പ്രശ്നത്തിന് സമ്പൂർണപരിഹാരം
ദൈവരാജ്യത്തിൽ “സമാധാനസമൃദ്ധിയുണ്ടാകും”
കാലങ്ങളായി കാത്തിരിക്കുന്ന ദൈവരാജ്യം, അതായത് ദൈവം സ്ഥാപിച്ച ഒരു ലോകഗവൺമെന്റ്, പെട്ടെന്നുതന്നെ ഭൂമിയിൽ സമാധാനവും ഐക്യവും കൊണ്ടുവരും. സങ്കീർത്തനം 72:7 പറയുന്നതുപോലെ അന്നു “സമാധാനസമൃദ്ധിയുണ്ടാകും.” എന്നാൽ എപ്പോഴായിരിക്കും ദൈവരാജ്യം ഭൂമിയുടെ ഭരണം ഏറ്റെടുക്കുന്നത്? അത് എങ്ങനെയായിരിക്കും? അതിൽനിന്ന് നിങ്ങൾക്ക് എങ്ങനെ പ്രയോജനം നേടാം?
ദൈവരാജ്യം എന്നു വരും?
ദൈവരാജ്യം പെട്ടെന്നുതന്നെ വരും എന്നു സൂചിപ്പിക്കുന്ന ശ്രദ്ധേയമായ ധാരാളം സംഭവങ്ങളെക്കുറിച്ച് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. അവയിൽ ചിലതാണു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം, ദാരിദ്ര്യം, രോഗം, ഭൂചലനങ്ങൾ, വർധിച്ചുവരുന്ന നിയമലംഘനങ്ങൾ എന്നിവ. ഇവയെ എല്ലാം ചേർത്ത് ബൈബിൾ ഒരു “അടയാളം” എന്നാണു വിശേഷിപ്പിക്കുന്നത്.—മത്തായി 24:3, 7, 12; ലൂക്കോസ് 21:11; വെളിപാട് 6:2-8.
മറ്റൊരു പ്രവചനം ഇങ്ങനെ പറയുന്നു: “എന്നാൽ അവസാനകാലത്ത് ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകുമെന്നു മനസ്സിലാക്കിക്കൊള്ളുക. കാരണം മനുഷ്യർ സ്വസ്നേഹികളും പണക്കൊതിയന്മാരും . . . മാതാപിതാക്കളെ അനുസരിക്കാത്തവരും നന്ദിയില്ലാത്തവരും വിശ്വസിക്കാൻ കൊള്ളാത്തവരും സഹജസ്നേഹമില്ലാത്തവരും ഒരു കാര്യത്തോടും യോജിക്കാത്തവരും പരദൂഷണം പറയുന്നവരും ആത്മനിയന്ത്രണമില്ലാത്തവരും ക്രൂരന്മാരും നന്മ ഇഷ്ടപ്പെടാത്തവരും . . . അഹങ്കാരത്താൽ ചീർത്തവരും ദൈവത്തെ സ്നേഹിക്കുന്നതിനു പകരം ജീവിതസുഖങ്ങൾ പ്രിയപ്പെടുന്നവരും . . . ആയിരിക്കും.” (2 തിമൊഥെയൊസ് 3:1-5) ഇത്തരം സ്വഭാവസവിശേഷതകൾ എല്ലാക്കാലത്തും ഉണ്ടായിരുന്നിട്ടുണ്ട്. എന്നാൽ ഇന്ന് അതു സർവസാധാരണമാണ്.
ഈ പ്രവചനങ്ങൾ 1914 മുതൽ നിറവേറാൻ തുടങ്ങി. ചരിത്രകാരന്മാരും രാജ്യതന്ത്രജ്ഞരും എഴുത്തുകാരും, ആ വർഷത്തിനു ശേഷം ലോകം എത്രത്തോളം മാറിപ്പോയി എന്നതിനെക്കുറിച്ച് അഭിപ്രായപ്രസ്താവനകൾ നടത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ഡാനിഷ് ചരിത്രകാരനായ പീറ്റർ മങ്ക് ഇങ്ങനെ എഴുതി: “1914-ൽ പൊട്ടിപ്പുറപ്പെട്ട യുദ്ധം മനുഷ്യചരിത്രത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു. പുരോഗതിയുടെ ശോഭനമായ പാതയിൽനിന്ന് . . . നാശത്തിന്റെയും ഭീതിയുടെയും വിദ്വേഷത്തിന്റെയും സുരക്ഷിതത്വമില്ലായ്മയുടെയും ഒരു യുഗത്തിലേക്കു നമ്മൾ പ്രവേശിച്ചു.”
എന്നാൽ മറ്റൊരു വശം നോക്കിയാൽ ഇതെല്ലാം ശാന്തത വരുന്നതിനു മുമ്പ് വീശിയടിക്കുന്ന കൊടുങ്കാറ്റുപോലെയാണ്. ദൈവരാജ്യം മുഴുഭൂമിയെയും ഭരിക്കാറായെന്ന് ഇതു കാണിക്കുന്നു. അവസാനത്തിന്റെ അടയാളത്തിൽ യേശു പറഞ്ഞ കാര്യങ്ങളിൽ ശുഭകരമായ ഒരു കാര്യംകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്: “ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത എല്ലാ ജനതകളും അറിയാനായി ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും. അപ്പോൾ അവസാനം വരും.”—മത്തായി 24:14.
യഹോവയുടെ സാക്ഷികളുടെ സന്ദേശത്തിന്റെ മുഖ്യവിഷയം ആ സന്തോഷവാർത്തയാണ്. അവരുടെ പ്രധാനപ്രസിദ്ധീകരണത്തിന്റെ പേരുതന്നെ വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു എന്നാണ്. ദൈവരാജ്യം മനുഷ്യർക്കും ഭൂമിക്കും വേണ്ടി ചെയ്യാൻ പോകുന്ന വലിയ കാര്യങ്ങളെക്കുറിച്ചാണു വീക്ഷാഗോപുരം സ്ഥിരമായി ചർച്ച ചെയ്യുന്നത്.
ദൈവരാജ്യം ഭരണം ഏറ്റെടുക്കുന്നത് എങ്ങനെയായിരിക്കും?
പ്രധാനപ്പെട്ട ഈ നാലു വസ്തുതകളാണ് അതിനുള്ള ഉത്തരം:
-
ഇന്നത്തെ ലോകത്തിലെ രാഷ്ട്രീയനേതാക്കന്മാരിലൂടെ ആയിരിക്കില്ല ദൈവരാജ്യം അതിന്റെ ഭരണം നടത്തുന്നത്
-
അധികാരം പോകാതിരിക്കാൻ ലോകത്തിലെ രാഷ്ട്രീയനേതാക്കന്മാർ ദൈവരാജ്യത്തിന് എതിരെ വിഫലമായ പോരാട്ടം നടത്തും.—സങ്കീർത്തനം 2:2-9.
-
ഭരണം വിട്ടുകൊടുക്കാൻ തയ്യാറാകാത്ത രാഷ്ട്രങ്ങളെ ദൈവരാജ്യത്തിനു നീക്കേണ്ടിവരും. (ദാനിയേൽ 2:44; വെളിപാട് 19:17-21) അവസാനത്തെ ഈ ആഗോളപോരാട്ടത്തെ അർമഗെദോൻ എന്നാണു വിളിക്കുന്നത്.—വെളിപാട് 16:14, 16.
-
ദൈവരാജ്യത്തിനു മനസ്സോടെ കീഴ്പെടുന്നവർ അർമഗെദോനെ അതിജീവിച്ച് പുതിയ ലോകത്തിലേക്കു കടക്കും. അവരാണു ബൈബിളിൽ പറഞ്ഞിരിക്കുന്ന “മഹാപുരുഷാരം.” അവർ ലക്ഷങ്ങൾ വരും.—വെളിപാട് 7:9, 10, 13, 14.
ദൈവരാജ്യത്തിന്റെ ഭരണത്തിൽനിന്ന് നിങ്ങൾക്ക് എങ്ങനെ പ്രയോജനം നേടാം?
ദൈവരാജ്യത്തിന്റെ പ്രജയായിരിക്കാൻ ആദ്യം വേണ്ടതു വിദ്യാഭ്യാസമാണ്. അതുതന്നെയാണു യേശു പ്രാർഥനയിൽ പറഞ്ഞത്: “ഏകസത്യദൈവമായ അങ്ങയെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അവർ അറിയുന്നതാണു നിത്യജീവൻ.”—യോഹന്നാൻ 17:3.
ദൈവമായ യഹോവയെ ഒരു വ്യക്തിയായി ആളുകൾ അടുത്ത് അറിയുമ്പോൾ അവർക്കു പല പ്രയോജനങ്ങളുണ്ട്. അതിൽ രണ്ടെണ്ണം നോക്കാം. ഒന്ന്, അവർ ആ ദൈവത്തെ ശക്തമായി വിശ്വസിക്കും. തെളിവിന്റെ അടിസ്ഥാനത്തിലുള്ള ആ വിശ്വാസം ദൈവരാജ്യം ഒരു യാഥാർഥ്യമാണെന്നും അതിന്റെ ഭരണം അടുത്ത് എത്തിയിരിക്കുന്നെന്ന കാര്യവും അവരെ ബോധ്യപ്പെടുത്തും. (എബ്രായർ 11:1) രണ്ടാമത്, ദൈവത്തോടും അയൽക്കാരോടും ഉള്ള അവരുടെ സ്നേഹം വളരും. ദൈവത്തോടുള്ള സ്നേഹം മനസ്സോടെ ദൈവത്തെ അനുസരിക്കാൻ അവരെ പ്രേരിപ്പിക്കും. അയൽക്കാരോടുള്ള സ്നേഹം പൊതുവേ സുവർണനിയമം എന്ന് അറിയപ്പെടുന്ന യേശുവിന്റെ വാക്കുകൾ അനുസരിക്കാൻ അവരെ പ്രചോദിപ്പിക്കും. അത് ഇതാണ്: “മറ്റുള്ളവർ നിങ്ങൾക്കു ചെയ്തുതരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ അവർക്കും ചെയ്തുകൊടുക്കുക.”—ലൂക്കോസ് 6:31.
സ്നേഹവാനായ ഒരു പിതാവിനെപ്പോലെ നമ്മുടെ സ്രഷ്ടാവും നമുക്ക് ഏറ്റവും നല്ലതു വന്നുകാണാനാണ് ആഗ്രഹിക്കുന്നത്. ബൈബിളിൽ പറയുന്ന ‘യഥാർഥജീവൻ’ എന്താണെന്നു നമ്മൾ അനുഭവിച്ച് അറിയാൻ സ്രഷ്ടാവ് ആഗ്രഹിക്കുന്നു. (1 തിമൊഥെയൊസ് 6:19) ഇന്നത്തെ ജീവിതം ‘യഥാർഥജീവിതം’ അല്ല. ലക്ഷക്കണക്കിന് ആളുകൾ വളരെ കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയും ആണ് ജീവിക്കുന്നത്. ബൈബിൾ പറയുന്ന ‘യഥാർഥജീവിതം’ എങ്ങനെയായിരിക്കുമെന്നു മനസ്സിലാക്കാൻ, ദൈവരാജ്യം അതിന്റെ പ്രജകൾക്കു ചെയ്യാൻ പോകുന്ന വിസ്മയകരമായ കാര്യങ്ങളിൽ ചിലതു നോക്കാം.