വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാതാപിതാക്കൾ മാതൃകയിലുടെ മക്കളെ സ്‌നേഹം പഠിപ്പി​ക്കു​ന്നു

പ്രശ്‌ന​പ​രി​ഹാ​ര​ത്തി​നുള്ള ഒരു വഴി

സന്മാർഗ​വും സദാചാ​ര​വും പഠിപ്പി​ക്കുക

സന്മാർഗ​വും സദാചാ​ര​വും പഠിപ്പി​ക്കുക

സ്‌കൂളിൽനിന്ന്‌ ടൂർ പോയ​പ്പോൾ കൗമാ​ര​പ്രാ​യ​ത്തി​ലുള്ള ചില ആൺകു​ട്ടി​കൾ മറ്റൊരു ആൺകു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉപദ്ര​വി​ച്ചു. അവർ കാനഡ​യി​ലുള്ള പേരു​കേട്ട ഒരു പ്രൈ​വെറ്റ്‌ സ്‌കൂ​ളി​ലെ വിദ്യാർഥി​ക​ളാ​യി​രു​ന്നു. ഈ സംഭവ​ത്തി​നു ശേഷം, ഒരു ദിനപ്പ​ത്ര​ത്തി​ലെ ലേഖക​നായ ലിയോ​ണാർഡ്‌ സ്റ്റേൺ ഇങ്ങനെ എഴുതി: “സമൂഹ​ത്തി​ലെ നിലയും വിവര​വും വിദ്യാ​ഭ്യാ​സ​വും ഒന്നും തെറ്റായ തീരു​മാ​ന​മെ​ടു​ക്കു​ന്ന​തിൽനിന്ന്‌ ചെറു​പ്പ​ക്കാ​രെ പിന്തി​രി​പ്പി​ക്കു​ന്നില്ല.”

സ്റ്റേൺ ഇങ്ങനെ​യും പറഞ്ഞു: “മക്കളെ സദാചാ​ര​ബോ​ധ​മു​ള്ള​വ​രാ​ക്കുക എന്നതാണു മാതാ​പി​താ​ക്ക​ളു​ടെ പ്രധാ​ന​ല​ക്ഷ്യ​മെന്നു നിങ്ങൾ ചിന്തി​ക്കു​ന്നു​ണ്ടാ​കും. എന്നാൽ വാസ്‌ത​വ​ത്തിൽ പല മാതാ​പി​താ​ക്ക​ളും കൂടുതൽ പ്രാധാ​ന്യം കൊടു​ക്കു​ന്നത്‌, കുട്ടി​ക​ളു​ടെ പഠനത്തി​നും അവർക്കു നല്ല ശമ്പളമുള്ള ജോലി കിട്ടു​ന്ന​തി​നും ഒക്കെയാണ്‌.”

പഠനം പ്രധാ​നം​ത​ന്നെ​യാണ്‌. എന്നാൽ തെറ്റായ ആഗ്രഹ​ങ്ങൾക്കും ചായ്‌വു​കൾക്കും എതിരെ പോരാ​ടാൻ ഇന്നത്തെ മികച്ച വിദ്യാ​ഭ്യാ​സം​പോ​ലും ആളുകളെ സഹായി​ക്കു​ന്നില്ല. അപ്പോൾപ്പി​ന്നെ ഈ മേഖല​ക​ളിൽ മെച്ച​പ്പെ​ടാൻ സഹായി​ക്കുന്ന സന്മാർഗ​പാ​ഠങ്ങൾ എവി​ടെ​നിന്ന്‌ പഠി​ച്ചെ​ടു​ക്കാ​നാ​കും?

സന്മാർഗ​വും സദാചാ​ര​മൂ​ല്യ​ങ്ങ​ളും പഠിപ്പി​ക്കുന്ന വിദ്യാ​ഭ്യാ​സം

ബൈബിൾ ഒരു കണ്ണാടി​പോ​ലെ​യാണ്‌. അതി​ലേക്കു നോക്കി​യാൽ നമ്മുടെ കുറവു​ക​ളും പരിമി​തി​ക​ളും വ്യക്തമാ​യി കാണാം. (യാക്കോബ്‌ 1:23-25) എന്നാൽ അതു മാത്രമല്ല, യഥാർഥ സമാധാ​ന​വും ഐക്യ​വും ഉണ്ടായി​രി​ക്കാൻ സഹായി​ക്കുന്ന ഗുണങ്ങൾ വളർത്തി​യെ​ടു​ക്കു​ന്ന​തിന്‌ ആവശ്യ​മായ മാറ്റങ്ങൾ വരുത്താ​നും ബൈബിൾ സഹായി​ക്കു​ന്നു. ഈ ഗുണങ്ങ​ളിൽ ചിലതാ​ണു നന്മ, ദയ, ക്ഷമ, ആത്മനി​യ​ന്ത്രണം, സ്‌നേഹം എന്നിവ. “ആളുകളെ ഒറ്റക്കെ​ട്ടാ​യി നിറു​ത്താൻ” സ്‌നേ​ഹ​ത്തി​നു കഴിയു​മെന്നു പറയുന്നു. (കൊ​ലോ​സ്യർ 3:14) സ്‌നേ​ഹ​ത്തിന്‌ ഇത്ര വിശേ​ഷ​ത​യു​ള്ളത്‌ എന്തു​കൊ​ണ്ടാണ്‌? ഈ ഗുണ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നതു ശ്രദ്ധിക്കൂ:

  • “സ്‌നേഹം ക്ഷമയും ദയയും ഉള്ളതാണ്‌. സ്‌നേഹം അസൂയ​പ്പെ​ടു​ന്നില്ല; വീമ്പി​ള​ക്കു​ന്നില്ല; വലിയ ആളാ​ണെന്നു ഭാവി​ക്കു​ന്നില്ല; മാന്യ​ത​യി​ല്ലാ​തെ പെരു​മാ​റു​ന്നില്ല; സ്വാർഥ​ത​യോ​ടെ തൻകാ​ര്യം നോക്കു​ന്നില്ല; പ്രകോ​പി​ത​മാ​കു​ന്നില്ല; ദ്രോ​ഹ​ങ്ങ​ളു​ടെ കണക്കു സൂക്ഷി​ക്കു​ന്നില്ല. അത്‌ അനീതി​യിൽ സന്തോ​ഷി​ക്കാ​തെ സത്യത്തിൽ സന്തോ​ഷി​ക്കു​ന്നു. അത്‌ എല്ലാം സഹിക്കു​ന്നു; . . . സ്‌നേഹം ഒരിക്ക​ലും നിലച്ചു​പോ​കില്ല.”—1 കൊരി​ന്ത്യർ 13:4-8.

  • “സ്‌നേഹം അയൽക്കാ​രനു ദോഷം ചെയ്യു​ന്നില്ല.”—റോമർ 13:10.

  • “ഏറ്റവും പ്രധാ​ന​മാ​യി, നിങ്ങൾ പരസ്‌പരം അഗാധ​മാ​യി സ്‌നേ​ഹി​ക്കണം; കാരണം പാപങ്ങൾ എത്രയു​ണ്ടെ​ങ്കി​ലും സ്‌നേഹം അതെല്ലാം മറയ്‌ക്കു​ന്നു.”—1 പത്രോസ്‌ 4:8.

നിങ്ങളെ സ്‌നേഹിക്കുന്നവരോടൊപ്പമായിരിക്കുമ്പോൾ നിങ്ങൾക്ക്‌ എന്താണു തോന്നു​ന്നത്‌? സുരക്ഷി​ത​ത്വം? ആശ്വാസം? തീർച്ച​യാ​യും. കാരണം അവർ നിങ്ങളു​ടെ നന്മ ആഗ്രഹി​ക്കു​ന്ന​തു​കൊണ്ട്‌ നിങ്ങളെ ഉപദ്ര​വി​ക്കി​ല്ലെന്നു നിങ്ങൾക്ക്‌ അറിയാം.

മറ്റുള്ള​വ​രു​ടെ പ്രയോ​ജ​ന​ത്തി​നു​വേണ്ടി ത്യാഗങ്ങൾ ചെയ്യാ​നും ജീവി​ത​രീ​തി മാറ്റാൻപോ​ലും സ്‌നേഹം ആളുകളെ പ്രേരി​പ്പി​ക്കും. നമുക്ക്‌ ഒരാളു​ടെ ഉദാഹ​രണം നോക്കാം. അദ്ദേഹത്തെ നമുക്ക്‌ ജോർജ്‌ എന്നു വിളി​ക്കാം. അദ്ദേഹ​ത്തിന്‌ ഒരു കൊച്ചു​മോ​നു​ണ്ടാ​യി. അവനോ​ടൊ​പ്പ​മാ​യി​രി​ക്കാൻ ജോർജ്‌ ഒരുപാട്‌ ആഗ്രഹി​ച്ചു. പക്ഷേ ഒരു പ്രശ്‌ന​മു​ണ്ടാ​യി​രു​ന്നു. അദ്ദേഹം വലിയ പുകവ​ലി​ക്കാ​ര​നാ​യി​രു​ന്നു. പുകവ​ലി​ച്ചു​കൊണ്ട്‌ കുട്ടി​യു​ടെ അടുത്ത്‌ നിൽക്കു​ന്നതു മരുമ​കന്‌ ഇഷ്ടമല്ലാ​യി​രു​ന്നു. ജോർജ്‌ എന്തു ചെയ്‌തു? 50 വർഷമാ​യി പുകവ​ലി​ച്ചു​കൊ​ണ്ടി​രുന്ന അദ്ദേഹം കൊച്ചു​മോ​നു​വേണ്ടി പുകവലി ഉപേക്ഷി​ച്ചു. സ്‌നേ​ഹ​ത്തി​ന്റെ ഒരു ശക്തി നോക്കണേ!

നന്മയും ദയയും സ്‌നേ​ഹ​വും പോലുള്ള നല്ല ഗുണങ്ങൾ വളർത്തിയെടുക്കാൻ ബൈബിൾ സഹായി​ക്കു​ന്നു

നമ്മൾ പഠി​ച്ചെ​ടു​ക്കേണ്ട ഗുണമാ​ണു സ്‌നേഹം. എങ്ങനെ സ്‌നേ​ഹി​ക്ക​ണ​മെന്നു മക്കളെ പഠിപ്പി​ക്കു​ന്ന​തിൽ മാതാ​പി​താ​ക്കൾക്കു വലി​യൊ​രു പങ്കുണ്ട്‌. കുട്ടി​കളെ അവർ പോറ്റി​പ്പു​ലർത്തു​ന്നു, സംരക്ഷി​ക്കു​ന്നു, അവർക്ക്‌ അസുഖ​മോ വിഷമ​മോ വരു​മ്പോൾ അവരെ സഹായി​ക്കാൻ ഓടി​യെ​ത്തു​ന്നു. നല്ല മാതാ​പി​താ​ക്കൾ കുട്ടി​ക​ളോ​ടു സംസാ​രി​ക്കാൻ സമയം കണ്ടെത്തു​ക​യും അവരെ പഠിപ്പി​ക്കു​ക​യും ചെയ്യുന്നു. കൂടാതെ അവർക്കു തിരു​ത്ത​ലു​കൾ കൊടു​ക്കു​ക​യും ചെയ്യുന്നു. ഇതിൽ ശരിയും തെറ്റും സംബന്ധിച്ച നല്ല തത്ത്വങ്ങൾ അവരെ പഠിപ്പി​ക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു. നല്ല മാതാ​പി​താ​ക്കൾ മക്കൾക്ക്‌ അനുക​രി​ക്കാൻ പറ്റിയ മികച്ച മാതൃക വെക്കു​ക​യും ചെയ്യും.

എന്നാൽ, ചില മാതാ​പി​താ​ക്കൾ അവരുടെ ഉത്തരവാ​ദി​ത്വം നിറ​വേ​റ്റു​ന്ന​തിൽ പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു എന്നതാണു സങ്കടക​ര​മായ കാര്യം. അതിന്‌ അർഥം അവരുടെ മക്കളുടെ കാര്യ​ത്തിൽ ഒരു പ്രതീ​ക്ഷ​യു​മി​ല്ലെ​ന്നാ​ണോ? ഒരിക്ക​ലു​മല്ല. ഭിന്നിച്ച കുടും​ബ​ത്തിൽ വളർന്നു​വ​ന്ന​വർപോ​ലും അത്ഭുത​പ്പെ​ടു​ത്തുന്ന മാറ്റങ്ങൾ വരുത്തി​ക്കൊണ്ട്‌ കരുത​ലു​ള്ള​വ​രും വിശ്വാ​സ​യോ​ഗ്യ​രും ആയ വ്യക്തി​ക​ളാ​യി മാറി​യി​രി​ക്കു​ന്നു. ഒരു കാലത്തും നന്നാവി​ല്ലെന്നു മറ്റുള്ളവർ വിധി​യെ​ഴു​തിയ ചിലർക്കു​പോ​ലും മാറ്റം വന്നതി​നെ​ക്കു​റിച്ച്‌ ഇനി വരുന്ന ലേഖന​ത്തിൽ കാണാം.