സന്തോഷത്തിനുള്ള വഴി ഇതാ!
സ്നേഹം
മനുഷ്യർ സ്നേഹത്തിനായി ദാഹിക്കുന്നു. വിവാഹം, കുടുംബം, സുഹൃദ്ബന്ധം. സ്നേഹമില്ലെങ്കിൽ ഇവയൊന്നും തഴച്ചുവളരില്ല. സന്തോഷത്തിനും മനസ്സിന്റെ ആരോഗ്യത്തിനും സ്നേഹം കൂടിയേ തീരൂ. ഏതു തരത്തിലുള്ള “സ്നേഹം?”
ഇവിടെ പറയുന്നത് പ്രണയിക്കുമ്പോഴുള്ള സ്നേഹത്തെക്കുറിച്ചല്ല. എന്നാൽ അതിനും അതിന്റേതായ സ്ഥാനമുണ്ട്. നമ്മൾ ഇപ്പോൾ ചിന്തിക്കുന്ന സ്നേഹം അതിനെക്കാൾ മികച്ച ഒന്നാണ്. മറ്റുള്ളവരുടെ കാര്യത്തിൽ ആത്മാർഥമായ താത്പര്യം കാണിക്കുന്ന, മറ്റുള്ളവരുടെ ഇഷ്ടത്തിനു മുൻതൂക്കം കൊടുക്കുന്ന സ്നേഹമാണ് ഇത്. ഇതിനെ നയിക്കുന്നത് ദൈവികതത്ത്വങ്ങളാണ്. അതിനർഥം മൃദുലവികാരങ്ങളും ഊഷ്മളതയും ഇതിനില്ലെന്നല്ല.
ഈ സ്നേഹത്തെക്കുറിച്ചുള്ള അതിമനോഹരമായ ഒരു വിശദീകരണം ഇതാണ്: “സ്നേഹം ക്ഷമയും ദയയും ഉള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല; വീമ്പിളക്കുന്നില്ല; വലിയ ആളാണെന്നു ഭാവിക്കുന്നില്ല; മാന്യതയില്ലാതെ പെരുമാറുന്നില്ല; സ്വാർഥതയോടെ തൻകാര്യം നോക്കുന്നില്ല; പ്രകോപിതമാകുന്നില്ല; ദ്രോഹങ്ങളുടെ കണക്കു സൂക്ഷിക്കുന്നില്ല. അത് അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു. അത് എല്ലാം സഹിക്കുന്നു; . . . എല്ലാം പ്രത്യാശിക്കുന്നു; എന്തു വന്നാലും പിടിച്ചുനിൽക്കുന്നു. സ്നേഹം ഒരിക്കലും നിലച്ചുപോകില്ല.”—1 കൊരിന്ത്യർ 13:4-8.
ഈ സ്നേഹം “ഒരിക്കലും നിലച്ചുപോകില്ല.” അത് എന്നും നിലനിൽക്കും. കാലം കടന്നുപോകുന്തോറും അത് കൂടുതൽ ശക്തമാകും. സ്നേഹത്തിന്, ക്ഷമയും ദയയും പൊറുക്കാനുള്ള കഴിവും ഉണ്ട്. ഈ സ്നേഹത്തിന് ആളുകളെ “ഒറ്റക്കെട്ടായി നിറുത്താൻ” കഴിയും. (കൊലോസ്യർ 3:14) ആളുകൾക്കു കുറവുകളുണ്ടെങ്കിലും ഈ സ്നേഹമുള്ളിടത്ത് ബന്ധങ്ങൾ ഉറപ്പുള്ളതായിരിക്കും. അത് സന്തോഷവും സുരക്ഷിതത്വബോധവും നൽകും. അതിന് ഉദാഹരണമാണ് വിവാഹബന്ധം.
“ഒറ്റക്കെട്ടായി നിറുത്താൻ”
വിവാഹത്തെക്കുറിച്ച് ചില പ്രധാനപ്പെട്ട തത്ത്വങ്ങൾ യേശുക്രിസ്തു പഠിപ്പിച്ചു. ഉദാഹരണത്തിന്, യേശു ഇങ്ങനെ പറഞ്ഞു: “‘പുരുഷൻ അപ്പനെയും അമ്മയെയും വിട്ട് ഭാര്യയോടു പറ്റിച്ചേരും; അവർ രണ്ടു പേരും ഒരു ശരീരമായിത്തീരും’ . . . അതുകൊണ്ട് ദൈവം കൂട്ടിച്ചേർത്തതിനെ ഒരു മനുഷ്യനും വേർപെടുത്താതിരിക്കട്ടെ.” (മത്തായി 19:5, 6) അതിൽ രണ്ടു തത്ത്വങ്ങൾ വളരെ പ്രസക്തമാണ്.
“രണ്ടു പേരും ഒരു ശരീരമായിത്തീരും.” മനുഷ്യർക്കിടയിലെ ഏറ്റവും ശക്തമായ ബന്ധമാണ് വിവാഹം. ഈ ബന്ധത്തെ കാത്തുരക്ഷിക്കാൻ കഴിയുന്നതാണ് മുമ്പു പറഞ്ഞ സ്നേഹം. ഇത് വിവാഹിതർക്കിടയിലെ അവിശ്വസ്തതയ്ക്കെതിരെ ഒരു സംരക്ഷണമാണ്. ലൈംഗികബന്ധം രണ്ടുപേരെ ‘ഒരു ശരീരമാക്കിത്തീർക്കുന്നു.’ അതുകൊണ്ട് ഇണയല്ലാത്ത ഒരാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് അവിശ്വസ്തതയാണ്. (1 കൊരിന്ത്യർ 6:16; എബ്രായർ 13:4) അവിശ്വസ്തത വിവാഹിതർക്കിടയിലെ പരസ്പരവിശ്വാസം തകർക്കുന്നു. അതിന് വിവാഹജീവിതത്തെ താറുമാറാക്കാനാകും. കുട്ടികളുണ്ടെങ്കിൽ, അവരുടെ മനസ്സു തളർന്നുപോയേക്കാം. അവർക്കു ദേഷ്യം തോന്നിയേക്കാം. തങ്ങൾ സുരക്ഷിതരല്ലെന്നും തങ്ങളെ സ്നേഹിക്കാൻ ആരുമില്ലെന്നും അവർക്കു തോന്നിയേക്കാം.
‘ദൈവം കൂട്ടിച്ചേർത്തത്.’ വിവാഹം പവിത്രമായ ഒരു കൂടിച്ചേരൽ കൂടിയാണ്. ഈ വസ്തുത മനസ്സിലാക്കുന്ന ദമ്പതികൾ വിവാഹത്തെ ശക്തിപ്പെടുത്താൻ കഠിനമായി ശ്രമിക്കുന്നു. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ബന്ധം വേർപെടുത്താനുള്ള വഴികൾ അവർ തേടുന്നില്ല. കാരണം, അവരുടെ സ്നേഹം ശക്തമാണ്. ഏതു സാഹചര്യത്തിലും പിടിച്ചുനിൽക്കാൻ അത് അവരെ സഹായിക്കുന്നു. അത്തരം സ്നേഹം “എല്ലാം സഹിക്കുന്നു.” പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട് ദാമ്പത്യത്തിലെ ഐക്യവും സമാധാനവും അത് നിലനിറുത്തും.
മാതാപിതാക്കൾക്ക് ഇടയിലെ സ്വാർഥതയില്ലാത്ത സ്നേഹം കുട്ടികളെ നല്ല വിധത്തിൽ സ്വാധീനിക്കുന്നു. ജെസ്സിക്ക എന്ന യുവതി പറയുന്നത് ഇങ്ങനെയാണ്: “അച്ഛനും അമ്മയും പരസ്പരം ആത്മാർഥമായി സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അമ്മ അച്ഛനെ ബഹുമാനിക്കുന്നത് കാണുമ്പോൾ എനിക്കും ഭാവിയിൽ അമ്മയെപ്പോലെയാകാൻ ആഗ്രഹം തോന്നും.”
സ്നേഹം ദൈവത്തിന്റെ പ്രമുഖഗുണമാണ്. ബൈബിൾ പറയുന്നു: “ദൈവം സ്നേഹമാണ്.” (1 യോഹന്നാൻ 4:8) അതുകൊണ്ടാണ് യഹോവയെ “സന്തോഷമുള്ള ദൈവം” എന്നു പറഞ്ഞിരിക്കുന്നത്. (1 തിമൊഥെയൊസ് 1:11) സ്രഷ്ടാവിന്റെ ഗുണങ്ങൾ, പ്രത്യേകിച്ച് സ്നേഹം എന്ന ഗുണം, പകർത്താൻ നമ്മൾ കഠിനശ്രമം ചെയ്യുമ്പോൾ നമ്മളും സന്തോഷമുള്ളവരായിരിക്കും. എഫെസ്യർ 5:1, 2 പറയുന്നു: “പ്രിയമക്കളായി ദൈവത്തെ അനുകരിക്കുക. . . . സ്നേഹത്തിൽ ജീവിക്കുക.”