സംതൃപ്തിയുള്ള ഒരു ജീവിതത്തിനായി. . .
വിവാഹം കഴിച്ചവരാണെങ്കിലും അല്ലെങ്കിലും, ചെറുപ്പക്കാരാണെങ്കിലും പ്രായമുള്ളവരാണെങ്കിലും സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കാനാണ് നമ്മളെല്ലാം ആഗ്രഹിക്കുന്നത്. നമ്മുടെ സ്രഷ്ടാവിന്റെയും ആഗ്രഹം അതുതന്നെയാണ്. അതുകൊണ്ട് നമ്മളെ സഹായിക്കാനുള്ള നല്ല നിർദേശങ്ങൾ ആ സ്രഷ്ടാവ് നമുക്കു തന്നിട്ടുണ്ട്.
ആത്മാർഥതയോടെ ജോലി ചെയ്യുക
ഒരാൾ “സ്വന്തകൈകൊണ്ട് അധ്വാനിച്ച് മാന്യമായ ജോലി ചെയ്ത് ജീവിക്കട്ടെ. അപ്പോൾ ദരിദ്രർക്കു കൊടുക്കാൻ അയാളുടെ കൈയിൽ എന്തെങ്കിലും ഉണ്ടാകും.”—എഫെസ്യർ 4:28.
നമ്മൾ നമ്മുടെ ജോലിയെ സ്നേഹിക്കാനാണ് സ്രഷ്ടാവ് പ്രോത്സാഹിപ്പിക്കുന്നത്. നന്നായി അധ്വാനിക്കുന്ന ഒരു വ്യക്തിക്കു സന്തോഷമുണ്ടായിരിക്കും. കാരണം അദ്ദേഹത്തിന് തന്റെ കുടുംബത്തെ നന്നായി നോക്കാനാകുമല്ലോ. അതുപോലെ സഹായം ആവശ്യമുള്ളവർക്ക് അതു നൽകാനും കഴിയും. തൊഴിലുടമയ്ക്കും അദ്ദേഹത്തോടു മതിപ്പായിരിക്കും. നല്ലൊരു ജോലിക്കാരനായതുകൊണ്ട് അദ്ദേഹത്തിനു ജോലി നഷ്ടപ്പെടാനുള്ള സാധ്യതയും കുറവാണ്. നമ്മൾ കഠിനാധ്വാനം ചെയ്യുമ്പോൾ കിട്ടുന്ന പ്രതിഫലം ‘ദൈവത്തിന്റെ ദാനമാണെന്നു’ തിരുവെഴുത്തുകളിൽ പറഞ്ഞിട്ടുണ്ട്.—സഭാപ്രസംഗകൻ 3:13.
സത്യസന്ധരായിരിക്കുക
“എല്ലാത്തിലും സത്യസന്ധരായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു; ഞങ്ങളുടേത് ഒരു ശുദ്ധമനസ്സാക്ഷിയാണ് എന്നു ഞങ്ങൾക്ക് ഉറപ്പുണ്ട്.”—എബ്രായർ 13:18.
സത്യസന്ധരായിരുന്നാൽ നമുക്കുതന്നെ ഒരു ആത്മാഭിമാനം തോന്നും. നല്ല സമാധാനം ഉണ്ടായിരിക്കും, സന്തോഷത്തോടെ കിടന്ന് ഉറങ്ങാനും പറ്റും. മറ്റുള്ളവർ നമ്മളെ വിശ്വസിക്കും. അവർക്ക് നമ്മളോടു ബഹുമാനം തോന്നും. എന്നാൽ നമ്മൾ സത്യസന്ധരല്ലെങ്കിൽ ഇതൊന്നും കാണില്ല. പോരാത്തതിന് നമ്മുടെ മനസ്സാക്ഷി നമ്മളെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. കള്ളി വെളിച്ചത്താകുമോ എന്ന പേടിയായിരിക്കും എപ്പോഴും.
പണം ആയിരിക്കരുത് ജീവിതത്തിൽ എല്ലാം
“നിങ്ങളുടെ ജീവിതം പണസ്നേഹമില്ലാത്തതായിരിക്കട്ടെ. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക.”—എബ്രായർ 13:5.
ജീവിക്കാൻ പണം വേണം. ഭക്ഷണം വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കും എല്ലാം. എന്നാൽ “പണസ്നേഹം” അപകടം ചെയ്യും. കൂടുതൽക്കൂടുതൽ പണം ഉണ്ടാക്കുന്നതിലായിരിക്കും അങ്ങനെയുള്ള ഒരാളുടെ ചിന്ത. അതിനുവേണ്ടി തന്റെ സമയവും ആരോഗ്യവും എല്ലാം അയാൾ കൊടുക്കും. പണത്തിനുവേണ്ടിയുള്ള നെട്ടോട്ടത്തിൽ കുടുംബജീവിതം താറുമാറാകും, മക്കളോടൊപ്പം ഇരിക്കാൻ സമയം കിട്ടിയെന്നുവരില്ല. സ്വന്തം ആരോഗ്യവും നഷ്ടപ്പെടും. (1 തിമൊഥെയൊസ് 6:9, 10) എന്തിനധികം, പണസ്നേഹം കാരണം ഒരാൾ സത്യസന്ധതപോലും കളഞ്ഞുകുളിച്ചേക്കാം. ജ്ഞാനിയായ ഒരു വ്യക്തി പറഞ്ഞത് ഇങ്ങനെയാണ്: “വിശ്വസ്തനായ മനുഷ്യന് ഒരുപാട് അനുഗ്രഹങ്ങൾ കിട്ടും; എന്നാൽ സമ്പന്നനാകാൻ തിടുക്കം കൂട്ടുന്നവന്റെ നിഷ്കളങ്കത പൊയ്പോകും.”—സുഭാഷിതങ്ങൾ 28:20.
ഏറ്റവും നല്ല വിദ്യാഭ്യാസം തിരഞ്ഞെടുക്കുക
“ജ്ഞാനവും ചിന്താശേഷിയും കാത്തുസൂക്ഷിക്കുക.”—സുഭാഷിതങ്ങൾ 3:21.
നല്ല വിദ്യാഭ്യാസം ഒരു വ്യക്തിയെ ഉത്തരവാദിത്വത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കും. അങ്ങനെയുള്ള ഒരാൾ നല്ലൊരു മാതാവോ പിതാവോ ആയിത്തീരും. എന്നാൽ ആ വിദ്യാഭ്യാസംകൊണ്ടു മാത്രം എന്നേക്കുമുള്ള സന്തോഷവും സുരക്ഷിതത്വവും കിട്ടുമെന്നു പറയാനാകില്ല. നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും വിജയിക്കണമെങ്കിൽ ദൈവത്തിൽനിന്നുള്ള വിദ്യാഭ്യാസം നമുക്ക് ആവശ്യമാണ്. ദൈവത്തിൽനിന്ന് കേട്ടുപഠിക്കുന്ന ഒരു വ്യക്തിയെക്കുറിച്ച് തിരുവെഴുത്തുകൾ പറയുന്നു: “അവൻ ചെയ്യുന്നതെല്ലാം സഫലമാകും.”—സങ്കീർത്തനം 1:1-3.