വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രോഗലക്ഷണങ്ങൾക്കല്ല ചികിത്സ വേണ്ടത്‌, അതിന്റെ അടിസ്ഥാ​ന​കാ​ര​ണ​ത്തി​നാണ്‌. അപ്പോഴേ രോഗം ഭേദമാ​കൂ

ബുദ്ധി​മുട്ട്‌

പ്രശ്‌ന​ത്തി​ന്റെ മൂലകാ​രണം

പ്രശ്‌ന​ത്തി​ന്റെ മൂലകാ​രണം

നമ്മുടെ സമാധാ​ന​വും സുരക്ഷി​ത​ത്വ​വും കവർന്നെടുക്കുന്ന, നമ്മുടെ ഭാവിക്കു ഭീഷണി ഉയർത്തുന്ന പ്രശ്‌നങ്ങൾ മനുഷ്യർക്കു പരിഹ​രി​ക്കാൻ കഴിയു​മെന്നു നിങ്ങൾ വിശ്വ​സി​ക്കു​ന്നു​ണ്ടോ? ഏതൊരു ചികി​ത്സ​യും ഫലപ്ര​ദ​മാ​ക​ണ​മെ​ങ്കിൽ രോഗ​ത്തി​ന്റെ മൂലകാരണത്തിൽനിന്ന്‌ തുടങ്ങണം, അല്ലാതെ ലക്ഷണങ്ങ​ളിൽനി​ന്നല്ല.

ഇതിന്‌ ഉദാഹ​ര​ണ​മാണ്‌ ടോം. അസുഖം വന്ന്‌ അദ്ദേഹം മരിച്ചു. മരിക്കാ​നു​ണ്ടായ കാര്യം? “രോഗ​ല​ക്ഷണം കണ്ടെങ്കി​ലും രോഗ​ത്തി​ന്റെ മൂലകാ​രണം എന്താ​ണെന്ന്‌ കണ്ടുപി​ടിച്ച്‌ ചികി​ത്സി​ക്കാ​നുള്ള ചിന്ത ആർക്കും പോയില്ല” എന്ന്‌ അദ്ദേഹത്തെ അവസാനം ചികി​ത്സിച്ച ഡോക്ടർ എഴുതി. ടോമി​നെ ആദ്യം പരിച​രി​ച്ചവർ അദ്ദേഹ​ത്തി​നു പെട്ടെന്ന്‌ ആശ്വാസം കിട്ടാ​നുള്ള കാര്യങ്ങൾ മാത്രമേ ചെയ്‌തു​ള്ളൂ എന്നു തോന്നു​ന്നു.

ഇതു​പോ​ലെ​യ​ല്ലേ ഇന്നു ലോക​ത്തി​ന്റെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ നോക്കു​ന്നത്‌? ഉദാഹ​ര​ണ​ത്തിന്‌, കുറ്റകൃ​ത്യ​ങ്ങൾ കുറയ്‌ക്കാൻ സർക്കാർ നിയമങ്ങൾ പുറത്തി​റ​ക്കു​ന്നു, നിരീ​ക്ഷ​ണ​ക്യാ​മ​റകൾ സ്ഥാപി​ക്കു​ന്നു, പോലീസ്‌ കാവൽ ശക്തമാ​ക്കു​ന്നു. ഇതൊക്കെ ഒരു പരിധി​വരെ ഗുണം ചെയ്യു​മെ​ങ്കി​ലും പ്രശ്‌ന​ത്തി​ന്റെ മൂലകാ​ര​ണ​ങ്ങ​ളി​ലേക്ക്‌ ആരും ഇറങ്ങി​ച്ചെ​ല്ലു​ന്നില്ല. കുറ്റകൃ​ത്യ​മി​ല്ലാ​താ​ക്കാൻ ശരിക്കും ആളുക​ളു​ടെ മനോ​ഭാ​വ​ങ്ങൾക്കും വിശ്വാ​സ​ങ്ങൾക്കും ആഗ്രഹ​ങ്ങൾക്കും അല്ലേ മാറ്റം വരു​ത്തേ​ണ്ടത്‌?

ദാരി​ദ്ര്യ​ത്തി​ലേക്കു നടന്നു​നീ​ങ്ങുന്ന, ഒരു തെക്കേ അമേരി​ക്കൻ രാജ്യത്തു താമസി​ക്കുന്ന ഡാനി​യേൽ പറയുന്നു: “പണ്ടൊക്കെ ഞങ്ങളുടെ ജീവിതം നല്ലതാ​യി​രു​ന്നു. ഞങ്ങൾക്കു കൊള്ള​ക്കാ​രെ​ക്കു​റിച്ച്‌ പേടിയേ ഇല്ലായി​രു​ന്നു. എന്നാൽ ഇപ്പോൾ സമാധാ​ന​മുള്ള ഒരു പട്ടണമോ ഗ്രാമ​മോ ഇവി​ടെ​യില്ല. തകർന്നു​കൊ​ണ്ടി​രി​ക്കുന്ന സാമ്പത്തി​ക​വ്യ​വസ്ഥ ആളുക​ളു​ടെ തനിസ്വാ​ഭാ​വം പുറത്തു​കൊ​ണ്ടു​വ​രു​ന്നു. ആളുകൾ അത്യാ​ഗ്ര​ഹി​ക​ളും മറ്റുള്ള​വ​രു​ടെ ജീവനും സ്വത്തി​നും ഒരു വിലയും കല്‌പി​ക്കാ​ത്ത​വ​രും ആയിരി​ക്കു​ന്നു.”

മധ്യപൂർവ ദേശങ്ങ​ളി​ലു​ണ്ടായ ഒരു കലാപ​ത്തിൽനിന്ന്‌ രക്ഷപ്പെട്ട്‌ വന്ന ഒരാൾ പിന്നീട്‌ ബൈബിൾ പഠിച്ചു. അദ്ദേഹം പറയുന്നു: “കുടും​ബാം​ഗ​ങ്ങ​ളും രാഷ്‌ട്രീയ-മത വ്യവസ്ഥ​യും എന്റെ നാട്ടിലെ പല ചെറു​പ്പ​ക്കാ​രെ​യും യുദ്ധത്തിൽ ഏർപ്പെ​ട്ടു​കൊണ്ട്‌ നായക​ന്മാ​രാ​യി​ത്തീ​രാൻ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നു. ഇതുത​ന്നെ​യാണ്‌ എതിർപ​ക്ഷ​ത്തു​ള്ള​വ​രും ചെയ്‌തി​രു​ന്നത്‌! മനുഷ്യ​ഭ​ര​ണാ​ധി​കാ​രി​ക​ളിൽ വിശ്വാ​സ​മർപ്പി​ക്കു​ന്നത്‌ എത്ര പരിതാ​പ​ക​ര​മാ​ണെന്ന്‌ ഇതിൽനിന്ന്‌ എനിക്കു മനസ്സി​ലാ​യി.”

ഒരു പുരാ​ത​ന​ഗ്രന്ഥം ഇങ്ങനെ പറയുന്നു:

  • “മനുഷ്യ​ന്റെ ഹൃദയ​ത്തി​ന്റെ ചായ്‌വ്‌ ബാല്യം​മു​തൽ ദോഷ​ത്തി​ലേ​ക്കാണ്‌.”—ഉൽപത്തി 8:21.

  • “ഹൃദയം മറ്റ്‌ എന്തി​നെ​ക്കാ​ളും വഞ്ചകവും സാഹസ​ത്തി​നു തുനി​യു​ന്ന​തും ആണ്‌; അതിനെ ആർക്കു മനസ്സി​ലാ​ക്കാ​നാ​കും?”—യിരെമ്യ 17:9.

  • “ദുഷ്ടചി​ന്തകൾ, കൊല​പാ​തകം, . . . ലൈം​ഗിക അധാർമി​കത, മോഷണം, കള്ളസാ​ക്ഷ്യം . . . എന്നിവ​യെ​ല്ലാം ഹൃദയ​ത്തിൽനി​ന്നാ​ണു വരുന്നത്‌.”—മത്തായി 15:19.

നമ്മുടെ ഉള്ളിൽ ഒളിഞ്ഞു​കി​ട​ക്കുന്ന ദോഷ​ക​ര​മായ ചായ്‌വു​കൾ നേരെ​യാ​ക്കാൻ മനുഷ്യർക്ക്‌ ഇതുവരെ കഴിഞ്ഞി​ട്ടില്ല. സത്യം പറഞ്ഞാൽ അതു കൂടു​തൽക്കൂ​ടു​തൽ വഷളാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഇതാണു മുൻലേ​ഖ​ന​ത്തിൽ പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലുള്ള പ്രശ്‌ന​ങ്ങൾക്കു കാരണം. (2 തിമൊ​ഥെ​യൊസ്‌ 3:1-5) എങ്ങും വിവര​ങ്ങ​ളു​ടെ ഒരു പ്രളയം​ത​ന്നെ​യാണ്‌. ആശയവി​നി​മ​യ​രം​ഗത്തു വന്ന പുരോ​ഗ​തി​യെ​ക്കു​റിച്ച്‌ പറയു​ക​യും വേണ്ടാ. എന്നിട്ടും ഇതൊ​ക്കെ​യാ​ണു സംഭവി​ക്കു​ന്നത്‌. എന്തു​കൊ​ണ്ടാണ്‌ ലോകത്തു സമാധാ​ന​വും സുരക്ഷി​ത​ത്വ​വും കൊണ്ടു​വ​രാൻ കഴിയാ​ത്തത്‌? മനുഷ്യർക്ക്‌ അതിനു പറ്റി​ല്ലെ​ന്നാ​ണോ? അത്‌ ഒരിക്ക​ലും നടക്കാത്ത കാര്യ​മാ​ണോ?

ഒരിക്ക​ലും നടക്കാത്ത കാര്യ​മാ​ണോ?

ഒരു അത്ഭുത​ത്തി​ലൂ​ടെ മനുഷ്യ​രു​ടെ ദോഷ​ക​ര​മായ ചായ്‌വു​കൾ നമുക്കു മാറ്റാൻ കഴിഞ്ഞാ​ലും ലോകത്തു സുരക്ഷി​ത​ത്വം കൊണ്ടു​വ​രാൻ നമുക്കു കഴിയില്ല. കാരണം നമുക്കു പരിമി​തി​ക​ളുണ്ട്‌.

മനുഷ്യ​നെ സൃഷ്ടി​ച്ചത്‌ ബഹിരാ​കാ​ശ​ത്തോ വെള്ളത്തി​ന​ടി​യി​ലോ ജീവി​ക്കാ​നല്ല. ഇതു​പോ​ലെ സ്വയം ഭരിക്കാ​നുള്ള കഴി​വോ​ടെ​യു​മല്ല മനുഷ്യ​നെ സൃഷ്ടി​ച്ചത്‌. അപ്പോൾപ്പി​ന്നെ മറ്റുള്ള​വരെ എങ്ങനെ ഭരിക്കാൻ കഴിയും? ബൈബിൾ പറയുന്ന ലളിത​മായ സത്യം ഇതാണ്‌: മനുഷ്യ​നു “സ്വന്തം കാലടി​ക​ളു​ടെ നിയ​ന്ത്ര​ണം​പോ​ലും” ഇല്ല.—യിരെമ്യ 10:23

വെള്ളത്തിനടിയിൽ ജീവി​ക്കാ​നല്ല നമ്മളെ സൃഷ്ടി​ച്ചത്‌. സഹമനു​ഷ്യ​രെ ഭരിക്കുന്ന കാര്യത്തിലും അങ്ങനെതന്നെയാണ്‌

മറ്റുള്ളവർ പറയു​ന്നതു കേട്ട്‌ എല്ലാ കാര്യ​ങ്ങ​ളും ചെയ്യാൻ നിങ്ങൾ ഇഷ്ടപ്പെ​ടു​മോ? മറ്റുള്ളവർ പറയു​ന്ന​തി​ന്റെ അടിസ്ഥാ​ന​ത്തിൽ ശരി​തെ​റ്റു​കൾ എന്താ​ണെന്നു തീരു​മാ​നി​ക്കാൻ എത്ര പേർ ഇഷ്ടപ്പെ​ടും? ഗർഭച്ഛി​ദ്രത്തെ എങ്ങനെ വീക്ഷി​ക്കണം, കുട്ടി​കൾക്ക്‌ എങ്ങനെ ശിക്ഷണം കൊടു​ക്കണം തുടങ്ങിയ കാര്യ​ങ്ങ​ളിൽ മറ്റുള്ളവർ കൈക​ട​ത്താൻ ആളുകൾ ആഗ്രഹി​ക്കു​മോ? ആളുകളെ ഭിന്നി​പ്പി​ക്കുന്ന ചില കാര്യങ്ങൾ മാത്ര​മാണ്‌ ഇതൊക്കെ. അംഗീ​ക​രി​ക്കാൻ ബുദ്ധി​മു​ട്ടാ​ണെ​ങ്കി​ലും ബൈബിൾ പറയു​ന്ന​താ​ണു ശരി: സഹമനു​ഷ്യ​രെ ഭരിക്കാ​നുള്ള കഴിവോ അവകാ​ശ​മോ മനുഷ്യർക്കില്ല. അപ്പോൾപ്പി​ന്നെ സഹായ​ത്തി​നാ​യി നമുക്ക്‌ എങ്ങോട്ട്‌ നോക്കാൻ കഴിയും?

അതിനുള്ള ഉത്തരം, നമ്മളെ സൃഷ്ടിച്ച ദൈവ​ത്തി​ലേക്കു തിരി​യുക എന്നതാണ്‌. ചിലർ ചിന്തി​ക്കു​ന്ന​തു​പോ​ലെ ദൈവം നമ്മളെ മറന്നു​ക​ള​ഞ്ഞി​ട്ടൊ​ന്നു​മില്ല. ദൈവ​ത്തി​നു നമ്മളോ​ടുള്ള താത്‌പ​ര്യം ബൈബി​ളി​ലെ ജ്ഞാന​മൊ​ഴി​ക​ളിൽ കാണാം. ഈ അതുല്യ​ഗ്ര​ന്ഥ​ത്തി​ലുള്ള കാര്യങ്ങൾ മനസ്സി​ലാ​ക്കു​മ്പോൾ നമ്മൾ നമ്മളെ​ത്തന്നെ കൂടു​ത​ലാ​യി മനസ്സി​ലാ​ക്കും. മാനവ​കു​ടും​ബ​ത്തി​ന്റെ അവസ്ഥ ഇത്ര പരിതാ​പ​ക​ര​മാ​യത്‌ എങ്ങനെ​യെ​ന്നും നമുക്കു മനസ്സി​ലാ​ക്കാൻ കഴിയും. “മനുഷ്യ​രും ഗവൺമെ​ന്റു​ക​ളും ചരി​ത്ര​ത്തിൽനിന്ന്‌ ഒന്നും പഠിച്ചി​ട്ടില്ല. അല്ലെങ്കിൽ പഠിച്ച​തി​നു ചേർച്ച​യിൽ അവർ ജീവി​ക്കു​ന്നില്ല” എന്ന്‌ ഒരു ജർമൻ തത്ത്വചി​ന്തകൻ എഴുതി​യത്‌ എന്തു​കൊ​ണ്ടാ​ണെന്നു നമുക്കു മനസ്സി​ലാ​ക്കാ​വു​ന്നതേ ഉള്ളൂ.

ബൈബി​ളി​ലെ ജ്ഞാനം നമ്മളെ സംരക്ഷി​ക്കു​ന്നു!

ജ്ഞാനി​യായ ഒരാൾ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “ജ്ഞാനം അതിന്റെ മക്കളാൽ (അഥവാ ഫലങ്ങളാൽ) നീതി​യു​ള്ള​തെന്നു തെളി​യും.” (ലൂക്കോസ്‌ 7:35) അത്തരം ജ്ഞാനത്തിന്‌ ഒരു ഉദാഹ​രണം യശയ്യ 2:22-ൽ കാണാം. അവിടെ ഇങ്ങനെ പറയുന്നു: “നിനക്കു നന്മ വരേണ്ട​തി​നു മനുഷ്യ​നിൽ ആശ്രയി​ക്കു​ന്നതു നിറു​ത്തുക.” ഈ നല്ല ഉപദേശം ഒരിക്ക​ലും നടക്കാത്ത കാര്യ​ങ്ങ​ളിൽ പ്രതീക്ഷ വെക്കാ​തി​രി​ക്കാൻ നമ്മളെ സഹായി​ക്കും. അക്രമം നിറഞ്ഞ വടക്കേ അമേരി​ക്ക​യിൽ താമസി​ക്കുന്ന കെന്നത്ത്‌ ഇങ്ങനെ പറയുന്നു: “ഓരോ രാഷ്‌ട്രീ​യ​ക്കാ​രും കാര്യങ്ങൾ ശരിയാ​ക്കാം എന്നു പറയു​മെ​ങ്കി​ലും അവർക്ക്‌ അതൊ​ന്നും ശരിയാ​ക്കാൻ കഴിയു​ന്നില്ല. അവരുടെ പരാജ​യങ്ങൾ ഓരോ​ന്നും ബൈബി​ളിൽ പറയുന്ന കാര്യം സത്യമാ​ണെ​ന്നും ജ്ഞാനമാ​ണെ​ന്നും തെളി​യി​ക്കു​ന്നു.”

മുമ്പു പറഞ്ഞ ഡാനി​യേൽ ഇങ്ങനെ എഴുതി: “മനുഷ്യർക്കു നന്നായി ഭരിക്കാൻ കഴിയി​ല്ലെന്ന കാര്യം ദിവസ​വും എനിക്കു ബോധ്യ​മാ​കു​ന്നു. . . . ബാങ്കിൽ ഒരുപാ​ടു പണമു​ള്ള​തു​കൊ​ണ്ടോ നല്ല പെൻഷൻ സ്‌കീം ഉള്ളതു​കൊ​ണ്ടോ ഭാവി സുരക്ഷി​ത​മാ​കു​ന്നില്ല. ഇതൊ​ക്കെ​യു​ണ്ടാ​യി​ട്ടും ബുദ്ധി​മുട്ട്‌ അനുഭ​വി​ക്കുന്ന ആളുകളെ ഞാൻ കണ്ടിട്ടുണ്ട്‌.”

ബൈബിൾ, നടക്കാത്ത കാര്യ​ങ്ങ​ളിൽ പ്രതീക്ഷ വെക്കാ​തി​രി​ക്കാൻ സഹായി​ക്കുക മാത്രമല്ല ചെയ്യു​ന്നത്‌, നമ്മൾ കാണാൻ പോകു​ന്ന​തു​പോ​ലെ ഒരു പ്രത്യാ​ശ​യും അതു നൽകുന്നു.