ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
ഞാൻ മരിക്കാൻ ആഗ്രഹിച്ചില്ല!
-
ജനനം: 1964
-
രാജ്യം: ഇംഗ്ലണ്ട്
-
ചരിത്രം: വഴിപിഴച്ച് കൗമാരത്തിലേ അമ്മയായി
മുൻകാലജീവിതം
ഇംഗ്ലണ്ടിലെ ലണ്ടനിലുള്ള ജനത്തിരക്കേറിയ പ്രദേശമായ പഡിങ്റ്റണിലാണ് ഞാൻ ജനിച്ചത്. അമ്മയുടെയും മൂന്ന് ചേച്ചിമാരുടെയും കൂടെയായിരുന്നു എന്റെ ബാല്യം. അച്ഛന്റെ കുടി ഞങ്ങൾക്ക് ഒരു പ്രശ്നമായിരുന്നു. ഞങ്ങളുടെ ജീവിതത്തിലേക്കു ഇടയ്ക്കൊക്കെയേ അച്ഛൻ കടന്നുവരാറുണ്ടായിരുന്നുള്ളൂ.
ഞാൻ കുട്ടിയായിരുന്നപ്പോൾ എല്ലാ ദിവസവും പ്രാർഥിച്ചുകിടക്കാൻ അമ്മ എന്നെ പഠിപ്പിച്ചിരുന്നു. അന്ന് എന്റെ കൈയിൽ സങ്കീർത്തനപ്പുസ്തകം മാത്രമുള്ള ഒരു ബൈബിൾ ഉണ്ടായിരുന്നു. അതിലെ വരികൾക്ക് ഞാൻ തന്നെ ഈണം നൽകി പാടും. എന്നാൽ “നാളെ എന്നൊന്നില്ലാത്ത ഒരു ദിവസം” എന്ന് ഏതോ ഒരു പുസ്തകത്തിൽ വായിച്ചതിനെക്കുറിച്ച് ഞാൻ ഓർക്കുന്നു. ഭാവിയെക്കുറിച്ച് ഒരു പ്രത്യാശപോലും തരാത്ത ആ വാക്കുകളെക്കുറിച്ച് ചിന്തിച്ചത് എന്റെ ഉറക്കംകെടുത്തി. ‘ജീവിതത്തിന് എന്തെങ്കിലും ഉദ്ദേശ്യം ഉണ്ടായിരുന്നേ പറ്റൂ. എന്റെ ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്?’ എന്നതിനെക്കുറിച്ചൊക്കെ ഞാൻ ചിന്തിക്കാൻതുടങ്ങി. കാരണം ഞാൻ മരിക്കാൻ ആഗ്രഹിച്ചില്ല.
പ്രകൃത്യാതീതശക്തികളെക്കുറിച്ച് അറിയുന്നത് എനിക്കു ഒരു കൗതുകമായിരുന്നു. മരിച്ചവരോട് സംസാരിക്കാനും കൂട്ടുകാരോടൊത്ത് ശ്മശാനങ്ങളിൽ പോകാനും ഹൊറർ സിനിമകൾ കാണാനും ഒക്കെ എനിക്കു ഇഷ്ടമായിരുന്നു. അത് രസകരമാണെങ്കിലും പേടിപ്പെടുത്തുന്നതായി ഞങ്ങൾക്ക് തോന്നി.
പത്തു വയസ്സായപ്പോൾത്തന്നെ എന്റെ ജീവിതം വഴിപിഴച്ച അവസ്ഥയിലെത്തി. ഞാൻ പുകവലി തുടങ്ങി, പെട്ടന്നുതന്നെ അതിന് അടിമയായിത്തീർന്നു. പുകവലി ക്രമേണ കഞ്ചാവ് വലിക്കുന്നതിലേക്കു പുരോഗമിച്ചു. പതിനൊന്നായപ്പോഴേക്കും മദ്യലഹരിയും പരീക്ഷിച്ചുനോക്കാൻ ഞാൻ തീരുമാനിച്ചു. അതു കഴിച്ചിറക്കുന്നത് ബുദ്ധിമുട്ടായിരുന്നെങ്കിലും അതിനു ശേഷമുള്ള ഉന്മാദാവസ്ഥ എനിക്കു വളരെ ഇഷ്ടമായിരുന്നു. പാട്ടിനോടും ഡാൻസിനോടും എനിക്ക് കമ്പമായിരുന്നു. എവിടെയൊക്കെ പാർട്ടികളും നൈറ്റ്ക്ലബ്ബുകളും ഉണ്ടോ അവിടെയൊക്കെ ഞാൻ സ്ഥിരസാന്നിധ്യമായിരുന്നു. രാത്രിയിൽ വീട്ടിൽനിന്ന് മുങ്ങാനും നേരം പരപരാ വെളുക്കുന്നതിനു മുമ്പ് ഒളിച്ചുകയറാനും എനിക്കു നല്ല കഴിവായിരുന്നു. അടുത്തദിവസം ക്ഷീണമായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ! അപ്പോൾ ക്ലാസ്സ് കട്ട് ചെയ്യുകയല്ലാതെ എനിക്കു വേറെ വഴിയില്ല. ഇനിയെങ്ങാനും ക്ലാസ്സിൽ കയറിയേക്കാം എന്നു തീരുമാനിച്ചാൽത്തന്നെ ഇടയ്ക്കിടെ മദ്യം കഴിക്കുന്ന ശീലവുമുണ്ടായിരുന്നു.
അങ്ങനെയിരിക്കെ സ്കൂളിലെ അവസാനവർഷ പരീക്ഷ കഴിഞ്ഞു. മിക്ക വിഷയങ്ങളിലും ഞാൻ തോറ്റു. എന്റെ കുത്തഴിഞ്ഞ ജീവിതത്തെക്കുറിച്ച് അത്രയും നാൾ അമ്മയ്ക്ക് കാര്യമായിട്ടൊന്നും അറിയില്ലായിരുന്നു. പക്ഷേ പരീക്ഷാഫലം കണ്ടപ്പോൾ അമ്മ ഞെട്ടിപ്പോയി, ഞങ്ങൾ ഇരുവരും ഇതെച്ചൊല്ലി വഴക്കടിച്ചു. ഒടുവിൽ ഞാൻ വീടു വിട്ട് ഇറങ്ങി. കുറച്ചുനാൾ ഞാൻ എന്റെ കാമുകനായ ടോണിയുമൊത്ത് കഴിഞ്ഞുകൂടി. അയാൾ റസ്റ്റഫാറിയ മതവിഭാഗത്തിൽപ്പെട്ട ഒരാളായിരുന്നു. മയക്കുമരുന്ന് കച്ചവടമാണ് ജോലി. അല്ലറചില്ലറ പെറ്റിക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്തിനും ഏതിനും തല്ലുണ്ടാക്കുന്നതിന് പേരുകേട്ട ആളും. അധികനാളായില്ല, ഞാൻ 16-ാമത്തെ വയസ്സിൽ ഗർഭിണിയുമായി, ഞങ്ങൾക്ക്
ഒരു ആൺകുട്ടി ജനിച്ചു.ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
അവിവാഹിതരായ അമ്മമാരെയും അവരുടെ കുട്ടികളെയും പാർപ്പിക്കുന്ന ഒരു ഹോസ്റ്റിലിൽ വെച്ചാണ് ഞാൻ ആദ്യമായി യഹോവയുടെ സാക്ഷികളെ കാണുന്നത്. അവിടത്തെ അധികാരികൾ എനിക്ക് ഒരു മുറി തരപ്പെടുത്തിത്തന്നു. അങ്ങനെയിരിക്കെ സാക്ഷികളിൽപ്പെട്ട രണ്ട് സ്ത്രീകൾ എന്റെ പ്രായത്തിലുള്ള മറ്റു അമ്മമാരെ കാണാൻ ആ ഹോസ്റ്റലിലേക്കു സ്ഥിരമായി വരുമായിരുന്നു. ഒരു ദിവസം അവരുമൊത്തുള്ള ചർച്ചയിൽ ഞാനും ചേർന്നു. സാക്ഷികളെ ഒന്ന് തറപറ്റിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. പക്ഷെ എന്റെ ഓരോ ചോദ്യങ്ങൾക്കും കൃത്യമായി, ബൈബിൾ ഉപയോഗിച്ച്, സാവധാനം അവർ ഉത്തരം നൽകി. ദയയോടെയും പരിഗണനയോടെയും ഉള്ള അവരുടെ പെരുമാറ്റം എന്നെ വല്ലാതെ ആകർഷിച്ചു. അങ്ങനെ സാക്ഷികളുമൊത്തുള്ള ബൈബിൾപഠനത്തിന് ഞാൻ സമ്മതംമൂളി.
പഠിച്ചുതുടങ്ങിയപ്പോഴാണ് എന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു കാര്യം ഞാൻ തിരിച്ചറിഞ്ഞത്. ചെറുപ്പംമുതൽതന്നെ മരണത്തെ എനിക്ക് ഭയമായിരുന്നു. എന്നാൽ യേശു മരിച്ചവരെ ഉയിർപ്പിക്കുമെന്ന ആശയം ഞാൻ പഠിച്ചു. (യോഹന്നാൻ 5:28, 29) മാത്രമല്ല ദൈവം എന്നെ വ്യക്തിപരമായി സ്നേഹിക്കുന്നുണ്ടെന്നും ഞാൻ തിരിച്ചറിഞ്ഞു. (1 പത്രോസ് 5:7) എന്റെ ഹൃദയത്തെ സ്പർശിച്ച മറ്റൊരു വാക്യമാണ് യിരെമ്യ 29:11. അവിടെ പറയുന്നു: “‘ഞാൻ നിങ്ങൾക്കുവേണ്ടി ചെയ്യാൻപോകുന്നത് എന്താണെന്ന് എനിക്കു നന്നായി അറിയാം. ഞാൻ ചിന്തിക്കുന്നതു ദുരന്തത്തെക്കുറിച്ചല്ല, സമാധാനത്തെക്കുറിച്ചാണ്; നിങ്ങൾക്ക് ഒരു നല്ല ഭാവിയും പ്രത്യാശയും തരുന്നതിനെക്കുറിച്ചാണ്’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.” ഇതു വായിച്ചതോടെ ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാനാകും എന്ന പ്രത്യാശയിൽ ഞാനും വിശ്വസിക്കാൻതുടങ്ങി.—സങ്കീർത്തനം 37:29.
യഹോവയുടെ സാക്ഷികൾക്ക് എന്നോട് ആത്മാർഥമായ സ്നേഹമുണ്ടായിരുന്നെന്ന് പറയാതെവയ്യ. ഞാൻ അവരുടെ യോഗത്തിന് ആദ്യമായി പോയത് ഇന്നും ഓർക്കുന്നു. അവിടത്തെ അന്തരീക്ഷം വളരെ ഊഷ്മളവും ആകർഷകവും ആയിരുന്നു. എല്ലാവരുടെയും മുഖത്ത് നല്ല സൗഹൃദഭാവം. (യോഹന്നാൻ 13:34, 35) പള്ളിയിൽ പോയപ്പോൾ ലഭിച്ച അനുഭവത്തിൽനിന്നും തികച്ചും വ്യത്യസ്തം! എന്നാൽ സാക്ഷികളാണെങ്കിൽ എന്റെ പശ്ചാത്തലം നോക്കാതെ എന്നെ സ്വാഗതം ചെയ്തു, എന്റെ ഒപ്പം സമയം ചിലവഴിച്ചു, ശ്രദ്ധയും പരിഗണനയും കാണിച്ചു, വേണ്ട മാർഗനിർദേശങ്ങൾ തന്നു. എല്ലാമായപ്പോൾ സ്നേഹംനിറഞ്ഞ ആ വലിയ കുടുംബത്തിലെ ഒരു അംഗമാണ് ഞാനെന്ന് എനിക്ക് തോന്നി.
പഠനം പുരോഗമിച്ചപ്പോൾ, ശരിതെറ്റുകളെക്കുറിച്ച് ദൈവം വെച്ചിരിക്കുന്ന നിലവാരങ്ങളിൽ എത്തുന്നതിന് ഞാൻ അടിമുടി മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് എനിക്കു ബോധ്യമായി. പുകവലി നിറുത്തുന്നത് എനിക്ക് ഒരു കീറാമുട്ടിയായിരുന്നു. ഒരു പ്രത്യേകതരം സംഗീതം കേൾക്കുന്നതാണ് വലിക്കാനുള്ള താത്പര്യത്തെ ഊട്ടിവളർത്തുന്നതെന്ന് മനസ്സിലാക്കിയപ്പോൾ അതു കേൾക്കുന്നത് ഞാൻ നിറുത്തി. അതുപോലെ, മദ്യം കഴിക്കാനുള്ള പ്രലോഭനത്തെ ആളിക്കത്തിക്കുന്ന പാർട്ടികളും നൈറ്റ്ക്ലബ്ബുകളും ഞാൻ ഒഴിവാക്കി. എന്റെ സമചിത്തത വീണ്ടെടുക്കാൻ ഞാൻ ഇതൊക്കെ ചെയ്യണമായിരുന്നു. മാത്രമല്ല, നല്ല കാര്യങ്ങൾ ചെയ്യുന്നതിനുള്ള പ്രചോദനം ലഭിക്കാൻ അത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരെ ഞാൻ സുഹൃത്തുക്കളാക്കി.—സുഭാഷിതങ്ങൾ 13:20.
ഇതിനിടയിൽ ടോണിയും യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കുന്നുണ്ടായിരുന്നു. സാക്ഷികൾ ടോണിയുടെ ചോദ്യങ്ങൾക്ക് ബൈബിളിൽനിന്ന് ഉത്തരം കൊടുത്തപ്പോൾ താൻ പഠിക്കുന്നത് സത്യമാണെന്ന് ടോണിക്കു ബോധ്യമായി. പ്രകടമായ മാറ്റങ്ങളാണ് ടോണി വരുത്തിയത്. അക്രമസ്വഭാവമുള്ള കൂട്ടുകാരെ ഒഴിവാക്കി, നിയമവിരുദ്ധമായ കാര്യങ്ങളിൽ ഏർപ്പെടുന്നത് നിറുത്തി, കഞ്ചാവുവലി ഉപേക്ഷിച്ചു. ഞങ്ങളുടെ വഴിപിഴച്ച രീതികൾ ഉപേക്ഷിക്കുകയും വളർന്നുവരുന്ന മകനുവേണ്ടി കെട്ടുറപ്പുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നെങ്കിൽ മാത്രമേ യഹോവയെ സന്തോഷിപ്പിക്കാനാകൂ എന്ന് ഞങ്ങൾ മനസ്സിലാക്കി. അങ്ങനെ 1982-ൽ ഞങ്ങൾ വിവാഹിതരായി.
എനിക്കുണ്ടായിരുന്ന അതേ പ്രശ്നങ്ങളെ വിജയകരമായി തരണം ചെയ്ത ആളുകളുടെ അനുഭവങ്ങൾ വീക്ഷാഗോപുരം, ഉണരുക! a മാസികകളിൽ തിരഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു. അവരുടെ മാതൃക എനിക്ക് എത്ര പ്രോത്സാഹനം പകർന്നെന്നോ! ഒരിക്കലും ശ്രമം ഉപേക്ഷിക്കാതിരിക്കാനുള്ള ശക്തി എനിക്കു ലഭിച്ചു. എന്നെ ഒരിക്കലും കൈവിടരുതേ എന്ന് ഞാൻ എപ്പോഴും യഹോവയോട് പ്രാർഥിച്ചുകൊണ്ടേയിരുന്നു. 1982 ജൂലൈ മാസത്തിൽ ടോണിയും ഞാനും സ്നാനമേറ്റ് യഹോവയുടെ സാക്ഷികളായി.
“ഭാവിയെക്കുറിച്ചോ മരണത്തെക്കുറിച്ചോ ഉള്ള ഭീതി ഇന്ന് എന്റെ ഉറക്കംകെടുത്താറില്ല”
എനിക്കു ലഭിച്ച പ്രയോജനങ്ങൾ
യഹോവയുമായി സുഹൃദ്ബന്ധം വളർത്തിയതാണ് എന്റെ ജീവൻ രക്ഷിച്ചത്. ഒരു കുടുംബം എന്ന നിലയിലും ഞങ്ങൾ യഹോവയുടെ പിന്തുണ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. കഷ്ടപ്പാടുനിറഞ്ഞ സാഹചര്യങ്ങളിൽ ദൈവത്തിൽ എങ്ങനെ ആശ്രയിക്കണമെന്ന് ഞങ്ങളും പഠിച്ചു. അപ്പോഴൊക്കെ യഹോവ സഹായത്തിനെത്തിയെന്നും കുടുംബത്തിനുവേണ്ട സംരക്ഷണം നൽകിയെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്.—സങ്കീർത്തനം 55:22.
ഞാൻ യഹോവയെ അറിഞ്ഞിരിക്കുന്നതുപോലെ എന്റെ മകനും മകളും യഹോവയെ അറിയണം എന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. അതിന് യഹോവയെക്കുറിച്ച് ഞാൻ അവരെ പഠിപ്പിച്ചു. അതിൽ ഞാൻ സന്തോഷം കണ്ടെത്തി. ഇന്ന് അവരുടെ മക്കൾ ദൈവത്തെക്കുറിച്ച് അറിവ് നേടുന്നതിൽ വർധിച്ചുവരുന്നതു കാണുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു.
ഭാവിയെക്കുറിച്ചോ മരണത്തെക്കുറിച്ചോ ഉള്ള ഭീതി ഇന്ന് എന്റെ ഉറക്കംകെടുത്താറില്ല. ഇപ്പോൾ യഹോവയുടെ സാക്ഷികളുടെ വ്യത്യസ്ത സഭകളെ ആഴ്ചതോറും സന്ദർശിച്ചുകൊണ്ട് അവരെ ബലപ്പെടുത്തുന്നതിന്റെ തിരക്കിലാണ് ഞങ്ങൾ. യേശുവിൽ വിശ്വസിക്കാനും നിത്യജീവൻ നേടാനും മറ്റുള്ളവരെ സഹായിക്കുന്നതിൽ ഞങ്ങൾ അവരോടൊപ്പം ചേരുന്നു.
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.