വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 8

അസൂയ​യോ​ടു പോരാ​ടുക, സമാധാ​നം ഉണ്ടാക്കുക

അസൂയ​യോ​ടു പോരാ​ടുക, സമാധാ​നം ഉണ്ടാക്കുക

“സമാധാ​നം ഉണ്ടാക്കാ​നും അന്യോ​ന്യം ബലപ്പെ​ടു​ത്താ​നും വേണ്ടി നമ്മളാ​ലാ​കു​ന്ന​തെ​ല്ലാം നമുക്കു ചെയ്യാം.”—റോമ. 14:19.

ഗീതം 113 സമാധാനമെന്ന നമ്മുടെ അവകാശം

പൂർവാവലോകനം *

1. അസൂയ യോ​സേ​ഫി​ന്റെ കുടും​ബ​ത്തിന്‌ എന്തു ദോഷ​മാ​ണു ചെയ്‌തത്‌?

യാക്കോ​ബി​നു തന്റെ എല്ലാ മക്കളെ​യും ഇഷ്ടമാ​യി​രു​ന്നു. എന്നാൽ 17 വയസ്സു​കാ​ര​നായ യോ​സേ​ഫി​നോ​ടു യാക്കോ​ബിന്‌ ഒരു പ്രത്യേക വാത്സല്യ​മു​ണ്ടാ​യി​രു​ന്നു. യോ​സേ​ഫി​ന്റെ ചേട്ടന്മാർക്ക്‌ ഇതു സഹിച്ചില്ല. അവർക്ക്‌ അവനോട്‌ അസൂയ തോന്നി, അവർ അവനെ വെറുത്തു. സത്യത്തിൽ, ചേട്ടന്മാർക്കു വെറുപ്പു തോന്നാൻമാ​ത്രം യോ​സേഫ്‌ അവരോട്‌ ഒന്നും ചെയ്‌തി​രു​ന്നില്ല. എന്നിട്ടും അവർ യോ​സേ​ഫി​നെ ഒരു അടിമ​യാ​യി വിറ്റു. ഇഷ്ടപു​ത്രനെ ഒരു കാട്ടു​മൃ​ഗം കൊന്നു​ക​ള​ഞ്ഞെന്ന്‌ യാക്കോ​ബി​നോ​ടു നുണ പറയു​ക​യും ചെയ്‌തു. അങ്ങനെ അസൂയ മൂത്ത അവർ ആ കുടും​ബ​ത്തി​ന്റെ സമാധാ​നം താറു​മാ​റാ​ക്കി, അപ്പനെ കണ്ണീരി​ലാ​ഴ്‌ത്തി.—ഉൽപ. 37:3, 4, 27-34.

2. ഗലാത്യർ 5:19-21 അനുസ​രിച്ച്‌ അസൂയ എന്ത്‌ അപകടം വരുത്തി​യേ​ക്കാം?

2 ദൈവ​രാ​ജ്യ​ത്തിൽ കടക്കു​ന്ന​തിന്‌ ഒരാൾക്കു തടസ്സമാ​യി​നിൽക്കുന്ന ‘ജഡത്തിന്റെ പ്രവൃ​ത്തി​ക​ളെ​ക്കു​റിച്ച്‌’ തിരു​വെ​ഴു​ത്തു​കൾ പറയു​ന്നുണ്ട്‌. വളരെ​യ​ധി​കം ദോഷം ചെയ്യുന്ന ആ പ്രവൃ​ത്തി​ക​ളു​ടെ കൂട്ടത്തി​ലാണ്‌ അസൂയയെ ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. * (ഗലാത്യർ 5:19-21 വായി​ക്കുക.) പലപ്പോ​ഴും അസൂയ​യിൽനി​ന്നാ​ണു ശത്രുത, വഴക്ക്‌, ക്രോധം തുടങ്ങിയ വിഷക്കാ​യ്‌കൾ ഉണ്ടാകു​ന്നത്‌.

3. ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

3 യോ​സേ​ഫി​ന്റെ ചേട്ടന്മാ​രെ​ക്കു​റി​ച്ചുള്ള വിവരണം അസൂയ ഒരു കുടും​ബ​ത്തിൽ എത്ര​ത്തോ​ളം പ്രശ്‌ന​ങ്ങ​ളു​ണ്ടാ​ക്കു​മെന്നു കാണി​ച്ചു​ത​രു​ന്നു. സ്‌നേഹബന്ധങ്ങൾക്ക്‌ ഉലച്ചിൽ തട്ടാനും സമാധാ​നം നഷ്ടമാ​കാ​നും അതു കാരണ​മാ​യി. യോ​സേ​ഫി​ന്റെ ചേട്ടന്മാർ ചെയ്‌ത​തു​പോ​ലെ​യൊ​ന്നും നമ്മൾ ഒരിക്ക​ലും ചെയ്യി​ല്ലെ​ങ്കി​ലും നമ്മുടെ ഹൃദയം കുറവു​ക​ളു​ള്ള​തും വഞ്ചകവും ആണെന്ന്‌ ഓർക്കണം. (യിരെ. 17:9) അതു​കൊണ്ട്‌ നമ്മുടെ ഉള്ളിൽ ചില​പ്പോ​ഴൊ​ക്കെ അസൂയ എന്ന മോശ​മായ ഗുണം വളർന്നു​വ​ന്നേ​ക്കാം. ബൈബിൾക്കാ​ല​ങ്ങ​ളിൽ മറ്റുള്ള​വ​രോട്‌ അസൂയ തോന്നിയ ചിലരു​ടെ ദൃഷ്ടാ​ന്തങ്ങൾ നമുക്കു നോക്കാം. അതിൽനിന്ന്‌, അസൂയ വളരാൻ ഇടയാ​ക്കി​യേ​ക്കാ​വുന്ന ചില കാരണങ്ങൾ നമ്മൾ മനസ്സി​ലാ​ക്കും. അതു കഴിഞ്ഞ്‌, അസൂയ​യ്‌ക്കെ​തി​രെ പോരാ​ടാ​നും സമാധാ​നം ഉണ്ടാക്കാ​നും നമ്മളെ സഹായി​ക്കുന്ന ചില കാര്യ​ങ്ങ​ളും പഠിക്കും.

അസൂയ​യു​ടെ കാരണങ്ങൾ

4. എന്തു​കൊ​ണ്ടാ​ണു ഫെലി​സ്‌ത്യർക്കു യിസ്‌ഹാ​ക്കി​നോട്‌ അസൂയ തോന്നി​യത്‌?

4 ഒരാളു​ടെ സമ്പത്ത്‌. യിസ്‌ഹാക്ക്‌ വലിയ പണക്കാ​ര​നാ​യി​രു​ന്നു. അതു​കൊണ്ട്‌ ഫെലി​സ്‌ത്യർക്കു യിസ്‌ഹാ​ക്കി​നോട്‌ അസൂയ തോന്നി. (ഉൽപ. 26:12-14) യിസ്‌ഹാ​ക്കി​ന്റെ ആടുമാ​ടു​കൾക്കു വെള്ളം കൊടു​ത്തി​രുന്ന കിണറു​കൾ അവർ മണ്ണിട്ട്‌ മൂടു​ക​പോ​ലും ചെയ്‌തു. (ഉൽപ. 26:15, 16, 27) ഫെലി​സ്‌ത്യ​രെ​പ്പോ​ലെ ഇക്കാല​ത്തും ചിലയാ​ളു​കൾക്കു തങ്ങളെ​ക്കാൾ പണവും വസ്‌തു​വ​ക​ക​ളും ഉള്ളവ​രോട്‌ അസൂയ​യുണ്ട്‌. അവർക്കു​ള്ളതു തങ്ങൾക്കു വേണ​മെന്നു മാത്രമല്ല, അവർക്കു​ള്ളതു നഷ്ടപ്പെ​ട്ടു​കാ​ണാ​നും അത്തരം ആളുകൾ ആഗ്രഹി​ക്കു​ന്നു.

5. മതനേ​താ​ക്ക​ന്മാർക്കു യേശു​വി​നോട്‌ അസൂയ തോന്നി​യത്‌ എന്തു​കൊണ്ട്‌?

5 ആളുകൾക്ക്‌ ഒരാ​ളോ​ടുള്ള താത്‌പ​ര്യം കാണു​മ്പോൾ. സാധാ​ര​ണ​ക്കാ​രായ ആളുകൾക്കു യേശു​വി​നെ വലിയ ഇഷ്ടമാ​യി​രു​ന്നു. അതു കണ്ട ജൂതമ​ത​നേ​താ​ക്ക​ന്മാർക്കു യേശു​വി​നോട്‌ അസൂയ തോന്നി. (മത്താ. 7:28, 29) യേശു​വി​നെ ദൈവം അയച്ചതാ​യി​രു​ന്നു. യേശു സത്യമാ​ണു പഠിപ്പി​ച്ച​തും. എന്നിട്ടും യേശു​വി​ന്റെ സത്‌പേര്‌ നശിപ്പി​ക്കാൻ ഈ മതനേ​താ​ക്ക​ന്മാർ ഹീനമായ നുണകൾ പറഞ്ഞു​പ​രത്തി. (മർക്കോ. 15:10; യോഹ. 11:47, 48; 12:12, 13, 19) ഈ വിവര​ണ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? ചില നല്ല ഗുണങ്ങ​ളുള്ള സഹോ​ദ​ര​ങ്ങളെ സഭയിൽ എല്ലാവർക്കും​തന്നെ ഇഷ്ടമാ​യി​രി​ക്കും. അവരോ​ടു നമുക്ക്‌ ഒരിക്ക​ലും അസൂയ തോന്ന​രുത്‌. പകരം അവരുടെ നല്ല ഗുണങ്ങൾ അനുക​രി​ക്കു​ക​യാ​ണു നമ്മൾ ചെയ്യേ​ണ്ടത്‌.—1 കൊരി. 11:1; 3 യോഹ. 11.

6. ദിയൊ​ത്രെ​ഫേസ്‌ എങ്ങനെ​യാണ്‌ അസൂയ കാണി​ച്ചത്‌?

6 ഒരാൾക്കു സഭയിൽ നിയമ​നങ്ങൾ കിട്ടു​മ്പോൾ. ഒന്നാം നൂറ്റാ​ണ്ടിൽ ക്രിസ്‌തീ​യ​സ​ഭ​യിൽ നേതൃ​ത്വ​മെ​ടു​ത്തി​രുന്ന സഹോ​ദ​ര​ന്മാ​രോ​ടു ദിയൊ​ത്രെ​ഫേസ്‌ അസൂയ​പ്പെട്ടു. ദിയൊ​ത്രെ​ഫേസ്‌ സഭയിൽ “ഒന്നാമ​നാ​കാൻ” ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ യോഹ​ന്നാൻ അപ്പോ​സ്‌ത​ല​ന്റെ​യും ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ത്തുള്ള മറ്റു സഹോ​ദ​ര​ന്മാ​രു​ടെ​യും പേര്‌ ഇടിച്ചു​ക​ള​യാൻ അവരെ​ക്കു​റിച്ച്‌ ദ്രോ​ഹ​ബു​ദ്ധി​യോ​ടെ മോശ​മായ കാര്യങ്ങൾ പറഞ്ഞു​പ​രത്തി. (3 യോഹ. 9, 10) ദിയൊ​ത്രെ​ഫേ​സി​നെ​പ്പോ​ലെ നമ്മൾ ഒരിക്ക​ലും പ്രവർത്തി​ക്കില്ല. പക്ഷേ നമ്മൾ ആഗ്രഹിച്ച ഒരു നിയമനം മറ്റൊരു സഹോ​ദ​രനു കിട്ടു​മ്പോൾ നമുക്ക്‌ അസൂയ തോന്നി​യേ​ക്കാം, ആ സഹോ​ദ​ര​നുള്ള അത്രയും യോഗ്യത നമുക്കു​മുണ്ട്‌ എന്നു തോന്നി​യാൽ പ്രത്യേ​കി​ച്ചും.

നമ്മുടെ ഹൃദയം മണ്ണു​പോ​ലെ​യാണ്‌. നല്ല ഗുണങ്ങൾ മനോ​ഹ​ര​മായ പുഷ്‌പ​ങ്ങൾപോ​ലെ​യും. പക്ഷേ അസൂയ വിഷ​ച്ചെ​ടി​പോ​ലെ​യാണ്‌. സ്‌നേഹവും അനുക​മ്പ​യും ദയയും പോലുള്ള നല്ല ഗുണങ്ങൾ വളർത്തുന്നതിന്‌ അസൂയ തടസ്സമാ​കും (7-ാം ഖണ്ഡിക കാണുക)

7. അസൂയ നമുക്ക്‌ എന്തു ദോഷം ചെയ്യും?

7 അസൂയ ഒരു വിഷ​ച്ചെ​ടി​പോ​ലെ​യാണ്‌. അതു നമ്മുടെ ഉള്ളിൽ വേരു പിടി​ച്ചു​പോ​യാൽ, പിന്നെ അതു നശിപ്പി​ച്ചു​ക​ള​യാൻ ബുദ്ധി​മു​ട്ടാ​യി​രി​ക്കും. അഹങ്കാ​ര​വും സ്വാർഥ​ത​യും ഒക്കെയുള്ള ഹൃദയം അസൂയ​യ്‌ക്കു വളരാൻ പറ്റിയ മണ്ണാണ്‌. മനോ​ഹ​ര​മായ ഒരു പൂച്ചെ​ടി​യെ വളരാൻ സമ്മതി​ക്കാത്ത ചില കളകൾപോ​ലെ, സ്‌നേ​ഹ​വും അനുക​മ്പ​യും ദയയും പോലുള്ള നല്ല ഗുണങ്ങൾ വളർത്തു​ന്ന​തിന്‌ അസൂയ തടസ്സമാ​കും. നമ്മുടെ ഉള്ളിൽ അസൂയ മുളച്ചു​വ​രു​ന്ന​താ​യി കണ്ടാൽ പെട്ടെ​ന്നു​തന്നെ നമ്മൾ അതു പിഴു​തു​ക​ള​യണം. നമുക്ക്‌ എങ്ങനെ അസൂയ​യ്‌ക്ക്‌ എതിരെ പോരാ​ടാം?

താഴ്‌മ വളർത്തി​യെ​ടു​ക്കുക, തൃപ്‌ത​രാ​യി​രി​ക്കാൻ പഠിക്കുക

വിഷച്ചെടിപോലെയുള്ള അസൂയയ്‌ക്കെതിരെ നമുക്ക്‌ എങ്ങനെ പോരാ​ടാം? പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായ​ത്തോ​ടെ, അസൂയ പിഴു​തു​ക​ള​യാ​നും അതിന്റെ സ്ഥാനത്ത്‌ താഴ്‌മ​യും തൃപ്‌തി​പ്പെ​ടുന്ന മനോ​ഭാ​വ​വും വളർത്താ​നും നമുക്കു കഴിയും (8-9 ഖണ്ഡികകൾ കാണുക)

8. അസൂയ​യോ​ടു പോരാ​ടാൻ ഏതു ഗുണങ്ങൾ നമ്മളെ സഹായി​ക്കും?

8 താഴ്‌മ​യും ഉള്ളതിൽ തൃപ്‌തി​പ്പെ​ടുന്ന ഒരു മനോ​ഭാ​വ​വും ഉണ്ടെങ്കിൽ അസൂയ​യോ​ടു നമുക്കു പോരാ​ടാം. നമ്മുടെ ഹൃദയ​ത്തിൽ ഈ ഗുണങ്ങൾ നിറഞ്ഞി​രി​ക്കു​ന്നെ​ങ്കിൽ, അസൂയ​യ്‌ക്കു വളരാൻ പിന്നെ സ്ഥലമു​ണ്ടാ​കില്ല. താഴ്‌മ​യുള്ള ഒരു വ്യക്തി താൻ വലിയ ആളാ​ണെന്നു ചിന്തി​ക്കില്ല. മറ്റുള്ള​വ​രെ​ക്കാ​ളെ​ല്ലാം യോഗ്യ​നാ​ണു താൻ എന്നും അദ്ദേഹം കരുതില്ല. (ഗലാ. 6:3, 4) തൃപ്‌ത​നാ​യി​രി​ക്കാൻ പഠിച്ച ഒരാൾ, തനിക്ക്‌ ഉള്ളതിൽ സന്തോ​ഷി​ക്കും, തന്നെ മറ്റുള്ള​വ​രു​മാ​യി താരത​മ്യ​പ്പെ​ടു​ത്തില്ല. (1 തിമൊ. 6:7, 8) ഉള്ളതു​കൊണ്ട്‌ തൃപ്‌തി​പ്പെ​ടുന്ന, താഴ്‌മ​യുള്ള ഒരു വ്യക്തി മറ്റുള്ള​വർക്കു ലഭിക്കുന്ന നേട്ടങ്ങ​ളിൽ സന്തോ​ഷി​ക്കും.

9. ഗലാത്യർ 5:16-ഉം ഫിലി​പ്പി​യർ 2:3, 4-ഉം അനുസ​രിച്ച്‌ പരിശു​ദ്ധാ​ത്മാവ്‌ നമ്മളെ എന്തു ചെയ്യാൻ സഹായി​ക്കും?

9 ‘ജഡത്തിന്റെ ഒരു പ്രവൃ​ത്തി​യായ’ അസൂയ നമ്മുടെ ഉള്ളിൽനിന്ന്‌ നീക്കാ​നും ആ സ്ഥാനത്ത്‌ താഴ്‌മ​യും ഉള്ളതിൽ തൃപ്‌തി​പ്പെ​ടുന്ന ഒരു മനോ​ഭാ​വ​വും വളർത്തി​യെ​ടു​ക്കാ​നും പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായം നമുക്ക്‌ ആവശ്യ​മാണ്‌. (ഗലാത്യർ 5:16; ഫിലി​പ്പി​യർ 2:3, 4 വായി​ക്കുക.) നമ്മുടെ ഉള്ളിന്റെ ഉള്ളിലെ ചിന്തക​ളും ലക്ഷ്യങ്ങ​ളും പരി​ശോ​ധി​ച്ചു​നോ​ക്കാൻ യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാ​വി​നു നമ്മളെ സഹായി​ക്കാൻ കഴിയും. ദൈവ​ത്തി​ന്റെ സഹായം​കൊണ്ട്‌ നമുക്കു മോശ​മായ ചിന്തക​ളു​ടെ സ്ഥാനത്ത്‌ നല്ല ചിന്തകൾ നിറയ്‌ക്കാം. (സങ്കീ. 26:2; 51:10) ഇനി, അസൂയ വളരാൻ സമ്മതി​ക്കാ​തി​രുന്ന മോശ​യു​ടെ​യും പൗലോ​സി​ന്റെ​യും മാതൃക നമുക്കു നോക്കാം.

ചെറുപ്പക്കാരനായ ഒരു ഇസ്രാ​യേ​ല്യൻ മോശ​യു​ടെ​യും യോശു​വ​യു​ടെ​യും അടു​ത്തേക്ക്‌ ഓടി​ച്ചെന്ന്‌ രണ്ടു പുരുഷന്മാർ പാളയ​ത്തിൽ പ്രവാചകന്മാരെപ്പോലെ പ്രവർത്തിക്കുന്നെന്ന്‌ അറിയി​ക്കു​ന്നു. അവരെ തടയാൻ യോശുവ മോശ​യോ​ടു പറയുന്നു. പക്ഷേ മോശ അങ്ങനെ ചെയ്‌തില്ല. പകരം, യഹോവ അവർക്കു യഹോ​വ​യു​ടെ ആത്മാവി​നെ കൊടു​ത്ത​തിൽ താൻ സന്തോ​ഷി​ക്കു​ന്നു എന്നു മോശ പറയുന്നു (10-ാം ഖണ്ഡിക കാണുക)

10. മോശ​യ്‌ക്ക്‌ അസൂയ തോന്നാ​മാ​യി​രുന്ന സാഹച​ര്യം ഏതായി​രു​ന്നു? (പുറം​താ​ളി​ലെ ചിത്രം കാണുക.)

10 മോശ​യ്‌ക്കു ദൈവ​ജ​ന​ത്തി​നു​മേൽ വലിയ അധികാ​ര​മു​ണ്ടാ​യി​രു​ന്നു. എന്നാൽ ആ അധികാ​രം മറ്റാർക്കും കിട്ടരു​തെന്നു മോശ ചിന്തി​ച്ചില്ല. ഉദാഹ​ര​ണ​ത്തിന്‌, ഒരു പ്രാവ​ശ്യം യഹോവ മോശ​യു​ടെ മേലു​ണ്ടാ​യി​രുന്ന ദൈവാ​ത്മാ​വിൽ കുറച്ച്‌ എടുത്ത്‌ സാന്നി​ധ്യ​കൂ​ടാ​ര​ത്തിന്‌ അടുത്ത്‌ നിന്ന ചില ഇസ്രാ​യേ​ല്യ​മൂ​പ്പ​ന്മാ​രു​ടെ മേൽ പകർന്നു. കുറച്ച്‌ കഴിഞ്ഞ​പ്പോൾ, സാന്നി​ധ്യ​കൂ​ടാ​ര​ത്തിന്‌ അടുത്ത്‌ പോകാ​തി​രുന്ന രണ്ടു മൂപ്പന്മാർക്കും പരിശു​ദ്ധാ​ത്മാവ്‌ കിട്ടി​യെ​ന്നും അവരും പ്രവാ​ച​ക​ന്മാ​രെ​പ്പോ​ലെ പെരു​മാ​റാൻ തുടങ്ങി​യെ​ന്നും മോശ കേട്ടു. ആ രണ്ടു മൂപ്പന്മാ​രെ തടയണ​മെന്നു യോശുവ പറഞ്ഞ​പ്പോൾ മോശ എന്താണു പറഞ്ഞത്‌? അവർക്കും യഹോ​വ​യു​ടെ ശ്രദ്ധയും പരിഗ​ണ​ന​യും കിട്ടു​ന്നതു കണ്ടപ്പോൾ മോശ​യ്‌ക്ക്‌ അസൂയ തോന്നി​യോ? ഇല്ല. മോശ​യ്‌ക്കു താഴ്‌മ​യു​ണ്ടാ​യി​രു​ന്നു, ആ മൂപ്പന്മാർക്ക്‌ ഒരു പ്രത്യേ​ക​നി​യ​മനം കിട്ടി​യ​പ്പോൾ അവരോ​ടൊ​പ്പം മോശ​യും സന്തോ​ഷി​ച്ചു. (സംഖ്യ 11:24-29) മോശ​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

മൂപ്പന്മാർക്കു മോശ​യു​ടെ താഴ്‌മ എങ്ങനെ അനുക​രി​ക്കാം? (11-12 ഖണ്ഡികകൾ കാണുക) *

11. മൂപ്പന്മാർക്ക്‌ എങ്ങനെ മോശയെ അനുക​രി​ക്കാം?

11 നിങ്ങൾ ഒരു മൂപ്പനാ​ണോ? നിങ്ങൾക്കു ശരിക്കും ഇഷ്ടമുള്ള ഒരു നിയമനം കൈകാ​ര്യം ചെയ്യു​ന്ന​തി​നു മറ്റൊ​രാ​ളെ പരിശീ​ലി​പ്പി​ക്കാൻ നിങ്ങ​ളോ​ടു പറഞ്ഞി​ട്ടു​ണ്ടോ? ഉദാഹ​ര​ണ​ത്തിന്‌, സഭയിൽ വീക്ഷാ​ഗോ​പു​ര​പ​ഠനം നടത്തു​ന്നതു നിങ്ങളാ​ണെന്നു വിചാ​രി​ക്കുക, നിങ്ങൾക്ക്‌ അത്‌ ഇഷ്ടമാണ്‌. എന്നാൽ ഈ നിയമനം നടത്തു​ന്ന​തി​നു മറ്റൊരു സഹോ​ദ​രനെ പരിശീ​ലി​പ്പി​ക്കാൻ നിങ്ങ​ളോട്‌ ആവശ്യ​പ്പെ​ടു​ന്നു. കുറച്ച്‌ കാലം കഴിഞ്ഞ്‌ ആ നിയമനം അദ്ദേഹത്തെ ഏൽപ്പി​ക്കാ​നാണ്‌ ഇത്‌. ഇപ്പോൾ നിങ്ങൾക്ക്‌ എന്തു തോന്നും? മോശ​യെ​പ്പോ​ലെ താഴ്‌മ​യു​ണ്ടെ​ങ്കിൽ, നിങ്ങളു​ടെ പ്രാധാ​ന്യം കുറഞ്ഞു​പോ​കു​മെന്നു നിങ്ങൾ ചിന്തി​ക്കില്ല. പകരം, സന്തോ​ഷ​ത്തോ​ടെ ആ സഹോ​ദ​രനെ സഹായി​ക്കും.

12. ഇക്കാലത്ത്‌ പല സഹോദരങ്ങളും എങ്ങനെ​യാ​ണു താഴ്‌മ കാണി​ക്കു​ക​യും കിട്ടുന്ന നിയമ​ന​ങ്ങ​ളിൽ സന്തോ​ഷി​ക്കു​ക​യും ചെയ്യു​ന്നത്‌?

12 പ്രായ​മുള്ള ചില സഹോ​ദ​ര​ന്മാർ നേരി​ടുന്ന മറ്റൊരു സാഹച​ര്യം ചിന്തി​ക്കാം. വർഷങ്ങ​ളാ​യി മൂപ്പന്മാ​രു​ടെ സംഘത്തി​ന്റെ ഏകോ​പ​ക​രാ​യി സേവി​ക്കുന്ന അവർ 80 വയസ്സാ​കു​മ്പോൾ ആ നിയമനം മനസ്സോ​ടെ കൈമാ​റു​ന്നു. സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർ 70 വയസ്സാ​കു​മ്പോൾ താഴ്‌മ​യോ​ടെ ആ സേവന​പ​ദവി വിട്ടിട്ട്‌, ഒരു മടിയും​കൂ​ടാ​തെ മറ്റു നിയമ​നങ്ങൾ സ്വീക​രി​ക്കു​ന്നു. ഈ അടുത്ത കാലത്ത്‌, പല രാജ്യ​ങ്ങ​ളി​ലും ബഥേലിൽ സേവി​ച്ചി​രുന്ന ചില സഹോ​ദ​ര​ങ്ങളെ വയലി​ലേക്കു നിയമി​ച്ചു. തങ്ങൾ മുമ്പ്‌ ചെയ്‌തി​രുന്ന നിയമ​നങ്ങൾ ഇപ്പോൾ ചെയ്യു​ന്ന​വ​രോ​ടു വിശ്വ​സ്‌ത​രായ ഈ സഹോ​ദ​ര​ങ്ങൾക്ക്‌ ഒരു നീരസ​വും ഇല്ല.

13. 12 അപ്പോ​സ്‌ത​ല​ന്മാ​രോ​ടു പൗലോ​സിന്‌ അസൂയ തോന്നാ​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

13 ഉള്ളതു​കൊണ്ട്‌ തൃപ്‌തി​പ്പെ​ടുന്ന മനോ​ഭാ​വ​വും താഴ്‌മ​യും കാണിച്ച മറ്റൊ​രാ​ളാണ്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌. തന്റെ ഉള്ളിൽ അസൂയ വളരാ​തി​രി​ക്കാൻ പൗലോസ്‌ ശ്രദ്ധിച്ചു. ശുശ്രൂ​ഷ​യ്‌ക്കു​വേണ്ടി കഠിനാ​ധ്വാ​നം ചെയ്‌ത​യാ​ളാ​യി​രു​ന്നു പൗലോസ്‌. എന്നാൽ അദ്ദേഹം താഴ്‌മ​യോ​ടെ പറഞ്ഞത്‌ ഇതാണ്‌: “ഞാൻ അപ്പോ​സ്‌ത​ല​ന്മാ​രിൽ ഏറ്റവും ചെറി​യ​വ​നാണ്‌. . . . ഞാൻ അപ്പോ​സ്‌തലൻ എന്നു വിളി​ക്ക​പ്പെ​ടാൻപോ​ലും യോഗ്യ​നല്ല.” (1 കൊരി. 15:9, 10) യേശു​വി​ന്റെ ഭൂമി​യി​ലെ ശുശ്രൂ​ഷ​യു​ടെ സമയത്ത്‌ 12 അപ്പോ​സ്‌ത​ല​ന്മാർ യേശു​വി​ന്റെ​കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. പക്ഷേ യേശു​വി​ന്റെ മരണത്തി​നും പുനരു​ത്ഥാ​ന​ത്തി​നും ശേഷമാ​ണു പൗലോസ്‌ ഒരു ക്രിസ്‌ത്യാ​നി​യാ​യത്‌. പിന്നീട്‌ പൗലോ​സി​നെ ‘ജനതക​ളു​ടെ അപ്പോ​സ്‌ത​ല​നാ​യി’ നിയമി​ച്ചെ​ങ്കി​ലും 12 അപ്പോ​സ്‌ത​ല​ന്മാ​രിൽ ഒരാളാ​കാ​നുള്ള പ്രത്യേ​ക​പ​ദവി അദ്ദേഹ​ത്തി​നു ലഭിച്ചില്ല. (റോമ. 11:13; പ്രവൃ. 1:21-26) വേണ​മെ​ങ്കിൽ പൗലോ​സിന്‌ ആ 12 പേരോട്‌ അസൂയ തോന്നാ​മാ​യി​രു​ന്നു, അവരെ​പ്പോ​ലെ യേശു​വി​നോ​ടൊ​പ്പം നടക്കാൻ തനിക്കു കഴിഞ്ഞി​ല്ല​ല്ലോ എന്നു ചിന്തി​ക്കാ​മാ​യി​രു​ന്നു. എന്നാൽ പൗലോസ്‌ തനിക്കു ലഭിച്ച​തിൽ തൃപ്‌തി​പ്പെട്ടു.

14. ഉള്ളതിൽ തൃപ്‌തി​പ്പെ​ടുന്ന മനോ​ഭാ​വ​വും താഴ്‌മ​യും ഉണ്ടെങ്കിൽ നമ്മൾ എന്തു ചെയ്യും?

14 ഉള്ളതിൽ തൃപ്‌തി​പ്പെ​ടുന്ന മനോ​ഭാ​വ​വും താഴ്‌മ​യും ഉണ്ടെങ്കിൽ, യഹോവ മറ്റുള്ള​വർക്കു കൊടു​ത്തി​ട്ടുള്ള അധികാ​രത്തെ പൗലോ​സി​നെ​പ്പോ​ലെ നമ്മളും ആദരി​ക്കും. (പ്രവൃ. 21:20-26) ക്രിസ്‌തീ​യ​സ​ഭ​യിൽ നേതൃ​ത്വ​മെ​ടു​ക്കാൻ മൂപ്പന്മാ​രെ നിയമി​ക്കു​ന്ന​തി​നുള്ള ക്രമീ​ക​രണം യഹോവ ചെയ്‌തി​ട്ടുണ്ട്‌. കുറവു​ക​ളൊ​ക്കെ​യു​ണ്ടെ​ങ്കി​ലും, യഹോവ അവരെ ‘സമ്മാന​ങ്ങ​ളാ​യി​ട്ടാണ്‌’ കാണു​ന്നത്‌. (എഫെ. 4:8, 11) ഈ നിയമി​ത​പു​രു​ഷ​ന്മാ​രെ നമ്മൾ ബഹുമാ​നി​ക്കു​ക​യും അവർ തരുന്ന നിർദേ​ശങ്ങൾ താഴ്‌മ​യോ​ടെ അനുസ​രി​ക്കു​ക​യും ചെയ്യു​മ്പോൾ, യഹോ​വ​യോട്‌ അടുത്ത്‌ നിൽക്കാൻ നമുക്കു കഴിയും, സഹോ​ദ​ര​ങ്ങ​ളു​മാ​യി സമാധാ​ന​ത്തി​ലാ​യി​രി​ക്കാ​നും കഴിയും.

‘സമാധാ​നം ഉണ്ടാക്കാൻ ആകുന്നതെല്ലാം ചെയ്യുക’

15. നമ്മൾ എന്തു ചെയ്യേ​ണ്ടതു പ്രധാ​ന​മാണ്‌?

15 അസൂയ വളരാൻ അനുവ​ദി​ച്ചാൽ പരസ്‌പരം സമാധാ​ന​ത്തി​ലാ​യി​രി​ക്കാൻ നമുക്കു കഴിയില്ല. നമ്മുടെ ഉള്ളിൽനിന്ന്‌ അസൂയ പിഴു​തു​ക​ള​യണം. മറ്റുള്ള​വ​രിൽ അസൂയ​യു​ടെ വിത്ത്‌ ഇടാതി​രി​ക്കാ​നും നമ്മൾ ശ്രദ്ധി​ക്കണം. നമ്മൾ ഇതു ചെയ്‌തെ​ങ്കി​ലേ, “സമാധാ​നം ഉണ്ടാക്കാ​നും അന്യോ​ന്യം ബലപ്പെ​ടു​ത്താ​നും വേണ്ടി (നിങ്ങളാ​ലാ​കു​ന്ന​തെ​ല്ലാം)” ചെയ്യാ​നുള്ള യഹോ​വ​യു​ടെ കല്‌പന അനുസ​രി​ക്കാൻ നമുക്കു കഴിയൂ. (റോമ. 14:19) അസൂയ​യോ​ടു പോരാ​ടാൻ മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തിന്‌ എന്തു ചെയ്യാം? നമുക്ക്‌ എങ്ങനെ സമാധാ​നം ഉണ്ടാക്കാം?

16. മറ്റുള്ള​വ​രിൽ അസൂയ വളരാ​തി​രി​ക്കാൻ നമ്മൾ എന്തെല്ലാം ഒഴിവാ​ക്കണം?

16 നമ്മുടെ മനോ​ഭാ​വ​വും പ്രവൃ​ത്തി​ക​ളും മറ്റുള്ള​വരെ കാര്യ​മാ​യി സ്വാധീ​നി​ക്കും. നമ്മൾ നമുക്കുള്ള ‘വസ്‌തു​വ​കകൾ പൊങ്ങ​ച്ച​ത്തോ​ടെ പ്രദർശി​പ്പി​ക്ക​ണ​മെ​ന്നാണ്‌’ ഈ ലോകം പറയു​ന്നത്‌. (1 യോഹ. 2:16) അത്തരം മനോ​ഭാ​വം മറ്റുള്ള​വ​രിൽ അസൂയ​യു​ണ്ടാ​ക്കും. നമുക്കുള്ള സാധന​ങ്ങ​ളെ​യോ നമ്മൾ വാങ്ങാൻ ഉദ്ദേശി​ക്കുന്ന കാര്യ​ങ്ങ​ളെ​യോ കുറിച്ച്‌ എപ്പോ​ഴും മറ്റുള്ള​വ​രോ​ടു പറഞ്ഞാൽ അവർക്ക്‌ അസൂയ തോന്നി​യേ​ക്കാം. അതു​കൊണ്ട്‌ അത്‌ ഒഴിവാ​ക്കുക. ഇനി, സഭയിൽ നമുക്കുള്ള ഉത്തരവാ​ദി​ത്വ​ങ്ങ​ളെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു കൂടെ​ക്കൂ​ടെ പറഞ്ഞു​കൊ​ണ്ടി​രു​ന്നാൽ, അവരിൽ അസൂയ​യു​ടെ വിത്തുകൾ പാകു​ക​യാ​യി​രി​ക്കും നമ്മൾ. അതു​കൊണ്ട്‌ അതും നമ്മൾ ഒഴിവാ​ക്കണം. അതിനു പകരം, മറ്റുള്ള​വ​രു​ടെ കാര്യ​ത്തിൽ ആത്മാർഥ​മായ താത്‌പ​ര്യ​മെ​ടു​ക്കു​ക​യും അവർ ചെയ്യുന്ന നല്ല കാര്യ​ങ്ങൾക്ക്‌ അവരെ അഭിന​ന്ദി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ, ഉള്ളതിൽ തൃപ്‌ത​രാ​യി​രി​ക്കാൻ നമ്മൾ അവരെ സഹായി​ക്കു​ക​യാണ്‌. അതു സഭയിൽ സമാധാ​ന​വും ഐക്യ​വും വളർത്തും.

17. യോ​സേ​ഫി​ന്റെ ചേട്ടന്മാർക്ക്‌ എന്തു ചെയ്യാൻ കഴിഞ്ഞു, എന്തു​കൊണ്ട്‌?

17 അസൂയ​യ്‌ക്കെ​തി​രെ​യുള്ള പോരാ​ട്ട​ത്തിൽ നമുക്കു ജയിക്കാൻ കഴിയും! യോ​സേ​ഫി​ന്റെ ചേട്ടന്മാ​രു​ടെ ദൃഷ്ടാന്തം ഒന്നുകൂ​ടെ നോക്കാം. യോ​സേ​ഫി​നോട്‌ അവർ കാണിച്ച ദ്രോ​ഹ​ത്തെ​ക്കു​റിച്ച്‌ നമ്മൾ ചർച്ച ചെയ്‌തു. വർഷങ്ങൾക്കു ശേഷം അവർ യോ​സേ​ഫി​നെ ഈജി​പ്‌തിൽവെച്ച്‌ വീണ്ടും കണ്ടു. താൻ ആരാ​ണെന്നു ചേട്ടന്മാർക്കു വെളി​പ്പെ​ടു​ത്തു​ന്ന​തി​നു മുമ്പ്‌, അവർക്കു മാറ്റം വന്നോ എന്നു യോ​സേഫ്‌ പരീക്ഷി​ച്ചു. യോ​സേഫ്‌ അവർക്ക്‌ ഒരു വിരുന്ന്‌ ഒരുക്കി. വിരു​ന്നി​ന്റെ സമയത്ത്‌, യോ​സേഫ്‌ ഏറ്റവും ഇളയ അനിയ​നായ ബന്യാ​മീ​നോ​ടു പ്രത്യേ​ക​പ​രി​ഗണന കാണിച്ചു. (ഉൽപ. 43:33, 34) എങ്കിലും അതിന്റെ പേരിൽ അവർക്കു ബന്യാ​മീ​നോട്‌ ഒരു അസൂയ​യും തോന്നി​യില്ല. പകരം അനിയ​ന്റെ​യും അപ്പനായ യാക്കോ​ബി​ന്റെ​യും കാര്യ​ത്തിൽ അവർ ആത്മാർഥ​മായ താത്‌പ​ര്യം കാണിച്ചു. (ഉൽപ. 44:30-34) അസൂയ​പ്പെ​ടു​ന്നത്‌ ഒഴിവാ​ക്കി​യ​തു​കൊണ്ട്‌, കുടും​ബ​ത്തിൽ വീണ്ടും സമാധാ​നം കൊണ്ടു​വ​രാൻ യോ​സേ​ഫി​ന്റെ ചേട്ടന്മാർക്കു കഴിഞ്ഞു. (ഉൽപ. 45:4, 15) നമ്മളും നമ്മുടെ ഉള്ളിൽനിന്ന്‌ അസൂയ പിഴു​തു​ക​ള​യു​ന്നെ​ങ്കിൽ, കുടും​ബ​ത്തി​ലും സഭയി​ലും സമാധാ​നം നിലനി​റു​ത്താൻ സഹായി​ക്കു​ക​യാണ്‌.

18. യാക്കോബ്‌ 3:17, 18 അനുസ​രിച്ച്‌, സമാധാ​ന​മുള്ള ചുറ്റു​പാട്‌ ഒരുക്കാൻ നമ്മൾ സഹായി​ച്ചാൽ അതിന്റെ ഫലം എന്തായി​രി​ക്കും?

18 നമ്മൾ അസൂയ​യ്‌ക്കെ​തി​രെ പോരാ​ടാ​നും സമാധാ​നം ഉണ്ടാക്കാ​നും യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. ഈ രണ്ടു കാര്യ​ങ്ങ​ളും ചെയ്യാൻ നമ്മൾ കഠിന​മാ​യി ശ്രമി​ക്കണം. നമ്മൾ ഈ ലേഖന​ത്തിൽ കണ്ടതു​പോ​ലെ, അസൂയ​പ്പെ​ടാ​നുള്ള ഒരു ചായ്‌വ്‌ നമുക്കുണ്ട്‌. (യാക്കോ. 4:5) കൂടാതെ, അസൂയ നിറഞ്ഞു​നിൽക്കുന്ന ഒരു ലോക​ത്തി​ലാ​ണു നമ്മൾ ജീവി​ക്കു​ന്ന​തും. പക്ഷേ നമ്മൾ താഴ്‌മ വളർത്തി​യെ​ടു​ക്കു​ക​യും ഉള്ളതിൽ തൃപ്‌ത​രാ​യി​രി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ, പിന്നെ അസൂയ​യ്‌ക്കു നമ്മുടെ ഉള്ളിൽ ഇടമു​ണ്ടാ​യി​രി​ക്കില്ല. പകരം, സമാധാ​ന​മുള്ള ഒരു ചുറ്റു​പാട്‌ ഒരുക്കാൻ നമ്മൾ സഹായി​ക്കു​ക​യാണ്‌. അവിടെ നീതി​യു​ടെ ഫലം വളരും.—യാക്കോബ്‌ 3:17, 18 വായി​ക്കുക.

ഗീതം 130 ക്ഷമിക്കു​ന്ന​വ​രാ​യി​രി​ക്കുക

^ ഖ. 5 സമാധാ​നം കളിയാ​ടുന്ന ഒന്നാണ്‌ യഹോ​വ​യു​ടെ സംഘടന. പക്ഷേ, അസൂയ വളർന്നു​വ​രാൻ അനുവ​ദി​ച്ചാൽ അതു സംഘട​ന​യു​ടെ സമാധാ​നത്തെ ബാധി​ക്കും. ഈ ലേഖന​ത്തിൽ അസൂയ​യു​ടെ കാരണങ്ങൾ എന്തൊ​ക്കെ​യാ​ണെന്നു നമ്മൾ ചർച്ച ചെയ്യും. കൂടാതെ, ഈ ദുർഗു​ണ​ത്തിന്‌ എതിരെ എങ്ങനെ പോരാ​ടാ​മെ​ന്നും എങ്ങനെ സമാധാ​നം നിലനി​റു​ത്താ​മെ​ന്നും നമ്മൾ പഠിക്കും.

^ ഖ. 2 പദപ്രയോഗത്തിന്റെ വിശദീ​ക​രണം: ബൈബി​ളിൽ അസൂയ എന്ന പദം രണ്ട്‌ ആശയങ്ങൾ സൂചി​പ്പി​ക്കാ​റുണ്ട്‌. അസൂയ​യുള്ള ഒരു വ്യക്തി, മറ്റുള്ള​വർക്കുള്ള എന്തെങ്കി​ലും തനിക്കു വേണ​മെന്നു മാത്രമല്ല, അത്‌ അവർക്കു നഷ്ടപ്പെ​ട്ടു​കാ​ണാ​നും ആഗ്രഹി​ക്കും.

^ ഖ. 61 ചിത്രക്കുറിപ്പ്‌: മൂപ്പന്മാ​രു​ടെ ഒരു യോഗ​ത്തിൽ, സഭയിൽ വീക്ഷാ​ഗോ​പു​ര​പ​ഠനം നടത്തുന്ന പ്രായ​മുള്ള ഒരു സഹോ​ദ​ര​നോട്‌, ആ നിയമനം ചെയ്യു​ന്ന​തി​നു പ്രായം കുറഞ്ഞ വേറൊ​രു സഹോ​ദ​രനെ പരിശീ​ലി​പ്പി​ക്കാൻ ആവശ്യ​പ്പെ​ടു​ന്നു. പ്രായ​മുള്ള സഹോ​ദ​രനു തന്റെ നിയമനം ഇഷ്ടമാ​ണെ​ങ്കി​ലും മൂപ്പന്മാ​രു​ടെ തീരു​മാ​നത്തെ അദ്ദേഹം പൂർണ​മാ​യി പിന്തു​ണ​യ്‌ക്കു​ന്നു. ചെറു​പ്പ​ക്കാ​ര​നായ സഹോ​ദ​രനു വേണ്ട നിർദേ​ശങ്ങൾ കൊടു​ക്കു​ക​യും ആത്മാർഥ​മാ​യി അഭിന​ന്ദി​ക്കു​ക​യും ചെയ്യുന്നു.