ദൈവം ദുരിതങ്ങളെല്ലാം ഉടൻ അവസാനിപ്പിക്കും
“യഹോവേ, എത്ര കാലം ഞാൻ ഇങ്ങനെ സഹായത്തിനായി നിലവിളിക്കും, അങ്ങ് എന്താണു കേൾക്കാത്തത്? അക്രമത്തിൽനിന്ന് രക്ഷപ്പെടാനായി ഞാൻ എത്ര കാലം അങ്ങയെ വിളിച്ചപേക്ഷിക്കും, അങ്ങ് എന്താണ് ഇടപെടാത്തത്?” (ഹബക്കൂക്ക് 1:2, 3) ദൈവത്തിന്റെ പ്രീതിയുണ്ടായിരുന്ന, നല്ലൊരാളായ ഹബക്കൂക്കിന്റെ വാക്കുകളാണ് ഇത്. വിശ്വാസക്കുറവുകൊണ്ടായിരിക്കുമോ അദ്ദേഹം ഇങ്ങനെ ചോദിച്ചത്? ഒരിക്കലുമല്ല! ദുരിതങ്ങൾ അവസാനിപ്പിക്കാൻ ഒരു സമയം നിശ്ചയിച്ചിട്ടുണ്ടെന്നു ദൈവം ഹബക്കൂക്കിന് ഉറപ്പു കൊടുത്തു.—ഹബക്കൂക്ക് 2:2, 3.
നിങ്ങളോ നിങ്ങളുടെ അടുത്ത ആരെങ്കിലുമോ ദുരിതം അനുഭവിക്കുമ്പോൾ ‘ദൈവം എന്താണ് ഇടപെടാത്തത്, എന്താണ് താമസിക്കുന്നത്’ എന്നൊക്കെ ചിന്തിച്ചേക്കാം. എന്നാൽ ബൈബിൾ ഈ ഉറപ്പു തരുന്നു: “ചിലർ കരുതുന്നതുപോലെ യഹോവ തന്റെ വാഗ്ദാനം നിറവേറ്റാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടാൻ ആഗ്രഹിക്കുന്നതുകൊണ്ട് ദൈവം നിങ്ങളോടു ക്ഷമ കാണിക്കുകയാണ്.”—2 പത്രോസ് 3:9.
ദൈവം എപ്പോൾ ഇടപെടും?
ഉടൻതന്നെ! “വ്യവസ്ഥിതി”യുടെ അവസാനകാലത്തിന്റെ അടയാളമായ ചില കാര്യങ്ങൾ മുമ്പൊരിക്കലും നടക്കാത്ത രീതിയിൽ ഒന്നിച്ച് സംഭവിക്കുന്നത് ഒരു തലമുറ കാണുമെന്നു യേശു വെളിപ്പെടുത്തി. (മത്തായി 24:3-42) നമ്മുടെ കാലത്ത് യേശുവിന്റെ ഈ പ്രവചനം നിവൃത്തിയേറുന്നു എന്നത് ദൈവം ഉടൻതന്നെ മനുഷ്യരുടെ കാര്യത്തിൽ ഇടപെടും എന്നതിന്റെ സൂചനയാണ്. a
എന്നാൽ എങ്ങനെയായിരിക്കും ദൈവം ദുരിതങ്ങൾ അവസാനിപ്പിക്കുന്നത്? ദൈവം തന്റെ ശക്തി ഉപയോഗിച്ച് ദുരിതങ്ങളെല്ലാം അവസാനിപ്പിക്കുമെന്നു യേശു ഭൂമിയിലായിരുന്നപ്പോൾ കാണിച്ചുകൊടുത്തു. ചില ഉദാഹരണങ്ങൾ നോക്കാം.
പ്രകൃതിദുരന്തങ്ങൾ: ഒരിക്കൽ യേശുവും അപ്പോസ്തലന്മാരും ഗലീലക്കടലിലൂടെ സഞ്ചരിക്കുമ്പോൾ ശക്തമായ ഒരു കൊടുങ്കാറ്റടിച്ച് വള്ളം മുങ്ങാറായി. തനിക്കും പിതാവിനും പ്രകൃതിശക്തികളെ നിയന്ത്രിക്കാൻ കഴിയുമെന്നു യേശു അപ്പോൾ കാണിച്ചുകൊടുത്തു. (കൊലോസ്യർ 1:15, 16) യേശു “അടങ്ങൂ! ശാന്തമാകൂ!” എന്നു പറഞ്ഞതും “കാറ്റ് അടങ്ങി. എല്ലാം ശാന്തമായി.”—മർക്കോസ് 4:35-39.
രോഗങ്ങൾ: അന്ധരെയും മുടന്തരെയും അപസ്മാരരോഗികളെയും കുഷ്ഠരോഗികളെയും മറ്റു പല രോഗങ്ങളുള്ളവരെയും സുഖപ്പെടുത്താനുള്ള യേശുവിന്റെ കഴിവു പരക്കെ അറിയപ്പെട്ടിരുന്നു. ‘യേശു എല്ലാ രോഗികളെയും സുഖപ്പെടുത്തി.’—മത്തായി 4:23, 24; 8:16; 11:2-5.
ഭക്ഷ്യക്ഷാമം: പിതാവിൽനിന്ന് ലഭിച്ച ശക്തി ഉപയോഗിച്ച് യേശു കുറച്ച് ഭക്ഷണംകൊണ്ട് ധാരാളം പേരെ പോഷിപ്പിച്ചു. യേശു തന്റെ ശുശ്രൂഷക്കാലത്ത് രണ്ടു തവണ ഇങ്ങനെ ചെയ്തുകൊണ്ട് ആയിരക്കണക്കിന് ആളുകളെ പോഷിപ്പിച്ചതായി ബൈബിൾരേഖയുണ്ട്.—മത്തായി 14:14-21; 15:32-38.
മരണം: യേശു ചെയ്തതായി രേഖപ്പെടുത്തിയിരിക്കുന്ന മൂന്നു പുനരുത്ഥാനങ്ങളും യഹോവയ്ക്കു മരിച്ചവരെ ജീവനിലേക്കു കൊണ്ടുവരാനുള്ള ശക്തിയുണ്ട് എന്നതിന്റെ വ്യക്തമായ തെളിവാണ്. യേശു പുനരുത്ഥാനപ്പെടുത്തിയതിൽ ഒരാൾ മരിച്ചിട്ടു നാലു ദിവസമായിരുന്നു.—മർക്കോസ് 5:35-42; ലൂക്കോസ് 7:11-16; യോഹന്നാൻ 11:3-44.
a അവസാനകാലത്തെക്കുറിച്ച് കൂടുതൽ അറിയാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ജീവിതം ആസ്വദിക്കാം പുസ്തകത്തിന്റെ 32-ാം പാഠം കാണുക. www.pr418.com/ml എന്ന വെബ്സൈറ്റിൽനിന്ന് അതു സൗജന്യമായി ഡൗൺലോഡ് ചെയ്യാം.