സത്യമായിത്തീർന്ന പ്രവചനങ്ങൾ
ഡെൽഫിയിലെ വെളിച്ചപ്പാടത്തിയുടെ വാക്കു വിശ്വസിച്ച് പേർഷ്യൻ രാജാവിൽനിന്ന് കനത്ത പരാജയം ഏറ്റുവാങ്ങിയ ക്രീസസിന്റെ കാര്യം നമ്മൾ കണ്ടുകഴിഞ്ഞു. എന്നാൽ ചെറിയ വിശദാംശങ്ങൾവരെ നിറവേറിയ പ്രവചനങ്ങൾ ബൈബിളിൽ കാണാം. അതിലൊന്നാണ് പേർഷ്യൻ രാജാവിനെക്കുറിച്ചുള്ള ശ്രദ്ധേയമായ ഒരു പ്രവചനം:
എബ്രായ പ്രവാചകനായ യശയ്യ 200 വർഷം മുമ്പ്, അതായത് പേർഷ്യൻ രാജാവായ കോരെശ് ജനിക്കുന്നതിനും മുമ്പുതന്നെ, അദ്ദേഹത്തിന്റെ പേര് എടുത്തുപറയുകയും അദ്ദേഹം വൻനഗരമായ ബാബിലോൺ എങ്ങനെ പിടിച്ചടക്കുമെന്നു വിശദീകരിക്കുകയും ചെയ്തു.
യശയ്യ 44:24, 27, 28: “‘ഞാൻ ആഴമുള്ള വെള്ളത്തോട്, “നീരാവിയായിപ്പോകുക, ഞാൻ നിന്റെ എല്ലാ നദികളെയും വറ്റിച്ചുകളയും” എന്നു (യഹോവ) പറയുന്നു. ഞാൻ കോരെശിനെക്കുറിച്ച്, “അവൻ എന്റെ ഇടയൻ, അവൻ എന്റെ ഇഷ്ടമെല്ലാം നിറവേറ്റും” എന്നും യരുശലേമിനെക്കുറിച്ച്, “അവളെ പുനർനിർമിക്കും” എന്നും ദേവാലയത്തെക്കുറിച്ച്, “നിനക്ക് അടിസ്ഥാനം ഇടും” എന്നും പറയുന്നു.’”
ഗ്രീക്ക് ചരിത്രകാരനായ ഹിറോഡോട്ടസ് പറയുന്നതനുസരിച്ച്, കോരെശിന്റെ സൈന്യം ബാബിലോൺ നഗരത്തിലൂടെ ഒഴുകുന്ന യൂഫ്രട്ടീസ് നദിയുടെ ഗതി തിരിച്ചുവിട്ടു. കോരെശിന്റെ ഈ തന്ത്രത്തിലൂടെ സൈന്യത്തിന് നീരൊഴുക്കു കുറഞ്ഞ നദിയിലൂടെ നഗരത്തിനുള്ളിൽ കടക്കാൻ കഴിഞ്ഞു. നഗരം പിടിച്ചടക്കിയതിനു ശേഷം, ബാബിലോണിൽ ബന്ദികളായ ജൂതന്മാരെ കോരെശ് സ്വതന്ത്രരാക്കി. 70 വർഷമായി നശിച്ചുകിടന്ന യരുശലേം പുനർനിർമിക്കുന്നതിന് അവിടേക്കു പോകാൻ അവരെ അനുവദിക്കുകയും ചെയ്തു.
യശയ്യ 45:1: ‘എന്റെ അഭിഷിക്തനായ കോരെശിനോടു ഞാൻ പറയുന്നു: ജനതകളെ അവനു കീഴ്പെടുത്തിക്കൊടുക്കാനും അവന്റെ മുന്നിൽ കവാടങ്ങൾ തുറന്നിടാനും ഇരട്ടപ്പാളിയുള്ള വാതിലുകൾ അവനു തുറന്നുകൊടുക്കാനും രാജാക്കന്മാരെ നിരായുധരാക്കാനും യഹോവ എന്ന ഞാൻ അവന്റെ വലങ്കൈ പിടിച്ചിരിക്കുന്നു.’
നഗരമതിലിന്റെ ഇരട്ടപ്പാളിയുള്ള വാതിലുകൾ തുറന്നുകിടന്നിരുന്നു. അതിലൂടെ പേർഷ്യക്കാർ നഗരത്തിൽ കടന്നു. കോരെശിന്റെ തന്ത്രം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ബാബിലോൺകാർ നദീമുഖത്തേക്കു തുറന്നിരുന്ന കവാടങ്ങളെല്ലാം അടയ്ക്കുമായിരുന്നു. പക്ഷേ അന്ന് നഗരകവാടങ്ങൾ തുറന്നുതന്നെ കിടന്നു.
അണുവിട തെറ്റാതെ നിറവേറിയ ബൈബിളിലെ അനേകം പ്രവചനങ്ങളിൽ ഒന്നു മാത്രമാണു ശ്രദ്ധേയമായ ഈ പ്രവചനം. a തങ്ങളുടെ വ്യാജദൈവങ്ങളെ ആശ്രയിച്ച് ആളുകൾ നടത്തിയിരുന്ന പ്രവചനങ്ങളിൽനിന്ന് വ്യത്യസ്തമായി ബൈബിൾപ്രവചനങ്ങൾ വന്നത് “തുടക്കംമുതലേ, ഒടുക്കം എന്തായിരിക്കുമെന്നു ഞാൻ മുൻകൂട്ടിപ്പറയുന്നു, ഇതുവരെ സംഭവിച്ചിട്ടില്ലാത്തവ പുരാതനകാലംമുതലേ പ്രവചിക്കുന്നു” എന്നു പറഞ്ഞ ദൈവത്തിൽനിന്നാണ്.—യശയ്യ 46:10.
സത്യദൈവത്തിനു മാത്രമേ ഇങ്ങനെ അവകാശപ്പെടാൻ കഴിയൂ. യഹോവ എന്നാണ് ആ ദൈവത്തിന്റെ പേര്. തെളിവനുസരിച്ച്, ആ പേരിന്റെ അർഥം “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണ്. തന്റെ ഉദ്ദേശ്യം നിറവേറ്റുന്നതിനായി കാര്യങ്ങൾ മുൻകൂട്ടി കാണാനും ഭാവികാര്യങ്ങൾ അത് അനുസരിച്ച് ക്രമീകരിക്കാനും ദൈവത്തിനു കഴിയും എന്നാണ് ഇത് സൂചിപ്പിക്കുന്നത്. വാഗ്ദാനം ചെയ്തതെല്ലാം ദൈവം നടപ്പാക്കുകതന്നെ ചെയ്യുമെന്ന ഉറപ്പും നമുക്ക് ഇത് തരുന്നു.
ഇന്ന് നിറവേറിക്കൊണ്ടിരിക്കുന്ന പ്രവചനങ്ങൾ
നമ്മുടെ കാലത്തെക്കുറിച്ച് ബൈബിൾപ്രവചനങ്ങൾക്ക് എന്താണ് പറയാനുള്ളത് എന്ന് അറിയാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? ഏതാണ്ട് 2,000 വർഷം മുമ്പ്, “അവസാനകാലത്ത് ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകുമെന്നു” ബൈബിൾ മുൻകൂട്ടിപറഞ്ഞിരുന്നു. എന്തിന്റെ അവസാനകാലം? ഭൂമിയുടെയോ മനുഷ്യന്റെയോ അല്ല. പകരം, ആയിരക്കണക്കിനു വർഷങ്ങളായി മനുഷ്യർക്കിടയിലുള്ള പോരാട്ടങ്ങളുടെയും അടിച്ചമർത്തലുകളുടെയും അവരുടെ വേദനകളുടെയും അവസാനം. ‘അവസാനകാലത്തിന്റെ’ അടയാളത്തെക്കുറിച്ച് പറയുന്ന ചില പ്രവചനങ്ങൾ നമുക്കു നോക്കാം.
2 തിമൊഥെയൊസ് 3:1-5: “അവസാനകാലത്ത് . . . മനുഷ്യർ സ്വസ്നേഹികളും പണക്കൊതിയന്മാരും പൊങ്ങച്ചക്കാരും ധാർഷ്ട്യമുള്ളവരും ദൈവനിന്ദകരും മാതാപിതാക്കളെ അനുസരിക്കാത്തവരും നന്ദിയില്ലാത്തവരും വിശ്വസിക്കാൻ കൊള്ളാത്തവരും സഹജസ്നേഹമില്ലാത്തവരും ഒരു കാര്യത്തോടും യോജിക്കാത്തവരും പരദൂഷണം പറയുന്നവരും ആത്മനിയന്ത്രണമില്ലാത്തവരും ക്രൂരന്മാരും നന്മ ഇഷ്ടപ്പെടാത്തവരും ചതിയന്മാരും തന്നിഷ്ടക്കാരും അഹങ്കാരത്താൽ ചീർത്തവരും ദൈവത്തെ സ്നേഹിക്കുന്നതിനു പകരം ജീവിതസുഖങ്ങൾ പ്രിയപ്പെടുന്നവരും ഭക്തിയുടെ വേഷം കെട്ടുന്നെങ്കിലും അതിന്റെ ശക്തിക്കു ചേർന്ന വിധത്തിൽ ജീവിക്കാത്തവരും ആയിരിക്കും.”
ഇത്തരം പെരുമാറ്റരീതികൾ ഇന്നത്തെ ആളുകളിൽ കൂടിക്കൂടി വരുന്നു എന്ന കാര്യത്തോടു നിങ്ങളും യോജിക്കുന്നില്ലേ? സ്വസ്നേഹികളും അഹങ്കാരികളും പണക്കൊതിയന്മാരും ആയ ആളുകളെ നമുക്കു ചുറ്റും നിങ്ങൾ കാണുന്നില്ലേ? ഒരു കാര്യത്തോടും യോജിക്കാൻ മനസ്സുകാണിക്കാത്ത കടുംപിടുത്തക്കാരായ ആളുകളെയും നിങ്ങൾ കണ്ടിട്ടില്ലേ? കൂടാതെ മാതാപിതാക്കളെ അനുസരിക്കാത്ത ധാരാളം കുട്ടികളെയും ദൈവത്തെ സ്നേഹിക്കുന്നതിനു പകരം ജീവിതസുഖങ്ങളെ പ്രിയപ്പെടുന്നവരെയും നിങ്ങൾ കണ്ടിട്ടുണ്ടാകും. ഓരോ ദിവസം കഴിയുന്തോറും കാര്യങ്ങൾ വഷളായിക്കൊണ്ടിരിക്കുകയാണ്.
മത്തായി 24:6, 7: “യുദ്ധകോലാഹലങ്ങളും യുദ്ധങ്ങളെക്കുറിച്ചുള്ള വാർത്തകളും നിങ്ങൾ കേൾക്കും. . . . ‘ജനത ജനതയ്ക്ക് എതിരെയും രാജ്യം രാജ്യത്തിന് എതിരെയും എഴുന്നേൽക്കും.’”
1914 മുതലുണ്ടായ യുദ്ധങ്ങളിലും പോരാട്ടങ്ങളിലും കൊല്ലപ്പെട്ട ആളുകളുടെ എണ്ണം ഏതാണ്ട് 10 കോടിയിലധികമാണെന്നാണ് ചില കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് പല രാജ്യങ്ങളുടെയും ജനസംഖ്യയെക്കാൾ അധികമാണ്. ഇവ വരുത്തിവെച്ച കണ്ണീരും ദുഃഖവും വേദനയും എത്രയധികമായിരിക്കും! എന്നാൽ ഇതൊക്കെ മനസ്സിലാക്കി രാഷ്ട്രങ്ങൾ യുദ്ധങ്ങൾ നിറുത്തുന്നുണ്ടോ?
മത്തായി 24:7: ‘ഭക്ഷ്യക്ഷാമങ്ങളും ഉണ്ടാകും.’
ഒരു സംഘടന (The World Food Programme) ഇങ്ങനെ റിപ്പോർട്ട് ചെയ്തു: “എല്ലാവർക്കും ആവശ്യമായ ഭക്ഷണം ഉത്പാദിപ്പിക്കുന്ന ഒരു ലോകത്തിൽ, 81 കോടിയിലധികം ആളുകൾ, അതായത് ഒൻപതു പേരിൽ ഒരാൾ, ഓരോ രാത്രിയും വിശക്കുന്ന വയറുമായാണ് ഉറങ്ങാൻ പോകുന്നത്. ഇനി മൂന്നിൽ ഒരാൾ ഏതെങ്കിലും ഒരുതരത്തിലുള്ള പോഷകാഹാരക്കുറവുമൂലം ബുദ്ധിമുട്ടുന്നു.” പട്ടിണികൊണ്ട് ഓരോ വർഷവും മരിക്കുന്ന കുട്ടികളുടെ എണ്ണം 30 ലക്ഷത്തോളം വരുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്.
ലൂക്കോസ് 21:11: ‘ഭൂകമ്പങ്ങളും ഉണ്ടാകും.’
മനുഷ്യർക്ക് അനുഭവപ്പെടുന്ന വിധത്തിൽ ഓരോ വർഷവും ഏതാണ്ട് 50,000-ത്തോളം ഭൂമികുലുക്കങ്ങളുണ്ടാകുന്നു. അതിൽ ഏതാണ്ട് 100 എണ്ണം കെട്ടിടങ്ങൾക്കു സാരമായ കേടുപാടുകൾ വരുത്തുന്നു. ഓരോ വർഷവും വളരെ ശക്തമായ ഒരു ഭൂകമ്പമെങ്കിലും ഉണ്ടാകാറുണ്ട്. ഒരു കണക്കുപ്രകാരം 1975 മുതൽ 2000 വരെയുള്ള ഭൂമികുലുക്കങ്ങളിൽ മരിച്ചവരുടെ എണ്ണം 4,71,000 വരും.
മത്തായി 24:14: “ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത എല്ലാ ജനതകളും അറിയാനായി ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും. അപ്പോൾ അവസാനം വരും.”
80 ലക്ഷത്തിലധികം വരുന്ന യഹോവയുടെ സാക്ഷികൾ 240-ഓളം ദേശങ്ങളിൽ ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കുന്നു. വൻനഗരങ്ങളിലും കുഗ്രാമങ്ങളിലും കാടും മലയും നിറഞ്ഞ പ്രദേശങ്ങളിലും അവർ ഈ സന്തോഷവാർത്ത അറിയിക്കുന്നു. ദൈവത്തിന്റെ ആഗ്രഹപ്രകാരം ഈ പ്രവർത്തനം പൂർത്തിയാകുമ്പോൾ, പ്രവചനം പറയുന്നതുപോലെ “അവസാനം വരും.” അതിന്റെ അർഥം എന്താണ്? മനുഷ്യഭരണം അവസാനിക്കുകയും ദൈവരാജ്യത്തിന്റെ ഭരണം ആരംഭിക്കുകയും ചെയ്യുമെന്നാണ്. ദൈവരാജ്യത്തിൽ ഏതൊക്കെ വാഗ്ദാനങ്ങൾ സത്യമായിത്തീരും? അത് അറിയാൻ തുടർന്നു വായിക്കുക.
a “കൃത്യമായ പ്രവചനത്തിന്റെ നിശ്ശബ്ദസാക്ഷി” എന്ന ലേഖനം കാണുക.