ഇപ്പോൾപ്പോലും സന്തോഷമുള്ള ജീവിതം സാധ്യമാണ്
രോഗവും വാർധക്യവും മരണവും ഒന്നുമില്ലാത്ത ഒരു ജീവിതം നിങ്ങൾക്കും സാധ്യമാണ്. പക്ഷേ ഇന്ന് എല്ലാവർക്കും പ്രശ്നങ്ങളും പ്രയാസങ്ങളും ഉണ്ട്. അതുകൊണ്ട് സന്തോഷമുള്ള ജീവിതം ഇന്നു സാധ്യമാണോ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. ഇപ്പോൾപ്പോലും സന്തോഷവും സംതൃപ്തിയും തരുന്ന ജീവിതം നയിക്കാൻ ബൈബിളിനു നിങ്ങളെ സഹായിക്കാനാകും. ജീവിതത്തിലെ ചില പ്രശ്നങ്ങളും അവ പരിഹരിക്കാൻ ബൈബിൾ നൽകുന്ന സഹായത്തെക്കുറിച്ചും നോക്കാം.
സംതൃപ്തി കിട്ടാൻ
ബൈബിളിന്റെ നിർദേശം: “നിങ്ങളുടെ ജീവിതം പണസ്നേഹമില്ലാത്തതായിരിക്കട്ടെ. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക.”—എബ്രായർ 13:5.
നമ്മൾ ഇന്നു നിർബന്ധമായും ചില സാധനങ്ങളും സേവനങ്ങളും ഉപയോഗിക്കണമെന്നാണു ചുറ്റുമുള്ള ലോകം പറയുന്നത്. എന്നാൽ ബൈബിൾ പറയുന്നത്, ‘ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനാണ്.’ അത് എങ്ങനെ?
“പണസ്നേഹം” ഒഴിവാക്കുക. “പണസ്നേഹം” കാരണം ആളുകൾ ആരോഗ്യവും കുടുംബവും സൗഹൃദങ്ങളും സദാചാരമൂല്യങ്ങളും എന്തിന്, അന്തസ്സുപോലും കളഞ്ഞുകുളിക്കുന്നു. (1 തിമൊഥെയൊസ് 6:10) എത്ര വലിയ നഷ്ടങ്ങളാണ് അവർക്കു സംഭവിക്കുന്നത്. ധനത്തെ സ്നേഹിക്കുന്നവനു “ഒരിക്കലും തൃപ്തിവരില്ല.”—സഭാപ്രസംഗകൻ 5:10.
സാധനങ്ങളെക്കാൾ മൂല്യം മനുഷ്യർക്കു കൊടുക്കുക. പല സാധനങ്ങളും നമുക്കു പ്രയോജനം ചെയ്യുന്നതുതന്നെയാണ്. എന്നാൽ അവയ്ക്കൊന്നും നമ്മളോടു നന്ദിയും വിലമതിപ്പും കാണിക്കാൻ കഴിയില്ല. മനുഷ്യർക്കു മാത്രമേ അതിനു പറ്റൂ. ഒരു ‘യഥാർഥസ്നേഹിതനു’ മാത്രമേ സന്തോഷവും സംതൃപ്തിയും തരാൻ കഴിയൂ.—സുഭാഷിതങ്ങൾ 17:17.
ബൈബിളിന്റെ നിർദേശം അനുസരിക്കുന്നെങ്കിൽ ഇപ്പോൾപ്പോലും സന്തോഷമുള്ള ജീവിതം സാധ്യമാണ്
മോശമായ ആരോഗ്യത്തിലും പിടിച്ചുനിൽക്കാൻ
ബൈബിളിന്റെ നിർദേശം: “സന്തോഷമുള്ള ഹൃദയം നല്ലൊരു മരുന്നാണ്.”—സുഭാഷിതങ്ങൾ 17:22.
മോശമായ ആരോഗ്യസ്ഥിതിയാണെങ്കിലും സന്തോഷമുള്ള ഹൃദയമുണ്ടെങ്കിൽ അത് ‘നല്ലൊരു മരുന്നായിരിക്കും.’ എങ്ങനെയാണു മോശമായ ആരോഗ്യമുള്ളപ്പോൾ നമുക്കു സന്തോഷിക്കാൻ കഴിയുക?
നന്ദിയുള്ളവരായിരിക്കുക. നമ്മുടെ പ്രശ്നങ്ങളെക്കുറിച്ച് മാത്രം എപ്പോഴും ചിന്തിച്ചിരുന്നാൽ നമ്മുടെ “നാളുകളെല്ലാം” കഷ്ടത നിറഞ്ഞതായി തോന്നാൻ ഇടയുണ്ട്. (സുഭാഷിതങ്ങൾ 15:15) എന്നാൽ, ‘നന്ദിയുള്ളവരാണെന്നു കാണിക്കാൻ’ ആണ് ബൈബിൾ പറയുന്നത്. (കൊലോസ്യർ 3:15) ജീവിതത്തിലെ കൊച്ചുകൊച്ചു കാര്യങ്ങൾക്കുപോലും നന്ദി പറയാൻ പഠിക്കുക. മനോഹരമായ സൂര്യാസ്തമയം, ഇളംങ്കാറ്റ്, സ്നേഹിക്കുന്നവരുടെ നിറപുഞ്ചിരി ഇതിനൊക്കെ നമ്മുടെ ജീവിതത്തിനു നിറം പകരാൻ കഴിയും.
മറ്റുള്ളവരെ സഹായിക്കുക. നമ്മുടെ ആരോഗ്യം മോശമാണെങ്കിൽപോലും ‘വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിൽ ഉണ്ട്.’ (പ്രവൃത്തികൾ 20:35) ഒരു കാര്യം ചെയ്തുകൊടുത്തതിനു മറ്റുള്ളവർ നമ്മളോടു നന്ദി പറയുമ്പോൾ നമുക്കു വലിയ സന്തോഷം തോന്നും. അങ്ങനെ നമ്മുടെ പ്രശ്നങ്ങൾ മറക്കാൻ നമുക്കു കഴിയും. മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താൻ അവരെ സഹായിക്കുമ്പോൾ നമ്മുടെ ജീവിതം നമ്മൾതന്നെ മെച്ചപ്പെടുത്തുകയാണ്.
വിവാഹബന്ധം ശക്തമാക്കാൻ
ബൈബിളിന്റെ നിർദേശം: ‘കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഉറപ്പാക്കുക.’—ഫിലിപ്പിയർ 1:10.
ദമ്പതികൾ കുറച്ച് സമയം മാത്രമേ ഒരുമിച്ച് ചെലവഴിക്കുന്നുള്ളൂ എങ്കിൽ അവരുടെ വിവാഹജീവിതത്തിൽ വിള്ളൽ വീഴാൻ സാധ്യതയുണ്ട്. നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് വിവാഹജീവിതം എന്ന കാര്യം മറന്നുപോകരുത്.
ഒരുമിച്ച് കാര്യങ്ങൾ ചെയ്യുക. ഒരുമിച്ച് കാര്യങ്ങൾ ചെയ്യാൻ പ്ലാൻ ചെയ്യുക. “ഒരാളെക്കാൾ രണ്ടു പേർ ഏറെ നല്ലത്” എന്ന് ബൈബിൾ പറയുന്നു. (സഭാപ്രസംഗകൻ 4:9) ഒരുമിച്ച് ഭക്ഷണം പാകം ചെയ്യാനും, വ്യായാമം ചെയ്യാനും, ചായ കുടിക്കാനും, കളികളിൽ ഏർപ്പെടാനും ഒക്കെ ക്രമീകരണം ചെയ്യുക.
സ്നേഹം പ്രകടിപ്പിക്കുക. അന്യോന്യം സ്നേഹിക്കാനും ബഹുമാനിക്കാനും ബൈബിൾ ഭാര്യാഭർത്താക്കന്മാരോടു പറയുന്നു. (എഫെസ്യർ 5:28, 33) നല്ലൊരു ചിരി, ഒരു ആശ്ലേഷം, ചെറിയ സമ്മാനം ഇതൊക്കെ വിവാഹജീവിതത്തെ ബലപ്പെടുത്തും. ലൈംഗികാഗ്രഹങ്ങൾ സ്വന്തം ഇണയോടു മാത്രമായിരിക്കാൻ തീർച്ചയായും ദമ്പതികൾ ശ്രദ്ധിക്കണം.—എബ്രായർ 13:4.