പ്രശ്നം പരിഹരിക്കുന്ന ഗവൺമെന്റ്
‘സമാധാനത്തിന് അവസാനമുണ്ടാകില്ല’
ഐക്യരാഷ്ട്ര സംഘടന “ആഗോളപൗരത്വം” എന്ന ആശയം മുന്നോട്ടു വെക്കുന്നു. അന്താരാഷ്ട്രസഹകരണം, മനുഷ്യാവകാശസംരക്ഷണം, ഭൂസംരക്ഷണം എന്നിവ അതിന്റെ ലക്ഷ്യങ്ങളിൽ ചിലതാണ്. എന്തിനാണ് ഇതൊക്കെ? ഒരു യുഎൻ മാസികയിൽ മെഹർ നസ്സർ പറഞ്ഞതനുസരിച്ച്, “കാലാവസ്ഥ മാറ്റം, സംഘടിതമായ ആക്രമണം, ഉയർന്നുവരുന്ന അസമത്വം, നിലയ്ക്കാത്ത പോരാട്ടങ്ങൾ, വലിയ കുടിയൊഴിപ്പിക്കലുകൾ, ആഗോള ഭീകരവാദം, പകർച്ചവ്യാധികൾ” എന്നിവപോലുള്ളവയ്ക്ക് അതിർത്തി ഒരു പ്രശ്നമല്ല.
ചിലർ ഒരു ലോകഗവൺമെന്റിനെക്കുറിച്ചുപോലും ചിന്തിച്ചിരിക്കുന്നു. അവരിൽ ചിലരാണ് ഇറ്റാലിയൻ തത്ത്വചിന്തകനും കവിയും രാജ്യതന്ത്രജ്ഞനും ആയിരുന്ന ദാന്തേയും (1265-1321) ഭൗതികശാസ്ത്രജ്ഞനായിരുന്ന ആൽബർട്ട് ഐൻസ്റ്റീനും (1879-1955). രാഷ്ട്രീയമായി വിഭജിച്ച ഒരു ലോകത്തു സമാധാനം നിലനിൽക്കില്ല എന്നു ദാന്തേ വിശ്വസിച്ചു. “ആളുകൾ പരസ്പരം പോരടിക്കുന്ന രാജ്യം നശിച്ചുപോകും” എന്ന യേശുക്രിസ്തുവിന്റെ വാക്കുകൾ അദ്ദേഹം ഉദ്ധരിച്ചു.—ലൂക്കോസ് 11:17.
രണ്ട് അണുബോംബു പൊട്ടിച്ച രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് അധികം വൈകാതെ ആൽബർട്ട് ഐൻസ്റ്റീൻ ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലിക്ക് ഒരു തുറന്ന കത്ത് എഴുതി. “ഐക്യരാഷ്ട്ര സംഘടന ഒരു ലോകഗവൺമെന്റിന് അടിസ്ഥാനമിട്ടുകൊണ്ട് എത്രയും പെട്ടെന്ന് അന്താരാഷ്ട്രതലത്തിൽ സുരക്ഷിതത്വം ഉറപ്പാക്കണം” എന്ന് അദ്ദേഹം പറഞ്ഞു.
അങ്ങനെയൊരു ലോകഗവൺമെന്റ് സ്ഥാപിതമായാൽത്തന്നെ, ഭരണാധികാരികൾ സമർഥരും അഴിമതിയും അക്രമവും കാണിക്കാത്തവരും ആയിരിക്കുമോ? അതോ മറ്റു ഭരണാധികാരികളെപ്പോലെ ആയിപ്പോകുമോ? ഈ ചോദ്യങ്ങൾ ബ്രിട്ടീഷ് ചരിത്രകാരനായ ലോർഡ് ആക്റ്റന്റെ ഈ വാക്കുകൾ നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു: “അധികാരം ദുഷിപ്പിക്കുന്നു; പരമാധികാരം പരമമായി ദുഷിപ്പിക്കുന്നു.”
എന്തുതന്നെയായാലും മനുഷ്യകുടുംബത്തിന് യഥാർഥ സമാധാനവും സന്തോഷവും ലഭിക്കാൻ അവർക്ക് ഇടയിൽ ഐക്യം വേണം. എന്നാൽ അത് എങ്ങനെ കൈവരിക്കാം? അതു നടക്കുന്ന കാര്യമാണോ? നടക്കും എന്നുതന്നെയാണു ബൈബിൾ പറയുന്നത്. പക്ഷേ എങ്ങനെ? അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ ഒരു ലോകഗവൺമെന്റിലൂടെയായിരിക്കില്ല; പകരം, ദൈവം സ്ഥാപിക്കുന്ന ഒരു ഗവൺമെന്റിലൂടെയായിരിക്കും. സൃഷ്ടികളെ ഭരിക്കാനുള്ള തന്റെ അവകാശം ദൈവം ആ ഗവൺമെന്റിലൂടെ ഉപയോഗിക്കും. ഏതാണ് ആ ഗവൺമെന്റ്? ബൈബിൾ അതിനെ ‘ദൈവരാജ്യം’ എന്നാണു വിളിക്കുന്നത്.—ലൂക്കോസ് 4:43.
“അങ്ങയുടെ രാജ്യം വരേണമേ”
“അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഇഷ്ടം . . . ഭൂമിയിലും നടക്കേണമേ” എന്നു മാതൃകാപ്രാർഥനയിൽ പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നതു ദൈവരാജ്യമായിരുന്നു. (മത്തായി 6:9, 10) അധികാരക്കൊതി മൂത്ത സ്വാർഥമനുഷ്യരുടെ ഇഷ്ടമല്ല, ദൈവത്തിന്റെ ഇഷ്ടം ഭൂമിയിൽ നടപ്പാകുമെന്നു ദൈവരാജ്യം ഉറപ്പുവരുത്തും.
ദൈവരാജ്യത്തെ “സ്വർഗരാജ്യം” എന്നും വിളിച്ചിട്ടുണ്ട്. (മത്തായി 5:3) എന്തുകൊണ്ട്? അതു ഭൂമിയെ ഭരിക്കുമെങ്കിലും ഭരിക്കുന്നത് ഭൂമിയിൽനിന്നല്ല, സ്വർഗത്തിൽനിന്നായിരിക്കും. എന്നു പറഞ്ഞാൽ, ഈ ലോകഗവൺമെന്റിനു ഭൂമിയിൽനിന്നുള്ള സാമ്പത്തികപിന്തുണയോ മറ്റു സഹായങ്ങളോ ആവശ്യമില്ല. അതു മനുഷ്യർക്ക് എത്ര ആശ്വാസമായിരിക്കും!
ദൈവരാജ്യം ഒരു രാജകീയ ഗവൺമെന്റാണ്. അതിന് ഒരു രാജാവുണ്ട്. അതു യേശുക്രിസ്തുവാണ്. ഭരിക്കാനുള്ള അവകാശം ദൈവമാണു യേശുവിനു കൊടുത്തത്. യേശുവിനെക്കുറിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു:
-
“ഭരണാധിപത്യം (ഗവൺമെന്റ്) അവന്റെ തോളിൽ ഇരിക്കും. . . . അവന്റെ ഗവൺമെന്റിന്റെ വളർച്ചയ്ക്കും സമാധാനത്തിനും അവസാനമുണ്ടാകില്ല.”—യശയ്യ 9:6, 7, അടിക്കുറിപ്പ്.
-
‘എല്ലാ ജനതകളും രാജ്യക്കാരും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് അവന് ആധിപത്യവും ബഹുമതിയും രാജ്യവും നൽകി. അവന്റെ ദാനിയേൽ 7:14.
ആധിപത്യം ഒരിക്കലും നീങ്ങിപ്പോകില്ല.’— -
“ലോകത്തിന്റെ ഭരണം നമ്മുടെ കർത്താവിന്റെയും (ദൈവത്തിന്റെയും) കർത്താവിന്റെ ക്രിസ്തുവിന്റെയും ആയിരിക്കുന്നു.”—വെളിപാട് 11:15.
യേശുവിന്റെ മാതൃകാപ്രാർഥനയുടെ നിവൃത്തിയനുസരിച്ച് ദൈവരാജ്യം ദൈവത്തിന്റെ ഇഷ്ടം ഭൂമിയിൽ പൂർണമായി നടപ്പിലാക്കും. ഭൂമിയെ എങ്ങനെ പരിപാലിക്കണമെന്ന് അന്നു മനുഷ്യരെല്ലാം പഠിക്കും. മനുഷ്യൻ ഭൂമിക്കും പ്രകൃതിക്കും വരുത്തിയിരിക്കുന്ന എല്ലാ കേടുപാടുകളും മാറി ഭൂമി ജീവജാലങ്ങളെക്കൊണ്ട് നിറയും.
ഏറ്റവും പ്രധാനമായി, ദൈവരാജ്യം അതിന്റെ പ്രജകൾക്കു വിദ്യാഭ്യാസം കൊടുക്കും. എല്ലാവരും ഒരേ നിലവാരങ്ങൾ പഠിക്കും. യാതൊരു ഭിന്നിപ്പോ ചേരിതിരിവോ ഉണ്ടാകില്ല. യശയ്യ 11:9 പറയുന്നതുപോലെ അവർ “എന്റെ വിശുദ്ധപർവതത്തിൽ ഒരിടത്തും ഒരു നാശവും വരുത്തില്ല, . . . കാരണം, സമുദ്രത്തിൽ വെള്ളം നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി മുഴുവൻ യഹോവയുടെ പരിജ്ഞാനം നിറഞ്ഞിരിക്കും.”
ഐക്യരാഷ്ട്ര സംഘടന ആഗ്രഹിക്കുന്നതുപോലെ ആളുകൾ സമാധാനത്തോടെയും സ്നേഹത്തോടെയും ജീവിക്കുന്ന ആഗോളപൗരന്മാരായി മാറും. “സമാധാനസമൃദ്ധിയിൽ അവർ അത്യധികം ആനന്ദിക്കും” എന്നു സങ്കീർത്തനം 37:11 പറയുന്നു. പയ്യെപ്പയ്യെ, “കുറ്റകൃത്യം,” “മലിനീകരണം,” “ദാരിദ്ര്യം,” “യുദ്ധം,” ഇങ്ങനെയൊക്കെയുള്ള വാക്കുകൾക്കു ‘വംശനാശം’ സംഭവിക്കും. പക്ഷേ എപ്പോൾ? എപ്പോൾ ദൈവരാജ്യം ഭൂമിയെ ഭരിക്കാൻ തുടങ്ങും? അത് എങ്ങനെയായിരിക്കും ഭരിക്കുന്നത്? നിങ്ങൾക്ക് എങ്ങനെ ആ ഭരണത്തിൽനിന്ന് പ്രയോജനം കിട്ടും? നമുക്കു നോക്കാം.