വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മരണം: ആർക്കെ​ങ്കി​ലും രക്ഷപ്പെ​ടാ​നാ​കു​മോ

മരണം: ആർക്കെ​ങ്കി​ലും രക്ഷപ്പെ​ടാ​നാ​കു​മോ

നിങ്ങൾ പ്രശസ്‌ത​യായ ഒരാ​ളെ​ക്കു​റി​ച്ചുള്ള വീഡി​യോ കാണു​ക​യാ​ണെന്നു വിചാ​രി​ക്കുക. നിങ്ങൾക്ക്‌ ഇഷ്ടപ്പെട്ട ഒരു പാട്ടു​കാ​രി. ആ വീഡി​യോ തുടങ്ങു​ന്നത്‌ അവളുടെ കുട്ടി​ക്കാ​ല​വും പാട്ടു പഠിക്കു​ന്ന​തും വർഷങ്ങ​ളോ​ളം നീണ്ട പരിശീ​ല​ന​വും ഒക്കെ കാണി​ച്ചു​കൊ​ണ്ടാണ്‌. പിന്നെ കാണു​ന്നതു പല സ്ഥലങ്ങളി​ലും ആ പാട്ടു​കാ​രി പരിപാ​ടി​കൾ നടത്തു​ന്ന​തും ഒരുപാട്‌ യാത്രകൾ ചെയ്യു​ന്ന​തും ആണ്‌. അങ്ങനെ അവൾ ലോക​പ്ര​ശ​സ്‌ത​യാ​കു​ന്നു. അധികം വൈകാ​തെ നിങ്ങൾ അവരുടെ പ്രായം​ചെന്ന ചിത്രങ്ങൾ കാണുന്നു. പിന്നെ അവൾ മരിക്കു​ന്നു. അതോടെ ആ വീഡി​യോ പരിപാ​ടി അവസാ​നി​ക്കു​ന്നു.

ഇത്‌ വെറു​മൊ​രു കഥയല്ല. ഒരു വ്യക്തി​യു​ടെ യഥാർഥ ജീവി​ത​മാണ്‌. പാട്ടു​കാ​രാ​യാ​ലും ശാസ്‌ത്ര​ജ്ഞ​രാ​യാ​ലും കായി​ക​താ​ര​ങ്ങ​ളാ​യാ​ലും എല്ലാവ​രു​ടെ​യും കഥ ഇതുത​ന്നെ​യാണ്‌. പ്രശസ്‌ത​രായ അവർക്കെ​ല്ലാം അവസാനം സംഭവി​ക്കു​ന്നതു മരണമാണ്‌. ജീവി​ച്ചി​രു​ന്ന​പ്പോൾ അവർ ഒരുപാട്‌ നേട്ടങ്ങൾ കൊയ്‌തു. എന്നാൽ മരണ​ത്തോ​ടെ എല്ലാം അവസാ​നി​ച്ചു. അവർ വയസ്സു​ചെന്ന്‌ മരിച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ലോ? എത്രയോ നേട്ടങ്ങൾ ഇനിയും കൊയ്യാ​മാ​യി​രു​ന്നു!

ഇതെക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ നമുക്കു വിഷമം തോന്നു​മെ​ങ്കി​ലും എല്ലാവർക്കും ഇതുത​ന്നെ​യാ​ണു സംഭവി​ക്കു​ന്നത്‌. (സഭാ​പ്ര​സം​ഗകൻ 9:5) എന്തൊക്കെ ചെയ്‌താ​ലും പ്രായ​മാ​കു​ന്ന​തും മരിക്കു​ന്ന​തും തടയാൻ നമ്മളെ​ക്കൊണ്ട്‌ പറ്റില്ല. മാരക​മായ രോഗ​ങ്ങ​ളോ പെട്ടെ​ന്നു​ണ്ടാ​കുന്ന അപകട​ങ്ങ​ളോ നമ്മുടെ ജീവൻ കവർന്നെ​ടു​ത്തേ​ക്കാം. “കുറച്ച്‌ നേര​ത്തേക്കു മാത്രം കാണു​ന്ന​തും പിന്നെ മാഞ്ഞു​പോ​കു​ന്ന​തും ആയ മൂടൽമ​ഞ്ഞാണ്‌” നമ്മൾ എന്നാണു ബൈബിൾ പറയു​ന്നത്‌.—യാക്കോബ്‌ 4:14.

ചിലരു​ടെ കാര്യ​ത്തിൽ ജീവി​ത​ത്തിൽ പ്രത്യേ​കിച്ച്‌ ലക്ഷ്യങ്ങ​ളൊ​ന്നു​മില്ല. പിന്നെ, നാളെ എന്തു സംഭവി​ക്കു​മെന്ന്‌ അറിയി​ല്ലാ​ത്ത​തു​കൊണ്ട്‌, “നമുക്കു തിന്നു​കു​ടിച്ച്‌ ഉല്ലസി​ക്കാം; നാളെ നമ്മൾ മരിക്കു​മ​ല്ലോ” എന്ന്‌ അവർ ചിന്തി​ക്കു​ന്നു. (1 കൊരി​ന്ത്യർ 15:32) മരണത്തിൽനിന്ന്‌ ആർക്കും രക്ഷപ്പെ​ടാ​നാ​കില്ല എന്ന യാഥാർഥ്യം അവർ അംഗീ​ക​രി​ക്കു​ന്നു എന്നല്ലേ ഇത്‌ കാണി​ക്കു​ന്നത്‌? നാളെ നിങ്ങളും അങ്ങേയറ്റം വേദന അനുഭ​വി​ക്കുന്ന ഒരു സാഹച​ര്യം നേരി​ട്ടാൽ ഇങ്ങനെ ചോദി​ച്ചേ​ക്കാം: ജീവിതം എന്നു പറയു​ന്നത്‌ ഇത്രയേ ഉള്ളോ? ഇതിനുള്ള ഉത്തരം നിങ്ങൾക്ക്‌ എവി​ടെ​നിന്ന്‌ കിട്ടും?

ശാസ്‌ത്ര​ജ്ഞർ ഇതി​നൊ​രു ഉത്തരം തരു​മെ​ന്നാ​ണു മിക്കവ​രും ചിന്തി​ക്കു​ന്നത്‌. വൈദ്യ​രം​ഗ​ത്തും ശാസ്‌ത്ര​രം​ഗ​ത്തും ഉണ്ടായി​ട്ടുള്ള പുരോ​ഗതി മനുഷ്യ​ന്റെ ആയുർ​ദൈർഘ്യം കൂട്ടി​യി​ട്ടുണ്ട്‌. മനുഷ്യാ​യുസ്സ്‌ ഇനിയും കൂട്ടാ​നുള്ള പരീക്ഷ​ണ​ത്തി​ലാ​ണു ചില ശാസ്‌ത്രജ്ഞർ. അവർ ഇക്കാര്യ​ത്തിൽ വിജയി​ച്ചാ​ലും ഇല്ലെങ്കി​ലും ചില ചോദ്യ​ങ്ങൾ അവശേ​ഷി​ക്കും: നമ്മൾ വയസ്സു​ചെന്ന്‌ മരിക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? നമ്മുടെ ശത്രു​വായ മരണത്തെ കീഴട​ക്കാൻ പറ്റുമോ? ഇനി വരുന്ന ലേഖന​ങ്ങ​ളിൽ ഈ വിഷയ​ങ്ങ​ളെ​ക്കു​റിച്ച്‌ ചർച്ച ചെയ്യും. കൂടാതെ, ജീവിതം—ഇത്രയേ ഉള്ളോ എന്ന ചോദ്യ​ത്തി​നുള്ള ഉത്തരവും കിട്ടും.