സന്തോഷത്തിനുള്ള വഴി ഇതാ!
ക്ഷമ
“എന്റെ കുടുംബത്തിൽ ഒച്ചപ്പാടും ബഹളവും പരിഹാസവും ഒക്കെ ഒരു നിത്യസംഭവമായിരുന്നു” എന്ന് പട്രീഷ്യ പറയുന്നു. “ക്ഷമിക്കാൻ എനിക്ക് അറിയില്ലായിരുന്നു. മുതിർന്നിട്ടും, മറ്റുള്ളവർ എന്നോടു എന്തെങ്കിലും ചെയ്താൽ അത് ആലോചിച്ച് ദിവസങ്ങളോളം ഞാൻ എന്റെ ഉറക്കം കെടുത്തിയിരുന്നു.” ദേഷ്യവും നീരസവും നിറഞ്ഞ ഒരു ജീവിതം സന്തോഷകരമായിരിക്കില്ല, ആരോഗ്യപ്രദവുമായിരിക്കില്ല. പഠനങ്ങൾ കാണിക്കുന്നത് ക്ഷമിക്കാൻ കൂട്ടാക്കാത്തവർക്ക് താഴെ പറയുന്നതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുണ്ടെന്നാണ്:
-
അവരുടെ ദേഷ്യവും വിദ്വേഷവും ബന്ധങ്ങൾ ശിഥിലമാക്കുന്നു. ഇത് അവരെ ഏകാന്തതയിലേക്കും ഒറ്റപ്പെടലിലേക്കും തള്ളിവിടുന്നു
-
അവർ പെട്ടെന്നു മുറിപ്പെടുന്നു. ആശങ്കാകുലരാകുന്നു. ചിലപ്പോൾ കഠിനമായ വിഷാദത്തിനുപോലും അടിമപ്പെടുന്നു
-
മറ്റുള്ളവർ തങ്ങളോടു ചെയ്ത എന്തെങ്കിലും കാര്യത്തെക്കുറിച്ച് എപ്പോഴും ഓർക്കുന്നതുകൊണ്ട് അവർക്കു ജീവിതത്തിൽ സന്തോഷിക്കാനാകുന്നില്ല
-
ക്ഷമിക്കേണ്ടതാണെന്ന് അവർക്കുതന്നെ അറിയാം. ഇത് അവരെ കൂടുതൽ അസ്വസ്ഥരാക്കുന്നു
-
ടെൻഷനും ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു. ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, വാതം, തലവേദന എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ a
ക്ഷമിക്കുക എന്നാൽ എന്താണ്? തെറ്റു ചെയ്ത വ്യക്തിക്കു മാപ്പു കൊടുക്കുക, ദേഷ്യവും നീരസവും പ്രതികാരചിന്തയും ഒക്കെ മനസ്സിൽനിന്ന് മായ്ച്ചുകളയുക എന്നൊക്കെയാണ് അതിനർഥം. അല്ലാതെ, തെറ്റിനു നേരെ കണ്ണടയ്ക്കുകയോ അതിനെ നിസ്സാരീകരിക്കുകയോ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല എന്നു ചിന്തിക്കുകയോ എന്നല്ല. മറിച്ച്, തെറ്റു ചെയ്ത വ്യക്തിയുമായി സമാധാനബന്ധം സ്ഥാപിച്ച് അത് നിലനിറുത്താനോ വളർത്താനോ വേണ്ടി ഒരു വ്യക്തി ചിന്തിച്ച് എടുക്കുന്ന നല്ലൊരു തീരുമാനമാണ് ക്ഷമ.
ക്ഷമിക്കുന്നതിൽ മറ്റൊരാളെ മനസ്സിലാക്കുന്നതും ഉൾപ്പെടുന്നു. ക്ഷമയുള്ള ഒരു വ്യക്തി എല്ലാവർക്കും തെറ്റുപറ്റുമെന്നും വാക്കിലും പ്രവൃത്തിയിലും തെറ്റാത്ത ആരുമില്ലെന്നും അംഗീകരിക്കും. (റോമർ 3:23) ബൈബിളും അതുതന്നെയാണ് പറയുന്നത്: “ഒരാൾക്കു മറ്റൊരാൾക്കെതിരെ എന്തെങ്കിലും പരാതിക്കു കാരണമുണ്ടായാൽത്തന്നെ അതു സഹിക്കുകയും അന്യോന്യം ഉദാരമായി ക്ഷമിക്കുകയും ചെയ്യുക.”—കൊലോസ്യർ 3:13.
ആളുകളെ ‘ഒറ്റക്കെട്ടായി നിറുത്തുന്നത്’ സ്നേഹമാണ്. അതിന്റെ പ്രധാനപ്പെട്ട ഒരു വശമാണ് ക്ഷമ. (കൊലോസ്യർ 3:14) മായോ ക്ലിനിക്ക് വെബ്സൈറ്റ് പറയുന്നത് അനുസരിച്ച് ക്ഷമിക്കുന്നത് . . .
-
നല്ല ബന്ധങ്ങളുണ്ടായിരിക്കാൻ സഹായിക്കും. അതിൽ സഹാനുഭൂതിയും മറ്റൊരാളെ മനസ്സിലാക്കുന്നതും തെറ്റു ചെയ്ത വ്യക്തിയോട് അനുകമ്പ കാണിക്കുന്നതും ഉൾപ്പെടും
-
നല്ല മാനസികാവസ്ഥയിലേക്കും ദൈവവുമായി നല്ലൊരു ബന്ധത്തിലേക്കും നയിക്കുന്നു
-
ആശങ്കയും ടെൻഷനും പകയും ഒക്കെ കുറയ്ക്കാൻ സഹായിക്കുന്നു
-
വിഷാദം കുറയ്ക്കുന്നു
നിങ്ങളോടുതന്നെ ക്ഷമിക്കുക. ഇത് “ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കാം. എന്നാൽ ഇത് മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്” എന്നാണ് വൈകല്യങ്ങളെയും പുനരധിവാസത്തെയും കുറിച്ചുള്ള ഒരു മാസിക പറയുന്നത്. നിങ്ങളോടുതന്നെ ക്ഷമിക്കാൻ ഏതൊക്കെ കാര്യങ്ങൾ നിങ്ങളെ സഹായിക്കും?
-
നിങ്ങൾ എല്ലാം തികഞ്ഞവരാണെന്നു ചിന്തിക്കാതിരിക്കുക. എല്ലാവരെയുംപോലെ നിങ്ങൾക്കും തെറ്റുകൾ പറ്റും എന്ന സത്യം അംഗീകരിക്കുക.—സഭാപ്രസംഗകൻ 7:20
-
തെറ്റുകളിൽനിന്ന് പഠിക്കുക. അപ്പോൾ അത് ആവർത്തിക്കാതിരിക്കാൻ നിങ്ങൾക്കു കഴിയും
-
നിങ്ങളോടുതന്നെ ക്ഷമിക്കുക. വ്യക്തിത്വത്തിലെ കുഴപ്പങ്ങളും ചില ചീത്തശീലങ്ങളും ഒറ്റ രാത്രികൊണ്ട് മാറ്റാനാകില്ല.—എഫെസ്യർ 4:23, 24
-
നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും നിങ്ങളോടു ദയ കാണിക്കുകയും അതോടൊപ്പം സത്യസന്ധമായി കാര്യങ്ങൾ പറയുകയും ചെയ്യുന്നവരെ കൂട്ടുകാരാക്കുക.—സുഭാഷിതങ്ങൾ 13:20
-
നിങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കുക. എത്രയും പെട്ടെന്നു ക്ഷമ ചോദിക്കുക. അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾക്ക് മനസ്സമാധാനം കിട്ടും.—മത്തായി 5:23, 24
ബൈബിൾതത്ത്വങ്ങൾ പ്രയോജനം ചെയ്യും
ലേഖനാരംഭത്തിൽ കണ്ട പട്രീഷ്യ, ബൈബിൾ പഠിച്ചതിനു ശേഷം ക്ഷമിക്കാൻ പഠിച്ചു. പട്രീഷ്യ പറയുന്നു: “എന്റെ ജീവിതം നശിപ്പിച്ചുകൊണ്ടിരുന്ന കോപത്തിൽനിന്ന് ഞാൻ ഇപ്പോൾ മോചിതയാണ്. മുമ്പത്തെപ്പോലെ ഞാൻ വിഷമിച്ചിരിക്കാറില്ല. മറ്റുള്ളവരെ കഷ്ടപ്പെടുത്താറുമില്ല. ദൈവം നമ്മളെ സ്നേഹിക്കുന്നുണ്ടെന്നും നമ്മുടെ നന്മയാണ് ആഗ്രഹിക്കുന്നതെന്നും ഉള്ള ഉറപ്പ് ബൈബിൾതത്ത്വങ്ങൾ തരുന്നു.”
റോൺ പറയുന്നു: “എനിക്കു മറ്റുള്ളവരുടെ ചിന്തകളും പ്രവൃത്തികളും നിയന്ത്രിക്കാൻ കഴിയില്ല. എന്നാൽ എന്റേത് എനിക്കു നിയന്ത്രിക്കാൻ കഴിയും. നീരസം വെച്ചുകൊണ്ട് സമാധാനമുണ്ടെന്നു പറയാൻ പറ്റില്ല. എനിക്കു സമാധാനം വേണമെങ്കിൽ ഞാൻ നീരസം വിട്ടുകളയണം. ഇപ്പോൾ എനിക്ക് ഒരു നല്ല മനസ്സാക്ഷിയുണ്ട്.”
a ഉറവിടങ്ങൾ: മായോ ക്ലിനിക്ക്, ജോൺസ് ഹോപ്കിൻസ് മെഡിസിൻ എന്നീ വെബ്സൈറ്റുകൾ, മനഃശാസ്ത്രത്തെക്കുറിച്ചുള്ള ഒരു ഇംഗ്ലീഷ് മാസിക (Social Psychiatry and Psychiatric Epidemiology).