ദുരിതങ്ങൾ—ദൈവത്തിൽനിന്നുള്ള ശിക്ഷയാണോ?
പോളിയോ ബാധിച്ച ലൂസിയ. നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഒരു പകർച്ചവ്യാധിയാണ് പോളിയോ. കുട്ടിക്കാലത്ത് പോളിയോ വന്ന ലൂസിയ ഞൊണ്ടിയാണ് നടക്കുന്നത്. ലൂസിയയ്ക്കു 16 വയസ്സുള്ളപ്പോൾ അവളുടെ ജോലിസ്ഥലത്തെ ഉടമസ്ഥ ഇങ്ങനെ പറഞ്ഞു: “നിന്റെ അമ്മയെ അനുസരിക്കാതെ തോന്നിയപോലെ നടന്നതുകൊണ്ടാണ് ദൈവം നിന്നെ ഇങ്ങനെ ശിക്ഷിച്ചത്.” ആ വാക്കുകൾ തന്നെ എത്ര വേദനിപ്പിച്ചെന്നു വർഷങ്ങൾക്കു ശേഷവും ലൂസിയ ഓർക്കുന്നു.
ഡമരിസിനു ബ്രെയിൻ കാൻസർ ആണെന്നു അറിഞ്ഞപ്പോൾ അച്ഛൻ ചോദിച്ചു: “നീ എന്താണ് ചെയ്തത്? നീ വളരെ മോശമായ എന്തോ ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് ദൈവം നിന്നെ ശിക്ഷിക്കുന്നത്.” ഇതു കേട്ട ഡമരിസിന്റെ മനസ്സിടിഞ്ഞു.
രോഗം ദൈവത്തിൽനിന്നുള്ള ശിക്ഷയാണെന്ന് ആളുകൾ ചിന്തിക്കാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. ക്രിസ്തുവിന്റെ കാലത്ത് അനേകം ആളുകൾ “രോഗങ്ങളെ രോഗിയുടെയോ അയാളുടെ ബന്ധുക്കളുടെയോ പാപത്തിന്റെ ശിക്ഷയായി” കണ്ടിരുന്നു എന്നു ബൈബിൾ നാടുകളിലെ രീതികളും ആചാരങ്ങളും (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. ക്രിസ്തുവിനു ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞും “തങ്ങളുടെ പാപങ്ങൾക്കു ശിക്ഷയായി ദൈവം പകർച്ചവ്യാധികൾ വരുത്തുന്നതായി ചിലർ വിശ്വസിച്ചിരുന്നു” എന്നു മധ്യയുഗത്തിലെ ചികിത്സയും പകർച്ചവ്യാധിയും (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. അങ്ങനെയാണെങ്കിൽ 14-ാം നൂറ്റാണ്ടിൽ പകർച്ചവ്യാധി ബാധിച്ച് യൂറോപ്പിലുടനീളം ദശലക്ഷങ്ങൾ മരിച്ചപ്പോൾ ദൈവം ദുഷ്ടമനുഷ്യരുടെ മേൽ ശിക്ഷ നടപ്പാക്കുകയായിരുന്നോ? അതോ വൈദ്യശാസ്ത്ര ഗവേഷകർ മനസ്സിലാക്കിയതുപോലെ പകർച്ചവ്യാധിക്കു കാരണം വെറും ഒരു അണുബാധ മാത്രമായിരുന്നോ? ശരിക്കും ദൈവം ഇങ്ങനെ രോഗം വരുത്തി പാപികളെ ശിക്ഷിക്കുമോ എന്നും ചിലർ ചിന്തിക്കുന്നു. *
ചിന്തിക്കൂ: രോഗങ്ങളും ദുരിതങ്ങളും ദൈവം കൊടുക്കുന്ന ശിക്ഷയാണെങ്കിൽ യേശു രോഗികളെ എന്തിനു സുഖപ്പെടുത്തണമായിരുന്നു? ദൈവത്തിന്റെ നീതിയും ന്യായവും യേശു വിലകുറച്ച് കണ്ടെന്നു വരില്ലേ? (മത്തായി 4:23, 24) യേശു ഒരിക്കലും ദൈവത്തിന് എതിരെ പ്രവർത്തിക്കില്ല. ‘ഞാൻ എപ്പോഴും ദൈവത്തിന് ഇഷ്ടമുള്ളതു ചെയ്യുന്നു’ എന്നും “പിതാവ് എന്നോടു കല്പിച്ചതെല്ലാം ഞാൻ അങ്ങനെതന്നെ ചെയ്യുകയാണ്” എന്നും യേശു പറഞ്ഞു.—യോഹന്നാൻ 8:29; 14:31.
ദൈവമായ യഹോവ “അനീതിയില്ലാത്തവൻ” ആണെന്നു ബൈബിൾ വ്യക്തമായി പറയുന്നു. (ആവർത്തനം 32:4) ഉദാഹരണത്തിന്, ഒരു വിമാനത്തിൽ യാത്ര ചെയ്യുന്ന ഒരാളെ ശിക്ഷിക്കാൻ ദൈവം ആ വിമാനത്തിലുള്ള നിഷ്കളങ്കരായ നൂറുകണക്കിന് ആളുകളെ ഒരു വിമാനദുരന്തത്തിലൂടെ കൊന്നുകളയില്ല. ദൈവത്തിന്റെ നീതിയോടുള്ള ചേർച്ചയിൽ, ദൈവം ‘ദുഷ്ടന്മാരുടെകൂടെ നീതിമാന്മാരെയും നശിപ്പിച്ചുകളയില്ലെന്നും’ അങ്ങനെ ചെയ്യുന്നത് ദൈവത്തിനു “ചിന്തിക്കാൻപോലും കഴിയില്ല” എന്നും വിശ്വസ്തദാസനായ അബ്രാഹാം പറഞ്ഞു. (ഉൽപത്തി 18:23, 25) ‘ദൈവം ദുഷ്ടത പ്രവർത്തിക്കില്ലെന്നും’ ‘തെറ്റു ചെയ്യില്ലെന്നും’ ബൈബിൾ പറയുന്നു.—ഇയ്യോബ് 34:10-12.
ദുരിതങ്ങളെക്കുറിച്ച് ബൈബിൾ പഠിപ്പിക്കുന്നത്
നമ്മുടെ ഏതെങ്കിലും ഒരു പാപത്തിനു ദൈവം തരുന്ന ശിക്ഷയല്ല നമ്മൾ അനുഭവിക്കുന്ന ദുരിതങ്ങൾ. യേശുവും ശിഷ്യന്മാരും ജന്മനാ അന്ധനായ ഒരാളെ കണ്ടപ്പോൾ യേശു ഇക്കാര്യം വ്യക്തമാക്കി. “ശിഷ്യന്മാർ യേശുവിനോടു ചോദിച്ചു: ‘റബ്ബീ, ആരു പാപം ചെയ്തിട്ടാണ് ഇയാൾ അന്ധനായി ജനിച്ചത്? ഇയാളോ ഇയാളുടെ മാതാപിതാക്കളോ?’ യേശു പറഞ്ഞു: ‘ഇയാളോ ഇയാളുടെ മാതാപിതാക്കളോ പാപം ചെയ്തിട്ടല്ല. ഇതു ദൈവത്തിന്റെ പ്രവൃത്തികൾ ഇയാളിലൂടെ വെളിപ്പെടാൻവേണ്ടിയാണ്.’”—യോഹന്നാൻ 9:1-3.
എന്നാൽ ആളുകൾ മറിച്ചാണു ചിന്തിച്ചിരുന്നത്. അതുകൊണ്ട് അയാളോ അയാളുടെ മാതാപിതാക്കളോ പാപം ചെയ്തിട്ടല്ല അയാൾക്ക് ഇങ്ങനെ സംഭവിച്ചതെന്നു യേശു പറഞ്ഞപ്പോൾ ശിഷ്യന്മാർക്ക് ആശ്ചര്യം തോന്നിക്കാണും. യേശു അയാൾക്കു കാഴ്ച കൊടുക്കുക മാത്രമല്ല ദുരിതങ്ങൾ ദൈവത്തിൽനിന്നുള്ള ശിക്ഷയാണെന്ന തെറ്റായ വിശ്വാസം തകിടംമറിക്കുകയും ചെയ്തു. (യോഹന്നാൻ 9:6, 7) ഇന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് അതിന് ഉത്തരവാദി ദൈവമല്ലെന്ന് അറിയുന്നത് ആശ്വാസം നൽകുന്നു.
തെറ്റിനുള്ള ദൈവശിക്ഷയാണു രോഗമെങ്കിൽ യേശു ആളുകളെ സുഖപ്പെടുത്തുമായിരുന്നോ?
തിരുവെഴുത്തുകൾ ഈ ഉറപ്പ് നൽകുന്നു
-
“ദോഷങ്ങൾകൊണ്ട് ദൈവത്തെ പരീക്ഷിക്കാൻ ആർക്കും കഴിയില്ല; ദൈവവും ആരെയും പരീക്ഷിക്കുന്നില്ല.” (യാക്കോബ് 1:13) നൂറ്റാണ്ടുകളായി മനുഷ്യരെ പിടികൂടിയിരിക്കുന്ന രോഗവും വേദനയും മരണവും പോലുള്ള “ദോഷങ്ങൾ” ഉടൻതന്നെ ഇല്ലാതാകും.
-
യേശുക്രിസ്തു ‘എല്ലാ രോഗികളെയും സുഖപ്പെടുത്തി’ (മത്തായി 8:16) തന്റെ അടുത്ത് വന്നവരെയെല്ലാം സുഖപ്പെടുത്തിയപ്പോൾ ദൈവരാജ്യത്തിൽ മുഴുമനുഷ്യർക്കുമായി താൻ എന്തു ചെയ്യുമെന്നു ദൈവപുത്രൻ കാണിക്കുകയായിരുന്നു.
-
“ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല. പഴയതെല്ലാം കഴിഞ്ഞുപോയി!”—വെളിപാട് 21:3-5.
ആരാണ് ഉത്തരവാദി?
പിന്നെ എന്തുകൊണ്ടാണ് മനുഷ്യർ ഇത്രയധികം വേദനയും ദുരിതവും അനുഭവിക്കുന്നത്? നൂറ്റാണ്ടുകളായി മനുഷ്യമനസ്സുകളിലൂടെ കടന്നുപോയിരിക്കുന്ന ഒരു ചോദ്യമാണിത്. ഉത്തരവാദി ദൈവമല്ലെങ്കിൽ, പിന്നെ ആരാണ്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അടുത്ത ലേഖനത്തിൽ കാണാം.
^ ഖ. 4 പണ്ടുകാലത്ത് ആളുകൾ ചെയ്ത ചില പാപങ്ങൾക്കു ദൈവം ശിക്ഷ കൊടുത്തെങ്കിലും ഇന്ന് യഹോവ രോഗങ്ങളോ ദുരിതങ്ങളോ വരുത്തിക്കൊണ്ട് ആളുകളെ ശിക്ഷിക്കുന്നതായി ബൈബിൾ പറയുന്നില്ല.