ജീവിതം അവസാനിപ്പിക്കാൻ തോന്നുന്നെങ്കിൽ
ഇനി ജീവിക്കേണ്ടാ എന്നു നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കിൽ അഡ്രിയാനയുടെ വികാരം നിങ്ങൾക്കും മനസ്സിലാകും. കടുത്ത ഉത്കണ്ഠ കാരണം അഡ്രിയാനയ്ക്കു ദുഃഖവും നിരാശയും തോന്നി. വിഷാദരോഗമായിരുന്നു അഡ്രിയാനയ്ക്ക്.
രോഗികളായ മാതാപിതാക്കളെ ശുശ്രൂഷിച്ച, ജപ്പാനിൽനിന്നുള്ള കൗറു പറയുന്നതു ശ്രദ്ധിക്കുക: “ആ സമയത്ത് ജോലിസ്ഥലത്തെ സമ്മർദംകൊണ്ട് ഞാൻ വീർപ്പുമുട്ടി. എനിക്ക് വിശപ്പില്ല, ഉറക്കം ശരിയാകുന്നില്ല. മരിച്ചാലേ ഇതിൽനിന്ന് ഒന്നു രക്ഷപ്പെടാൻ പറ്റൂ എന്നായി.”
നൈജീരിയയിൽനിന്നുള്ള ഓജെബോദ് പറയുന്നു: “തൊട്ടാൽ കരയും, അത്രയ്ക്കു വിഷമമായിരുന്നു എനിക്ക് എപ്പോഴും. അതുകൊണ്ട് ഞാൻ ജീവിതം അവസാനിപ്പിക്കാനുള്ള വഴി നോക്കി.” എന്നാൽ സന്തോഷകരമെന്നു പറയട്ടെ, ഓജെബോദും കൗറുവും അഡ്രിയാനയും അവരുടെ ജീവിതം അവസാനിപ്പിച്ചില്ല. പക്ഷേ, ലക്ഷക്കണക്കിന് ആളുകൾ ഓരോ വർഷവും അതു ചെയ്യുന്നുണ്ട്.
സഹായം എവിടെനിന്ന്?
ആത്മഹത്യ ചെയ്യുന്നവരിൽ ഭൂരിഭാഗവും പുരുഷന്മാരാണ്. അവരിൽ പലർക്കും സഹായം ചോദിക്കുന്നതു വലിയ നാണക്കേടായിരുന്നു. നിങ്ങൾക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കിൽ സഹായം ചോദിക്കാൻ മടിക്കരുത്. രോഗിക്കു വൈദ്യനെ ആവശ്യമുണ്ടെന്നാണു യേശു പറഞ്ഞത്. (ലൂക്കോസ് 5:31) വിഷാദം അനുഭവിക്കുന്ന പലരും ചികിത്സയിലൂടെ ആ പ്രശ്നം പരിഹരിച്ചിരിക്കുന്നു. ഓജെബോദും കൗറുവും അഡ്രിയാനയും വിദഗ്ധചികിത്സ നേടി, ഇപ്പോൾ മെച്ചപ്പെട്ട ജീവിതം നയിക്കുന്നു.
മനോരോഗവിദഗ്ധർ മരുന്നു കൊടുത്തോ അല്ലാതെയോ വിഷാദരോഗം ചികിത്സിച്ചേക്കാം. രോഗിയിൽനിന്നും കുടുംബാംഗങ്ങളിൽനിന്നും സുഹൃത്തുക്കളിൽനിന്നും ഉള്ള അനുകമ്പയോടെയുള്ള പിന്തുണ രോഗികളെ പരിചരിക്കുന്നവർക്കും ആവശ്യമാണ്. ഒരാൾക്കു ലഭിക്കാവുന്നതിൽവെച്ച് ഏറ്റവും നല്ല കൂട്ടുകാരനാണു ദൈവമായ യഹോവ. ദൈവവചനമായ ബൈബിളിലൂടെ ഏറ്റവും നല്ല സഹായം ദൈവം തരുന്നു.
എന്നേക്കുമുള്ള പരിഹാരം
വിഷാദരോഗികൾക്കു ചിലപ്പോൾ നീണ്ട കാലത്തെ ചികിത്സ ആവശ്യമായിവന്നേക്കാം. കൂടാതെ ജീവിതരീതിയിൽ ചില മാറ്റങ്ങൾ വരുത്താനും അവർ പഠിക്കേണ്ടതുണ്ടായിരിക്കാം. എന്നാൽ നിങ്ങൾക്കു കടുത്ത വിഷാദമുണ്ടെങ്കിൽ ഓജെബോദിനെപ്പോലെ ഒരു നല്ല ഭാവിക്കുവേണ്ടി നോക്കിയിരിക്കാൻ കഴിയും. അദ്ദേഹം പറയുന്നു: “യശയ്യ 33:24-ലെ വാക്കുകൾ നടന്നുകാണാൻ ഞാൻ നോക്കിയിരിക്കുകയാണ്. ‘എനിക്കു രോഗമാണ്’ എന്നു ഭൂമിയിൽ താമസിക്കുന്ന ആരും പറയാത്ത ഒരു കാലത്തെക്കുറിച്ച് അതു പറയുന്നു.” ഓജെബോദിനെപ്പോലെ, ‘വേദനയില്ലാത്ത’ ‘പുതിയ ഭൂമിയെക്കുറിച്ചുള്ള’ ദൈവത്തിന്റെ വാഗ്ദാനത്തിൽ ആശ്വാസം കണ്ടെത്തുക. (വെളിപാട് 21:1, 4) മാനസികവും വൈകാരികവും ആയ എല്ലാ വേദനകളും അവസാനിക്കുമെന്നതും ആ വാഗ്ദാനത്തിൽ ഉൾപ്പെടുന്നു. അന്ന്, നിങ്ങളെ വിഷമിപ്പിക്കുന്ന എല്ലാ ചിന്തകളും എന്നെന്നേക്കുമായി പോയിരിക്കും. പിന്നീട് ഒരിക്കലും, അവ നിങ്ങളുടെ “മനസ്സിലേക്കു വരില്ല; (നിങ്ങളുടെ) ഹൃദയത്തിൽ അവയുണ്ടായിരിക്കില്ല.”—യശയ്യ 65:17.