സുഹൃദ്വലയം വലുതാക്കുക
പ്രശ്നം
നമുക്ക് ഇഷ്ടമില്ലാത്തവരെ നമ്മുടെ സുഹൃദ്വലയത്തിൽ ചേർക്കാതിരിക്കുമ്പോൾ നമ്മുടെ ഉള്ളിൽ മുൻവിധി വളരാൻ ഇടയായേക്കാം. സുഹൃദ്വലയത്തിൽ നമ്മളെപ്പോലുള്ളവരെ മാത്രമാണ് ഉൾപ്പെടുത്തുന്നതെങ്കിൽ നമുക്ക് ഇങ്ങനെയൊരു ചിന്താഗതി വരും,‘നമ്മൾ ചിന്തിക്കുന്നതും, നമുക്കു തോന്നുന്നതും, നമ്മൾ പ്രവർത്തിക്കുന്നതും ആയ കാര്യങ്ങൾ മാത്രമേ ശരിയുള്ളൂ’ എന്ന്.
ബൈബിൾതത്ത്വം
“ഹൃദയം വിശാലമായി തുറക്കണം.” —2 കൊരിന്ത്യർ 6:13
വാക്യം പഠിപ്പിക്കുന്നത്: “ഹൃദയം” എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് നമ്മുടെ വികാരങ്ങളെയാണ്. നമ്മളെപ്പോലുള്ളവരോടു മാത്രം കൂട്ടുകൂടാൻ ശ്രമിച്ചാൽ നമ്മൾ ഇടുങ്ങിയ ചിന്താഗതിക്കാരാകും. അത് ഒഴിവാക്കാൻ എല്ലാവരെയും കൂട്ടുകാരാക്കാൻ ശ്രമിക്കണം.
സുഹൃദ്വലയം വലുതാക്കേണ്ടത് എന്തുകൊണ്ട്?
ആളുകളെ അടുത്തറിയുമ്പോഴാണ് അവർ ഒരു പ്രത്യേക വിധത്തിൽ പ്രവർത്തിക്കുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാനാകുക. അവരെ സ്നേഹിച്ചുതുടങ്ങുമ്പോൾ അവർ വേറൊരു കൂട്ടരാണെന്നു നമ്മൾ ചിന്തിക്കില്ല. അവർ നമുക്കു കൂടുതൽ പ്രിയപ്പെട്ടവരാകും, അവരുടെ ദുഃഖവും സന്തോഷവും ഒക്കെ നമ്മുടേതും ആകും.
നസ്റേയുടെ ഉദാഹരണം നോക്കാം. നസ്റേയ്ക്കു തന്റെ നാട്ടിൽ വന്ന് താമസിക്കുന്നവരോട് ഒരു മുൻവിധിയുണ്ടായിരുന്നു. എന്നാൽ അതിനു മാറ്റം വന്നത് എങ്ങനെയെന്ന് അവർ വിശദീകരിക്കുന്നു: “ഞാൻ അവരോടൊപ്പം ജോലി ചെയ്യാനും കൂടുതൽ സമയം ചെലവഴിക്കാനും തുടങ്ങി. ആളുകൾ പറഞ്ഞുകൊണ്ടിരുന്നതിൽനിന്നും വളരെ വ്യത്യസ്തരായ ആളുകളെയാണ് ആ കൂട്ടത്തിൽ എനിക്കു കാണാൻ കഴിഞ്ഞത്. മറ്റു കൂട്ടത്തിലുള്ളവരെ സുഹൃത്തുക്കളാക്കുമ്പോഴാണ് ആളുകൾ അവരെക്കുറിച്ച് പറയുന്നതൊന്നും ശരിയല്ലെന്നു നമ്മൾ മനസ്സിലാക്കുന്നത്. അങ്ങനെ അവരെ സ്നേഹിക്കാനും ബഹുമാനിക്കാനും നമുക്കു കഴിയും.”
നിങ്ങൾക്കു ചെയ്യാനാകുന്നത്
മറ്റു രാജ്യക്കാരോടോ വംശക്കാരോടോ ഭാഷക്കാരോടോ സംസാരിക്കാനുള്ള അവസരം കണ്ടെത്തുക. നിങ്ങൾക്ക് ഇങ്ങനെ ചെയ്യാം:
-
അവരുടെ വിശേഷങ്ങൾ പറയാൻ ക്ഷണിക്കാം.
-
അവരെ ഭക്ഷണത്തിനു ക്ഷണിക്കാം.
-
അവരുടെ ജീവിതകഥ പറയുമ്പോൾ നന്നായി ശ്രദ്ധിക്കാം.
അവരുടെ ജീവിതാനുഭവങ്ങൾ മനസ്സിലാക്കിക്കഴിയുമ്പോൾ അവരും അവരുടെ കൂട്ടത്തിലുള്ളവരും ഒരു പ്രത്യേക വിധത്തിൽ പ്രവർത്തിക്കുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാനും അവരെ സ്നേഹിക്കാനും നിങ്ങൾക്കു കഴിയും.