമായി മുൻകൂട്ടിപ്പറഞ്ഞു. 2 തിമൊഥെയൊസ് 3-ന്റെ 1 മുതൽ 5 വരെയുള്ള വാക്യങ്ങളിൽ നമുക്ക് അത് വായിക്കാം. “അവസാനകാലത്ത്” ആളുകൾ സ്വാർഥരും പണക്കൊതിയന്മാരും ജീവിതസുഖങ്ങൾ പ്രിയപ്പെടുന്നവരും അഹങ്കാരികളും ക്രൂരന്മാരും ആയിരിക്കും. കുടുംബങ്ങളിൽ പണ്ടുണ്ടായിരുന്ന സ്നേഹം നഷ്ടമാകും. മക്കൾ മാതാപിതാക്കളെ അനുസരിക്കാത്തവരാകും. മതങ്ങളുടെ കാപട്യം ഒരു സാധാരണസംഗതിയാകും.
കൊടുങ്കാറ്റ് സമാനമായ സാഹചര്യങ്ങൾ ഈ ലോകം അതിന്റെ അവസാനനാളുകളിലാണെന്ന കാര്യത്തിന് ഉറപ്പ് നൽകുന്നു. ദൈവരാജ്യഭരണം കൊണ്ടുവരാൻപോകുന്ന ശാന്തത തൊട്ടടുത്താണെന്ന കാര്യവും അത് ഉറപ്പേകുന്നു. അവസാനനാളുകളെക്കുറിച്ചുള്ള പ്രവചനത്തിന്റെ ഭാഗമായി യേശു ഇങ്ങനെ ഒരു ഉറപ്പും കൊടുത്തു: “ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത എല്ലാ ജനതകളും അറിയാനായി ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും. അപ്പോൾ അവസാനം വരും.”—മത്തായി 24:14.
ആ സന്തോഷവാർത്ത തെറ്റായ കാര്യങ്ങൾ ചെയ്യുന്നവർക്ക് ഒരു മുന്നറിയിപ്പും അതോടൊപ്പം നീതിമാന്മാർക്ക് ഒരു പ്രത്യാശയും ആണ്. നീതിമാന്മാർക്ക് ദൈവം വാക്കു കൊടുത്തിരിക്കുന്ന അനുഗ്രഹം പെട്ടെന്നുതന്നെ യാഥാർഥ്യമാകും എന്നതും ഒരു സന്തോഷവാർത്തയാണ്. ആ അനുഗ്രഹങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? ഉണ്ടെങ്കിൽ, ഈ മാസികയുടെ അവസാനപേജിലേക്കു മറിക്കുക.