കുഴഞ്ഞുമറിഞ്ഞ ഈ ലോകത്ത്
1 | നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക
എന്തുകൊണ്ട് പ്രധാനം
ഒരു ദുരന്തമോ പ്രതിസന്ധിയോ ഉണ്ടാകുമ്പോൾ അത് ആളുകളുടെ ആരോഗ്യത്തെ നേരിട്ടോ അല്ലാതെയോ ബാധിക്കാൻ ഇടയുണ്ട്.
-
പ്രശ്നങ്ങൾ ആളുകളെ മാനസികസമ്മർദത്തിലാക്കും. അതു കുറെ നാളത്തേക്കു നീണ്ടുനിന്നാൽ രോഗം വരാനുള്ള സാധ്യതയും കൂടും.
-
ദുരന്തങ്ങളുണ്ടാകുമ്പോൾ എല്ലാവർക്കും നല്ല ചികിത്സ കൊടുക്കാൻ ആശുപത്രികൾക്കു കഴിയാതെവന്നേക്കാം.
-
പ്രതിസന്ധികളുടെ സമയത്ത് നല്ല ഭക്ഷണവും മരുന്നും ഒക്കെ മേടിക്കാനുള്ള പണം തികയാതെ വന്നേക്കാം.
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
-
ഗുരുതരമായ രോഗമോ മാനസികസമ്മർദമോ ഉണ്ടായാൽ നേരാംവണ്ണം ചിന്തിക്കാൻ നമുക്കു കഴിയാതെപോയേക്കാം. അപ്പോൾ ആരോഗ്യത്തിനു വേണ്ട ചില കാര്യങ്ങൾ നമ്മൾ അവഗണിക്കാൻ സാധ്യതയുണ്ട്. അതു നമ്മളെ കൂടുതൽ രോഗികളാക്കും.
-
വേണ്ട ശ്രദ്ധയും ചികിത്സയും കൊടുത്തില്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ വഷളാകും, നമ്മുടെ ജീവനുപോലും അപകടം സംഭവിച്ചേക്കാം.
-
പ്രശ്നങ്ങളിൽ മുങ്ങിത്താഴുമ്പോൾ, ചിന്തിച്ച് കാര്യങ്ങൾ ചെയ്യണമെങ്കിൽ നല്ല ആരോഗ്യം വേണം.
-
നമ്മുടെ കൈയിൽ അത്ര പണമൊന്നുമില്ലെങ്കിലും ആരോഗ്യം സംരക്ഷിക്കാൻ നമുക്കു ചില കാര്യങ്ങൾ ചെയ്യാം.
നിങ്ങൾക്ക് ഇപ്പോൾ ചെയ്യാനാകുന്നത്
വിവേകമുള്ള ഒരു വ്യക്തി സാധിക്കുമ്പോഴൊക്കെ അപകടസാധ്യതകൾ മുൻകൂട്ടിക്കാണും, അതു തടയാൻ വേണ്ടതു ചെയ്യും. ആരോഗ്യത്തിന്റെ കാര്യത്തിലും ഇതു ശരിയാണ്. നല്ല ശുചിത്വശീലങ്ങൾ ഒരു പരിധിവരെ രോഗങ്ങൾ വരുന്നതു തടയും. ഇനി രോഗമുണ്ടെങ്കിൽ അത് തീവ്രമാകാതിരിക്കാനും സഹായിക്കും. പ്രതിരോധമാണല്ലോ ചികിത്സയെക്കാൾ ഉത്തമം.
“നമ്മുടെ ശരീരവും വീടും പരിസരവും ഒക്കെ വൃത്തിയായി സൂക്ഷിക്കുന്നെങ്കിൽ, ഡോക്ടർക്കും മരുന്നിനും കൊടുക്കുന്ന പൈസ നമുക്കു ലാഭിക്കാം.”—ആൻഡ്രിയാസ്. a
a ഈ മാസികയിലെ ചില പേരുകൾ യഥാർഥമല്ല.