വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മനുഷ്യജീനുകളിൽ മാറ്റങ്ങൾ വരുത്തു​ന്ന​താ​ണോ ആയുർ​ദൈർഘ്യം കൂട്ടു​ന്ന​തി​നുള്ള വഴി?

ആയുസ്സ്‌ കൂട്ടാ​നുള്ള അന്വേ​ഷണം

ആയുസ്സ്‌ കൂട്ടാ​നുള്ള അന്വേ​ഷണം

“മനുഷ്യ​മ​ക്കളെ വ്യാപൃ​ത​രാ​ക്കി​നി​റു​ത്താൻ ദൈവം അവർക്കു കൊടു​ത്തി​ട്ടുള്ള ജോലി ഞാൻ കണ്ടു. ദൈവം ഓരോ​ന്നും അതതിന്റെ സമയത്ത്‌ ഭംഗി​യാ​യി ഉണ്ടാക്കി. നിത്യ​ത​പോ​ലും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചി​രി​ക്കു​ന്നു.”സഭാപ്രസംഗകൻ 3:10, 11.

ജ്ഞാനി​യായ ശലോ​മോൻ രാജാ​വി​ന്റെ ഈ വാക്കുകൾ ജീവി​ച്ചി​രി​ക്കാ​നുള്ള മനുഷ്യ​ന്റെ ആഗ്രഹ​ത്തെ​ക്കു​റിച്ച്‌ വർണി​ക്കു​ന്നു. നമ്മൾ കുറച്ച്‌ കാലം ജീവിച്ച്‌ പെട്ടന്നു മരിച്ചു​പോ​കു​ന്ന​തു​കൊ​ണ്ടാ​യിരി​ക്കാം ആയുസ്സ്‌ കൂട്ടാ​നാ​യി മനുഷ്യൻ പലതും ചെയ്യു​ന്നത്‌. ചരി​ത്ര​ത്തിൽ പല ഇതിഹാ​സ​ങ്ങ​ളും കഥകളും ആയുസ്സ്‌ കൂട്ടാൻവേണ്ടി മനുഷ്യൻ നടത്തിയ ശ്രമങ്ങ​ളെ​ക്കു​റിച്ച്‌ പറയു​ന്നുണ്ട്‌.

ഉദാഹ​ര​ണ​ത്തിന്‌, സുമേ​റി​യ​യി​ലെ ഗിൽഗ​മെഷ്‌ രാജാ​വി​ന്റെ കാര്യം നോക്കാം. അദ്ദേഹ​ത്തി​ന്റെ ജീവി​ത​ത്തെ​ക്കു​റി​ച്ചുള്ള പല ഐതി​ഹ്യ​ങ്ങ​ളു​മുണ്ട്‌. അതിൽ ഒന്നാണ്‌ ഗിൽഗ​മെഷ്‌ ഇതിഹാ​സം. അതിൽ മരണത്തെ എങ്ങനെ കീഴട​ക്കാ​മെന്നു പഠിക്കു​ന്ന​തി​നു​വേണ്ടി അദ്ദേഹം ഒരു സാഹസി​ക​യാ​ത്ര നടത്തു​ന്ന​താ​യും അക്കാര്യ​ത്തിൽ പരാജ​യ​പ്പെ​ടു​ന്ന​താ​യും പറയുന്നു.

മധ്യയുഗത്തിലെ ഒരു രസത​ന്ത്രജ്ഞൻ തന്റെ പരീക്ഷ​ണ​ശാ​ല​യിൽ

ബി.സി. നാലാം നൂറ്റാ​ണ്ടിൽ ചൈന​യി​ലെ രസത​ന്ത്രജ്ഞർ ‘അമൃത്‌’ ഉണ്ടാക്കാ​നുള്ള ശ്രമം നടത്തി. അതു കഴിച്ചാൽ എന്നേക്കും ജീവി​ക്കാൻ പറ്റു​മെന്ന്‌ അവർ വിചാ​രി​ച്ചു. അതിനു​വേണ്ടി അവർ കുറച്ച്‌ രസവും മറ്റൊരു രാസവ​സ്‌തു​വും (ആർസെ​നിക്ക്‌) ചേർന്ന ഒരു പാനീയം ഉണ്ടാക്കി. ചില ചൈനീസ്‌ ചക്രവർത്തി​മാ​രു​ടെ മരണത്തി​നി​ട​യാ​ക്കി​യത്‌ ഈ പാനീ​യ​മാ​ണെന്നു കരുത​പ്പെ​ടു​ന്നു. ഇനി, മധ്യകാ​ലത്ത്‌ യൂറോ​പ്പി​ലെ ചില രസത​ന്ത്രജ്ഞർ സ്വർണത്തെ കഴിക്കാ​നാ​കുന്ന തരത്തിൽ മാറ്റാൻ ശ്രമം നടത്തി. സ്വർണം പെട്ടെന്നു നശിച്ചു​പോ​കാത്ത ഒരു പദാർഥ​മാ​യ​തു​കൊണ്ട്‌ ഇതിനു മനുഷ്യ​ന്റെ ആയുസ്സ്‌ കൂട്ടാ​നാ​കു​മെ​ന്നാണ്‌ അവർ വിശ്വ​സി​ച്ചത്‌.

മരിക്കാ​തെ ജീവി​ക്കാ​നാണ്‌ അമർത്യത തരു​മെന്നു കരുതിയ മിശ്രി​തം കണ്ടുപി​ടി​ക്കാൻ അന്ന്‌ ആളുകൾ ശ്രമി​ച്ചത്‌. പ്രായ​മാ​കു​ന്ന​തി​ന്റെ രഹസ്യം ചുരു​ള​ഴി​ക്കാൻ ഇന്നും ചില ജീവശാ​സ്‌ത്ര​ജ്ഞ​രും ജനിത​ക​ശാ​സ്‌ത്ര​ജ്ഞ​രും ശ്രമി​ക്കു​ന്നു. ഇവരുടെ അന്വേ​ഷ​ണങ്ങൾ ഒരു കാര്യം വ്യക്തമാ​ക്കു​ന്നു. ഇന്നും, മനുഷ്യൻ പ്രായ​മാ​കാ​നും മരിക്കാ​നും ആഗ്രഹി​ക്കു​ന്നില്ല. എന്നാൽ ഇവരുടെ ഈ അന്വേ​ഷ​ണ​ങ്ങ​ളു​ടെ ഒക്കെ ഫലം എന്താണ്‌?

“നിത്യ​ത​പോ​ലും മനുഷ്യരുടെ ഹൃദയത്തിൽ” ദൈവം വെച്ചിട്ടുണ്ട്‌.—സഭാ​പ്ര​സം​ഗകൻ 3:10, 11

വാർധ​ക്യ​ത്തി​ന്റെ വേരുകൾ തേടി

മനുഷ്യ​ശ​രീ​ര​ത്തി​ലെ കോശ​ങ്ങ​ളെ​ക്കു​റിച്ച്‌ പഠനം നടത്തിയ ശാസ്‌ത്രജ്ഞർ, പ്രായ​മാ​കു​ന്ന​തും മരിക്കു​ന്ന​തും എന്തു​കൊ​ണ്ടാ​ണെന്നു വിശദീ​ക​രി​ക്കുന്ന 300-ലധികം സിദ്ധാ​ന്തങ്ങൾ പുറത്തി​റ​ക്കി​യി​ട്ടുണ്ട്‌. ഈ അടുത്ത വർഷങ്ങ​ളിൽ, തന്മാത്രാ ജീവശാ​സ്‌ത്രജ്ഞർ മനുഷ്യ​ന്റെ​യും മൃഗത്തി​ന്റെ​യും കോശങ്ങൾ ഉപയോ​ഗിച്ച്‌ ഒരു പരീക്ഷണം നടത്തി. അതിനു​വേണ്ടി, അവർ കോശ​ത്തി​ലെ ജീനു​ക​ളി​ലും പ്രോ​ട്ടീ​നു​ക​ളി​ലും ചില മാറ്റങ്ങൾ വരുത്തി. വാർധ​ക്യം പ്രാപി​ക്കു​ന്നതു വൈകി​പ്പി​ക്കാൻ പറ്റുമോ എന്ന്‌ അറിയാ​നാ​യി​രു​ന്നു ഈ പരീക്ഷണം. ഇതിനു​വേണ്ട സാമ്പത്തിക പിന്തുണ നൽകാൻ ചില പ്രമു​ഖ​രായ ആളുകൾ മുന്നോ​ട്ടു വന്നു. ശാസ്‌ത്രജ്ഞർ എന്തൊ​ക്കെ​യാ​ണു ചെയ്‌തു​നോ​ക്കി​യത്‌?

ആയുസ്സു കൂട്ടാ​നുള്ള ശ്രമം. ക്രോ​മ​സോ​മു​ക​ളു​ടെ അറ്റങ്ങളി​ലുള്ള ടെലോ​മി​റു​ക​ളിൽ നടക്കുന്ന മാറ്റങ്ങ​ളാ​ണു നമ്മൾ വയസ്സാ​കു​ന്ന​തി​ന്റെ ഒരു കാരണ​മെന്നു ചില ജീവശാ​സ്‌ത്രജ്ഞർ വിശ്വ​സി​ക്കു​ന്നു. കോശങ്ങൾ വിഭജി​ക്ക​പ്പെ​ടു​മ്പോൾ ജനിത​ക​വി​വ​രങ്ങൾ സംരക്ഷി​ക്കു​ന്നതു ടെലോ​മി​റു​ക​ളാണ്‌. ഓരോ പ്രാവ​ശ്യ​വും കോശം വിഭജി​ക്കു​മ്പോൾ ടെലോ​മി​റു​ക​ളു​ടെ വലുപ്പം കുറഞ്ഞു​കു​റഞ്ഞു വരുന്നു. ക്രമേണ കോശ​വി​ഭ​ജനം നടക്കാതെ നമ്മൾ വയസ്സാ​കാൻ തുടങ്ങു​ന്നു.

2009-ൽ നോബൽ സമ്മാന​ത്തിന്‌ അർഹയായ എലിസ​ബത്ത്‌ ബ്ലാക്ക്‌ബേ​ണും സംഘവും ഒരു കാര്യം കണ്ടെത്തി. ശരീര​ത്തി​ലുള്ള ഒരു പ്രത്യേക രാസവ​സ്‌തു​വി​നു ടെലോ​മി​റു​ക​ളു​ടെ വലുപ്പം കുറഞ്ഞു​വ​രു​ന്നതു വൈകി​പ്പി​ക്കാൻ കഴിയും. അങ്ങനെ​യാ​യാൽ കോശം പെട്ടെന്നു വയസ്സാ​കില്ല. എന്നാൽ ആ റിപ്പോർട്ടിൽ അവർ സമ്മതി​ക്കു​ന്ന​തു​പോ​ലെ ടെലോ​മി​റു​കൾ “മാന്ത്രി​ക​മാ​യി ആയുസ്സ്‌ കൂട്ടു​ക​യില്ല.” മനുഷ്യ​ന്റെ ആയുസ്സ്‌ അതിന്റെ പരിധിക്ക്‌ അപ്പുറ​ത്തേക്ക്‌ പോകാൻ അത്‌ അനുവ​ദി​ക്കില്ല.

കോശ​ങ്ങ​ളിൽ ചില മാറ്റങ്ങൾ വരുത്തു​ന്ന​താ​ണു വയസ്സാ​കു​ന്നതു തടയാ​നാ​യി ചെയ്‌തി​രി​ക്കുന്ന മറ്റൊരു ശ്രമം. നമ്മുടെ കോശങ്ങൾ വീണ്ടും വിഭജി​ക്കാൻ കഴിയാത്ത വിധം വയസ്സാ​കു​മ്പോൾ, രോഗത്തെ പ്രതി​രോ​ധി​ക്കുന്ന അടുത്തുള്ള കോശ​ങ്ങൾക്ക്‌ അവ തെറ്റായ സന്ദേശങ്ങൾ നൽകി​യേ​ക്കാം. അത്‌ ശരീരം നീര്‌ വെക്കാൻ ഇടയാ​ക്കി​യേ​ക്കാം. കടുത്ത വേദന​യ്‌ക്കും രോഗ​ത്തി​നു​മൊ​ക്കെ കാരണ​മാ​യേ​ക്കാം. ഈ അടുത്ത്‌ ഫ്രാൻസിലുള്ള ശാസ്‌ത്രജ്ഞർ പ്രായ​മാ​യ​വ​രു​ടെ (ഇതിൽ 100 വയസ്സി​ലേറെ പ്രായ​മു​ള്ള​വ​രും ഉൾപ്പെ​ടും) കോശങ്ങൾ എടുത്ത്‌ ചില മാറ്റങ്ങൾ വരുത്തി. ഈ ഗവേഷ​ണ​വി​ഭാ​ഗ​ത്തി​ന്റെ നേതാ​വായ പ്രൊ​ഫസ്സർ ജീൻ-മാർക്ക്‌ ലെമാ​യ്‌റ്റർ അവരുടെ ഗവേഷ​ണ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞത്‌, കോശങ്ങൾ “വയസ്സാ​കു​ന്നതു തടയാ​നാ​കും” എന്നാണ്‌.

ആയുസ്സ്‌ കൂട്ടാൻ ശാസ്‌ത്ര​ത്തി​നു കഴിയു​മോ?

വയസ്സാ​കു​ന്നതു തടയാൻ ഇന്നു ധാരാളം ചികി​ത്സ​ക​ളു​ണ്ടെ​ങ്കി​ലും അവയൊ​ന്നും മനുഷ്യ​ന്റെ ആയുസ്സ്‌ അതിന്റെ പരിധി​ക്ക​പ്പു​റം വർധി​പ്പി​ക്കു​ന്നി​ല്ലെ​ന്നാ​ണു ചില ശാസ്‌ത്രജ്ഞർ പറയു​ന്നത്‌. 19-ാം നൂറ്റാ​ണ്ടു​മു​തൽ മനുഷ്യ​ന്റെ ആയുർ​ദൈർഘ്യം വർധി​ച്ചി​ട്ടുണ്ട്‌ എന്നതു സത്യമാണ്‌. എന്നാൽ അതിനു കാരണം സാം​ക്ര​മി​ക​രോ​ഗങ്ങൾ തടയു​ന്ന​തിന്‌ എടുത്തി​രി​ക്കുന്ന വിജയ​ക​ര​മായ നടപടി​ക​ളും ആന്റിബ​യോ​ട്ടി​ക്കു​ക​ളു​ടെ​യും വാക്‌സി​നു​ക​ളു​ടെ​യും ഉപയോ​ഗ​വും നല്ല ശുചി​ത്വ​വും ഒക്കെയാണ്‌. ചില ജനിത​ക​വി​ദ​ഗ്‌ധർ വിശ്വ​സി​ക്കു​ന്നതു മനുഷ്യാ​യുസ്സ്‌ അതിന്റെ പരിധി​യിൽ എത്തിനിൽക്കു​ക​യാണ്‌ എന്നാണ്‌.

ഏതാണ്ട്‌ 3,500 വർഷങ്ങൾക്കു​മുമ്പ്‌ ബൈബി​ളെ​ഴു​ത്തു​കാ​ര​നായ മോശ ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ ആയുസ്സ്‌ 70 വർഷം; അസാധാ​ര​ണ​ക​രു​ത്തു​ണ്ടെ​ങ്കിൽ 80 വർഷവും. പക്ഷേ, അക്കാല​മ​ത്ര​യും കഷ്ടതക​ളും സങ്കടങ്ങ​ളും നിറഞ്ഞ​താണ്‌; അവ പെട്ടെന്നു കടന്നു​പോ​കു​ന്നു, ഞങ്ങൾ ദൂരേക്കു പറന്നക​ലു​ന്നു.” (സങ്കീർത്തനം 90:10) ആയുർ​ദൈർഘ്യം കൂട്ടാൻ മനുഷ്യൻ ഒരുപാട്‌ ശ്രമങ്ങൾ നടത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും മനുഷ്യ​ന്റെ ആയുസ്സ്‌ മോശ പറഞ്ഞതു​പോ​ലെ​തന്നെ തുടരു​ന്നു.

മറുവ​ശത്ത്‌ കടൽചേ​ന​പോ​ലുള്ള ചില ജീവികൾ 200 വർഷത്തി​ലേറെ കാലം ജീവി​ച്ചി​രി​ക്കു​ന്നു. ആയിര​ക്ക​ണ​ക്കി​നു വർഷമാ​ണു ഭീമൻ സെക്കോ​യ​പോ​ലുള്ള മരങ്ങളു​ടെ ആയുസ്സ്‌. ഇവയോ​ടു നമ്മുടെ ആയുസ്സി​നെ താരത​മ്യം ചെയ്‌തു​നോ​ക്കുക; അത്‌ വെറും 70-ഓ 80-ഓ വർഷം മാത്രം. ജീവിതം എന്നു പറഞ്ഞാൽ ഇത്രയേ ഉള്ളോ എന്നു നമ്മൾ അതിശ​യ​ത്തോ​ടെ ചിന്തി​ച്ചേ​ക്കാം.