മരണമെന്ന ശത്രു പരാജയപ്പെടും—എങ്ങനെ?
നമ്മുടെ ആദ്യമാതാപിതാക്കളായ ആദാമും ഹവ്വയും അനുസരണക്കേടു കാണിച്ചതുകൊണ്ട് മനുഷ്യകുടുംബത്തിലേക്കു പാപവും മരണവും കടന്നുവന്നു. പക്ഷേ, ഇതൊന്നും മനുഷ്യനെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തെ തകിടം മറിച്ചില്ല. ദൈവവചനമായ ബൈബിളിലൂടെ ദൈവം അതിന് ആവർത്തിച്ച് ഉറപ്പുതന്നിട്ടുണ്ട്:
-
“നീതിമാന്മാർ ഭൂമി കൈവശമാക്കും; അവർ അവിടെ എന്നുമെന്നേക്കും ജീവിക്കും.”—സങ്കീർത്തനം 37:29.
-
“ദൈവം മരണത്തെ എന്നേക്കുമായി ഇല്ലാതാക്കും, പരമാധികാരിയാം കർത്താവായ യഹോവ എല്ലാ മുഖങ്ങളിൽനിന്നും കണ്ണീർ തുടച്ചുമാറ്റും.”—യശയ്യ 25:8.
-
“അവസാനത്തെ ശത്രുവായി മരണത്തെയും നീക്കം ചെയ്യും.”—1 കൊരിന്ത്യർ 15:26.
-
“മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല.”—വെളിപാട് 21:4.
ദൈവം എങ്ങനെയാണു ‘മരണത്തെ എന്നേക്കുമായി ഇല്ലാതാക്കാൻ’ പോകുന്നത്? ബൈബിൾ വ്യക്തമായി പറയുന്നു: “നീതിമാന്മാർ . . . എന്നുമെന്നേക്കും ജീവിക്കും.” എന്നാൽ അത് ഇങ്ങനെയും പറയുന്നു, “പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമുഖത്തില്ലല്ലോ.” (സഭാപ്രസംഗകൻ 7:20) അപ്പോൾ മരണത്തെ ഇല്ലാതാക്കാൻ ദൈവം തന്റെ നിലവാരങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തുമെന്നാണോ? അങ്ങനെ ചിന്തിക്കാൻപോലും നമുക്കു പറ്റില്ല. ദൈവം ഒരിക്കലും അങ്ങനെ ചെയ്യില്ല, കാരണം ‘നുണ പറയാൻ . . . ദൈവത്തിനു കഴിയില്ല.’ (തീത്തോസ് 1:2) മനുഷ്യരെ സൃഷ്ടിച്ചതിന്റെ ഉദ്ദേശ്യം നടപ്പിലാക്കാൻ ദൈവം എന്തു ചെയ്യും?
“ദൈവം മരണത്തെ എന്നേക്കുമായി ഇല്ലാതാക്കും.”—യശയ്യ 25:8
മരണത്തെ കീഴടക്കാൻ—മോചനവില
മനുഷ്യകുടുംബത്തെ മരണത്തിൽനിന്ന് മോചിപ്പിക്കാൻ ദൈവമായ യഹോവ സ്നേഹത്തോടെ ഒരു മോചനവില നൽകി. മോചനവില എന്നു പറഞ്ഞാൽ എന്താണ് അതിൽ ഉൾപ്പെടുന്നത്? തകരാറു സംഭവിച്ചതിനു പകരമായി കൊടുക്കേണ്ട നഷ്ടപരിഹാരമോ നീതിയനുസരിച്ച് ആർക്കെങ്കിലും തിരികെ കൊടുക്കേണ്ട എന്തെങ്കിലുമോ ഇതിൽ ഉൾപ്പെടുന്നു. എല്ലാ മനുഷ്യരും പാപികളും മരണത്തിന്റെ അടിമകളും ആയതുകൊണ്ട് ബൈബിൾ ഇങ്ങനെ വ്യക്തമായി പറയുന്നു: “സഹോദരൻ കുഴി കാണാതെ എന്നും ജീവിക്കേണ്ടതിന് അവനെ വീണ്ടെടുക്കാനോ അവനുവേണ്ടി ദൈവത്തിനു മോചനവില നൽകാനോ ഒരിക്കലും കഴിയില്ല.”—സങ്കീർത്തനം 49:7, 8.
ഒരു അപൂർണമനുഷ്യനു മരിക്കാതിരിക്കാൻ കഴിയില്ല. ഇനി, അയാൾ മരിക്കുമ്പോൾ സ്വന്തം പാപങ്ങൾക്കുവേണ്ടി മാത്രമാണു മരിക്കുന്നത്. അയാൾക്കു, മറ്റൊരാളുടെ പാപങ്ങൾക്കു മോചനവില കൊടുക്കാനും കഴിയില്ല. (റോമർ 6:7) പാപം ഇല്ലാത്ത, പൂർണതയുള്ള ഒരു വ്യക്തിയുണ്ടെങ്കിൽ അയാൾക്കു സ്വന്തം പാപങ്ങൾക്കുവേണ്ടി മരിക്കേണ്ടിവരില്ല. അയാൾക്കു തന്റെ ജീവൻ നമ്മുടെ പാപങ്ങൾക്കുവേണ്ടി തരാൻ കഴിയും.—എബ്രായർ 10:1-4.
അതു ചെയ്യാൻതന്നെയാണു ദൈവം ക്രമീകരണങ്ങൾ ചെയ്തത്. സ്വർഗത്തിലുണ്ടായിരുന്ന തന്റെ മകനായ യേശുവിനെ പാപം ഇല്ലാത്ത പൂർണമനുഷ്യനായി ഭൂമിയിൽ ജനിക്കാൻ ദൈവം ഇടയാക്കി. (1 പത്രോസ് 2:22) യേശു ഇങ്ങനെയാണു പറഞ്ഞത്: ‘മനുഷ്യപുത്രൻ വന്നതു ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകർക്കുവേണ്ടി തന്റെ ജീവൻ മോചനവിലയായി കൊടുക്കാനും ആണ്.’ (മർക്കോസ് 10:45) അങ്ങനെ മരണമെന്ന ശത്രുവിനെ യേശു കീഴടക്കി. നമ്മൾ ജീവിച്ചിരിക്കാനായി യേശു തന്റെ ജീവൻ തന്നു.—യോഹന്നാൻ 3:16.
മരണം ഇല്ലാതാകുന്നത് എപ്പോൾ?
ഈ ‘അവസാനകാലത്ത് ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകുമെന്ന’ ബൈബിൾപ്രവചനം നിറവേറുന്നതു നമ്മൾ ഇന്നു കാണുന്നു. (2 തിമൊഥെയൊസ് 3:1) ഇത് ‘ദൈവഭക്തിയില്ലാത്ത മനുഷ്യരെ ന്യായം വിധിച്ച് നശിപ്പിക്കുന്നതിൽ’ ചെന്ന് അവസാനിക്കും. (2 പത്രോസ് 3:3, 7) എന്നാൽ ദൈവത്തെ സ്നേഹിക്കുന്ന മനുഷ്യർ നാശത്തെ അതിജീവിച്ച് “നിത്യജീവൻ” എന്ന അനുഗ്രഹം നേടും.—മത്തായി 25:46.
ഇനി, മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റ് വരുന്ന ലക്ഷക്കണക്കിന് ആളുകൾക്കും നിത്യജീവൻ നേടുന്നതിനുള്ള അവസരമുണ്ട്. മരിച്ചവരെ വീണ്ടും ജീവനിലേക്കു കൊണ്ടുവരാൻ കഴിയുമെന്നു നയിൻ പട്ടണത്തിൽവെച്ച് യേശു കാണിച്ചു. അവിടെ ഒരു വിധവയുടെ ഒരേ ഒരു മകൻ മരിച്ചപ്പോൾ “മനസ്സ് അലിഞ്ഞ” യേശു ആ ചെറുപ്പക്കാരനെ വീണ്ടും ജീവനിലേക്കു കൊണ്ടുവന്നു. (ലൂക്കോസ് 7:11-15) അപ്പോസ്തലനായ പൗലോസ് പറഞ്ഞു: “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകുമെന്നാണു ദൈവത്തിലുള്ള എന്റെ പ്രത്യാശ” എന്ന്. ദൈവത്തിനു മനുഷ്യരോടുള്ള സ്നേഹത്തിന്റെ അതിശക്തമായ തെളിവാണ് അത്.—പ്രവൃത്തികൾ 24:15.
എന്നേക്കും ജീവിച്ചിരിക്കാനുള്ള പ്രത്യാശ കോടിക്കണക്കിന് ആളുകൾക്കുണ്ട്. ബൈബിൾ പറയുന്നു: “നീതിമാന്മാർ ഭൂമി കൈവശമാക്കും; അവർ അവിടെ എന്നുമെന്നേക്കും ജീവിക്കും.” (സങ്കീർത്തനം 37:29) 2,000 വർഷം മുമ്പ് പൗലോസ് എഴുതിയ വാക്കുകളുടെ സത്യത അന്ന് അവർ എല്ലാവരും മനസ്സിലാക്കും. “മരണമേ, നിന്റെ വിജയം എവിടെ? മരണമേ, നിന്റെ വിഷമുള്ള് എവിടെ?” (1 കൊരിന്ത്യർ 15:55) അങ്ങനെ മനുഷ്യകുടുംബത്തെ ഭീതിയിലാഴ്ത്തിയ മരണമെന്ന ശത്രു പരാജയപ്പെടും.