സമാനുഭാവം കാണിക്കുക
പ്രശ്നം
നമ്മുടെയും മറ്റുള്ളവരുടെയും വ്യത്യാസം മാത്രം ശ്രദ്ധിച്ചാൽ, ആ വ്യത്യാസങ്ങളൊക്കെ മറ്റുള്ളവരുടെ കുറവുകളായി വീക്ഷിക്കാൻ തുടങ്ങിയേക്കാം. അതു മറ്റുള്ളവരെ താഴ്ന്നവരായി കാണാൻ ഇടയാക്കും. ഈ ചിന്താരീതി നമ്മൾ തുടർന്നാൽ സമാനുഭാവം കാണിക്കാൻ, അതായത് മറ്റുള്ളവരുടെ സ്ഥാനത്തുനിന്ന് ചിന്തിക്കാൻ നമ്മൾ പരാജയപ്പെടും. ഇതു മുൻവിധിയുടെ ലക്ഷണമാണ്.
ബൈബിൾതത്ത്വം
“സന്തോഷിക്കുന്നവരുടെകൂടെ സന്തോഷിക്കുക. കരയുന്നവരുടെകൂടെ കരയുക.”—റോമർ 12:15.
വാക്യം പഠിപ്പിക്കുന്നത്: നമ്മൾ സമാനുഭാവം കാണിക്കണം. സമാനുഭാവം എന്നു പറഞ്ഞാൽ മറ്റൊരാളുടെ സ്ഥാനത്തു നമ്മളെ നിറുത്തിക്കൊണ്ട് അദ്ദേഹത്തിനു തോന്നുന്നത് എന്താണ് എന്നു ചിന്തിക്കുന്നതാണ്.
സമാനുഭാവം കാണിക്കേണ്ടത് എന്തുകൊണ്ട്?
സമാനുഭാവം ഉണ്ടെങ്കിൽ മറ്റൊരാളെ നമ്മുടെ സ്ഥാനത്തുനിന്ന് കാണാൻ നമുക്കു കഴിയും. അപ്പോൾ അവർ ചിന്തിക്കുന്ന രീതിയും അവർ പ്രതികരിക്കുന്ന വിധവും ഒക്കെ നമ്മുടേതുപോലെതന്നെയാണെന്നു നമ്മൾ തിരിച്ചറിഞ്ഞേക്കാം. അങ്ങനെയാകുമ്പോൾ ഏതു പശ്ചാത്തലത്തിലുള്ള ആളുകളെയും ഒരേപോലെ കാണാനാകും. അപ്പോൾ മറ്റുള്ളവരെ വിധിക്കാനുള്ള ചായ്വ് കുറയും.
സമാനുഭാവം ഉണ്ടെങ്കിൽ മറ്റുള്ളവരെ ബഹുമാനിക്കാൻ നമുക്ക് എളുപ്പം കഴിയും. സെനഗലിൽനിന്നുള്ള ആൻമേരി തന്റെ സമൂഹത്തിലെ താഴ്ന്നവരായ ആളുകളെ തന്റെ നാട്ടുകാർ കാണുന്നതുപോലെതന്നെ താഴ്ന്നവരായാണ് കണ്ടിരുന്നത്. എന്നാൽ സമാനുഭാവം ആൻമേരിയുടെ ചിന്താഗതിക്കു മാറ്റംവരുത്തിയത് എങ്ങനെയെന്ന് അവർതന്നെ പറയുന്നു: “ആ കൂട്ടത്തിലെ ആളുകൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും കണ്ടപ്പോൾ ‘അവരുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ എനിക്ക് എന്തു തോന്നിയേനേ’ എന്നു ഞാൻ ചിന്തിക്കാൻ തുടങ്ങി. അപ്പോൾ ഞാൻ അവരെക്കാൾ മികച്ചയാളാണെന്ന എന്റെ ചിന്ത കുറഞ്ഞു.” മറ്റുള്ളവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ ശ്രമിച്ചാൽ നമ്മൾ അവരെ വിമർശിക്കില്ല.
നിങ്ങൾക്കു ചെയ്യാനാകുന്നത്
നിങ്ങൾ താഴ്ന്നവരായി കാണുന്ന ആളുകളുമായി നിങ്ങൾക്കുള്ള വ്യത്യാസങ്ങളിലേക്കു നോക്കാതെ അവരും നിങ്ങളും തമ്മിലുള്ള സമാനതകൾകൂടെ കണ്ടെത്താൻ ശ്രമിക്കുക. ഉദാഹരണത്തിന്, പിൻവരുന്ന സാഹചര്യങ്ങളിൽ അവർക്ക് എന്തായിരിക്കും തോന്നുക:
സമാനുഭാവം എല്ലാ ആളുകളെയും ഒരു കുടുംബത്തിലെ അംഗങ്ങളായി വീക്ഷിക്കാൻ നമ്മളെ സഹായിക്കും
കുടുംബം ഒത്തൊരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ
ഒരു ദിവസത്തെ കഠിനമായ അധ്വാനത്തിനുശേഷം
കൂട്ടുകാരോടൊപ്പം സമയം ചെലവഴിക്കുമ്പോൾ
ഇഷ്ടപ്പെട്ട പാട്ട് കേൾക്കുമ്പോൾ
അവരുടെ സാഹചര്യത്തിൽ നിങ്ങളെത്തന്നെ കണ്ടിട്ട് സ്വയം ഇങ്ങനെ ചോദിക്കുക:
മറ്റുള്ളവർ എന്നെ ഒന്നിനും കൊള്ളാത്തവനായി കണ്ടാൽ എനിക്ക് എന്തു തോന്നും?
എന്നെ ശരിക്കും മനസ്സിലാക്കാൻ ശ്രമിക്കാതെ മോശമായി എന്തെങ്കിലും എന്നെക്കുറിച്ച് ധരിച്ചുവെച്ചാൽ എനിക്ക് എന്തു തോന്നും?
മറ്റുള്ളവർ മോശക്കാരായി വീക്ഷിക്കുന്ന ഒരു കൂട്ടത്തിന്റെ ഭാഗമായിരുന്നു ഞാൻ എങ്കിൽ, ആളുകൾ എന്നോട് എങ്ങനെ ഇടപെടാനാണ് ഞാൻ ആഗ്രഹിക്കുക?