ദമ്പതികൾക്ക്
4: ക്ഷമ
അതിന്റെ അർഥം
ക്ഷമിക്കുക എന്നു പറഞ്ഞാൽ തെറ്റ് മറക്കുക എന്നും നീരസം വെച്ചുകൊണ്ടിരിക്കാതിരിക്കുക എന്നും ആണ്. അല്ലാതെ, സംഭവിച്ച തെറ്റിന്റെ ഗൗരവം കുറച്ചുകാണണമെന്നോ അങ്ങനെയൊന്നും സംഭവിച്ചിട്ടേ ഇല്ല എന്നു കരുതണമെന്നോ അല്ല.
ബൈബിൾതത്ത്വം: “ഒരാൾക്കു മറ്റൊരാൾക്കെതിരെ എന്തെങ്കിലും പരാതിക്കു കാരണമുണ്ടായാൽത്തന്നെ അതു സഹിക്കുകയും അന്യോന്യം ഉദാരമായി ക്ഷമിക്കുകയും ചെയ്യുക.”—കൊലോസ്യർ 3:13.
“നിങ്ങൾ ഒരാളെ സ്നേഹിക്കുന്നെങ്കിൽ അയാളുടെ കുറവുകൾ കണ്ടില്ലെന്നു വെക്കും. മെച്ചപ്പെടാനുള്ള ആ വ്യക്തിയുടെ ശ്രമങ്ങളെ നിങ്ങൾ വിലമതിക്കും.”—ഏറൺ
അതിന്റെ പ്രാധാന്യം
നീരസം വെച്ചുകൊണ്ടിരിക്കുന്നത് നിങ്ങളുടെ മനസ്സിനും ശരീരത്തിനും ദോഷം ചെയ്തേക്കാം. നിങ്ങളുടെ ദാമ്പത്യത്തെയും അതു ദോഷകരമായി ബാധിച്ചേക്കാം.
“ഒരിക്കൽ ഭർത്താവ് എന്നെ വല്ലാതെ വേദനിപ്പിച്ചു. അദ്ദേഹം എന്നോടു ക്ഷമ ചോദിച്ചെങ്കിലും ക്ഷമിക്കാൻ എനിക്കു തോന്നിയില്ല. അവസാനം ഞാൻ ക്ഷമിച്ചു. പക്ഷേ അദ്ദേഹം ക്ഷമ ചോദിച്ചപ്പോൾത്തന്നെ ക്ഷമിച്ചില്ലല്ലോ എന്ന് ഓർത്ത് എനിക്കു വല്ലാത്ത വിഷമം തോന്നി. പിന്നീട് ഞങ്ങളുടെ ബന്ധം പഴയപടിയായെങ്കിലും ദാമ്പത്യത്തിന് ഏറ്റ ആ ഉലച്ചിൽ എനിക്ക് ഒഴിവാക്കാൻ പറ്റുന്നതായിരുന്നു.”—ജൂലിയ.
നിങ്ങൾക്ക് ചെയ്യാനാകുന്നത്
ചിന്തിച്ചുനോക്കൂ
നിങ്ങളുടെ ഇണ പറയുന്ന അല്ലെങ്കിൽ ചെയ്യുന്ന എന്തെങ്കിലും ഇനി നിങ്ങളെ വേദനിപ്പിക്കുമ്പോൾ നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക:
-
‘ഞാൻ ഒരു തൊട്ടാവാടിയാണോ?’
-
‘എന്നോടു ക്ഷമ ചോദിക്കാൻ മാത്രം അത്ര ഗൗരവമുള്ള ഒരു കാര്യമാണോ ഇത്, അതോ എനിക്ക് അതു വിട്ടുകളയാനാകുമോ?’
ജീവിതപങ്കാളിയുമായി ചർച്ച ചെയ്യുക
-
പരസ്‌പരം ക്ഷമിക്കാൻ സാധാരണഗതിയിൽ നമ്മൾ എത്ര നേരമെടുക്കും?
-
കുറച്ചുകൂടെ പെട്ടെന്നു ക്ഷമിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാനാകും?
നുറുങ്ങുകൾ
-
ഇണ നിങ്ങളെ വേദനിപ്പിച്ചാൽ മനഃപൂർവം അങ്ങനെ ചെയ്തതാണെന്നു ചിന്തിക്കരുത്.
-
ഇണ അങ്ങനെ ചെയ്തതിന് എന്തെങ്കിലും ഒഴികഴിവോ ന്യായീകരണമോ കണ്ടെത്താൻ ശ്രമിക്കുക. കാരണം, “നമ്മളെല്ലാം പലതിലും തെറ്റിപ്പോകുന്നു.”—യാക്കോബ് 3:2.
“രണ്ടു പേരുടെയും ഭാഗത്തു തെറ്റുള്ളപ്പോൾ ഞങ്ങൾക്കു ക്ഷമിക്കാൻ എളുപ്പമാണ്. പക്ഷേ തെറ്റ് ഒരാളുടെ ഭാഗത്തു മാത്രമാണെങ്കിൽ ക്ഷമിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. ഒരാൾ ക്ഷമ ചോദിക്കുമ്പോൾ ക്ഷമിക്കാൻ ശരിക്കുള്ള താഴ്‌മ വേണം.”—കിംബർളെ.
ബൈബിൾതത്ത്വം: “വേഗത്തിൽ . . . ഇണങ്ങിക്കൊൾക.”—മത്തായി 5:25, സത്യവേദപുസ്തകം.
നീരസം വെച്ചുകൊണ്ടിരിക്കുന്നത് നിങ്ങളുടെ മനസ്സിനും ശരീരത്തിനും ദോഷം ചെയ്തേക്കാം. നിങ്ങളുടെ ദാമ്പത്യത്തെയും അതു ദോഷകരമായി ബാധിച്ചേക്കാം.