ജീവിതം വഴിമുട്ടിയതായി തോന്നുമ്പോൾ
അങ്ങനെ തോന്നിയ ഒരാളാണ് ഐക്യനാടുകളിലെ സാലി. * ഒരു കൊടുങ്കാറ്റിൽ സാലിക്ക് ഏതാണ്ട് എല്ലാംതന്നെ നഷ്ടപ്പെട്ടു. സാലി പറയുന്നു: “ഇനിയൊന്നും താങ്ങാനുള്ള ശേഷി എനിക്കില്ല. ഇതുതന്നെ താങ്ങാവുന്നതിലും അപ്പുറമാണ്.”
ഇനി, നമ്മുടെ പ്രിയപ്പെട്ട ആരെങ്കിലും മരിച്ചുപോയാലോ? ഓസ്ട്രേലിയയിലുള്ള ജാനിസ് പറയുന്നു: “രണ്ടു മക്കളെയും നഷ്ടപ്പെട്ടപ്പോൾ എന്റെ ജീവിതം തകർന്നുപോയി. പിന്നെ എന്നെക്കൊണ്ടാകുന്നതുപോലെ അതു കൂട്ടിയിണക്കേണ്ടിവന്നു. ഞാൻ ദൈവത്തോട് ഇങ്ങനെ യാചിച്ചു: ‘ഇതിൽക്കൂടുതൽ എനിക്കു താങ്ങാൻ പറ്റില്ല. ഇനി എനിക്കു ജീവിക്കേണ്ടാ.’”
ഭാര്യയുടെ വഞ്ചനയാണു ഡാനിയേലിന്റെ ജീവിതം തകർത്തത്. അദ്ദേഹം പറയുന്നു: “കാണിച്ച ചതിയെക്കുറിച്ച് ഭാര്യ പറഞ്ഞപ്പോൾ ചങ്കിൽ കത്തി കുത്തിയിറക്കിയതുപോലെയാണ് എനിക്കു തോന്നിയത്. അതിനെക്കുറിച്ച് ഓർക്കുമ്പോൾ പിന്നെയുംപിന്നെയും കുത്തുകൊള്ളുന്നതുപോലെ തോന്നി. കുറെ മാസത്തേക്ക് ഇതുതന്നെയായിരുന്നു.”
ഇങ്ങനെ എന്തൊക്കെ സംഭവിച്ചാലും ജീവിക്കുന്നതിൽ അർഥമുണ്ട് എന്ന കാര്യമാണ് ഈ ലക്കം വീക്ഷാഗോപുരം വിശദീകരിക്കുന്നത്.
ആദ്യം, ദുരന്തം ആഞ്ഞടിച്ചാൽ അതുമായി ഒത്തുപോകാൻ എങ്ങനെ കഴിയും എന്നു നോക്കാം.
^ ഈ ലേഖനങ്ങളിലെ ചില പേരുകൾ യഥാർഥമല്ല.