വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളു​ടെ ഭാവി നിങ്ങളു​ടെ കൈയിൽ!

നിങ്ങളു​ടെ ഭാവി നിങ്ങളു​ടെ കൈയിൽ!

നിങ്ങളു​ടെ ഭാവി നിങ്ങളു​ടെ കൈയിൽത്ത​ന്നെ​യാ​ണോ? വിധി. അതാണ്‌ ഒരു വ്യക്തി​യു​ടെ ജീവി​തത്തെ നിയ​ന്ത്രി​ക്കു​ന്നത്‌. അല്ലാതെ ഒരാളു​ടെ തിര​ഞ്ഞെ​ടു​പ്പു​ക​ളോ തീരു​മാ​ന​ങ്ങ​ളോ അല്ല. ഇങ്ങനെ​യാണ്‌ ചില ആളുകൾ വിശ്വ​സി​ക്കു​ന്നത്‌. ലക്ഷ്യങ്ങ​ളിൽ എത്താൻ പരാജ​യ​പ്പെ​ടു​മ്പോൾ, “എനിക്ക്‌ ഇതിനുള്ള യോഗ​മില്ല” എന്നു പറഞ്ഞു​കൊണ്ട്‌ ചിലർ വിധിയെ പഴിക്കു​ന്നു.

അനീതി​യും ക്രൂര​ത​യും നിറഞ്ഞ ഈ ലോക​ത്തിൽനിന്ന്‌ ഒരിക്ക​ലും രക്ഷപ്പെ​ടാ​നാ​വി​ല്ലെന്നു തോന്നു​മ്പോൾ മറ്റു ചിലർ തകർന്നു​പോ​കു​ന്നു. അവർ അവരുടെ ജീവിതം മെച്ച​പ്പെ​ടു​ത്താൻ എത്ര ശ്രമി​ച്ചി​ട്ടും സാധി​ക്കു​ന്നില്ല. യുദ്ധവും അതി​ക്ര​മ​ങ്ങ​ളും പ്രകൃ​തി​ദു​ര​ന്ത​ങ്ങ​ളും രോഗ​ങ്ങ​ളും അവരുടെ പദ്ധതികൾ തകിടം മറിക്കു​ന്നു. ‘ഇനി ശ്രമി​ച്ചിട്ട്‌ എന്ത്‌ കാര്യം’ എന്ന്‌ അവർ ചിന്തി​ക്കു​ന്നു.

ജീവി​ത​സാ​ഹ​ച​ര്യ​ങ്ങൾ നിങ്ങളു​ടെ പദ്ധതി​കളെ കാര്യ​മാ​യി ബാധി​ച്ചേ​ക്കാം. (സഭാ​പ്ര​സം​ഗകൻ 9:11) എന്നാൽ നിങ്ങളു​ടെ നിത്യ​മായ ഭാവി​യു​ടെ കാര്യം വരു​മ്പോൾ ഒരർഥ​ത്തിൽ നിങ്ങളു​ടെ ഭാവി നിങ്ങളു​ടെ കൈയിൽത്ത​ന്നെ​യാണ്‌. നമ്മൾ എന്തു തിര​ഞ്ഞെ​ടു​ക്കു​ന്നു എന്നതിനെ ആശ്രയി​ച്ചി​രി​ക്കും നമ്മുടെ ഭാവി എന്നാണ്‌ ബൈബിൾ പറയു​ന്നത്‌.

പുരാതന ഇസ്രാ​യേൽജനത വാഗ്‌ദ​ത്ത​ദേ​ശ​ത്തേക്കു കടക്കു​ന്ന​തി​നു മുമ്പായി, അവരെ നയിച്ചി​രുന്ന മോശ യഹോ​വ​യു​ടെ ഈ വാക്കുകൾ ജനത്തെ അറിയി​ച്ചു: “ഞാൻ നിങ്ങളു​ടെ മുമ്പാകെ ജീവനും മരണവും, അനു​ഗ്ര​ഹ​വും ശാപവും വെച്ചി​രി​ക്കു​ന്നു. . . . നിങ്ങളും നിങ്ങളു​ടെ വംശജ​രും ജീവി​ച്ചി​രി​ക്കാ​നാ​യി ജീവൻ തിര​ഞ്ഞെ​ടു​ത്തു​കൊ​ള്ളുക. നിങ്ങൾ ജീവ​നോ​ടി​രി​ക്ക​ണ​മെ​ങ്കിൽ നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും ദൈവ​ത്തി​ന്റെ വാക്കു കേൾക്കു​ക​യും ദൈവ​ത്തോ​ടു പറ്റി​ച്ചേ​രു​ക​യും വേണം.”ആവർത്തനം 30:15, 19, 20.

“ഞാൻ നിങ്ങളു​ടെ മുമ്പാകെ ജീവനും മരണവും, അനു​ഗ്ര​ഹ​വും ശാപവും വെച്ചി​രി​ക്കു​ന്നു. . . . ജീവൻ തിര​ഞ്ഞെ​ടു​ത്തു​കൊ​ള്ളുക.”—ആവർത്തനം 30:19

ശരിയാ​യി​രു​ന്നു. ദൈവം ഇസ്രാ​യേൽജ​ന​തയെ ഈജി​പ്‌തി​ന്റെ അടിമ​ത്ത​ത്തിൽനിന്ന്‌ മോചി​പ്പി​ക്കു​ക​യും വാഗ്‌ദ​ത്ത​ദേ​ശത്ത്‌ സന്തോ​ഷ​ത്തോ​ടെ, സ്വത​ന്ത്ര​മാ​യി ജീവി​ക്കാ​നുള്ള അവസരം നൽകു​ക​യും ചെയ്‌തു. എന്നാൽ അതെല്ലാം അവർക്കു താനേ ലഭിക്കി​ല്ലാ​യി​രു​ന്നു. അനു​ഗ്രഹം ലഭിക്കു​ന്ന​തി​നാ​യി അവർ ‘ജീവൻ തിര​ഞ്ഞെ​ടു​ക്ക​ണ​മാ​യി​രു​ന്നു.’ എങ്ങനെ? ‘ദൈവ​മായ യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും ദൈവ​ത്തി​ന്റെ വാക്കു കേൾക്കു​ക​യും ദൈവ​ത്തോ​ടു പറ്റി​ച്ചേ​രു​ക​യും’ ചെയ്‌തു​കൊണ്ട്‌.

നിങ്ങളു​ടെ മുമ്പി​ലും സമാന​മായ ഒരു തിര​ഞ്ഞെ​ടു​പ്പുണ്ട്‌. എന്തു തിര​ഞ്ഞെ​ടു​ക്കു​ന്നു എന്നതിനെ ആശ്രയി​ച്ചി​രി​ക്കും നിങ്ങളു​ടെ ഭാവി. നിങ്ങൾ ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കു​മുള്ള ജീവിതം ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ദൈവ​മായ യഹോ​വയെ സ്‌നേ​ഹി​ക്കാ​നും ദൈവ​ത്തി​ന്റെ വാക്കു കേൾക്കാ​നും ദൈവ​ത്തോ​ടു പറ്റി​ച്ചേ​രാ​നും ആയിരി​ക്കണം നിങ്ങളു​ടെ തീരു​മാ​നം. എന്നാൽ ഇതിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌?

ദൈവത്തെ സ്‌നേ​ഹി​ക്കു​ക

സ്‌നേഹം ദൈവ​ത്തി​ന്റെ പ്രമു​ഖ​ഗു​ണ​മാണ്‌. ദൈവ​പ്ര​ചോ​ദി​ത​മാ​യി അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ എഴുതി​യത്‌ “ദൈവം സ്‌നേ​ഹ​മാണ്‌” എന്നാണ്‌. (1 യോഹ​ന്നാൻ 4:8) അതു​കൊ​ണ്ടാണ്‌ ഏറ്റവും വലിയ കല്‌പന ഏതാ​ണെന്നു ചോദി​ച്ച​പ്പോൾ യേശു ഇങ്ങനെ പറഞ്ഞത്‌: “നിന്റെ ദൈവ​മായ യഹോ​വയെ നീ നിന്റെ മുഴു​ഹൃ​ദ​യ​ത്തോ​ടും നിന്റെ മുഴു​ദേ​ഹി​യോ​ടും നിന്റെ മുഴു​മ​ന​സ്സോ​ടും കൂടെ സ്‌നേ​ഹി​ക്കണം.” (മത്തായി 22:37) അതു​കൊണ്ട്‌, യഹോ​വ​യു​മാ​യി നല്ലൊരു ബന്ധത്തി​ലേക്കു വരാൻ ഒരാൾ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ അതിന്റെ അടിസ്ഥാ​നം ഭയമാ​യി​രി​ക്ക​രുത്‌. മറിച്ച്‌ സ്‌നേ​ഹ​മാ​യി​രി​ക്കണം. നിങ്ങൾ ദൈവത്തെ സ്‌നേ​ഹി​ക്കാൻ തീരു​മാ​നി​ക്കു​മോ? എങ്കിൽ എന്തു​കൊണ്ട്‌?

സ്‌നേ​ഹ​നി​ധി​ക​ളായ മാതാ​പി​താ​ക്കൾ മക്കളെ സ്‌നേ​ഹി​ക്കു​ന്ന​തു​പോ​ലെ​യാണ്‌ ദൈവം മനുഷ്യ​രെ സ്‌നേ​ഹി​ക്കു​ന്നത്‌. കുറവു​ക​ളു​ണ്ടെ​ങ്കി​ലും സ്‌നേ​ഹ​മുള്ള മാതാ​പി​താ​ക്കൾ, മക്കൾ സന്തോ​ഷ​ത്തോ​ടെ​യി​രി​ക്കാ​നും വിജയിച്ച്‌ കാണാ​നും​വേണ്ടി അവരെ ഉപദേ​ശി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും പിന്തു​ണ​യ്‌ക്കു​ക​യും അവർക്കു ശിക്ഷണം നൽകു​ക​യും ചെയ്യുന്നു. എന്നാൽ മാതാ​പി​താ​ക്കൾ മക്കളിൽനിന്ന്‌ പ്രതീ​ക്ഷി​ക്കു​ന്നത്‌ എന്താണ്‌? തങ്ങളെ സ്‌നേ​ഹി​ക്കാ​നും മക്കളുടെ നന്മക്കായി പറഞ്ഞു​കൊ​ടുത്ത കാര്യങ്ങൾ അനുസ​രി​ക്കാ​നും ആണ്‌. അങ്ങനെ​യെ​ങ്കിൽ, പരിപൂർണ​നായ നമ്മുടെ സ്വർഗീ​യ​പി​താവ്‌ നമുക്കു​വേണ്ടി ചെയ്‌തു​ത​ന്നി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​പ്രതി നമ്മൾ ദൈവത്തെ സ്‌നേ​ഹി​ക്കാൻ പ്രതീ​ക്ഷി​ക്കു​ന്ന​തിൽ എന്താണ്‌ തെറ്റ്‌?

ദൈവ​ത്തി​ന്റെ വാക്കു കേൾക്കുക

ബൈബിൾ ആദ്യം എഴുതിയ ഭാഷയിൽ “കേൾക്കുക” എന്ന വാക്കിന്‌ “അനുസ​രി​ക്കുക” എന്ന അർഥവു​മുണ്ട്‌. “അപ്പനും അമ്മയും പറയു​ന്നത്‌ കേൾക്ക്‌” എന്ന്‌ ഒരു കുട്ടി​യോ​ടു പറയു​മ്പോൾ നമ്മളും ഇതുത​ന്നെ​യല്ലേ ഉദ്ദേശി​ക്കു​ന്നത്‌? ദൈവ​ത്തി​ന്റെ വാക്കുകൾ കേൾക്കുക എന്നു പറയു​മ്പോ​ഴും ആ വാക്കുകൾ മനസ്സി​ലാ​ക്കു​ന്ന​തും അനുസ​രി​ക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു. നമുക്കു ദൈവ​ത്തി​ന്റെ സ്വരം നേരിട്ട്‌ കേൾക്കാ​നാ​വില്ല. എന്നാൽ ദൈവ​വ​ച​ന​മായ ബൈബി​ളി​ലുള്ള കാര്യങ്ങൾ വായി​ച്ചു​കൊ​ണ്ടും അത്‌ അനുസ​രിച്ച്‌ ജീവി​ച്ചു​കൊ​ണ്ടും നമുക്കു ദൈവ​ത്തി​ന്റെ വാക്കുകൾ കേൾക്കാം.—1 യോഹ​ന്നാൻ 5:3.

ദൈവ​ത്തി​ന്റെ വാക്കുകൾ കേൾക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം കാണി​ച്ചു​കൊണ്ട്‌ യേശു ഒരവസ​ര​ത്തിൽ ഇങ്ങനെ പറഞ്ഞു: “മനുഷ്യൻ അപ്പം​കൊണ്ട്‌ മാത്രമല്ല, യഹോ​വ​യു​ടെ വായിൽനിന്ന്‌ വരുന്ന എല്ലാ വചനം​കൊ​ണ്ടും ജീവി​ക്കേ​ണ്ട​താണ്‌.” (മത്തായി 4:4) ഭക്ഷണം കഴിക്കു​ന്ന​തു​പോ​ലെ, അല്ലെങ്കിൽ അതിലും പ്രധാ​ന​മാണ്‌, ദൈവ​ത്തിൽനി​ന്നുള്ള അറിവു നേടുക എന്നത്‌. എന്തു​കൊണ്ട്‌? ജ്ഞാനി​യായ ശലോ​മോൻ രാജാവ്‌ ഇങ്ങനെ വിശദീ​ക​രി​ച്ചു: “പണം ഒരു സംരക്ഷ​ണ​മാ​യി​രി​ക്കു​ന്ന​തു​പോ​ലെ ജ്ഞാനവും ഒരു സംരക്ഷ​ണ​മാണ്‌. പക്ഷേ, അറിവി​ന്റെ മേന്മ ഇതാണ്‌: ജ്ഞാനം ഒരുവന്റെ ജീവനെ സംരക്ഷി​ക്കു​ന്നു.” (സഭാ​പ്ര​സം​ഗകൻ 7:12) ദൈവ​ത്തിൽനി​ന്നുള്ള അറിവി​നും ജ്ഞാനത്തി​നും നമ്മളെ ഇന്നു സംരക്ഷി​ക്കാ​നാ​കും. മാത്രമല്ല, ഭാവി​യിൽ എന്നേക്കു​മുള്ള ജീവൻ ലഭിക്കു​ന്ന​തി​ലേക്കു നയിക്കുന്ന തിര​ഞ്ഞെ​ടു​പ്പു​കൾ നടത്താ​നും അതു സഹായി​ക്കും.

ദൈവ​ത്തോ​ടു പറ്റി​ച്ചേ​രു​ക

കഴിഞ്ഞ ലേഖന​ത്തിൽ പറഞ്ഞ രണ്ടു വഴിക​ളെ​ക്കു​റിച്ച്‌ നമുക്ക്‌ ഒന്നുകൂ​ടി​യൊ​ന്നു നോക്കാം. യേശു പറഞ്ഞു: “ജീവനി​ലേ​ക്കുള്ള വാതിൽ ഇടുങ്ങി​യ​തും വഴി ഞെരു​ക്ക​മു​ള്ള​തും ആണ്‌. കുറച്ച്‌ പേർ മാത്രമേ അതു കണ്ടെത്തു​ന്നു​ള്ളൂ.” (മത്തായി 7:13, 14) പരിചി​ത​മ​ല്ലാത്ത ചെറിയ വഴിയി​ലൂ​ടെ പോകു​മ്പോൾ നമ്മൾ ആരോ​ടെ​ങ്കി​ലും സഹായം തേടു​ന്ന​തു​പോ​ലെ ജീവനി​ലേ​ക്കുള്ള വഴിയേ പോകു​ന്ന​തി​നു നമുക്കു സഹായം വേണം. വിദഗ്‌ധ​വ​ഴി​കാ​ട്ടി​യായ ദൈവ​ത്തോ​ടു നമ്മൾ പറ്റിനിൽക്കണം. എന്നാൽ മാത്രമേ നിത്യ​ജീ​വൻ എന്ന ലക്ഷ്യത്തിൽ എത്തുക​യു​ള്ളൂ. (സങ്കീർത്തനം 16:8) അതിന്‌ നമുക്ക്‌ എങ്ങനെ കഴിയും?

ദിവസ​വും നമ്മൾ ചെയ്യേ​ണ്ട​തും ചെയ്യാൻ ആഗ്രഹി​ക്കു​ന്ന​തും ആയ അനേകം കാര്യ​ങ്ങ​ളുണ്ട്‌. ഈ കാര്യ​ങ്ങ​ളൊ​ക്കെ നമ്മളെ തിരക്കു​ള്ള​വ​രാ​ക്കു​ന്നു. നമ്മൾ എന്ത്‌ ചെയ്യാ​നാണ്‌ ദൈവം ആഗ്രഹി​ക്കു​ന്നത്‌ എന്നതി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കാ​നുള്ള സമയം​പോ​ലും നമുക്കു കിട്ടി​യെന്നു വരില്ല. അതു​കൊ​ണ്ടാണ്‌ ബൈബിൾ നമ്മളെ ഇങ്ങനെ ഓർമി​പ്പി​ക്കു​ന്നത്‌: “നിങ്ങൾ എങ്ങനെ ജീവി​ക്കു​ന്നെന്നു പ്രത്യേ​കം ശ്രദ്ധി​ക്കുക; ബുദ്ധി​ഹീ​ന​രാ​യല്ല, ബുദ്ധി​യോ​ടെ നടന്ന്‌ സമയം ഏറ്റവും നന്നായി ഉപയോ​ഗി​ക്കുക. കാരണം കാലം ദുഷി​ച്ച​താണ്‌.” (എഫെസ്യർ 5:15, 16) ദൈവ​വു​മാ​യുള്ള ബന്ധത്തിനു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ക്കു​ന്നെ​ങ്കിൽ നമ്മൾ ദൈവ​ത്തോ​ടു പറ്റിനിൽക്കു​ക​യാ​യി​രി​ക്കും.—മത്തായി 6:33.

തിര​ഞ്ഞെ​ടുപ്പ്‌ നിങ്ങളു​ടേത്‌

നിങ്ങളു​ടെ കഴിഞ്ഞ കാലം മാറ്റാൻ നിങ്ങൾക്ക്‌ ഒന്നും ചെയ്യാൻ കഴിയില്ല. എങ്കിലും നിങ്ങൾക്കും നിങ്ങളു​ടെ പ്രിയ​പ്പെ​ട്ട​വർക്കും നല്ല ഒരു ഭാവി ഉറപ്പാ​ക്കു​ന്ന​തി​നു​വേണ്ടി പലതും ചെയ്യാൻ കഴിയും. നമ്മുടെ സ്വർഗീ​യ​പി​താ​വായ യഹോവ നമ്മളെ അങ്ങേയറ്റം സ്‌നേ​ഹി​ക്കു​ന്ന​തു​കൊണ്ട്‌ നമ്മൾ എന്താണ്‌ ചെയ്യേ​ണ്ട​തെന്നു ബൈബി​ളി​ലൂ​ടെ യഹോവ വ്യക്തമാ​ക്കി​യി​ട്ടുണ്ട്‌. പ്രവാ​ച​ക​നായ മീഖയു​ടെ ഈ വാക്കുകൾ ശ്രദ്ധി​ക്കുക:

“മനുഷ്യാ, നല്ലത്‌ എന്താ​ണെന്നു ദൈവം നിനക്കു പറഞ്ഞു​ത​ന്നി​ട്ടുണ്ട്‌. നീതി​യോ​ടെ ജീവി​ക്കാ​നും വിശ്വ​സ്‌ത​തയെ പ്രിയ​പ്പെ​ടാ​നും ദൈവ​ത്തോ​ടൊ​പ്പം എളിമ​യോ​ടെ നടക്കാ​നും അല്ലാതെ യഹോവ മറ്റ്‌ എ​ന്താ​ണു നിന്നിൽനിന്ന്‌ പ്രതീ​ക്ഷി​ക്കു​ന്നത്‌?”മീഖ 6:8.

തന്നോ​ടൊ​പ്പം നടക്കു​ന്ന​വർക്കാ​യി യഹോവ നിത്യാ​നു​ഗ്ര​ഹങ്ങൾ കരുതി​വെ​ച്ചി​രി​ക്കു​ന്നു. യഹോ​വ​യോ​ടൊ​പ്പം നടക്കാ​നുള്ള ഈ ക്ഷണം നിങ്ങൾ സ്വീക​രി​ക്കു​മോ? തിര​ഞ്ഞെ​ടുപ്പ്‌ നിങ്ങളു​ടേ​താണ്‌.