നല്ലൊരു ഭാവിക്ക് നല്ലൊരു വ്യക്തിയായിരുന്നാൽ മതിയോ?
സുരക്ഷിതമായ ഒരു ഭാവി കിട്ടാൻ ജീവിതത്തിൽ നല്ലതു ചെയ്താൽ മതി എന്ന ചിന്ത കാലങ്ങളായി ആളുകൾക്കുണ്ട്. ഉദാഹരണത്തിന്, കിഴക്കേ ഏഷ്യയിലെ ആളുകൾ വളരെ ആദരിക്കുന്ന ഒരു തത്ത്വജ്ഞാനിയായ കൺഫ്യൂഷ്യസിന്റെ (ബി.സി. 551-479) വാക്കുകൾ ഇങ്ങനെയാണ്: “നിങ്ങളോടു ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കാത്തത് മറ്റുള്ളവരോടു ചെയ്യരുത്.” *
പലരും തിരഞ്ഞെടുക്കുന്ന വഴി
ആളുകളോടു നന്നായി പെരുമാറിയാൽ ഒരു സുരക്ഷിതമായ ഭാവി ലഭിക്കുമെന്ന് ഇന്നും അനേകർ വിശ്വസിക്കുന്നുണ്ട്. അതിനായി ആളുകൾ മറ്റുള്ളവരോട് മര്യാദയോടെയും ബഹുമാനത്തോടെയും ഇടപെടുന്നു, ജീവിതത്തിൽ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നന്നായി ചെയ്യുന്നു, നല്ലൊരു മനസ്സാക്ഷി നിലനിറുത്തുന്നു. “സത്യസന്ധമായി, ആത്മാർഥതയോടെ കാര്യങ്ങൾ ചെയ്താൽ ജീവിതത്തിൽ നന്മ ഉണ്ടാകുമെന്ന് ഞാൻ എപ്പോഴും ചിന്തിച്ചിരുന്നു” എന്ന് വിയറ്റ്നാമിൽനിന്നുള്ള ലിൻ എന്ന സ്ത്രീ പറയുന്നു.
നല്ലതു ചെയ്യാൻ മറ്റു ചിലരെ പ്രേരിപ്പിക്കുന്നത് അവരുടെ മതവിശ്വാസമാണ്. തായ്വാനിൽ ജീവിക്കുന്ന ഷുയൂൻ പറയുന്നു: “ജീവിച്ചിരിക്കുമ്പോൾ നല്ലതു ചെയ്തില്ലെങ്കിൽ മരിച്ചുകഴിയുമ്പോൾ അതിനു ശിക്ഷ അനുഭവിക്കേണ്ടിവരും. എന്നാൽ നല്ലതു ചെയ്താൽ നല്ലതു വരും എന്നാണ് എന്നെ പഠിപ്പിച്ചിരുന്നത്.”
ഗുണം ചെയ്തോ?
മറ്റുള്ളവർക്കു നന്മ ചെയ്താൽ നമുക്കും ധാരാളം പ്രയോജനങ്ങളുണ്ട്. എന്നാൽ പലരും വളരെ ആത്മാർഥതയോടെ നല്ലതു ചെയ്തിട്ടും അവർ പ്രതീക്ഷിക്കുന്നതുപോലെയൊന്നും തിരിച്ചുകിട്ടാറില്ല. ഹോങ്കോങിലെ സ്യൂപിങ് എന്ന സ്ത്രീ പറയുന്നു: “മറ്റുള്ളവർക്കു നല്ലതു ചെയ്താലും അതു തിരിച്ചുകിട്ടണമെന്നില്ല. എന്റെ അനുഭവത്തിൽനിന്നാണ് ഞാൻ ഇതു പറയുന്നത്. കുടുംബത്തിന്റെ കാര്യങ്ങളൊക്കെ ഞാൻ നന്നായി നോക്കി. മറ്റുള്ളവർക്കു നന്മ ചെയ്തു. എന്നിട്ടും എനിക്ക് സംഭവിച്ചതോ? എന്റെ ഭർത്താവ് എന്നെയും മോനെയും ഉപേക്ഷിച്ചുപോയി.”
മതം എല്ലാ ആളുകളെയും നല്ല വ്യക്തികളാക്കുന്നില്ല എന്ന് പലരും തിരിച്ചറിയുന്നു. ജപ്പാനിലെ എറ്റ്സ്കോ എന്ന സ്ത്രീ പറയുന്നു: “ഞാൻ ഒരു മതത്തിൽ ചേർന്നു. അതിന്റെ യുവജനസംഘടനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. എന്നാൽ ആ മതത്തിലെ പലരും ചെയ്തുകൂട്ടുന്ന കാര്യങ്ങൾ കണ്ടപ്പോൾ എനിക്ക് ആകെ സങ്കടമായി. ഒരു ധാർമികമൂല്യവുമില്ലാത്ത, അധികാരത്തിനുവേണ്ടി മത്സരിക്കുന്ന, പള്ളിയുടെ പണം തോന്നിയതുപോലെ ഉപയോഗിക്കുന്ന ആളുകളായിരുന്നു അവർ.”
“കുടുംബത്തിന്റെ കാര്യങ്ങളൊക്കെ ഞാൻ നന്നായി നോക്കി. മറ്റുള്ളവർക്കു നന്മ ചെയ്തു. എന്നിട്ടും എനിക്ക് സംഭവിച്ചതോ? എന്റെ ഭർത്താവ് എന്നെയും മോനെയും ഉപേക്ഷിച്ചുപോയി.” —സ്യൂപിങ്, ഹോങ്കോങ്
വളരെ മതഭക്തിയുള്ള, മറ്റുള്ളവർക്കു നന്മ മാത്രം ചെയ്തിട്ടുള്ള ആളുകൾക്ക് ജീവിതത്തിൽ മോശമായതു സംഭവിക്കുമ്പോൾ അവർക്കു നിരാശ തോന്നുന്നു. അതുതന്നെയാണ് വിയറ്റ്നാമിൽനിന്നുള്ള വാൻ എന്ന സ്ത്രീയുടെയും അനുഭവം. അവർ പറയുന്നു: “മരിച്ചുപോയ എന്റെ പൂർവികർക്കുവേണ്ടി എല്ലാ ദിവസവും പൂക്കളും പഴങ്ങളും ഭക്ഷണസാധനങ്ങളും ഒക്കെ ഞാൻ കൊണ്ടുവെക്കുമായിരുന്നു. ജീവിതത്തിൽ എപ്പോഴും ഇവരുടെയൊക്കെ അനുഗ്രഹം എനിക്കു കിട്ടുമല്ലോ എന്നു ഞാൻ ചിന്തിച്ചു. വർഷങ്ങളോളം ഈ ആചാരങ്ങളും നന്മപ്രവൃത്തികളും ഒക്കെ ഞാൻ ചെയ്തെങ്കിലും എനിക്കു സംഭവിച്ചത് ദുരന്തങ്ങളാണ്. ഭർത്താവിന് ഗുരുതരമായ ഒരു അസുഖം വന്നു. വിദേശത്ത് പഠിക്കാൻപോയ മകൾ അവിടെവെച്ച് മരിച്ചുപോയി.”
അതുകൊണ്ട് സുരക്ഷിതമായ ഒരു ഭാവി കിട്ടാൻ നല്ലൊരു വ്യക്തിയായിരുന്നാൽ മാത്രം പോരാ. എങ്കിൽ മറ്റെന്താണു വേണ്ടത്? നമ്മുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന, നമ്മളെ സുരക്ഷിതമായ ഒരു ഭാവിയിലേക്കു നയിക്കുന്ന, ആശ്രയയോഗ്യമായ വിവരങ്ങൾ എവിടെയെങ്കിലും ഉണ്ടോ? നമുക്കു നോക്കാം.
^ ഖ. 2 കൺഫ്യൂഷ്യസിന്റെ പഠിപ്പിക്കലുകൾ ആളുകളെ എങ്ങനെ സ്വാധീനിച്ചു എന്നറിയാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ദൈവത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ അധ്യായം 7, ഖണ്ഡികകൾ 31-35 കാണുക. www.pr418.com എന്ന വെബ്സൈറ്റിൽ ഇതു ലഭ്യമാണ്.