സന്തോഷത്തിനുള്ള വഴി ഇതാ!
തൃപ്തിയും ഉദാരതയും
സമ്പത്തോ വസ്തുവകകളോ ഉള്ളവരാണ് സന്തുഷ്ടർ അല്ലെങ്കിൽ ജീവിതത്തിൽ വിജയിക്കുന്നവർ എന്നു പറയുന്നത് നിങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ടാകും. ഈ ചിന്തയോടെ ലക്ഷക്കണക്കിന് ആളുകൾ കൂടുതൽ പണം ഉണ്ടാക്കുന്നതിനുവേണ്ടി ഒരുപാട് സമയം കഷ്ടപ്പെട്ട് ജോലി ചെയ്യുന്നു. പക്ഷേ പണത്തിനും വസ്തുവകകൾക്കും നിലനിൽക്കുന്ന സന്തോഷം തരാനാകുമോ? തെളിവുകൾ എന്താണ് കാണിക്കുന്നത്?
സന്തോഷത്തെക്കുറിച്ചുള്ള ഒരു മാസിക പറയുന്നതനുസരിച്ച്, നമ്മുടെ കൈയിലുള്ള പണത്തിന് അടിസ്ഥാന ആവശ്യങ്ങൾ നടത്താൻ കഴിഞ്ഞാൽ, പിന്നെ കിട്ടുന്ന പണത്തിന് മൊത്തത്തിലുള്ള നമ്മുടെ സന്തോഷത്തിന്റെ അളവ് കൂട്ടാനാകില്ല എന്നാണ്. പണമല്ല പ്രശ്നം. “പണത്തിനുവേണ്ടിയുള്ള നെട്ടോട്ടമാണ് അസന്തുഷ്ടിക്ക് കാരണം” എന്ന് മനഃശാസ്ത്രത്തെക്കുറിച്ചുള്ള ഒരു മാസിക പറയുന്നു. ഏകദേശം 2,000 വർഷങ്ങൾക്കു മുമ്പ് എഴുതിയ ബൈബിളിലും അതേ ആശയം കാണാം: “പണസ്നേഹം എല്ലാ തരം ദോഷങ്ങളുടെയും ഒരു അടിസ്ഥാനകാരണമാണ്. ഈ സ്നേഹത്തിനു വഴിപ്പെട്ടിട്ട് ചിലർ . . . പലപല വേദനകളാൽ തങ്ങളെ ആസകലം കുത്തിമുറിപ്പെടുത്താൻ ഇടയായിരിക്കുന്നു.” (1 തിമൊഥെയൊസ് 6:9, 10) ആ വേദനകൾ എന്തൊക്കെയാണ്?
സ്വത്ത് കാത്തുസൂക്ഷിക്കാനുള്ള തത്രപ്പാടിൽ മിച്ചമാകുന്നത് ആകുലതയും ഉറക്കമില്ലായ്മയും ആണ്. “കഴിക്കുന്നതു കുറച്ചായാലും കൂടുതലായാലും വേലക്കാരന്റെ ഉറക്കം സുഖകരമാണ്. പക്ഷേ ധനികന്റെ സമൃദ്ധി അവന്റെ ഉറക്കം കെടുത്തുന്നു.”—സഭാപ്രസംഗകൻ 5:12.
ആശിച്ച സന്തോഷം കിട്ടാതെ വരുമ്പോഴുള്ള നിരാശ. പണത്തിനു വേണ്ടിയുള്ള അത്യാർത്തി ഒരിക്കലും തൃപ്തിപ്പെടുത്താനാകില്ല. അതുകൊണ്ടാണ് മിക്കപ്പോഴും നിരാശ തോന്നുന്നത്. “വെള്ളിയെ സ്നേഹിക്കുന്നവനു വെള്ളികൊണ്ടും ധനത്തെ സ്നേഹിക്കുന്നവനു വരുമാനംകൊണ്ടും ഒരിക്കലും തൃപ്തിവരില്ല.” (സഭാപ്രസംഗകൻ 5:10) കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ഉള്ള സമയം, ദൈവത്തെ ആരാധിക്കുന്നതിനായി ചെലവിടുന്ന സമയം ഇവയെല്ലാം ഒരു വ്യക്തിക്കു യഥാർഥത്തിൽ സന്തോഷം നൽകുന്നവയാണ്. പക്ഷേ സമ്പത്തിനുവേണ്ടിയുള്ള നെട്ടോട്ടത്തിൽ ഒരു വ്യക്തി ഇതെല്ലാം അവഗണിച്ചേക്കാം.
പണത്തിന്റെയോ നിക്ഷേപത്തിന്റെയോ വിലയിടിയുകയോ അവയുടെ മൂല്യം കുറയുകയോ ചെയ്താൽ തോന്നുന്ന ദുഃഖവും ദേഷ്യവും. “ധനം വാരിക്കൂട്ടാൻ നീ മരിച്ചുകിടന്ന് പണിയെടുക്കരുത്; ആ ചിന്ത മതിയാക്കി വകതിരിവ് കാണിക്കുക. നീ അതിനെ നോക്കുമ്പോൾ അത് അവിടെയുണ്ടാകില്ല; അത് ഒരു കഴുകനെപ്പോലെ ചിറകു വിരിച്ച് ആകാശത്തിലേക്കു പറന്നുയരും.”—സുഭാഷിതങ്ങൾ 23:4, 5.
സന്തോഷം വർധിപ്പിക്കുന്ന ഗുണങ്ങൾ
തൃപ്തി. “ഈ ലോകത്തേക്കു നമ്മൾ ഒന്നും കൊണ്ടുവന്നിട്ടില്ല. ഇവിടെനിന്ന് ഒന്നും കൊണ്ടുപോകാനും സാധ്യമല്ല. അതുകൊണ്ട് ഉണ്ണാനും ഉടുക്കാനും ഉണ്ടെങ്കിൽ നമുക്കു തൃപ്തരായിരിക്കാം.” (1 തിമൊഥെയൊസ് 6:7, 8) ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവർ പരാതിപ്പെടുകയോ പിറുപിറുക്കുകയോ ഇല്ല. അവർക്ക് മറ്റുള്ളവരോട് അസൂയ തോന്നാനിടയില്ല. വരവിനുള്ളിൽ ഒതുങ്ങി ജീവിക്കാൻ അവർ ശ്രമിക്കുന്നു. അവരുടെ ആഗ്രഹങ്ങളും അത് അനുസരിച്ചാണ്. അതുകൊണ്ടുതന്നെ അവർക്ക് അനാവശ്യമായ ഉത്കണ്ഠയോ പിരിമുറുക്കമോ ഇല്ല.
ഉദാരമനസ്കത. “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്.” (പ്രവൃത്തികൾ 20:35) ദാനശീലരായ ആളുകൾ സന്തോഷമുള്ളവരാണ്. കാരണം മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതാണ് അവരുടെ സന്തോഷം. മറ്റുള്ളവർക്കു കൊടുക്കാൻ കുറച്ച് സമയവും ഊർജവും മാത്രമേ അവർക്ക് ഉള്ളൂ എങ്കിലും അത് അവർ സന്തോഷത്തോടെ കൊടുക്കുന്നു. അതുകൊണ്ടുതന്നെ പണം കൊടുത്ത് വാങ്ങാൻ കഴിയാത്ത സ്നേഹവും ബഹുമാനവും ഉദാരമായി നൽകാൻ മനസ്സുള്ള ആത്മാർഥ സുഹൃത്തുക്കളെയും ഒക്കെ അവർക്ക് ലഭിക്കുന്നു.—ലൂക്കോസ് 6:38.
വസ്തുവകകളെക്കാൾ സ്നേഹബന്ധങ്ങൾക്കു വില കല്പിക്കുന്നത്. “വെറുപ്പുള്ളിടത്തെ കൊഴുത്ത കാളയെക്കാൾ സ്നേഹമുള്ളിടത്തെ സസ്യാഹാരം നല്ലത്.” (സുഭാഷിതങ്ങൾ 15:17) ഈ വാക്യത്തിന്റെ അർഥം എന്താണ്? വസ്തുവകകളെക്കാൾ മൂല്യം സ്നേഹബന്ധങ്ങൾക്കാണ്. സ്നേഹം സന്തോഷത്തിന് മർമപ്രധാനമാണ്. ഇതെക്കുറിച്ച് ഈ മാസികയുടെ മറ്റൊരു ഭാഗത്ത് കാണാം.
തെക്കേ അമേരിക്കയിലുള്ള സബീന ബൈബിൾതത്ത്വങ്ങളുടെ മൂല്യത്തെക്കുറിച്ച് മനസ്സിലാക്കി. ഭർത്താവ് ഉപേക്ഷിച്ചുപോയ സബീനയ്ക്കു രണ്ടു പെൺമക്കളെ വളർത്തിക്കൊണ്ടുവരാൻ ഒരുപാട് കഷ്ടപ്പെടേണ്ടിവന്നു. സബീനയ്ക്കു രണ്ടു ജോലിക്കു പോകേണ്ടിയിരുന്നതുകൊണ്ട്, അതിരാവിലെ നാലു മണിക്ക് എഴുന്നേൽക്കണമായിരുന്നു. ഇത്ര തിരക്കുപിടിച്ച ജീവിതമായിരുന്നിട്ടും സബീന ബൈബിൾ പഠിക്കാൻ തീരുമാനിച്ചു. എന്തായിരുന്നു ഫലം?
സബീനയുടെ സാമ്പത്തികചുറ്റുപാടിന് അധികം മാറ്റമൊന്നുമുണ്ടായില്ല. എന്നാൽ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിന് വലിയ മാറ്റം വന്നു. ഉദാഹരണത്തിന്, ഒരു വ്യക്തിയുടെ ആത്മീയാവശ്യം തൃപ്തിപ്പെടുത്തുമ്പോഴുണ്ടാകുന്ന സന്തോഷം സബീനയ്ക്കു ലഭിച്ചു. (മത്തായി 5:3) സഹാരാധകരിൽനിന്ന് യഥാർഥ സുഹൃത്തുക്കളെ അവൾ കണ്ടെത്തി. പഠിച്ച കാര്യങ്ങൾ മറ്റുള്ളവർക്കു പറഞ്ഞുകൊടുത്തുകൊണ്ട്, കൊടുക്കുന്നതിന്റെ സന്തോഷം അവൾ അനുഭവിച്ചു.
“ജ്ഞാനത്തെ അതിന്റെ പ്രവൃത്തികൾ സാധൂകരിക്കും” എന്ന് ബൈബിൾ പറയുന്നു. (മത്തായി 11:19, അടിക്കുറിപ്പ്) ഇതിന്റെ അടിസ്ഥാനത്തിൽ, തൃപ്തരായിരിക്കുന്നതും ഉദാരമനസ്കരായിരിക്കുന്നതും വസ്തുക്കളെക്കാൾ വ്യക്തികൾക്കു വില കല്പിക്കുന്നതും ആണ് ജ്ഞാനമെന്നു തെളിയും.