ദുരന്തം ആഞ്ഞടിച്ചാൽ
നിങ്ങൾ ഒരു ദുരന്തത്തെ അതിജീവിച്ചയാളാണെങ്കിൽ, ഇതുപോലെ അതിജീവിച്ച മറ്റുള്ളവർക്കു തോന്നുന്ന ഞെട്ടലും ഒറ്റപ്പെടലും ആശങ്കയും പേടിസ്വപ്നങ്ങളും നിങ്ങൾക്കും മനസ്സിലാക്കാൻ കഴിയും. നിരാശയിലും വേദനയിലും ആണ്ടുപോയ പല അതിജീവകർക്കും കാര്യങ്ങൾ നേരെയാക്കി മുന്നോട്ടു പോകാനുള്ള ആഗ്രഹംതന്നെ മരവിച്ചുപോയി.
നിങ്ങളും ഇതുപോലെ ഏതെങ്കിലും ദുരന്തത്തിന് ഇരയായിട്ടുണ്ടെങ്കിൽ കൂടുതൽ ഒന്നും ഇനി താങ്ങാൻ പറ്റില്ലെന്നും ജീവിക്കുന്നതിന് ഒരു അർഥമില്ലെന്നുപോലും നിങ്ങൾക്കു തോന്നിയിട്ടുണ്ടാകാം. എന്നാൽ ബൈബിൾ പറയുന്നതു ജീവിക്കുന്നതിന് ഒരു അർഥമുണ്ട് എന്നാണ്. നിങ്ങൾക്കു നല്ലൊരു ഭാവിക്കായി കാത്തിരിക്കാനുള്ള തക്ക കാരണങ്ങളും അതു തരുന്നു.
ബൈബിൾസത്യങ്ങളെക്കുറിച്ചുള്ള അറിവ് പ്രത്യാശ തരും
“ഒരു കാര്യത്തിന്റെ ആരംഭത്തെക്കാൾ അതിന്റെ അവസാനം നല്ലത്” എന്നു സഭാപ്രസംഗകൻ 7:8 പറയുന്നു. നിങ്ങൾ ദുരന്തത്തിൽനിന്ന് കരകയറിത്തുടങ്ങിയിട്ടേ ഉള്ളൂ എങ്കിൽ ജീവിതം ആശയറ്റതായി തോന്നിയേക്കാം. എന്നാൽ ക്ഷമയോടെ നിങ്ങൾ ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നെങ്കിൽ കാര്യങ്ങൾ മെച്ചപ്പെടും.
“കരച്ചിലിന്റെ സ്വരമോ വേദനകൊണ്ടുള്ള നിലവിളിയോ” കേൾക്കാത്ത ഒരു കാലം വരുമെന്നു ബൈബിൾ പറയുന്നു. (യശയ്യ 65:19) ദൈവരാജ്യത്തിൽ ഭൂമി ഒരു പറുദീസയായി മാറുമ്പോൾ ഇതു സത്യമാകും. (സങ്കീർത്തനം 37:11, 29) ദുരന്തങ്ങൾ വെറും പഴങ്കഥയാകും. വേദനിപ്പിക്കുന്ന ഓർമകളും മനസ്സിന്റെ നൊമ്പരങ്ങളും എന്നെന്നേക്കുമായി മാഞ്ഞുപോകും. കാരണം സർവശക്തനായ ദൈവത്തിന്റെ വാഗ്ദാനം ഇതാണ്: “പഴയ കാര്യങ്ങൾ ആരുടെയും മനസ്സിലേക്കു വരില്ല; ആരുടെയും ഹൃദയത്തിൽ അവയുണ്ടായിരിക്കില്ല.”—യശയ്യ 65:17.
സ്രഷ്ടാവ് നമുക്കുവേണ്ടി കരുതിവെച്ചിരിക്കുന്നത് “ഒരു നല്ല ഭാവിയും പ്രത്യാശയും” ആണ്. അതായത് ദൈവത്തിന്റെ തികവുറ്റ ഭരണത്തിൻകീഴിലെ സമാധാനപൂർണമായ ജീവിതം. (യിരെമ്യ 29:11) ഈ സത്യം മനസ്സിലാക്കുന്നതു ജീവിക്കുന്നതിൽ അർഥമുണ്ടെന്നു മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്നില്ലേ? ആദ്യലേഖനത്തിൽ പരിചയപ്പെട്ട സാലി പറയുന്നു: “ഭാവിയിൽ ദൈവരാജ്യം നമുക്കുവേണ്ടി ചെയ്യാൻപോകുന്ന വലിയ കാര്യങ്ങളെക്കുറിച്ച് ഓർത്തുകൊണ്ടിരിക്കുന്നതു പഴയ കാര്യങ്ങൾ മറക്കാനും ഇപ്പോഴുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കാനും നിങ്ങളെ സഹായിക്കും.”
ദൈവരാജ്യം പെട്ടെന്നുതന്നെ മനുഷ്യർക്കുവേണ്ടി കൂടുതലായി എന്തൊക്കെ ചെയ്യുമെന്നു മനസ്സിലാക്കാൻ ഒന്നു ശ്രമിച്ചുകൂടേ? അങ്ങനെ ചെയ്യുമ്പോൾ, ജീവിക്കുന്നതിന് അർഥമുണ്ടെന്ന നിങ്ങളുടെ ബോധ്യം ശക്തമാകും. കാരണം നിങ്ങൾ ദുരന്തങ്ങളൊന്നുമില്ലാത്ത ഒരു ഭാവിക്കുവേണ്ടി കാത്തിരിക്കുകയാണല്ലോ? എന്നാൽ അതുവരെ, ഇപ്പോഴുള്ള വിഷമങ്ങളുമായി ഒത്തുപോകാൻ ബൈബിൾ തരുന്ന നിർദേശങ്ങൾ നിങ്ങളെ സഹായിക്കും. ചില ഉദാഹരണങ്ങൾ നോക്കാം.