മുഖ്യലേഖനം | നാലു കുതിരസവാരിക്കാർ—നിങ്ങളെ സ്വാധീനിക്കുന്ന വിധം
നാലു കുതിരക്കാരും നിങ്ങളും!
ഇടിമുഴക്കുന്ന കുതിരക്കുളമ്പടി! ശക്തരായ നാലു കുതിരകളും അതിന്റെ സവാരിക്കാരും അവരുടെ യാത്ര തുടങ്ങിയിരിക്കുന്നു. ഈ സഞ്ചാരത്തെക്കുറിച്ചുള്ള ബൈബിൾവിവരണം വായനക്കാരുടെ ഹൃദയത്തിൽ ജീവസ്സുറ്റ ഒരു ചിത്രം വരച്ചിടുന്നു. ആദ്യം വരുന്ന വെള്ളക്കുതിരയുടെ സവാരിക്കാരൻ മഹത്ത്വപൂർണനും കിരീടധാരിയും ആയ ഒരു പുതിയ രാജാവാണ്. അതിനു പുറകെ വരുന്ന തീനിറമുള്ള കുതിരയുടെ സവാരിക്കാരൻ ഭൂമിയിൽനിന്ന് സമാധാനം എടുത്തുകളയാൻ വന്നിരിക്കുന്നു. തൊട്ടടുത്തതായി വരുന്ന മൂന്നാമത്തെ കുതിരയ്ക്കു കൂരിരുട്ടിന്റെ നിറമാണ്. തുലാസ് ഉയർത്തിപ്പിടിച്ചുകൊണ്ട് വരുന്ന അതിന്റെ സവാരിക്കാരൻ ഭക്ഷ്യദൗർലഭ്യത്തിന്റെ ഒരു ദുഃഖസന്ദേശം ഘോഷിക്കുന്നു. വിളറിയ നിറമുള്ള ഒരു കുതിരയാണ് നാലാമതായി എത്തുന്നത്. രോഗങ്ങളുടെയും മാരകമായ മറ്റെല്ലാത്തിന്റെയും സന്ദേശം അറിയിക്കുന്ന ആ സവാരിക്കാരൻ മരണംതന്നെയാണ്. അതിനെ പിന്തുടരുന്ന ശവക്കുഴി മാനവകുടുംബത്തിന്റെ ജീവൻ അതിദാരുണമായി കവർന്നെടുത്തുകൊണ്ടിരുന്നു!—വെളിപാട് 6:1-8.
“നാലു കുതിരക്കാരെക്കുറിച്ചുള്ള ബൈബിൾഭാഗം വായിച്ചപ്പോൾ ഞാൻ ആദ്യം പേടിച്ചുപോയി. ന്യായവിധിദിവസം അടുത്തുവരുകയാണെന്നും അതിനായി ഒരുങ്ങാത്തതുകൊണ്ട് ഒരിക്കലും രക്ഷപ്പെടാനാകില്ലെന്നും എനിക്കു തോന്നി.”—ക്രിസ്റ്റൽ.
“നാലു വ്യത്യസ്തനിറത്തിലുള്ള കുതിരസവാരിക്കാരുടെ യാത്ര എനിക്കു വളരെ രസകരമായി തോന്നി. ആ ദർശനത്തിന്റെ അർഥം മനസ്സിലാക്കിയപ്പോൾ കാര്യങ്ങളുടെ മുഴുവൻ ചിത്രം എനിക്കു ലഭിച്ചു.”—എഡ്.
വെളിപാട് പുസ്തകത്തിലെ ഈ നാലു കുതിരസവാരിക്കാരുടെ സഞ്ചാരത്തെക്കുറിച്ച് ക്രിസ്റ്റലിനു തോന്നിയതുപോലെയാണോ നിങ്ങൾക്കു തോന്നുന്നത്? അതോ എഡിനു തോന്നിയതുപോലെയാണോ? എന്തായിരുന്നാലും, ഈ നാലു കുതിരസവാരിക്കാരുടെയും ഇതിഹാസയാത്ര ബൈബിളിലെ അവസാനപുസ്തകമായ വെളിപാടിലെ പ്രസിദ്ധമായ ദൃശ്യരംഗങ്ങൾക്കു രൂപം നൽകിയിരിക്കുന്നു. ഈ ദർശനത്തെക്കുറിച്ച് മനസ്സിലാക്കുന്നതു നിങ്ങൾക്കു വ്യക്തിപരമായി ഗുണം ചെയ്യും. എങ്ങനെ? ഈ പ്രാവചനികപുസ്തകത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ വായിക്കുകയും പഠിക്കുകയും അതിനു ചേർച്ചയിൽ ജീവിക്കുകയും ചെയ്യുമ്പോൾ യഥാർഥ സന്തോഷം കണ്ടെത്താനാകുമെന്നു ദൈവം ഉറപ്പുനൽകുന്നു.—വെളിപാട് 1:1-3.
നാലു കുതിരസവാരിക്കാരെക്കുറിച്ചുള്ള വിവരണം വായിക്കുമ്പോൾ പലർക്കും ഭയം തോന്നാറുണ്ടെങ്കിലും അത് എഴുതിയിരിക്കുന്നത് ആ ഉദ്ദേശ്യത്തിലല്ല. വാസ്തവത്തിൽ, ഈ ദർശനം ലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസത്തെ ബലപ്പെടുത്തിയിരിക്കുന്നു, അവർക്കു ശോഭനമായ ഒരു ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നൽകിയിരിക്കുന്നു. നിങ്ങൾക്കും അത് അങ്ങനെയായിരിക്കട്ടെ! ദയവായി തുടർന്നും വായിക്കുക.