വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവി​ച്ചി​രി​ക്കാ​നാ​ണു നമ്മളെ സൃഷ്ടി​ച്ചത്‌

ജീവി​ച്ചി​രി​ക്കാ​നാ​ണു നമ്മളെ സൃഷ്ടി​ച്ചത്‌

ദീർഘനാൾ സന്തോഷത്തോടെ ജീവി​ച്ചി​രി​ക്കാൻ നമ്മളിൽ ആരാണ്‌ ആഗ്രഹി​ക്കാ​ത്തത്‌? രോഗി​ക​ളാ​കാ​തെ, നല്ല ആരോ​ഗ്യ​ത്തോ​ടെ എന്നും ജീവി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ഒന്നു ഭാവന​യിൽ കാണാ​മോ! നമ്മൾ സ്‌നേ​ഹി​ക്കു​ന്ന​വ​രോ​ടൊ​പ്പം ഇഷ്ടം​പോ​ലെ സമയം ചെലവ​ഴി​ക്കാ​നും ലോകം ചുറ്റി​ക്കാ​ണാ​നും പുതിയ കഴിവു​കൾ നേടി​യെ​ടു​ക്കാ​നും അറിവ്‌ വർധി​പ്പി​ക്കാ​നും നമുക്ക്‌ ഇഷ്ടമു​ള്ള​തി​നെ​ക്കു​റി​ച്ചൊ​ക്കെ പഠിക്കാ​നും കഴിയു​ന്ന​തി​നെ​ക്കു​റി​ച്ചൊന്ന്‌ ചിന്തി​ച്ചു​നോ​ക്കൂ!

മനുഷ്യ​നാ​യാൽ മരിക്കും എന്നത്‌ ഒരു പ്രപഞ്ച​സ​ത്യ​മല്ലേ? അല്ലേ അല്ല! എന്നും ജീവി​ച്ചി​രി​ക്കാ​നുള്ള ആഗ്രഹം ദൈവം നമുക്കു തന്നിട്ടു​ണ്ടെന്നു ബൈബിൾ പറയുന്നു. (സഭാ​പ്ര​സം​ഗകൻ 3:11) കൂടാതെ, “ദൈവം സ്‌നേ​ഹ​മാണ്‌” എന്നും അതു പറയുന്നു. (1 യോഹ​ന്നാൻ 4:8) സ്‌നേ​ഹ​വാ​നായ ദൈവം എന്നേക്കും ജീവി​ക്കാ​നുള്ള ഒരു ആഗ്രഹം തന്നിട്ട്‌ അത്‌ നടത്താ​തി​രി​ക്കു​മെന്നു ചിന്തി​ക്കാൻ പറ്റുമോ?

നമ്മളാ​രും മരിക്കാൻ ആഗ്രഹി​ക്കു​ന്നില്ല. ബൈബിൾ മരണത്തെ വിളി​ക്കു​ന്നത്‌ ‘ശത്രു’ എന്നാണ്‌. (1 കൊരി​ന്ത്യർ 15:26) ചിലർ പെട്ടെന്നു മരിക്കു​ന്നു, ചിലർ വൈകി​യും. എന്തായാ​ലും മരണം ഉറപ്പാണ്‌. ഇന്നു മരണത്തെ പലരും ഭയക്കുന്നു. എന്നെങ്കി​ലും മരണം ഇല്ലാതാ​കു​മോ? അതിന്‌ എന്തെങ്കി​ലും ഒരു സാധ്യ​ത​യു​ണ്ടോ?

പ്രത്യാ​ശ​യ്‌ക്കു വകയുണ്ട്‌

മനുഷ്യൻ മരിക്കാൻ ദൈവം ആഗ്രഹി​ച്ചി​രു​ന്നില്ല എന്ന കാര്യം നിങ്ങൾക്ക്‌ അറിയാ​മോ? മനുഷ്യർ ഭൂമി​യിൽ എന്നേക്കും ജീവി​ക്കണം എന്നതാ​യി​രു​ന്നു ദൈവ​ത്തി​ന്റെ ഉദ്ദേശ്യം. അതിനുള്ള തെളിവ്‌ ഉൽപത്തി എന്ന ബൈബിൾപു​സ്‌ത​ക​ത്തിൽ കാണാം. മനുഷ്യർക്കു സന്തോ​ഷ​ത്തോ​ടെ ജീവി​ക്കാൻ ആവശ്യ​മാ​യ​തെ​ല്ലാം ദൈവം ഭൂമി​യിൽ ഉണ്ടാക്കി. എന്നിട്ട്‌ ആദ്യമ​നു​ഷ്യ​നായ ആദാമി​നെ സൃഷ്ടിച്ച്‌ മനോ​ഹ​ര​മായ ഒരു പറുദീ​സ​യിൽ, ഏദെൻ തോട്ട​ത്തിൽ, ആക്കി. അതിനു ശേഷം, “താൻ ഉണ്ടാക്കി​യ​തെ​ല്ലാം ദൈവം നോക്കി, വളരെ നല്ലതെന്നു കണ്ടു. സന്ധ്യയാ​യി, പ്രഭാ​ത​മാ​യി; ആറാം ദിവസം.”—ഉൽപത്തി 1:26, 31.

ഒരു ന്യൂന​ത​യു​മി​ല്ലാ​തെ, അത്യു​ത്ത​മ​മാ​യാണ്‌ ആദാമി​നെ ദൈവം സൃഷ്ടി​ച്ചത്‌. (ആവർത്തനം 32:4) ആദാമി​ന്റെ ഭാര്യ​യായ ഹവ്വയെ സൃഷ്ടി​ച്ച​തും യാതൊ​രു ന്യൂന​ത​ക​ളും ഇല്ലാ​തെ​യാ​യി​രു​ന്നു. അവരുടെ മനസ്സും ശരീര​വും പൂർണ​മാ​യി​രു​ന്നു. ദൈവ​മായ യഹോവ അവരോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ സന്താന​സ​മൃ​ദ്ധി​യു​ള്ള​വ​രാ​യി പെരുകി ഭൂമി​യിൽ നിറഞ്ഞ്‌ അതിനെ അടക്കി​ഭ​രിച്ച്‌ കടലിലെ മത്സ്യങ്ങ​ളു​ടെ മേലും ആകാശ​ത്തി​ലെ പറവക​ളു​ടെ മേലും ഭൂമി​യിൽ കാണുന്ന എല്ലാ ജീവി​ക​ളു​ടെ മേലും ആധിപ​ത്യം നടത്തുക.”—ഉൽപത്തി 1:28.

ആദാമി​നും ഹവ്വയ്‌ക്കും അവരുടെ മക്കളെ​ക്കൊണ്ട്‌ ഭൂമി നിറയ്‌ക്കാൻ ഒരുപാട്‌ സമയം വേണ്ടി​വ​രു​മാ​യി​രു​ന്നു. ഹവ്വ മക്കളെ പ്രസവിച്ച്‌ ആ മക്കൾ അവരുടെ മക്കളെ പ്രസവിച്ച്‌ അങ്ങനെ ദൈവം ഉദ്ദേശി​ച്ച​തു​പോ​ലെ ഭൂമി മുഴുവൻ മനുഷ്യ​രെ​ക്കൊണ്ട്‌ നിറയ​ണ​മാ​യി​രു​ന്നു. (യശയ്യ 45:18) ആദാമും ഹവ്വയും അവരുടെ മക്കളെ​യും കൊച്ചു​മ​ക്ക​ളെ​യും മാത്രം കാണാനേ ദൈവ​മായ യഹോവ ഉദ്ദേശി​ച്ചി​രു​ന്നു​ള്ളൂ എങ്കിൽ ഇങ്ങനെ​യൊ​രു ദൗത്യം അവർക്കു കൊടു​ക്കു​മാ​യി​രു​ന്നോ?

മൃഗങ്ങ​ളു​ടെ മേൽ ആധിപ​ത്യം നടത്താൻ ദൈവം കൊടുത്ത ഉത്തരവാ​ദി​ത്വ​ത്തെ​ക്കു​റി​ച്ചും ചിന്തി​ക്കുക. എല്ലാ മൃഗങ്ങൾക്കും പേരി​ടാ​നുള്ള ജോലി ആദാമി​നു​ണ്ടാ​യി​രു​ന്നു. (ഉൽപത്തി 2:19) മൃഗങ്ങ​ളെ​ക്കു​റിച്ച്‌ പഠിച്ച്‌ അവയെ എങ്ങനെ പരിപാ​ലി​ക്ക​ണ​മെന്നു മനസ്സി​ലാ​ക്കി​യാ​ലല്ലേ അതിനെ അടക്കി​ഭ​രി​ക്കാൻ കഴിയൂ? അതിന്‌ ഒരുപാട്‌ സമയ​മെ​ടു​ക്കി​ല്ലേ?

ആദ്യത്തെ മനുഷ്യ​ദ​മ്പ​തി​ക​ളോ​ടു ഭൂമിയെ നിറയ്‌ക്കാ​നും മൃഗങ്ങളെ അടക്കി​ഭ​രി​ക്കാ​നും പറഞ്ഞതിൽനിന്ന്‌ ഒരു കാര്യം വ്യക്തമാണ്‌. കുറെ കാലം ജീവി​ച്ചി​രി​ക്കാൻ വേണ്ടി​യാ​ണു ദൈവം അവരെ സൃഷ്ടി​ച്ചത്‌. അതു​പോ​ലെ​തന്നെ ആദാം കുറെ കാലം ജീവി​ച്ചി​രു​ന്നു.

ഭൂമിയിലെ പറുദീസയിൽ മനുഷ്യർ എന്നേക്കും ജീവി​ച്ചി​രി​ക്കുക എന്നതാണു ദൈവത്തിന്റെ ഉദ്ദേശ്യം

അവർ കുറെ കാലം ജീവി​ച്ചി​രു​ന്നു

ആദാം 930 വയസ്സ്‌

മെഥൂശലഹ്‌ 969 വയസ്സ്‌

നോഹ 950 വയസ്സ്‌

ഇന്ന്‌ 70-80 വയസ്സ്‌

പണ്ടത്തെ മനുഷ്യർ നമ്മളെ​ക്കാൾ കൂടുതൽ കാലം ജീവി​ച്ചി​രു​ന്ന​താ​യി ബൈബിൾ പറയുന്നു. “ആദാം. . . 930 വർഷം ജീവിച്ചു” എന്നാണ്‌ ബൈബിൾ പറയു​ന്നത്‌. 900 വർഷത്തി​ല​ധി​കം ജീവി​ച്ചി​രുന്ന വേറെ ആറു പേരുടെ പേരു​ക​ളെ​ക്കു​റി​ച്ചും ബൈബിൾ പറയു​ന്നുണ്ട്‌. അവരാണു ശേത്ത്‌, എനോശ്‌, കേനാൻ, യാരെദ്‌, മെഥൂ​ശ​ലഹ്‌, നോഹ. അവർ എല്ലാവ​രും നോഹ​യു​ടെ കാലത്തു​ണ്ടായ പ്രളയ​ത്തി​നു മുമ്പ്‌ ജീവി​ച്ചി​രു​ന്ന​വ​രാണ്‌. ജലപ്ര​ളയം ഉണ്ടായ​പ്പോൾ നോഹ​യ്‌ക്ക്‌ 600 വയസ്സാ​യി​രു​ന്നു. (ഉൽപത്തി 5:5-27; 7:6; 9:29) അത്രയും നാൾ അവർക്കൊ​ക്കെ ജീവി​ക്കാൻ കഴിഞ്ഞത്‌ എന്തു​കൊ​ണ്ടാണ്‌?

പൂർണ്ണ​മ​നു​ഷ്യ​രായ ആദാമും ഹവ്വയും ജീവിച്ച്‌ അധികം വൈകാ​തെ ഭൂമി​യിൽ ജീവി​ച്ച​വ​രാണ്‌ ആ മനുഷ്യ​രൊ​ക്കെ. അതു​കൊ​ണ്ടാ​യി​രി​ക്കാം അവർക്ക്‌ അത്രയും കാലം ജീവി​ച്ചി​രി​ക്കാൻ കഴിഞ്ഞത്‌. കൂടുതൽ കാലം ജീവി​ച്ചി​രി​ക്കു​ന്ന​തും പൂർണ​രാ​യി​രി​ക്കു​ന്ന​തും തമ്മിൽ എന്താണു ബന്ധം? മരണത്തെ എങ്ങനെ​യാണ്‌ ഇല്ലാതാ​ക്കാൻപോ​കു​ന്നത്‌? അതിന്‌ ഉത്തരം ലഭിക്കു​ന്ന​തി​നു മുമ്പ്‌ നമ്മൾ വയസ്സു​ചെന്ന്‌ മരിക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നു മനസ്സി​ലാ​ക്കണം.