ആയുസ്സ് കൂട്ടാനുള്ള അന്വേഷണം
“മനുഷ്യമക്കളെ വ്യാപൃതരാക്കിനിറുത്താൻ ദൈവം അവർക്കു കൊടുത്തിട്ടുള്ള ജോലി ഞാൻ കണ്ടു. ദൈവം ഓരോന്നും അതതിന്റെ സമയത്ത് ഭംഗിയായി ഉണ്ടാക്കി. നിത്യതപോലും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു.”—സഭാപ്രസംഗകൻ 3:10, 11.
ജ്ഞാനിയായ ശലോമോൻ രാജാവിന്റെ ഈ വാക്കുകൾ ജീവിച്ചിരിക്കാനുള്ള മനുഷ്യന്റെ ആഗ്രഹത്തെക്കുറിച്ച് വർണിക്കുന്നു. നമ്മൾ കുറച്ച് കാലം ജീവിച്ച് പെട്ടന്നു മരിച്ചുപോകുന്നതുകൊണ്ടായിരിക്കാം ആയുസ്സ് കൂട്ടാനായി മനുഷ്യൻ പലതും ചെയ്യുന്നത്. ചരിത്രത്തിൽ പല ഇതിഹാസങ്ങളും കഥകളും ആയുസ്സ് കൂട്ടാൻവേണ്ടി മനുഷ്യൻ നടത്തിയ ശ്രമങ്ങളെക്കുറിച്ച് പറയുന്നുണ്ട്.
ഉദാഹരണത്തിന്, സുമേറിയയിലെ ഗിൽഗമെഷ് രാജാവിന്റെ കാര്യം നോക്കാം. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള പല ഐതിഹ്യങ്ങളുമുണ്ട്. അതിൽ ഒന്നാണ് ഗിൽഗമെഷ് ഇതിഹാസം. അതിൽ മരണത്തെ എങ്ങനെ കീഴടക്കാമെന്നു പഠിക്കുന്നതിനുവേണ്ടി അദ്ദേഹം ഒരു സാഹസികയാത്ര നടത്തുന്നതായും അക്കാര്യത്തിൽ പരാജയപ്പെടുന്നതായും പറയുന്നു.
ബി.സി. നാലാം നൂറ്റാണ്ടിൽ ചൈനയിലെ രസതന്ത്രജ്ഞർ ‘അമൃത്’ ഉണ്ടാക്കാനുള്ള ശ്രമം നടത്തി. അതു കഴിച്ചാൽ എന്നേക്കും ജീവിക്കാൻ പറ്റുമെന്ന് അവർ വിചാരിച്ചു. അതിനുവേണ്ടി അവർ കുറച്ച് രസവും മറ്റൊരു രാസവസ്തുവും (ആർസെനിക്ക്) ചേർന്ന ഒരു പാനീയം ഉണ്ടാക്കി. ചില ചൈനീസ് ചക്രവർത്തിമാരുടെ മരണത്തിനിടയാക്കിയത് ഈ പാനീയമാണെന്നു കരുതപ്പെടുന്നു. ഇനി, മധ്യകാലത്ത് യൂറോപ്പിലെ ചില രസതന്ത്രജ്ഞർ സ്വർണത്തെ കഴിക്കാനാകുന്ന തരത്തിൽ മാറ്റാൻ ശ്രമം നടത്തി. സ്വർണം പെട്ടെന്നു നശിച്ചുപോകാത്ത ഒരു പദാർഥമായതുകൊണ്ട് ഇതിനു മനുഷ്യന്റെ ആയുസ്സ് കൂട്ടാനാകുമെന്നാണ് അവർ വിശ്വസിച്ചത്.
മരിക്കാതെ ജീവിക്കാനാണ് അമർത്യത തരുമെന്നു കരുതിയ മിശ്രിതം കണ്ടുപിടിക്കാൻ അന്ന് ആളുകൾ ശ്രമിച്ചത്. പ്രായമാകുന്നതിന്റെ രഹസ്യം ചുരുളഴിക്കാൻ ഇന്നും ചില ജീവശാസ്ത്രജ്ഞരും ജനിതകശാസ്ത്രജ്ഞരും ശ്രമിക്കുന്നു. ഇവരുടെ അന്വേഷണങ്ങൾ ഒരു കാര്യം വ്യക്തമാക്കുന്നു. ഇന്നും, മനുഷ്യൻ പ്രായമാകാനും മരിക്കാനും ആഗ്രഹിക്കുന്നില്ല. എന്നാൽ ഇവരുടെ ഈ അന്വേഷണങ്ങളുടെ ഒക്കെ ഫലം എന്താണ്?
“നിത്യതപോലും മനുഷ്യരുടെ ഹൃദയത്തിൽ” ദൈവം വെച്ചിട്ടുണ്ട്.—സഭാപ്രസംഗകൻ 3:10, 11
വാർധക്യത്തിന്റെ വേരുകൾ തേടി
മനുഷ്യശരീരത്തിലെ കോശങ്ങളെക്കുറിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞർ, പ്രായമാകുന്നതും മരിക്കുന്നതും എന്തുകൊണ്ടാണെന്നു വിശദീകരിക്കുന്ന 300-ലധികം സിദ്ധാന്തങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഈ അടുത്ത വർഷങ്ങളിൽ, തന്മാത്രാ ജീവശാസ്ത്രജ്ഞർ മനുഷ്യന്റെയും മൃഗത്തിന്റെയും കോശങ്ങൾ ഉപയോഗിച്ച് ഒരു പരീക്ഷണം നടത്തി. അതിനുവേണ്ടി, അവർ കോശത്തിലെ ജീനുകളിലും പ്രോട്ടീനുകളിലും ചില മാറ്റങ്ങൾ വരുത്തി. വാർധക്യം പ്രാപിക്കുന്നതു വൈകിപ്പിക്കാൻ പറ്റുമോ എന്ന് അറിയാനായിരുന്നു ഈ പരീക്ഷണം. ഇതിനുവേണ്ട സാമ്പത്തിക പിന്തുണ നൽകാൻ ചില പ്രമുഖരായ ആളുകൾ മുന്നോട്ടു വന്നു. ശാസ്ത്രജ്ഞർ എന്തൊക്കെയാണു ചെയ്തുനോക്കിയത്?
ആയുസ്സു കൂട്ടാനുള്ള ശ്രമം. ക്രോമസോമുകളുടെ അറ്റങ്ങളിലുള്ള ടെലോമിറുകളിൽ നടക്കുന്ന മാറ്റങ്ങളാണു നമ്മൾ വയസ്സാകുന്നതിന്റെ ഒരു കാരണമെന്നു ചില ജീവശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. കോശങ്ങൾ വിഭജിക്കപ്പെടുമ്പോൾ ജനിതകവിവരങ്ങൾ സംരക്ഷിക്കുന്നതു ടെലോമിറുകളാണ്. ഓരോ പ്രാവശ്യവും കോശം വിഭജിക്കുമ്പോൾ ടെലോമിറുകളുടെ വലുപ്പം കുറഞ്ഞുകുറഞ്ഞു വരുന്നു. ക്രമേണ കോശവിഭജനം നടക്കാതെ നമ്മൾ വയസ്സാകാൻ തുടങ്ങുന്നു.
2009-ൽ നോബൽ സമ്മാനത്തിന് അർഹയായ എലിസബത്ത് ബ്ലാക്ക്ബേണും സംഘവും ഒരു കാര്യം കണ്ടെത്തി. ശരീരത്തിലുള്ള ഒരു പ്രത്യേക രാസവസ്തുവിനു ടെലോമിറുകളുടെ വലുപ്പം കുറഞ്ഞുവരുന്നതു വൈകിപ്പിക്കാൻ കഴിയും. അങ്ങനെയായാൽ കോശം പെട്ടെന്നു വയസ്സാകില്ല. എന്നാൽ ആ റിപ്പോർട്ടിൽ അവർ സമ്മതിക്കുന്നതുപോലെ ടെലോമിറുകൾ “മാന്ത്രികമായി ആയുസ്സ് കൂട്ടുകയില്ല.” മനുഷ്യന്റെ ആയുസ്സ് അതിന്റെ പരിധിക്ക് അപ്പുറത്തേക്ക് പോകാൻ അത് അനുവദിക്കില്ല.
കോശങ്ങളിൽ ചില മാറ്റങ്ങൾ വരുത്തുന്നതാണു വയസ്സാകുന്നതു തടയാനായി ചെയ്തിരിക്കുന്ന മറ്റൊരു ശ്രമം. നമ്മുടെ കോശങ്ങൾ വീണ്ടും വിഭജിക്കാൻ കഴിയാത്ത വിധം വയസ്സാകുമ്പോൾ, രോഗത്തെ പ്രതിരോധിക്കുന്ന അടുത്തുള്ള കോശങ്ങൾക്ക് അവ തെറ്റായ സന്ദേശങ്ങൾ നൽകിയേക്കാം. അത് ശരീരം നീര് വെക്കാൻ ഇടയാക്കിയേക്കാം. കടുത്ത വേദനയ്ക്കും രോഗത്തിനുമൊക്കെ കാരണമായേക്കാം. ഈ അടുത്ത് ഫ്രാൻസിലുള്ള ശാസ്ത്രജ്ഞർ പ്രായമായവരുടെ (ഇതിൽ 100 വയസ്സിലേറെ പ്രായമുള്ളവരും ഉൾപ്പെടും) കോശങ്ങൾ എടുത്ത് ചില മാറ്റങ്ങൾ വരുത്തി. ഈ ഗവേഷണവിഭാഗത്തിന്റെ നേതാവായ പ്രൊഫസ്സർ ജീൻ-മാർക്ക് ലെമായ്റ്റർ അവരുടെ ഗവേഷണത്തെക്കുറിച്ച് പറഞ്ഞത്, കോശങ്ങൾ “വയസ്സാകുന്നതു തടയാനാകും” എന്നാണ്.
ആയുസ്സ് കൂട്ടാൻ ശാസ്ത്രത്തിനു കഴിയുമോ?
വയസ്സാകുന്നതു തടയാൻ ഇന്നു ധാരാളം ചികിത്സകളുണ്ടെങ്കിലും അവയൊന്നും മനുഷ്യന്റെ ആയുസ്സ് അതിന്റെ പരിധിക്കപ്പുറം വർധിപ്പിക്കുന്നില്ലെന്നാണു ചില ശാസ്ത്രജ്ഞർ പറയുന്നത്. 19-ാം നൂറ്റാണ്ടുമുതൽ മനുഷ്യന്റെ ആയുർദൈർഘ്യം വർധിച്ചിട്ടുണ്ട് എന്നതു സത്യമാണ്. എന്നാൽ അതിനു കാരണം സാംക്രമികരോഗങ്ങൾ തടയുന്നതിന് എടുത്തിരിക്കുന്ന വിജയകരമായ നടപടികളും ആന്റിബയോട്ടിക്കുകളുടെയും വാക്സിനുകളുടെയും ഉപയോഗവും നല്ല ശുചിത്വവും ഒക്കെയാണ്. ചില ജനിതകവിദഗ്ധർ വിശ്വസിക്കുന്നതു മനുഷ്യായുസ്സ് അതിന്റെ പരിധിയിൽ എത്തിനിൽക്കുകയാണ് എന്നാണ്.
ഏതാണ്ട് 3,500 വർഷങ്ങൾക്കുമുമ്പ് ബൈബിളെഴുത്തുകാരനായ മോശ ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ ആയുസ്സ് 70 വർഷം; അസാധാരണകരുത്തുണ്ടെങ്കിൽ 80 വർഷവും. പക്ഷേ, അക്കാലമത്രയും കഷ്ടതകളും സങ്കടങ്ങളും നിറഞ്ഞതാണ്; അവ പെട്ടെന്നു കടന്നുപോകുന്നു, ഞങ്ങൾ ദൂരേക്കു പറന്നകലുന്നു.” (സങ്കീർത്തനം 90:10) ആയുർദൈർഘ്യം കൂട്ടാൻ മനുഷ്യൻ ഒരുപാട് ശ്രമങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും മനുഷ്യന്റെ ആയുസ്സ് മോശ പറഞ്ഞതുപോലെതന്നെ തുടരുന്നു.
മറുവശത്ത് കടൽചേനപോലുള്ള ചില ജീവികൾ 200 വർഷത്തിലേറെ കാലം ജീവിച്ചിരിക്കുന്നു. ആയിരക്കണക്കിനു വർഷമാണു ഭീമൻ സെക്കോയപോലുള്ള മരങ്ങളുടെ ആയുസ്സ്. ഇവയോടു നമ്മുടെ ആയുസ്സിനെ താരതമ്യം ചെയ്തുനോക്കുക; അത് വെറും 70-ഓ 80-ഓ വർഷം മാത്രം. ജീവിതം എന്നു പറഞ്ഞാൽ ഇത്രയേ ഉള്ളോ എന്നു നമ്മൾ അതിശയത്തോടെ ചിന്തിച്ചേക്കാം.