ദൈവത്തിന്റെ കരുതൽ നിങ്ങൾക്ക് പ്രയോജനം ചെയ്യുന്നത് എങ്ങനെ?
മുറിവുകൾ പെട്ടെന്ന് ഉണങ്ങാനുള്ള അത്ഭുതകരമായ പ്രാപ്തിയോടെയാണ് ദൈവം നമ്മുടെ ശരീരം ഉണ്ടാക്കിയിരിക്കുന്നത്. ആരോഗ്യമുള്ള ഒരു ശരീരത്തിൽ ഒരു മുറിവോ പോറലോ ചതവോ ഉണ്ടായാൽ രക്തവാർച്ച നിറുത്താനും മുറിവ് കൂടിച്ചേരാനും കലകൾ ശക്തമാക്കാനും ഉള്ള പ്രവർത്തനം ശരീരം ഉടൻതന്നെ തുടങ്ങും.
ചിന്തിക്കൂ: മുറിവുകൾ ഉണങ്ങാനുള്ള പ്രാപ്തിയോടെ നമ്മുടെ ശരീരം ഉണ്ടാക്കിയ സ്രഷ്ടാവ് നമ്മുടെ വൈകാരികക്ഷതങ്ങളും ഉണങ്ങാൻ സഹായിക്കുമെന്നു വാഗ്ദാനം ചെയ്യുമ്പോൾ നമുക്ക് അതു വിശ്വസിക്കാനാകില്ലേ? “ഹൃദയം തകർന്നവരെ ദൈവം സുഖപ്പെടുത്തുന്നു; അവരുടെ മുറിവുകൾ വെച്ചുകെട്ടുന്നു” എന്നു സങ്കീർത്തനക്കാരൻ എഴുതി. (സങ്കീർത്തനം 147:3) ഏതെങ്കിലും കാരണംകൊണ്ട് നിങ്ങൾ മാനസികമായി മുറിവേറ്റിരിക്കുകയാണെങ്കിൽ ഇപ്പോൾത്തന്നെ ദൈവം നിങ്ങളുടെ ആ മുറിവ് ഉണക്കും. അല്ലെങ്കിൽ ഭാവിയിൽ നിശ്ചയമായും യഹോവ അങ്ങനെത്തന്നെ ചെയ്യും. എന്തുകൊണ്ട് ഇതു വിശ്വസിക്കാം?
ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ച് ബൈബിൾ പഠിപ്പിക്കുന്നത്
ദൈവം ഇങ്ങനെ ഉറപ്പു തരുന്നു: “പേടിക്കേണ്ടാ, ഞാൻ നിന്റെകൂടെയുണ്ട്. ഭയപ്പെടേണ്ടാ, ഞാനല്ലേ നിന്റെ ദൈവം! ഞാൻ നിന്നെ ശക്തീകരിക്കും, നിന്നെ സഹായിക്കും.” (യശയ്യ 41:10) യഹോവയ്ക്കു തന്നെക്കുറിച്ച് ചിന്തയുണ്ടെന്നു വിശ്വസിക്കുന്ന ഒരാൾക്ക് എപ്പോഴും സമാധാനമുണ്ടായിരിക്കും, പ്രശ്നങ്ങളെ നേരിടാനുള്ള കരുത്തുമുണ്ടായിരിക്കും. അപ്പോസ്തലനായ പൗലോസ് ഈ ശാന്തതയെ “മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം” എന്നാണു വിശേഷിപ്പിച്ചത്. “എല്ലാം ചെയ്യാനുള്ള ശക്തി, എന്നെ ശക്തനാക്കുന്ന ദൈവത്തിൽനിന്ന് എനിക്കു കിട്ടുന്നു” എന്നും പൗലോസ് പറഞ്ഞു.—ഫിലിപ്പിയർ 4:4-7, 9, 13.
മനുഷ്യർക്കുവേണ്ടി ഭാവിയിൽ ചെയ്യുമെന്നു യഹോവ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ വിശ്വസിക്കാൻ തിരുവെഴുത്തുകൾ സഹായിക്കുന്നു. ഉദാഹരണത്തിന് വെളിപാട് 21:4, 5 ദൈവം എന്തു ചെയ്യുമെന്നും അത് ചെയ്യുമെന്നു നമുക്ക് എന്തുകൊണ്ടു വിശ്വസിക്കാമെന്നും പറയുന്നു:
-
മനുഷ്യരുടെ കണ്ണുകളിൽനിന്ന് ‘ദൈവം കണ്ണീരെല്ലാം തുടച്ചുകളയും.’ യഹോവ നമ്മുടെ എല്ലാ ദുരിതങ്ങളും ആകുലതകളും, മറ്റുള്ളവർക്കു നിസ്സാരമെന്നു തോന്നുന്നവപോലും, ഇല്ലാതാക്കും.
-
സ്വർഗീയ “സിംഹാസനത്തിൽ ഇരിക്കുന്നവൻ,” സകല സൃഷ്ടികളുടെയും സർവശക്തനായ രാജാവ്, നമ്മുടെ ദുരിതങ്ങൾ ഇല്ലാതാക്കാനും നമുക്ക് ആവശ്യമായ സഹായം തരാനും തന്റെ ശക്തിയും അധികാരവും ഉപയോഗിക്കും.
-
തന്റെ വാഗ്ദാനങ്ങൾ ‘സത്യമാണെന്നും അവ വിശ്വസിക്കാമെന്നും’ യഹോവ ഉറപ്പു തരുന്നു. താൻ പറഞ്ഞതുപോലെ ചെയ്തില്ലെങ്കിൽ സത്യദൈവം എന്ന തന്റെ സത്പേരിനു കളങ്കം വരും. അതുകൊണ്ട് ദൈവം തീർച്ചയായും അവ നിവർത്തിക്കും.
“‘ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല. പഴയതെല്ലാം കഴിഞ്ഞുപോയി!’ സിംഹാസനത്തിൽ ഇരിക്കുന്നവൻ, ‘ഇതാ, ഞാൻ എല്ലാം പുതിയതാക്കുന്നു’ എന്നു പറഞ്ഞു. ‘എഴുതുക, ഈ വാക്കുകൾ സത്യമാണ്, ഇവ വിശ്വസിക്കാം’ എന്നും ദൈവം പറഞ്ഞു.”—വെളിപാട് 21:4, 5.
പ്രപഞ്ചവും ബൈബിളും നമ്മുടെ സ്വർഗീയപിതാവിന്റെ വ്യക്തിത്വവും ഗുണങ്ങളും വെളിപ്പെടുത്തുന്നു. ‘ദൈവത്തെ ഒരു സുഹൃത്തിനെപ്പോലെ അടുത്ത് അറിയൂ’ എന്നു സൃഷ്ടികൾ പറയാതെ പറയുമ്പോൾ ബൈബിൾ വ്യക്തമായി ഇങ്ങനെ പറയുന്നു: “ദൈവത്തോട് അടുത്ത് ചെല്ലുക; അപ്പോൾ ദൈവം നിങ്ങളോട് അടുത്ത് വരും.” (യാക്കോബ് 4:8) “ദൈവം നമ്മിൽ ആരിൽനിന്നും അകന്നിരിക്കുന്നില്ല” എന്നു പ്രവൃത്തികൾ 17:27 പറയുന്നു.
ദൈവത്തെ അറിയാൻ ശ്രമിക്കുമ്പോൾ “ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനാ”ണെന്നു നിങ്ങൾക്കു കൂടുതൽ ഉറപ്പു കിട്ടും. (1 പത്രോസ് 5:7) അങ്ങനെ ഒരു ഉറപ്പുണ്ടായിരിക്കുന്നതുകൊണ്ട് എന്തു പ്രയോജനങ്ങളാണുള്ളത്?
ജപ്പാനിലെ ടോറുവിന്റെ കാര്യം നോക്കാം. ക്രിസ്തീയപശ്ചാത്തലത്തിലാണു വളർന്നതെങ്കിലും അദ്ദേഹം ജപ്പാനിലെ യക്കൂസ എന്ന ഗുണ്ടാസംഘത്തിൽ ചേർന്നു. അദ്ദേഹം പറയുന്നു: “ദൈവത്തിന് എന്നോടു വെറുപ്പാണെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. എന്റെ കൂടെയുണ്ടായിരുന്നവരുടെ, പ്രത്യേകിച്ച് പ്രിയപ്പെട്ടവരുടെ, മരണം ദൈവശിക്ഷയാണെന്ന് എനിക്കു തോന്നി.” അക്രമങ്ങൾ നിറഞ്ഞ ചുറ്റുപാടും തന്റെ മാനസികാവസ്ഥയും തന്നെ ഒരു “കഠിനഹൃദയനും നിർവികാരനും” ആക്കിയെന്നു ടോറു പറയുന്നു. തന്റെ ജീവിതാഭിലാഷത്തെക്കുറിച്ച് ടോറു പറയുന്നു: “എന്നെക്കാൾ പ്രശസ്തനായ ഒരാളെ കൊന്ന് പേരെടുത്തിട്ട് ചെറുപ്പത്തിൽത്തന്നെ മരിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം.”
എന്നാൽ ടോറുവും ഭാര്യയായ ഹന്നയും ബൈബിൾ പഠിച്ചപ്പോൾ ടോറു തന്റെ കാഴ്ചപ്പാടിലും ജീവിതത്തിലും വലിയ മാറ്റങ്ങൾ വരുത്തി. “ആ മാറ്റങ്ങൾ വളരെ വ്യക്തമായിരുന്നു” എന്നു ഹന്ന പറയുന്നു. ഇപ്പോൾ ടോറു ഉറപ്പോടെ ഇങ്ങനെ പറയുന്നു: “നമ്മളെ ഒരോരുത്തരെക്കുറിച്ചും ചിന്തയുള്ള ഒരു ദൈവം ശരിക്കുമുണ്ട്. ആരുംതന്നെ മരിക്കാൻ ആ ദൈവം ആഗ്രഹിക്കുന്നില്ല. തങ്ങളുടെ തെറ്റുകളെക്കുറിച്ച് മാനസാന്തരമുള്ള ഒരാളോടു ക്ഷമിക്കാൻ ദൈവം തയ്യാറാണ്. മറ്റാരോടും പറയാനോ മറ്റാർക്കും മനസ്സിലാക്കാനോ കഴിയാത്ത കാര്യങ്ങൾ നമ്മൾ ദൈവത്തോടു പറയുമ്പോൾ ദൈവം കേൾക്കും. സമീപഭാവിയിൽ യഹോവ എല്ലാ പ്രശ്നങ്ങളും ദുരിതങ്ങളും വേദനയും ഇല്ലാതാക്കും. ഇപ്പോൾപ്പോലും നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ ദൈവം നമ്മളെ സഹായിക്കുന്നു. നമ്മൾ വിഷമിച്ചിരിക്കുമ്പോൾ ദൈവം നമുക്കുവേണ്ടി കരുതുകയും നമ്മളെ സഹായിക്കുകയും ചെയ്യുന്നു.”—സങ്കീർത്തനം 136:23.
ദൈവത്തിന് ദുരിതങ്ങളും കണ്ണുനീരും ഇല്ലാതാക്കാൻ കഴിയുമെന്നും ഉടൻതന്നെ അങ്ങനെ ചെയ്യുമെന്നും അറിയുന്നത് നമുക്കു ഭാവിയെക്കുറിച്ച് ഒരു ഉറച്ച പ്രത്യാശ മാത്രമല്ല ഇപ്പോൾത്തന്നെ നന്നായി ജീവിക്കാനുള്ള ഒരു പ്രചോദനവും നൽകുന്നു. അതാണ് ടോറുവിന്റെ അനുഭവം കാണിക്കുന്നത്. അതെ, ദുരിതങ്ങൾ നിറഞ്ഞ ഈ ലോകത്തിൽപ്പോലും ദൈവത്തിന്റെ സ്നേഹപുരസരമായ കരുതലിൽനിന്ന് നിങ്ങൾക്കു പ്രയോജനം നേടാൻ കഴിയും.