ഇതാ, മറ്റൊരു തെളിവ്!
പുരാവസ്തുശാസ്ത്രം ബൈബിൾരേഖയെ പിന്താങ്ങുന്നുണ്ടോ? 2014-ൽ ഒരു മാസികയിലെ (Biblical Archaeology Review) ലേഖനം ഇങ്ങനെ ചോദിച്ചു: “ബൈബിളിലെ എബ്രായതിരുവെഴുത്തുകളിൽ പരാമർശിച്ചിരിക്കുന്ന എത്ര വ്യക്തികളെ പുരാവസ്തുശാസ്ത്രം അംഗീകരിക്കുന്നുണ്ട്?” അതിന് ഉത്തരം നൽകിയത് “കുറഞ്ഞത് 50 പേരെങ്കിലും” എന്നാണ്. എന്നാൽ ആ ലേഖനത്തിൽ നൽകിയിരുന്ന പട്ടികയിൽ തത്നായിയുടെ പേരില്ല. ആരാണ് തത്നായി? ബൈബിൾരേഖകൾ അദ്ദേഹത്തെക്കുറിച്ച് നൽകിയിരിക്കുന്ന ഹ്രസ്വവിവരണം നമുക്കു നോക്കാം.
യരുശലേം ഒരിക്കൽ വിശാലമായ പേർഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. പേർഷ്യക്കാർ അക്കരപ്രദേശം എന്നു വിളിക്കുന്ന, യൂഫ്രട്ടീസിനു പടിഞ്ഞാറുള്ള സ്ഥലത്താണ് ഈ നഗരം സ്ഥിതിചെയ്തിരുന്നത്. ബാബിലോണിയ കീഴടക്കിയതിനു ശേഷം, അടിമകളായിരുന്ന ജൂതന്മാരെ പേർഷ്യക്കാർ വിട്ടയയ്ക്കുകയും യരുശലേമിലുള്ള യഹോവയുടെ ആലയം പുതുക്കിപ്പണിയാൻ അവർക്ക് അനുമതി നൽകുകയും ചെയ്തു. (എസ്ര 1:1-4) എന്നാൽ ജൂതന്മാരുടെ ശത്രുക്കൾ ഈ പദ്ധതിയെ എതിർക്കുകയും ജൂതന്മാർ പേർഷ്യക്കാർക്ക് എതിരെ പ്രവർത്തിക്കുകയാണെന്ന് വ്യാജാരോപണം ഉന്നയിക്കുകയും ചെയ്തു. (എസ്ര 4:4-16) ദാര്യാവേശ് ഒന്നാമൻ ഭരിക്കുന്ന സമയത്ത് (ബി.സി. 522-486), ഈ പ്രശ്നത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു പേർഷ്യൻ ഉദ്യോഗസ്ഥനായ തത്നായിയെ നിയമിക്കുന്നു. ഈ ഉദ്യോഗസ്ഥനെ ബൈബിൾ വിളിക്കുന്നത്, ‘അക്കരപ്രദേശത്തിന്റെ ഗവർണർ’ എന്നാണ്.—എസ്ര 5:3-7.
പുരാവസ്തുശാസ്ത്രജ്ഞർ കണ്ടെടുത്ത അനേകം ക്യൂണിഫോം ഫലകങ്ങളിൽ തത്നായിയുടെ പേര് കണ്ടെത്തിയിരിക്കുന്നു. ആ ഫലകങ്ങൾ ഒരു കുടുംബത്തിന്റെ ശേഖരമാകാം. അതിൽ ഒന്ന്, ബി.സി. 502-ൽ ദാര്യാവേശ് ഒന്നാമന്റെ വാഴ്ചയുടെ 20-ാം ആണ്ടിൽ തയ്യാറാക്കിയ ഒരു സാമ്പത്തിക ഇടപാടിന്റെ രേഖയാണ്. ആ ഇടപാടിന് സാക്ഷിയായ, “അക്കരപ്രദേശത്തിന്റെ ഗവർണറായ തത്നുവിന്റെ” ജോലിക്കാരനെക്കുറിച്ചാണ് അതിൽ പറയുന്നത്. ഈ തത്നുവാണ് ബൈബിൾ പുസ്തകമായ എസ്രയിൽ പറഞ്ഞിരിക്കുന്ന തത്നായി.
ഇദ്ദേഹം ആരായിരുന്നു? ബി.സി. 535-ൽ മഹാനായ കോരെശ് തന്റെ ഭരണപ്രദേശത്തെ പല പ്രവിശ്യകളായി തിരിച്ചു. അതിൽ ഒന്നായിരുന്നു ബാബിലോണും അക്കരപ്രദേശവും. ഈ പ്രവിശ്യയെ പിന്നീട് രണ്ടായി വിഭാഗിച്ചു. അതിൽ ഒന്നിനെയാണ് അക്കരപ്രദേശം എന്നു വിളിക്കുന്നത്. ഇതിൽ കൊയ്ലി-സിറിയ, ഫൊയ്നിക്യ, ശമര്യ, യഹൂദ എന്നിവ ഉൾപ്പെടുന്നു. ദമസ്കൊസ് ആയിരുന്നു ഇവയുടെയെല്ലാം ഭരണകേന്ദ്രം. ബി.സി. 520 മുതൽ 502 വരെ ഈ പ്രദേശങ്ങളുടെ ഗവർണർ തത്നായിയായിരുന്നു.
യഹോവയുടെ ആലയം ജൂതന്മാർ പുതുക്കിപ്പണിയുന്നതിനോടുള്ള ബന്ധത്തിൽ യരുശലേമിലുണ്ടായിരുന്ന പ്രശ്നം അന്വേഷിച്ച തത്നായി ദാര്യാവേശിന് അതേക്കുറിച്ചുള്ള റിപ്പോർട്ട് നൽകി. ജൂതന്മാർക്ക് അതിനുള്ള അധികാരം കോരെശ് രാജാവിൽനിന്ന് ലഭിച്ചുവെന്നത് ശരിയാണെന്ന് അദ്ദേഹം റിപ്പോർട്ട് ചെയ്തു. രാജകൊട്ടാരത്തിലെ ചരിത്രരേഖകൾ ജൂതന്മാരുടെ വാദത്തെ ശരിവെക്കുന്നതായിരുന്നു. (എസ്ര 5:6, 7, 11-13; 6:1-3) അതുകൊണ്ട്, ജൂതന്മാരുടെ പണിയെ തടസ്സപ്പെടുത്തരുതെന്നു രാജാവ് പറഞ്ഞതു തത്നായി അനുസരിച്ചു.—എസ്ര 6:6, 7, 13.
‘അക്കരപ്രദേശത്തിന്റെ ഗവർണറായിരുന്ന തത്നായിയെക്കുറിച്ച്’ ചരിത്രത്തിൽ ചെറിയചെറിയ പരാമർശങ്ങളേ ഉള്ളൂ എന്നതു സത്യമാണ്. എന്നാൽ തിരുവെഴുത്തുകൾ അദ്ദേഹത്തെക്കുറിച്ച് പറയുന്നെന്നു മാത്രമല്ല അദ്ദേഹത്തിന്റെ കൃത്യമായ സ്ഥാനപ്പേരും പറഞ്ഞിരിക്കുന്നു. ബൈബിളിന്റെ ചരിത്രപരമായ കൃത്യതയെ പുരാവസ്തുശാസ്ത്രം പിന്താങ്ങുന്നു എന്നു കാണിക്കുന്ന മറ്റൊരു തെളിവാണ് ഇത്.