സ്നേഹിക്കുക
പ്രശ്നം
മുൻവിധിയുടെ വേരുകൾ പിഴുതെറിയുക എന്നത് എളുപ്പത്തിൽ നടക്കുന്ന ഒരു കാര്യമല്ല. നമ്മുടെ ഉള്ളിൽ പിടിപെട്ടിരിക്കുന്ന ഒരു വൈറസ് ഇല്ലാതാക്കാൻ സമയവും ശ്രമവും ആവശ്യമായിരിക്കുന്നതുപോലെയാണു മുൻവിധിയുടെ കാര്യവും. മുൻവിധി എന്ന വൈറസിനെ നമ്മുടെ ഉള്ളിൽനിന്ന് എങ്ങനെ ഇല്ലാതാക്കാനാകും?
ബൈബിൾതത്ത്വം
“ആളുകളെ ഒറ്റക്കെട്ടായി നിറുത്താൻ കഴിവുള്ള സ്നേഹം ധരിക്കുക.” —കൊലോസ്യർ 3:14.
വാക്യം പഠിപ്പിക്കുന്നത്: മറ്റുള്ളവർക്കു ദയാപ്രവൃത്തികൾ ചെയ്യുമ്പോൾ അതു നമ്മളെ അവരുമായി അടുപ്പിക്കും. നിങ്ങൾ എത്രത്തോളം സ്നേഹം കാണിക്കുന്നുവോ അത്രത്തോളം നിങ്ങളിലുള്ള മുൻവിധി കുറഞ്ഞുവരും. അവരെക്കുറിച്ചുള്ള തെറ്റായ ചിന്താഗതികളും നിങ്ങൾക്ക് ഒഴിവാക്കാൻ കഴിയും.
നിങ്ങൾക്കു ചെയ്യാനാകുന്നത്
നിങ്ങൾ ഏതെങ്കിലും കൂട്ടത്തെ മുൻവിധിയോടെ വീക്ഷിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അവരോടു സ്നേഹം കാണിക്കാൻ എന്തൊക്കെ വഴികളുണ്ടെന്നു ചിന്തിക്കുക. അതിനു നമ്മൾ വലിയവലിയ കാര്യങ്ങൾ ചെയ്യണമെന്നില്ല. പിൻവരുന്ന കാര്യങ്ങളിൽ ചിലതു പരീക്ഷിച്ചുനോക്കാം:
മറ്റുള്ളവർക്കുവേണ്ടി ചെയ്യുന്ന നല്ല കാര്യങ്ങൾ നിങ്ങളുടെ ഉള്ളിലെ മുൻവിധി ഇല്ലാതാക്കും
വഴി ചോദിക്കുമ്പോൾ പറഞ്ഞുകൊടുക്കുന്നതോ ബസ്സിലോ മറ്റോ യാത്ര ചെയ്യുമ്പോൾ ഇരിക്കാൻ സീറ്റ് കൊടുക്കുന്നതോ പോലുള്ള നല്ല പെരുമാറ്റരീതികൾ ആ കൂട്ടത്തിലുള്ളവരോടു കാണിക്കാനാകും.
ഭാഷ നന്നായിട്ട് അറിയില്ലെങ്കിലും കൊച്ചുകൊച്ചു വർത്തമാനങ്ങളൊക്കെ അവരോടു പറയാൻ കഴിയും.
ചില കാര്യങ്ങൾ അവർ പ്രത്യേക വിധത്തിൽ ചെയ്യുന്നത് എന്തുകൊണ്ടാണെന്നു നമുക്കു മനസ്സിലായില്ലെങ്കിൽപ്പോലും അവരോടു ക്ഷമയോടെ ഇടപെടാം.
അവരുടെ പ്രശ്നങ്ങളെക്കുറിച്ച് പറയുമ്പോൾ നന്നായി ശ്രദ്ധിക്കുക.