വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സത്യമാ​യി​ത്തീ​രുന്ന വാഗ്‌ദാ​നങ്ങൾ

സത്യമാ​യി​ത്തീ​രുന്ന വാഗ്‌ദാ​നങ്ങൾ

യേശു പ്രവചി​ച്ച​തു​പോ​ലെ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത ഇന്നു ഭൂമി​യി​ലെ​ങ്ങും പ്രസം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. (മത്തായി 24:14) എന്താണ്‌ ഈ ദൈവ​രാ​ജ്യം? ബൈബി​ളി​ലെ ദാനി​യേൽ പുസ്‌തകം ഈ രാജ്യം ദൈവ​ത്തി​ന്റെ ഗവൺമെ​ന്റാ​ണെന്നു പറയുന്നു. ആ പുസ്‌ത​ക​ത്തി​ന്റെ രണ്ടാം അധ്യാ​യ​ത്തിൽ, പുരാ​ത​ന​ബാ​ബി​ലോൺ മുതൽ നമ്മുടെ കാലം വരെ മാറി​മാ​റി വന്ന പ്രധാ​ന​പ്പെട്ട മനുഷ്യ​ഗ​വൺമെ​ന്റു​ക​ളെ​ക്കു​റിച്ച്‌ അഥവാ രാജ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ പറയു​ന്നുണ്ട്‌. അടുത്ത​താ​യി നടക്കാൻ പോകു​ന്നത്‌ എന്താ​ണെന്ന്‌ 44-ാം വാക്യ​ത്തിൽ കാണാം.

“സ്വർഗ​സ്ഥ​നായ ദൈവം ഒരിക്ക​ലും നശിച്ചു​പോ​കാത്ത ഒരു രാജ്യം സ്ഥാപി​ക്കും. ആ രാജ്യം മറ്റൊരു ജനതയ്‌ക്കും കൈമാ​റില്ല. ഈ രാജ്യ​ങ്ങ​ളെ​യെ​ല്ലാം തകർത്ത്‌ ഇല്ലാതാ​ക്കി​യിട്ട്‌ അതു മാത്രം എന്നും നിലനിൽക്കും.”

ദൈവ​രാ​ജ്യം എല്ലാ ഭരണങ്ങ​ളെ​യും നീക്കി, കെട്ടു​റ​പ്പുള്ള ഒരു സമൂഹം വാർത്തെ​ടു​ക്കുന്ന ഒരു ഭരണം സ്ഥാപി​ക്കു​മെന്ന്‌ ഈ പ്രവച​ന​വും മറ്റു ബൈബിൾപ്ര​വ​ച​ന​ങ്ങ​ളും സൂചി​പ്പി​ക്കു​ന്നു. ആ രാജ്യ​ത്തിൽ ജീവിതം എങ്ങനെ​യു​ള്ള​താ​യി​രി​ക്കും? ഉടനെ യാഥാർഥ്യ​മാ​കാൻ പോകുന്ന മനോ​ഹ​ര​മായ ചില വാഗ്‌ദാ​നങ്ങൾ പരി​ശോ​ധി​ക്കാം.

  • ഇനി യുദ്ധം ഇല്ല

    സങ്കീർത്തനം 46:9: “ദൈവം ഭൂമി​യി​ലെ​ങ്ങും യുദ്ധങ്ങൾ നിറു​ത്ത​ലാ​ക്കു​ന്നു. വില്ല്‌ ഒടിച്ച്‌ കുന്തം തകർക്കു​ന്നു, യുദ്ധവാ​ഹ​നങ്ങൾ കത്തിച്ചു​ക​ള​യു​ന്നു.”

    യുദ്ധായുധങ്ങൾ ഉണ്ടാക്കാൻ ഉപയോ​ഗി​ക്കുന്ന പണവും വൈദ​ഗ്‌ധ്യ​വും മനുഷ്യർക്കു പ്രയോ​ജനം ചെയ്യുന്ന കാര്യ​ങ്ങൾക്കു​വേണ്ടി ഉപയോ​ഗി​ച്ചാൽ ലോക​ത്തി​ന്റെ അവസ്ഥ എത്ര മെച്ചമാ​യി​രു​ന്നേനേ! ദൈവ​രാ​ജ്യ​ത്തിൽ ഈ വാഗ്‌ദാ​നം യാഥാർഥ്യ​മാ​യി​ത്തീ​രും.

  • ഇനി രോഗം ഇല്ല

    യശയ്യ 33:24: “‘എനിക്കു രോഗ​മാണ്‌’ എന്നു ദേശത്ത്‌ വസിക്കുന്ന ആരും പറയില്ല.”

    ഹൃദ്രോഗം, ക്യാൻസർ, മലമ്പനി ഇതു​പോ​ലുള്ള രോഗ​ങ്ങ​ളൊ​ന്നും ഇല്ലാത്ത ഒരു ലോകം ഒന്നു ചിന്തി​ച്ചു​നോ​ക്കൂ. ആശുപ​ത്രി​ക​ളു​ടെ​യും മരുന്നു​ക​ളു​ടെ​യും ആവശ്യ​മില്ല. എല്ലാവർക്കും പൂർണാ​രോ​ഗ്യം! ഭൂമി​യിൽ ജീവി​ക്കു​ന്ന​വരെ കാത്തി​രി​ക്കു​ന്നത്‌ അതാണ്‌.

  • ഇനി ഭക്ഷ്യക്ഷാ​മം ഇല്ല

    സങ്കീർത്തനം 72:16: “ഭൂമി​യിൽ ധാന്യം സുലഭ​മാ​യി​രി​ക്കും; മലമു​ക​ളിൽ അതു നിറഞ്ഞു​ക​വി​യും.”

    ഭൂമി എല്ലാവർക്കും ആവശ്യ​മായ ഭക്ഷണം ഉത്‌പാ​ദി​പ്പി​ക്കും. എല്ലാവർക്കും അതു ലഭ്യമാ​കു​ക​യും ചെയ്യും. പട്ടിണി​യും പോഷ​ക​ക്കു​റ​വും വെറും പഴങ്കഥ​ക​ളാ​കും.

  • ഇനി വേദന​യോ ദുഃഖ​മോ മരണമോ ഇല്ല

    വെളിപാട്‌ 21:4: “ദൈവം അവരുടെ കണ്ണുക​ളിൽനിന്ന്‌ കണ്ണീ​രെ​ല്ലാം തുടച്ചു​ക​ള​യും. മേലാൽ മരണം ഉണ്ടായി​രി​ക്കില്ല; ദുഃഖ​മോ നിലവി​ളി​യോ വേദന​യോ ഉണ്ടായി​രി​ക്കില്ല. പഴയ​തെ​ല്ലാം കഴിഞ്ഞു​പോ​യി!”

    ഭൂമി​യി​ലെ പറുദീ​സ​യിൽ എല്ലാവ​രും ഒരു കുറവു​ക​ളു​മി​ല്ലാ​തെ, എന്നേക്കും ജീവി​ക്കും! അതാണ്‌, നമ്മുടെ സ്‌നേ​ഹ​വാ​നായ സ്രഷ്ടാ​വും ദൈവ​വും ആയ യഹോവ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നത്‌.

“ഉറപ്പാ​യും നടത്തും”

ഇതു വെറു​മൊ​രു സ്വപ്‌ന​മാ​ണോ? ബൈബി​ളിൽ പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലുള്ള ജീവിതം ആസ്വദി​ക്കാൻ ആളുകൾ ആഗ്രഹി​ക്കു​ന്നു​വെ​ന്നതു ശരിയാണ്‌. പക്ഷേ, എല്ലാ കാലത്തും ജീവി​ക്കുക എന്നതു പലർക്കും ഉൾക്കൊ​ള്ളാ​നാ​കു​ന്നില്ല. അതിൽ അതിശ​യി​ക്കാ​നില്ല. കാരണം, അങ്ങനെ​യൊ​രു ജീവി​ത​ത്തെ​ക്കു​റിച്ച്‌ പറഞ്ഞു​ത​രാൻമാ​ത്രം അത്‌ അനുഭ​വി​ച്ച​റിഞ്ഞ ആരും​ത​ന്നെ​യില്ല.

മനുഷ്യ​കു​ടും​ബം പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും അടിമ​ക​ളാണ്‌. മനുഷ്യ​രെ​ല്ലാം കാലങ്ങ​ളാ​യി വേദന​യി​ലൂ​ടെ​യും ദുരി​ത​ങ്ങ​ളി​ലൂ​ടെ​യും പ്രശ്‌ന​ങ്ങ​ളി​ലൂ​ടെ​യും ഞരങ്ങി​നീ​ങ്ങു​ക​യാണ്‌. അതു​കൊണ്ട്‌, ജീവിതം എന്നാൽ ഇങ്ങനെ​യാ​ണെ​ന്നാണ്‌ പലരും ചിന്തി​ക്കു​ന്നത്‌. എന്നാൽ മനുഷ്യ​രെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യം ഇതിൽനിന്ന്‌ വളരെ വ്യത്യ​സ്‌ത​മാണ്‌.

തന്റെ വാഗ്‌ദാ​ന​ങ്ങ​ളെ​ല്ലാം എത്ര​ത്തോ​ളം ഉറപ്പു​ള്ള​താ​ണെന്നു മനസ്സി​ലാ​ക്കാൻ നമ്മളെ സഹായി​ച്ചു​കൊണ്ട്‌ ദൈവം ഇങ്ങനെ തറപ്പി​ച്ചു​പ​റഞ്ഞു: “ഫലം കാണാതെ അത്‌ എന്റെ അടു​ത്തേക്കു മടങ്ങി​വ​രില്ല. അത്‌ എന്റെ ഇഷ്ടമെ​ല്ലാം നിറ​വേ​റ്റും; ഞാൻ അയച്ച കാര്യം ഉറപ്പാ​യും നടത്തും!”—യശയ്യ 55:11.

യഹോ​വ​യെ “നുണ പറയാൻ കഴിയാത്ത ദൈവം” എന്നാണു ബൈബി​ളിൽ വിളി​ക്കു​ന്നത്‌. (തീത്തോസ്‌ 1:2) ഈ ദൈവ​മാണ്‌ മനോ​ഹ​ര​മായ ഈ വാഗ്‌ദാ​ന​ങ്ങ​ളെ​ല്ലാം നൽകി​യി​രി​ക്കു​ന്നത്‌. അതു​കൊണ്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ മനസ്സി​രു​ത്തി ചിന്തി​ക്കു​ന്നത്‌ നല്ലതാ​യി​രി​ക്കും: വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന പറുദീ​സാ​ഭൂ​മി​യിൽ മനുഷ്യർക്ക്‌ എല്ലാ കാലവും ജീവി​ച്ചി​രി​ക്കാ​മെന്നു പറയു​ന്നതു ശരിയാ​യി​രി​ക്കി​ല്ലേ? ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ത്തിൽനിന്ന്‌ പ്രയോ​ജനം നേടണ​മെ​ങ്കിൽ നമ്മൾ എന്തു ചെയ്യണം? ഈ മാസി​ക​യു​ടെ തുടർന്നു​വ​രുന്ന ലേഖന​ങ്ങ​ളിൽ ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം ലഭിക്കും.