സന്തോഷത്തിനുള്ള വഴി ഇതാ!
ആരോഗ്യവും മനക്കരുത്തും
വിട്ടുമാറാത്ത ആരോഗ്യപ്രശ്നമോ വൈകല്യമോ ഒരു വ്യക്തിയുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാം. നല്ല ആരോഗ്യവും ചുറുചുറുക്കുമുള്ള ഉൾഫ് എന്ന വ്യക്തി തളർന്ന് കിടപ്പിലായി. അദ്ദേഹം പറയുന്നു: “ഞാൻ വിഷാദത്തിൽ മുങ്ങിത്താണു. എന്റെ കരുത്തും ധൈര്യവും ശക്തിയും ഒക്കെ ചോർന്നുപോയി. . . . ഞാൻ ആകെ തകർന്നു.”
ഉൾഫിന്റെ അനുഭവം നമ്മെ ഓർമപ്പെടുത്തുന്നത് ആരോഗ്യകാര്യത്തിൽ നമുക്കാർക്കും സമ്പൂർണനിയന്ത്രണമില്ല എന്നാണ്. എങ്കിലും, ആരോഗ്യം മോശമാകാതിരിക്കാൻ ന്യായമായ ചില കാര്യങ്ങൾ നമുക്കു ചെയ്യാനാകും. എന്നാൽ, നമ്മുടെ ആരോഗ്യം വഷളാകുന്നെങ്കിലോ? നമ്മൾ ദുഃഖത്തിന്റെ പടുകുഴിയിലേക്ക് ആണ്ടുപോകണോ? വേണ്ട. എന്തുകൊണ്ട്? അതാണ് നമ്മൾ കാണാൻപോകുന്നത്. എന്നാൽ അതിനു മുമ്പ്, നല്ല ആരോഗ്യം കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന ചില തത്ത്വങ്ങൾ നമുക്കു നോക്കാം.
‘ശീലങ്ങളിൽ മിതത്വം പാലിക്കുക.’ (1 തിമൊഥെയൊസ് 3:2, 11) അമിതമായി കഴിക്കുകയും കുടിക്കുകയും ചെയ്യുന്ന ഒരു ശീലം നമുക്കുണ്ടെങ്കിൽ, അത് ആരോഗ്യത്തെ സാരമായി ബാധിക്കും. നമ്മുടെ കൈയിലെ കാശും തീരും. “കണക്കിലധികം വീഞ്ഞു കുടിക്കുന്നവരുടെയും അത്യാർത്തിയോടെ ഇറച്ചി തിന്നുന്നവരുടെയും കൂട്ടത്തിൽ കൂടരുത്. മുഴുക്കുടിയനും തീറ്റിഭ്രാന്തനും ദരിദ്രരാകും.”—സുഭാഷിതങ്ങൾ 23:20, 21.
ശരീരം അശുദ്ധമാക്കരുത്. ‘ശരീരത്തെയും ചിന്തകളെയും മലിനമാക്കുന്ന എല്ലാത്തിൽനിന്നും നമ്മളെത്തന്നെ ശുദ്ധീകരിക്കുക.’ (2 കൊരിന്ത്യർ 7:1) ആളുകൾ പുകയില ചവയ്ക്കുമ്പോഴും പുകവലിക്കുമ്പോഴും മയക്കുമരുന്ന് ഉപയോഗിക്കുമ്പോഴും അമിതമായി മദ്യപിക്കുമ്പോഴും അവരുടെ ശരീരത്തെ അശുദ്ധമാക്കുകയാണ്. യു. എസ്. രോഗപ്രതിരോധ നിയന്ത്രണ കേന്ദ്രം പറയുന്നത്, പുകവലി “ഒരാളെ രോഗിയാക്കുന്നു. ശരീരത്തിലെ ഏതാണ്ട് എല്ലാ അവയവങ്ങളെയും അത് ബാധിക്കുന്നു” എന്നാണ്.
ശരീരത്തെയും ജീവനെയും മൂല്യവത്തായ സമ്മാനങ്ങളായി കാണുക. “ദൈവം കാരണമാണല്ലോ നമ്മൾ ജീവിക്കുകയും ചലിക്കുകയും നിലനിൽക്കുകയും ചെയ്യുന്നത്.” (പ്രവൃത്തികൾ 17:28) ഇത് ഓർമയിലുണ്ടെങ്കിൽ ജോലി ചെയ്യുമ്പോഴും വണ്ടി ഓടിക്കുമ്പോഴും വിനോദവേളയിലും സാഹസികതയ്ക്കു മുതിരില്ല. ഒരു നിമിഷത്തെ ആവേശം ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന വൈകല്യങ്ങൾ സമ്മാനിച്ചേക്കാം!
നിഷേധവികാരങ്ങൾ നിയന്ത്രിക്കുക. മനസ്സും ശരീരവും തമ്മിൽ അടുത്ത ബന്ധമുണ്ട്. അതുകൊണ്ട്, അനാവശ്യമായ ഉത്കണ്ഠയും അസൂയയും കടിഞ്ഞാണില്ലാത്ത ദേഷ്യവും മറ്റു ദോഷകരമായ വികാരങ്ങളും ഒഴിവാക്കുക. “കോപം കളഞ്ഞ് ദേഷ്യം ഉപേക്ഷിക്കൂ!” എന്നു സങ്കീർത്തനം 37:8 പറയുന്നു. കൂടാതെ, ബൈബിൾ ഇങ്ങനെയും പറയുന്നു: “അടുത്ത ദിവസത്തെ ഓർത്ത് ഒരിക്കലും ഉത്കണ്ഠപ്പെടരുത്. ആ ദിവസത്തിന് അതിന്റേതായ ഉത്കണ്ഠകളുണ്ടായിരിക്കുമല്ലോ.”—മത്തായി 6:34.
ശുഭചിന്തകളാൽ മനസ്സു നിറയ്ക്കുക. “ശാന്തഹൃദയം ശരീരത്തിനു ജീവനേകുന്നു” എന്നു സുഭാഷിതങ്ങൾ 14:30 പറയുന്നു. ബൈബിൾ ഇങ്ങനെയും പറയുന്നു: “സന്തോഷമുള്ള ഹൃദയം നല്ലൊരു മരുന്നാണ്.” (സുഭാഷിതങ്ങൾ 17:22) ശാസ്ത്രവും അത് ശരിവെക്കുന്നു. സ്കോട്ട്ലൻഡിലുള്ള ഒരു ഡോക്ടർ പറഞ്ഞത് ഇങ്ങനെയാണ്: “നിങ്ങൾ ഇപ്പോൾ സന്തോഷവാനാണെങ്കിൽ ഭാവിയിൽ ആരോഗ്യപ്രശ്നങ്ങൾ കുറവായിരിക്കും.”
മനക്കരുത്ത് നേടുക. മുമ്പ് പറഞ്ഞ ഉൾഫിനെപ്പോലെ ചിലപ്പോൾ വേദനാകരമായ സാഹചര്യങ്ങൾ കുറെക്കാലത്തേക്ക് നമുക്കും സഹിക്കേണ്ടി വന്നേക്കാം. അല്ലാതെ വേറെ വഴിയില്ലായിരിക്കും. എങ്കിലും, എങ്ങനെ അതിനെ നേരിടുന്നു എന്നത് നമുക്കു തീരുമാനിക്കാനാകും. ചിലർക്കു വളരെയധികം നിരുത്സാഹം തോന്നിയേക്കാം. അത് ഒരുപക്ഷേ കാര്യങ്ങൾ കൂടുതൽ വഷളാക്കും. “കഷ്ടതയുടെ ദിവസം നീ തളർന്നുപോയാൽ നിന്റെ ശക്തികൊണ്ട് ഒരു പ്രയോജനവുമില്ല” എന്നു സുഭാഷിതങ്ങൾ 24:10 പറയുന്നു.
മറ്റു ചിലർ ആദ്യമുണ്ടാകുന്ന നിരാശയിൽനിന്ന് പെട്ടെന്നു കരകയറും. പുതിയ സാഹചര്യവുമായി ഒത്തുപോകാൻ അവർ പല വഴികൾ കണ്ടെത്തുന്നു. ഉൾഫ് അങ്ങനെയാണ് ചെയ്തത്. ഒരുപാട് തവണ പ്രാർഥിച്ചു. ബൈബിളിലുള്ള ശുഭസന്ദേശത്തെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചു. ഇത് “ചെയ്യാൻ പറ്റാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനു പകരം ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ” അദ്ദേഹത്തെ സഹായിച്ചു. വിഷമഘട്ടങ്ങളിലൂടെ കടന്നുപോകുന്ന പലരെയുംപോലെ, അനുകമ്പയും സഹാനുഭൂതിയും എത്ര പ്രധാനമാണെന്ന് ഉൾഫും മനസ്സിലാക്കി. ഇത്, ആശ്വാസം നൽകുന്ന ബൈബിൾസന്ദേശം മറ്റുള്ളവരോടു പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.
ഇതുപോലെ, ഒരുപാട് ദുരിതം അനുഭവിച്ച ഒരാളാണ് സ്റ്റീവും. 15-ാം വയസ്സിലുണ്ടായ ഒരു അപകടത്തെ തുടർന്ന് അദ്ദേഹത്തിന്റെ കഴുത്തിനു കീഴ്പോട്ടു തളർന്നുപോയി. എന്നാൽ 18 വയസ്സായപ്പോൾ കൈകൾ ഉപയോഗിക്കാനുള്ള പ്രാപ്തി അദ്ദേഹത്തിനു തിരിച്ചുകിട്ടി. പിന്നീട്, അദ്ദേഹം ഒരു സർവകലാശാലയിൽ ചേർന്നു. അവിടെ മദ്യവും മയക്കുമരുന്നും ലൈംഗിക അധാർമികതയും അദ്ദേഹത്തിന്റെ ജീവിതത്തെ വരിഞ്ഞുമുറുക്കി. ബൈബിൾ പഠിക്കുന്നതുവരെ അദ്ദേഹത്തിനു ജീവിതത്തിൽ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ബൈബിൾപഠനം തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിനു വലിയ മാറ്റം വന്നുതുടങ്ങി. മോശമായ ശീലങ്ങളെ കീഴടക്കാൻ അദ്ദേഹത്തിനായി. സ്റ്റീവ് പറയുന്നു: “കുറെക്കാലമായി എനിക്കു തോന്നിയിരുന്ന ശൂന്യതാബോധം ഇപ്പോൾ ഇല്ല. ഇന്ന് എന്റെ ജീവിതം സമാധാനവും സന്തോഷവും സംതൃപ്തിയും നിറഞ്ഞതാണ്.”
സ്റ്റീവിന്റെയും ഉൾഫിന്റെയും അഭിപ്രായങ്ങൾ നമ്മുടെ മനസ്സിലേക്കു സങ്കീർത്തനം 19:7, 8-ലെ വാക്കുകൾ കൊണ്ടുവരുന്നു: “യഹോവയുടെ നിയമം ന്യൂനതയില്ലാത്തത്; അതു നവചൈതന്യം പകരുന്നു. . . . യഹോവയുടെ ആജ്ഞകൾ നീതിയുള്ളവ; അവ ഹൃദയാനന്ദം നൽകുന്നു; യഹോവയുടെ കല്പന ശുദ്ധമായത്; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.”