കുഴഞ്ഞുമറിഞ്ഞ ഈ ലോകത്ത്
2 | നിങ്ങളുടെ വരുമാനസ്രോതസ്സ് സംരക്ഷിക്കുക
എന്തുകൊണ്ട് പ്രധാനം
ഓരോ ദിവസവും കഴിഞ്ഞുകൂടാൻ കഷ്ടപ്പെടുന്നവരാണ് മിക്കവരും. അതിന്റെകൂടെ ഈ പ്രതിസന്ധികളുംകൂടെയാകുമ്പോൾ പറയുകയേ വേണ്ടാ. എന്തുകൊണ്ട്?
-
ദുരന്തങ്ങളും പകർച്ചവ്യാധികളും ഉണ്ടാകുമ്പോൾ ഭക്ഷണത്തിനും താമസത്തിനും ഉള്ള ചെലവ് കുതിച്ചുകയറും.
-
പ്രതിസന്ധികളുടെ സമയത്ത് ശമ്പളം കുറയുകയോ ജോലി നഷ്ടപ്പെടുകയോ ചെയ്തേക്കാം.
-
ദുരന്തങ്ങളുണ്ടാകുമ്പോൾ ബിസിനെസ്സ് സ്ഥാപനങ്ങളും വീടുകളും മറ്റ് സ്വത്തുക്കളും ഒക്കെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതു പലരെയും ദാരിദ്ര്യത്തിലാക്കും.
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
-
ഇപ്പോൾ പണം നന്നായി കൈകാര്യം ചെയ്താൽ, ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ മുന്നോട്ടുപോകാൻ എളുപ്പമായിരിക്കും.
-
സാമ്പത്തികഭദ്രത എപ്പോഴും സ്ഥിരമല്ലെന്ന് ഓർക്കുക. നിങ്ങളുടെ വരുമാനത്തിന്റെയും നിക്ഷേപങ്ങളുടെയും മറ്റ് ആസ്തികളുടെയും മൂല്യം എപ്പോൾ വേണമെങ്കിലും കുറഞ്ഞേക്കാം.
-
നിങ്ങളുടെ സന്തോഷവും കുടുംബത്തിന്റെ ഐക്യവും പോലെ പണംകൊണ്ട് വാങ്ങാൻ കഴിയാത്ത പലതുമുണ്ട്.
നിങ്ങൾക്ക് ഇപ്പോൾ ചെയ്യാനാകുന്നത്
ബൈബിൾ പറയുന്നത്: “ഉണ്ണാനും ഉടുക്കാനും ഉണ്ടെങ്കിൽ നമുക്കു തൃപ്തരായിരിക്കാം.” —1 തിമൊഥെയൊസ് 6:8.
നമ്മുടെ ആഗ്രഹങ്ങൾക്കു പരിധിവെക്കുന്നതും ദൈനംദിന ആവശ്യങ്ങൾ നടക്കുന്നുണ്ടെങ്കിൽ അതിൽ സന്തോഷിക്കുന്നതും ആണ് തൃപ്തരാകുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രത്യേകിച്ചും സാമ്പത്തികബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ ഈ ഗുണം നമ്മളെ വളരെയധികം സഹായിക്കും.
നിങ്ങളുടെ ജീവിതരീതിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടിവന്നേക്കാം. വരവിന് അപ്പുറമാണ് ചെലവെങ്കിൽ സാമ്പത്തികസ്ഥിതി കൂടുതൽ മോശമാകുകയേ ഉള്ളൂ.