നല്ലൊരു ജീവിതം എങ്ങനെ സാധ്യമാകും?
ദൈവം ആഗ്രഹിച്ച വിധത്തിലല്ല ഇന്നു മനുഷ്യൻ ജീവിക്കുന്നത്. ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരെല്ലാം സ്രഷ്ടാവിന്റെ ഭരണത്തിനു കീഴ്പ്പെടുന്നവരും ദൈവത്തിന്റെ മാർഗനിർദേശം തേടുന്നവരും ദൈവത്തിന്റെ സ്നേഹവും മറ്റു മനോഹരമായ ഗുണങ്ങൾ പകർത്തുന്നവരും ആയിരിക്കാനാണു ദൈവം ആഗ്രഹിച്ചത്. അതുപോലെ കുടുംബം നോക്കാനും പുതിയ കാര്യങ്ങൾ കണ്ടെത്താനും ഭൂമി ഒരു പറുദീസയാക്കാനും ഒക്കെ മനുഷ്യൻ പ്രവർത്തിക്കുമ്പോൾ അത് ഒത്തൊരുമയോടും സന്തോഷത്തോടും കൂടെയായിരിക്കാനാണു ദൈവം ആഗ്രഹിച്ചത്.
ഭൂമിയിലെ ജീവിതം താൻ ഉദ്ദേശിച്ച വിധത്തിൽ ആക്കുമെന്നു ദൈവം ഉറപ്പു നൽകിയിരിക്കുന്നു.
-
“ദൈവം ഭൂമിയിലെങ്ങും യുദ്ധങ്ങൾ നിറുത്തലാക്കുന്നു.”—സങ്കീർത്തനം 46:9.
-
“ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കാനും നിശ്ചയിച്ചിരിക്കുന്ന സമയം വന്നെത്തിയിരിക്കുന്നു.”—വെളിപാട് 11:18.
-
“‘എനിക്കു രോഗമാണ്’ എന്നു ദേശത്ത് വസിക്കുന്ന ആരും പറയില്ല.”—യശയ്യ 33:24.
-
“ഞാൻ തിരഞ്ഞെടുത്തവർ മതിവരുവോളം തങ്ങളുടെ അധ്വാനഫലം ആസ്വദിക്കും.”—യശയ്യ 65:22.
ഈ പ്രവചനങ്ങൾ എങ്ങനെ നിറവേറും? സ്വർഗത്തിൽനിന്ന് ഭൂമിയെ ഭരിക്കുന്ന ഒരു നല്ല ഗവൺമെന്റിന്റെ രാജാവായി ദൈവം തന്റെ മകനായ യേശുവിനെ നിയമിച്ചിരിക്കുന്നു. ദൈവരാജ്യമെന്നാണു ബൈബിൾ അതിനെ വിളിക്കുന്നത്. (ദാനിയേൽ 2:44) യേശുവിനെക്കുറിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: ‘ദൈവം അവനു സിംഹാസനം കൊടുക്കും. അവൻ രാജാവായി ഭരിക്കും.’—ലൂക്കോസ് 1:32, 33.
താൻ രാജാവായി ഭരിക്കുമ്പോൾ മനുഷ്യജീവിതം വളരെ മികച്ചതായിരിക്കും എന്നു കാണിക്കാൻ യേശു ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ ധാരാളം അത്ഭുതങ്ങൾ കാണിച്ചു.
മനുഷ്യകുടുംബത്തിനുവേണ്ടി ഭാവിയിൽ എന്തു ചെയ്യുമെന്ന് യേശു കാണിച്ചു
-
യേശു എല്ലാ തരം രോഗങ്ങളും സുഖപ്പെടുത്തി. അങ്ങനെ ഭാവിയിൽ മനുഷ്യകുടുംബത്തിന്റെ എല്ലാ വൈകല്യങ്ങളും എങ്ങനെ ഇല്ലാതാക്കും എന്നതിനു തെളിവ് നൽകി.—മത്തായി 9:35.
-
യേശു കടലിനെ ശാന്തമാക്കി. അങ്ങനെ പ്രകൃതിശക്തികളെപ്പോലും നിയന്ത്രിച്ചുകൊണ്ട് ആളുകളെ സംരക്ഷിക്കാനുള്ള തന്റെ കഴിവ് തെളിയിച്ചു.—മർക്കോസ് 4:36-39.
-
ആയിരങ്ങൾക്കു ഭക്ഷണം നൽകിക്കൊണ്ട് ആളുകളുടെ ജീവതത്തിന് ആവശ്യമായ കാര്യങ്ങൾ നടത്തിക്കൊടുക്കാൻ തനിക്കു കഴിയുമെന്ന് യേശു കാണിച്ചു.—മർക്കോസ് 6:41-44.
-
ഒരു വിവാഹവിരുന്നിൽ യേശു വെള്ളം വീഞ്ഞാക്കിയതിലൂടെ ആളുകളുടെ ജീവിതം സന്തോഷപ്രദമാക്കാൻ തനിക്കു കഴിയുമെന്ന് യേശു സൂചിപ്പിച്ചു.—യോഹന്നാൻ 2:7-11.
തന്നെ സ്നേഹിക്കുന്നവർക്കുവേണ്ടി ദൈവം കരുതിയിരിക്കുന്ന ജീവിതം ലഭിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? അതിനു നിങ്ങൾ പോകേണ്ട ഒരു ‘വഴിയുണ്ട്.’ ‘ജീവനിലേക്കുള്ള വഴി’ എന്നാണു ബൈബിൾ അതിനെ വിളിക്കുന്നത്. “കുറച്ച് പേർ മാത്രമേ അതു കണ്ടെത്തുന്നുള്ളൂ.”—മത്തായി 7:14.
നല്ലൊരു ജീവിതത്തിലേക്കുള്ള വഴി
ജീവനിലേക്കുള്ള വഴി ഏതാണ്? ദൈവം പറയുന്നു: “നിന്റെ പ്രയോജനത്തിനായി നിന്നെ പഠിപ്പിക്കുകയും പോകേണ്ട വഴിയിലൂടെ നിന്നെ നടത്തുകയും ചെയ്യുന്ന, യഹോവ എന്ന ഞാനാണു നിന്റെ ദൈവം.” (യശയ്യ 48:17) ഈ നിർദേശം അനുസരിച്ചാൽ നിങ്ങളുടെ ജീവിതം ധന്യമാകും.
യേശു പറഞ്ഞു: “ഞാൻതന്നെയാണു വഴിയും സത്യവും ജീവനും.” (യോഹന്നാൻ 14:6) നമ്മൾ യേശു പറഞ്ഞതു ചെയ്യുകയും യേശുവിന്റെ മാതൃക അനുകരിക്കുകയും ചെയ്യുമ്പോൾ ദൈവത്തോട് അടുക്കുകയും നമ്മുടെ ജീവിതം മെച്ചപ്പെടുകയും ചെയ്യും.
ജീവനിലേക്കുള്ള വഴി എങ്ങനെ കണ്ടെത്താം? ഇന്നു പല മതങ്ങളുണ്ട്. എന്നാൽ യേശു നൽകിയ മുന്നറിയിപ്പ് ഇതാണ്: “എന്നോടു ‘കർത്താവേ, കർത്താവേ’ എന്നു പറയുന്ന എല്ലാവരും സ്വർഗരാജ്യത്തിൽ കടക്കില്ല; സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവർ മാത്രമാണു സ്വർഗരാജ്യത്തിൽ കടക്കുക.” (മത്തായി 7:21) യേശു ഇങ്ങനെയും പറഞ്ഞു: “അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക് അവരെ തിരിച്ചറിയാം.” (മത്തായി 7:16) സത്യമതം ഏതാണെന്നു കണ്ടെത്താൻ ബൈബിൾ നമ്മളെ സഹായിക്കുന്നു.—യോഹന്നാൻ 17:17.
ജീവനിലേക്കുള്ള വഴിയേ എങ്ങനെ നടക്കാം? അതിന്, എല്ലാവർക്കും ജീവൻ നൽകിയ വ്യക്തിയെക്കുറിച്ച് നിങ്ങൾ മനസ്സിലാക്കണം. ആരാണ് ആ വ്യക്തി? ആ വ്യക്തിയുടെ പേര് എന്താണ്? ആ വ്യക്തി എങ്ങനെയുള്ളയാളാണ്? ആ വ്യക്തി നമുക്കുവേണ്ടി എന്തു ചെയ്യുന്നു? നമ്മൾ എന്തു ചെയ്യാനാണ് ആ വ്യക്തി ആഗ്രഹിക്കുന്നത്? a
വെറുതേ ജോലി ചെയ്യാനും ഭക്ഷണം കഴിക്കാനും കളിക്കാനും കുടുംബത്തെ പോറ്റാനും മാത്രമല്ല ദൈവം മനുഷ്യനിൽനിന്ന് പ്രതീക്ഷിക്കുന്നത്. പകരം ദൈവത്തെ അറിയാനും ദൈവത്തെ അടുത്ത സുഹൃത്താക്കാനും ആണ്. ദൈവത്തിന്റെ ഇഷ്ടം ചെയ്തുകൊണ്ട് ദൈവത്തോടുള്ള സ്നേഹം നമുക്കു കാണിക്കാം. യേശു പറഞ്ഞു: “ഏകസത്യദൈവമായ അങ്ങയെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അവർ അറിയുന്നതാണു നിത്യജീവൻ.”—യോഹന്നാൻ 17:3.
ബൈബിളിലൂടെ ദൈവം ‘നിങ്ങളുടെ പ്രയോജനത്തിനായി നിങ്ങളെ പഠിപ്പിക്കും.’—യശയ്യ 48:17
യാത്രയുടെ ആദ്യത്തെ ചുവടു വെക്കുക
ഏകസത്യദൈവം നമ്മളിൽനിന്ന് പ്രതീക്ഷിക്കുന്നത് എന്താണെന്നു മനസ്സിലാക്കിയാൽ അതിനു ചേർച്ചയിൽ നമ്മൾ മാറ്റങ്ങൾ വരുത്തണം. അതു കുറച്ച് ബുദ്ധിമുട്ടാണെന്നു തോന്നിയേക്കാം. എന്നാൽ ജീവനിലേക്കുള്ള വഴിയിലൂടെ നമ്മൾ സഞ്ചരിച്ചുതുടങ്ങുമ്പോൾ നമ്മുടെ ജീവിതം മെച്ചപ്പെടും. ദൈവത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട ചോദ്യങ്ങൾക്കുള്ള ഉത്തരം അറിയുന്നതിനു നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾ തയ്യാറാണ്. നിങ്ങൾക്ക് അനുയോജ്യമായ സമയത്തും സ്ഥലത്തും വന്ന് അവർ നിങ്ങളെ ബൈബിൾ പഠിപ്പിക്കും. ഞങ്ങളെ ബന്ധപ്പെടാൻ ഞങ്ങളുടെ വെബ്സൈറ്റായ www.pr418.com നിങ്ങൾക്കു സന്ദർശിക്കാം.
a വീക്ഷാഗോപുരം 2019 നമ്പർ 1 കാണുക.