വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒനേസിമും ജെറാൾഡി​നും

തങ്ങളുടെ ജന്മനാ​ട്ടി​ലേക്കു മടങ്ങി​പ്പോ​യ​വർക്കു ലഭിച്ച വലിയ അനു​ഗ്ര​ഹങ്ങൾ

തങ്ങളുടെ ജന്മനാ​ട്ടി​ലേക്കു മടങ്ങി​പ്പോ​യ​വർക്കു ലഭിച്ച വലിയ അനു​ഗ്ര​ഹങ്ങൾ

സാമ്പത്തി​ക​മാ​യി പിന്നോ​ക്കം നിൽക്കുന്ന രാജ്യ​ങ്ങ​ളിൽനിന്ന്‌ പാശ്ചാ​ത്യ​നാ​ടു​ക​ളി​ലേക്കു കുടി​യേ​റിയ ഒട്ടനേകം സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ തിരിച്ച്‌ തങ്ങളുടെ ജന്മനാ​ട്ടി​ലേക്കു മടങ്ങി​വ​ന്നി​രി​ക്കു​ന്നു. രാജ്യ​പ്ര​ചാ​ര​ക​രു​ടെ ആവശ്യം അധിക​മുള്ള സ്ഥലങ്ങളിൽ പ്രവർത്തി​ക്കു​ന്ന​തി​നാണ്‌ അവർ അങ്ങനെ ചെയ്‌തത്‌. യഹോ​വ​യോ​ടും ആളുക​ളോ​ടും ഉള്ള സ്‌നേ​ഹ​മാണ്‌ ഇങ്ങനെ​യൊ​രു തീരു​മാ​ന​മെ​ടു​ക്കാൻ അവരെ പ്രേരി​പ്പി​ച്ചത്‌. (മത്താ. 22:37-39) അതിനു​വേണ്ടി അവർക്ക്‌ എന്തെല്ലാം ത്യാഗങ്ങൾ ചെയ്യേ​ണ്ടി​വന്നു? അവർക്ക്‌ എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ കൊയ്യാൻ കഴിഞ്ഞു? അത്‌ അറിയാൻ നമുക്ക്‌ ആഫ്രി​ക്ക​യു​ടെ പടിഞ്ഞാ​റുള്ള കാമറൂൺ എന്ന രാജ്യ​ത്തേക്ക്‌ ഒന്നു പോകാം.

“‘മീൻ പിടി​ക്കാൻ’ പറ്റിയ സ്ഥലത്ത്‌”

1998-ൽ ഒനേസിം എന്ന ഒരു സഹോ​ദരൻ തന്റെ സ്വദേ​ശ​മായ കാമറൂ​ണിൽനിന്ന്‌ മറ്റൊരു രാജ്യ​ത്തേക്കു കുടി​യേറി. 14 വർഷം അദ്ദേഹം വിദേ​ശ​ത്താ​യി​രു​ന്നു. ഒരു ദിവസം മീറ്റി​ങ്ങിൽ ഒരു സഹോ​ദരൻ പ്രസം​ഗ​പ്ര​വർത്ത​ന​വു​മാ​യി ബന്ധപ്പെട്ട ഒരു ദൃഷ്ടാന്തം പറഞ്ഞു. അത്‌ ഇതായി​രു​ന്നു: “രണ്ടു കൂട്ടു​കാർ രണ്ടു സ്ഥലങ്ങളിൽ ഇരുന്ന്‌ മീൻ പിടി​ക്കു​ക​യാ​ണെന്നു വിചാ​രി​ക്കുക. ഒരാൾക്കു കൂടുതൽ മീൻ കിട്ടി. അപ്പോൾ കുറച്ച്‌ കിട്ടിയ ആൾ മീൻ കൂടുതൽ കിട്ടുന്ന സ്ഥലത്ത്‌ പോയി മീൻ പിടി​ക്കി​ല്ലേ?”

ആ ദൃഷ്ടാന്തം ഒനേസി​മി​നെ ഇരുത്തി​ചി​ന്തി​പ്പി​ച്ചു. ധാരാളം ‘മീനുള്ള’ കാമറൂ​ണിൽ പോയി അവി​ടെ​യുള്ള പ്രചാ​ര​ക​രോ​ടൊത്ത്‌ പ്രവർത്തി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ അദ്ദേഹം ആലോ​ചി​ക്കാൻ തുടങ്ങി. പക്ഷേ ഇത്രയും കാലം വിദേ​ശത്ത്‌ ജീവി​ച്ച​തി​നു ശേഷം തന്റെ സ്വന്തം നാട്ടിലെ സാഹച​ര്യ​ങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെ​ടാ​നാ​കു​മോ എന്ന്‌ അദ്ദേഹ​ത്തിന്‌ ഉത്‌ക​ണ്‌ഠ​യു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ ആറു മാസ​ത്തേക്ക്‌ ഒന്നു കാമറൂ​ണിൽ പോയി താമസി​ച്ചു​നോ​ക്കാൻ ഒനേസിം സഹോ​ദരൻ തീരു​മാ​നി​ച്ചു. അതിനു ശേഷം 2012-ൽ അദ്ദേഹം അങ്ങോ​ട്ടേക്കു താമസം മാറി.

സഹോ​ദ​രൻ പറയുന്നു: “അവിട​ത്തേ​തിൽനി​ന്നും വളരെ വ്യത്യ​സ്‌ത​മാണ്‌ ഇവിടു​ത്തെ ജീവിതം, ഭയങ്കര ചൂടും. രാജ്യ​ഹാ​ളിൽ ഞാൻ വീണ്ടും തടി​കൊ​ണ്ടുള്ള ബെഞ്ചു​ക​ളിൽ ഇരിക്ക​ണ​മാ​യി​രു​ന്നു.” ഒരു പുഞ്ചി​രി​യോ​ടെ അദ്ദേഹം തുടരു​ന്നു: “പക്ഷേ മീറ്റി​ങ്ങു​ക​ളിൽ ശ്രദ്ധി​ക്കാൻ തുടങ്ങി​യ​പ്പോൾ കുഷ്യൻ പിടി​പ്പിച്ച സീറ്റു​ക​ളിൽ ഇരുന്നുള്ള മീറ്റി​ങ്ങു​കൾ ഞാൻ മറന്നു​തു​ടങ്ങി.”

2013-ൽ ഒനേസിം സഹോ​ദരൻ ജെറാൾഡിൻ സഹോ​ദ​രി​യെ വിവാഹം കഴിച്ചു. ഫ്രാൻസിൽ ഒൻപതു വർഷം ജീവി​ച്ച​ശേഷം കാമറൂ​ണിൽ മടങ്ങി​യെ​ത്തിയ ആളായി​രു​ന്നു ജെറാൾഡിൻ. ആത്മീയ​കാ​ര്യ​ങ്ങൾക്കു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ത്ത​തു​കൊണ്ട്‌ ഈ ദമ്പതി​കൾക്ക്‌ എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ ലഭിച്ചു? ഒനേസിം പറയുന്നു: “ഞങ്ങൾക്ക്‌ ഒരുമിച്ച്‌ രാജ്യ​സു​വി​ശേ​ഷ​കർക്കുള്ള സ്‌കൂ​ളിൽ പങ്കെടു​ക്കാൻ കഴിഞ്ഞു. ഇപ്പോൾ ഞങ്ങൾ ബഥേലി​ലാണ്‌. ഇയ്യടുത്ത്‌ ഒരു വർഷത്തി​നു​ള്ളിൽ ഞങ്ങളുടെ സഭയിൽ പുതു​താ​യി 20 പേരാണ്‌ സ്‌നാ​ന​പ്പെ​ട്ടത്‌. ‘മീൻ പിടി​ക്കാൻ’ പറ്റിയ സ്ഥലത്താണ്‌ ഞാൻ എന്ന്‌ എനിക്ക്‌ ഇപ്പോൾ തോന്നു​ന്നു.” (മർക്കോ. 1:17, 18) ജെറാൾഡി​നു പറയാ​നു​ള്ളത്‌ ഇതാണ്‌: “ഫ്രാൻസിൽ ആയിരു​ന്നെ​ങ്കിൽ ഇപ്പോൾ ലഭിക്കു​ന്ന​തി​ന്റെ പകുതി അനു​ഗ്ര​ഹ​ങ്ങൾപോ​ലും എനിക്കു ലഭിക്കി​ല്ലാ​യി​രു​ന്നു.”

ആത്മീയ​മ​ക്കളെ കിട്ടു​ന്ന​തി​ന്റെ സന്തോഷം

ജൂഡിത്തും സാം കാസ്റ്റെ​ലും

ഐക്യ​നാ​ടു​ക​ളി​ലേക്കു മാറി​ത്താ​മ​സി​ച്ചെ​ങ്കി​ലും ശുശ്രൂ​ഷ​യിൽ കൂടുതൽ ചെയ്യണ​മെന്നു ജൂഡി​ത്തിന്‌ ആഗ്രഹ​മു​ണ്ടാ​യി​രു​ന്നു. ജൂഡിത്ത്‌ സഹോ​ദരി പറയുന്നു: “ഓരോ പ്രാവ​ശ്യ​വും വീട്ടു​കാ​രെ കാണാൻ കാമറൂ​ണിൽ വന്ന്‌ തിരി​ച്ചു​പോ​കു​മ്പോൾ എനിക്കു വലിയ വിഷമ​മാ​യി​രു​ന്നു. കാരണം ആ സമയത്ത്‌ അവിടെ എനിക്കു ചില ബൈബിൾപ​ഠ​നങ്ങൾ തുടങ്ങാൻ കഴിയു​മാ​യി​രു​ന്നു. അവരെ വിട്ടു​പോ​രു​ന്ന​തി​നെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ എനിക്കു കരച്ചിൽ വരും.” പക്ഷേ കാമറൂ​ണി​ലേക്കു സ്ഥിരമാ​യി മാറു​ന്ന​തി​നു ജൂഡിത്ത്‌ ഒന്നു മടിച്ചു. ജൂഡി​ത്തിന്‌ നല്ല ശമ്പളമുള്ള ഒരു ജോലി​യു​ണ്ടാ​യി​രു​ന്നു. കാമറൂ​ണി​ലുള്ള അച്ഛന്റെ ചികി​ത്സ​യ്‌ക്ക്‌ ആവശ്യ​മായ പണം കണ്ടെത്തി​യി​രു​ന്നത്‌ അതിൽനി​ന്നാണ്‌. എങ്കിലും യഹോ​വ​യിൽ ആശ്രയി​ച്ചു​കൊണ്ട്‌ ജൂഡിത്ത്‌ പോകാൻതന്നെ തീരു​മാ​നി​ച്ചു. വിദേ​ശത്ത്‌ ലഭിച്ചി​രുന്ന ചില സൗകര്യ​ങ്ങ​ളു​ടെ കുറവ്‌ ഇവിടെ തനിക്കു ചെറു​താ​യി അനുഭ​വ​പ്പെ​ട്ടെന്നു സഹോ​ദരി സമ്മതി​ക്കു​ന്നു. എങ്കിലും അതുമാ​യി പൊരു​ത്ത​പ്പെ​ട്ടു​പോ​കാ​നുള്ള സഹായ​ത്തി​നാ​യി സഹോ​ദരി യഹോ​വ​യോ​ടു പ്രാർഥി​ച്ചു. ഒരു സഞ്ചാര​മേൽവി​ചാ​ര​ക​നും ഭാര്യ​യും കൊടുത്ത പ്രോ​ത്സാ​ഹ​ന​ത്തി​ലൂ​ടെ സഹോ​ദ​രിക്ക്‌ വേണ്ട സഹായം കിട്ടി.

കഴിഞ്ഞു​പോ​യ നാളു​ക​ളെ​ക്കു​റിച്ച്‌ ജൂഡിത്ത്‌ പറയുന്നു: “മൂന്നു വർഷത്തി​നു​ള്ളിൽ നാല്‌ ആത്മീയ​മ​ക്കളെ എനിക്കു കിട്ടി. അതിന്റെ സന്തോഷം എനിക്കുണ്ട്‌.” പിന്നീടു ജൂഡി​ത്തിന്‌ പ്രത്യേക മുൻനി​ര​സേ​വി​ക​യാ​യി നിയമനം കിട്ടി. സാം കാസ്റ്റെൽ എന്ന സഹോ​ദ​ര​നാ​ണു ജൂഡി​ത്തി​ന്റെ ഭർത്താവ്‌. അവർ ഇരുവ​രും ഇപ്പോൾ സർക്കിട്ട്‌ വേലയി​ലാണ്‌. പക്ഷേ ജൂഡി​ത്തി​ന്റെ അച്ഛന്റെ കാര്യ​മോ? സൗജന്യ​മാ​യി അച്ഛന്റെ ഓപ്പ​റേഷൻ നടത്താൻ തയ്യാറുള്ള വിദേ​ശത്തെ ഒരു ആശുപ​ത്രി കണ്ടുപി​ടി​ക്കാൻ ജൂഡി​ത്തി​നും കുടും​ബാം​ഗ​ങ്ങൾക്കും കഴിഞ്ഞു. ഓപ്പ​റേഷൻ വിജയ​ക​ര​മാ​യി നടക്കു​ക​യും ചെയ്‌തു.

യഹോ​വ​യു​ടെ സഹായം അനുഭ​വി​ച്ച​റി​യു​ന്നു

കരോ​ലീ​നും വിക്ടറും

കാനഡ​യി​ലേക്കു കുടി​യേ​റിയ ഒരാളാ​യി​രു​ന്നു വിക്ടർ. ഉന്നതവി​ദ്യാ​ഭ്യാ​സ​ത്തെ​ക്കു​റിച്ച്‌ വന്ന ഒരു വീക്ഷാ​ഗോ​പു​ര​ലേ​ഖനം വായി​ച്ച​പ്പോൾ തന്റെ പഠന​ത്തെ​ക്കു​റിച്ച്‌ വിക്ടർ ചിന്തി​ക്കാൻ തുടങ്ങി. സർവക​ലാ​ശാ​ല​യിൽ പഠിച്ചു​കൊ​ണ്ടി​രുന്ന വിക്ടർ അതു നിറു​ത്തി​യിട്ട്‌ ഒരു ചെറിയ തൊഴി​ല​ധി​ഷ്‌ഠിത കോഴ്‌സി​നു ചേർന്നു. വിക്ടർ പറയുന്നു: “അതു​കൊണ്ട്‌ പെട്ടെന്ന്‌ എനിക്ക്‌ ഒരു ജോലി കിട്ടി. വർഷങ്ങ​ളാ​യി ഞാൻ ആഗ്രഹി​ച്ചു​കൊ​ണ്ടി​രുന്ന മുൻനി​ര​സേ​വനം തുടങ്ങാ​നും എനിക്കു കഴിഞ്ഞു.” പിന്നീട്‌ വിക്ടർ കരോ​ലിൻ എന്ന സഹോ​ദ​രി​യെ വിവാഹം കഴിച്ചു. രണ്ടു പേരും​കൂ​ടി ഒരിക്കൽ കാമറൂ​ണിൽ വന്നു. ആ സമയത്ത്‌ അവർ അവിടത്തെ ബ്രാ​ഞ്ചോ​ഫീസ്‌ സന്ദർശി​ച്ചു. അവിടത്തെ ചില സഹോ​ദ​രങ്ങൾ കാമറൂ​ണിൽ വന്ന്‌ സേവി​ക്കാൻ അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. വിക്ടർ പറയുന്നു: “ലളിത​മായ ഒരു ജീവി​ത​മാ​യി​രു​ന്നു ഞങ്ങളു​ടേത്‌. അതു​കൊണ്ട്‌ ഇവിടെ വന്ന്‌ സേവി​ക്കാൻ ഞങ്ങൾക്ക്‌ പ്രത്യേ​കിച്ച്‌ തടസ്സ​മൊ​ന്നും ഇല്ലായി​രു​ന്നു.” കരോ​ലിന്‌ ചില ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളൊ​ക്കെ ഉണ്ടായി​രു​ന്നെ​ങ്കി​ലും അവർ അങ്ങോ​ട്ടേക്കു മാറാൻതന്നെ തീരു​മാ​നി​ച്ചു.

ബൈബിൾ പഠിക്കാൻ താത്‌പ​ര്യം കാണിച്ച അവിടത്തെ ആളുകളെ സഹായി​ക്കു​ന്ന​തിന്‌ വിക്ടറും കരോ​ലി​നും ഒരുമിച്ച്‌ സാധാരണ മുൻനി​ര​സേ​വനം തുടങ്ങി. കൈയിൽ കുറച്ച്‌ പണം ഉണ്ടായി​രു​ന്ന​തു​കൊണ്ട്‌ അവർക്ക്‌ ആദ്യ​മൊ​ന്നും ജോലി ചെയ്യേ​ണ്ടി​വ​ന്നില്ല. ആ പണം തീർന്ന​പ്പോൾ അവർ കുറച്ച്‌ മാസങ്ങൾ കാനഡ​യിൽ പോയി ജോലി ചെയ്‌തു. എന്നിട്ട്‌ വീണ്ടും കാമറൂ​ണി​ലേക്കു തിരി​ച്ചു​വന്ന്‌ മുൻനി​ര​സേ​വനം ചെയ്‌തു. അവർക്ക്‌ എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ ലഭിച്ചു? അവർക്ക്‌ രാജ്യ​സു​വി​ശേ​ഷ​കർക്കുള്ള സ്‌കൂ​ളിൽ പങ്കെടു​ക്കാൻ കഴിഞ്ഞു. പിന്നീട്‌ അവരെ പ്രത്യേക മുൻനി​ര​സേ​വ​ക​രാ​യി നിയമി​ച്ചു. ഇപ്പോൾ അവർ നിർമാ​ണ​സേ​വ​ക​രാ​യി പ്രവർത്തി​ക്കു​ന്നു. വിക്ടർ പറയുന്നു: “കാനഡ​യിൽ ഞങ്ങൾക്കു പ്രത്യേ​കിച്ച്‌ ബുദ്ധി​മു​ട്ടു​കൾ ഒന്നും ഇല്ലായി​രു​ന്നു. പക്ഷേ അങ്ങനെ​യൊ​രു ജീവിതം ഉപേക്ഷി​ച്ചു​വ​ന്ന​പ്പോൾ ഞങ്ങൾ യഹോ​വ​യിൽ കൂടുതൽ ആശ്രയി​ക്കാൻ പഠിച്ചു. യഹോ​വ​യു​ടെ സഹായം അനുഭ​വി​ച്ച​റി​യാ​നും ഞങ്ങൾക്കു കഴിഞ്ഞു.”

ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ക്കാൻ ആളുകളെ സഹായി​ക്കു​ന്ന​തി​ന്റെ സന്തോഷം

സ്റ്റെഫാ​നി​യും അലെ്യ​നും

ജർമനി​യി​ലെ ഒരു സർവക​ലാ​ശാ​ല​യിൽ പഠിച്ചു​കൊ​ണ്ടി​രുന്ന ഒരു സഹോ​ദ​ര​നാ​യി​രു​ന്നു അലെയ്‌ൻ. 2002-ൽ അലെയ്‌ൻ യുവജ​ന​ങ്ങളേ—നിങ്ങൾ ജീവിതം എങ്ങനെ വിനി​യോ​ഗി​ക്കും? എന്ന ലഘുലേഖ വായിച്ചു. ലക്ഷ്യങ്ങ​ളിൽ മാറ്റങ്ങൾ വരുത്താൻ അത്‌ അലെയ്‌നെ പ്രചോ​ദി​പ്പി​ച്ചു. 2006-ൽ അദ്ദേഹം ശുശ്രൂ​ഷാ പരിശീ​ലന സ്‌കൂ​ളിൽ പങ്കെടു​ത്തു. അദ്ദേഹത്തെ നിയമി​ച്ചത്‌ ജന്മദേ​ശ​മായ കാമറൂ​ണി​ലേ​ക്കാ​യി​രു​ന്നു.

കാമറൂ​ണിൽ വന്ന അലെയ്‌ന്‌ മുഴുവൻ സമയം ചെയ്യേ​ണ്ട​തി​ല്ലാത്ത ഒരു ജോലി കിട്ടി. പിന്നീട്‌ അലെയ്‌നു കൂടുതൽ ശമ്പളമുള്ള വേറൊ​രു ജോലി ലഭിച്ചു. പക്ഷേ ഈ ജോലി കാരണം മുൻനി​ര​സേ​വ​ന​ത്തിൽ കൂടുതൽ ശ്രദ്ധ കൊടു​ക്കാൻ കഴിയാ​തെ വന്നപ്പോൾ അലെയ്‌നു വിഷമ​മാ​യി. അതു​കൊണ്ട്‌ പ്രത്യേക മുൻനി​ര​സേ​വനം തുടങ്ങാൻ ക്ഷണം ലഭിച്ച​പ്പോൾ അലെയ്‌ൻ അതെക്കു​റിച്ച്‌ രണ്ടാമ​തൊന്ന്‌ ആലോ​ചി​ച്ചില്ല. ശമ്പളം കൂട്ടി​ക്കൊ​ടു​ക്കാ​മെന്നു തൊഴി​ലു​ടമ പറഞ്ഞെ​ങ്കി​ലും അലെയ്‌ൻ തന്റെ തീരു​മാ​ന​ത്തിൽ ഉറച്ചു​നി​ന്നു. കുറെ വർഷം ഫ്രാൻസി​ലാ​യി​രുന്ന സ്റ്റെഫാ​നി​യെ അലെയ്‌ൻ വിവാഹം കഴിച്ചു. കാമറൂ​ണി​ലേക്കു മാറി​യ​പ്പോൾ സ്റ്റെഫാ​നിക്ക്‌ എന്തെല്ലാം ബുദ്ധി​മു​ട്ടു​ക​ളാ​ണു​ണ്ടാ​യത്‌?

സ്റ്റെഫാനി പറയുന്നു: “എനിക്കു ചെറിയ ചില അസുഖ​ങ്ങ​ളും അലർജി​യും ഒക്കെ ഉണ്ടായി. പക്ഷേ കൃത്യ​മായ ചികിത്സ കിട്ടു​ന്ന​തു​കൊണ്ട്‌ ഇപ്പോൾ കുഴപ്പ​മി​ല്ലാ​തെ പോകു​ന്നു.” അവി​ടെ​ത്തന്നെ പിടി​ച്ചു​നി​ന്ന​തു​കൊണ്ട്‌ ആ ദമ്പതി​കൾക്ക്‌ പല അനു​ഗ്ര​ഹ​ങ്ങ​ളും ലഭിച്ചു. അലെയ്‌ൻ പറയുന്നു: “ഞങ്ങൾ കെയ്‌റ്റ്‌ എന്നു പേരുള്ള ഒറ്റപ്പെട്ട ഒരു ഗ്രാമ​ത്തിൽ പ്രസം​ഗി​ക്കാൻ പോയി. അവിടെ ബൈബിൾ പഠിക്കാൻ താത്‌പ​ര്യ​മു​ണ്ടാ​യി​രുന്ന നിരവധി ആളുകൾ ഉണ്ടായി​രു​ന്നു. പിന്നീട്‌ ഫോണി​ലൂ​ടെ അവരു​മാ​യി ബൈബിൾപ​ഠനം നടത്താൻ തുടങ്ങി. അവരിൽ രണ്ടു പേർ സ്‌നാ​ന​പ്പെട്ടു, അവിടെ ഒരു ഗ്രൂപ്പ്‌ തുടങ്ങു​ക​യും ചെയ്‌തു.” സ്റ്റെഫാനി പറയു​ന്നത്‌ ഇതാണ്‌: “ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ക്കാൻ ആളുകളെ സഹായി​ക്കു​ന്ന​തി​നെ​ക്കാൾ വലിയ സന്തോഷം വേറെ​യില്ല. ഇവിടെ ഞങ്ങൾക്കു പല വട്ടം ആ സന്തോഷം അനുഭ​വി​ക്കാൻ കഴിഞ്ഞി​രി​ക്കു​ന്നു.” ഇന്ന്‌ അലെയ്‌നും സ്റ്റെഫാ​നി​യും സർക്കിട്ട്‌ വേലയി​ലാണ്‌.

“ചെയ്യേ​ണ്ട​തു​ത​ന്നെ​യാണ്‌ ഞങ്ങൾ ചെയ്‌തത്‌”

ലിയോൺസും ഴെസ്സേ​ലും

മെഡി​സി​നു പഠിച്ചു​കൊ​ണ്ടി​രുന്ന സമയത്താണ്‌ ഴെസ്സേൽ സ്‌നാ​ന​പ്പെ​ടു​ന്നത്‌. ബൈബിൾ പഠിപ്പിച്ച ദമ്പതി​ക​ളു​ടെ ലളിത​മായ ജീവിതം ഴെസ്സേ​ലിന്‌ ഒരു നല്ല മാതൃ​ക​യാ​യി​രു​ന്നു. അവരെ​പ്പോ​ലെ ശുശ്രൂ​ഷ​യിൽ കൂടുതൽ ചെയ്യാൻ ഴെസ്സേ​ലിന്‌ ആഗ്രഹം തോന്നി. അതു​കൊണ്ട്‌ പഠനം കഴിയാ​റാ​യ​പ്പോൾത്തന്നെ ഴെസ്സേൽ സാധാരണ മുൻനി​ര​സേ​വനം തുടങ്ങി.

തന്റെ സ്വദേ​ശ​മായ കാമറൂ​ണിൽ തിരി​ച്ചു​പോ​യി ദൈവ​സേ​വ​ന​ത്തിൽ കൂടുതൽ ചെയ്യാൻ ഴെസ്സേ​ലിന്‌ ആഗ്രഹം തോന്നി. പക്ഷേ സഹോ​ദ​രി​യെ പിന്നോട്ട്‌ വലിക്കുന്ന ചില കാര്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. സഹോ​ദരി പറയുന്നു: “കാമറൂ​ണി​ലേക്കു പോയാൽ ഇറ്റലി​യിൽ താമസി​ക്കാ​നുള്ള എന്റെ അവകാശം റദ്ദായി​പ്പോ​കു​മാ​യി​രു​ന്നു. അവിടെ താമസി​ക്കുന്ന എന്റെ കുടും​ബാം​ഗ​ങ്ങ​ളെ​യും സുഹൃ​ത്തു​ക്ക​ളെ​യും വിട്ടു​പി​രി​യേ​ണ്ടി​യും വരുമാ​യി​രു​ന്നു.” എങ്കിലും 2016 മെയ്യിൽ ഴെസ്സേൽ കാമറൂ​ണി​ലേക്കു മാറി​ത്താ​മ​സി​ച്ചു. പിന്നീട്‌ സഹോ​ദരി ലിയോൺസ്‌ എന്ന ഒരു സഹോ​ദ​രനെ വിവാഹം കഴിച്ചു. ബ്രാ​ഞ്ചോ​ഫീ​സി​ന്റെ നിർദേ​ശ​മ​നു​സ​രിച്ച്‌ അവർ രാജ്യ​പ്ര​ചാ​ര​ക​രു​ടെ ആവശ്യം കൂടു​ത​ലുള്ള ആയോ​സി​ലേക്കു പോയി.

ആയോ​സി​ലെ ജീവിതം എങ്ങനെ​യാ​യി​രു​ന്നു? ഴെസ്സേൽ പറയുന്നു: “ചില​പ്പോ​ഴൊ​ക്കെ ആഴ്‌ച​ക​ളോ​ളം കറന്റ്‌ ഉണ്ടാകാ​റില്ല. മൊ​ബൈൽഫോ​ണു​കൾ ചാർജ്‌ ചെയ്യാ​നും കഴിഞ്ഞി​രു​ന്നില്ല. അതു​കൊണ്ട്‌ മിക്ക സമയത്തും മൊ​ബൈൽഫോൺകൊണ്ട്‌ വലിയ പ്രയോ​ജ​ന​മി​ല്ലാ​യി​രു​ന്നു. ഇവിടെ വിറക്‌ കത്തിച്ച്‌ ഭക്ഷണം ഉണ്ടാക്കാൻ ഞാൻ പഠിച്ചു. രാത്രി​യിൽ ടോർച്ച്‌ തെളി​ച്ചു​പി​ടി​ച്ചു​കൊ​ണ്ടാണ്‌ ഞങ്ങൾ വെള്ളം കോരാൻ പോയി​രു​ന്നത്‌. കാരണം ആ സമയത്ത്‌ അവിടെ തിരക്ക്‌ കുറവാ​യി​രി​ക്കും. ഉന്തുവ​ണ്ടി​ക​ളി​ലാണ്‌ ഞങ്ങൾ വെള്ളം കൊണ്ടു​വ​ന്നി​രു​ന്നത്‌.” അവർക്ക്‌ എങ്ങനെ​യാണ്‌ ആ സാഹച​ര്യ​ങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെ​ടാൻ കഴിഞ്ഞത്‌? ഴെസ്സേൽ പറയുന്നു: “പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായ​വും പരസ്‌പ​ര​മുള്ള പിന്തു​ണ​യും കുടും​ബാം​ഗ​ങ്ങ​ളു​ടെ​യും സുഹൃ​ത്തു​ക്ക​ളു​ടെ​യും പ്രോ​ത്സാ​ഹ​ന​വും ഇടയ്‌ക്കൊ​ക്കെ അവർ തന്ന സാമ്പത്തി​ക​സ​ഹാ​യ​വും ഒക്കെ കൊണ്ടാണ്‌ ഞങ്ങൾക്കു പിടി​ച്ചു​നിൽക്കാൻ കഴിഞ്ഞത്‌.”

സ്വദേ​ശ​ത്തേ​ക്കു മടങ്ങി​വ​ന്ന​തി​നെ​ക്കു​റിച്ച്‌ ഴെസ്സേ​ലിന്‌ ഇപ്പോൾ എന്താണു തോന്നു​ന്നത്‌? സന്തോ​ഷ​മാ​ണോ? സഹോ​ദരി പറയുന്നു: “അക്കാര്യ​ത്തിൽ ഒരു തരി​പോ​ലും എനിക്കു സംശയ​മില്ല. ആദ്യ​മൊ​ക്കെ ചെറിയ ബുദ്ധി​മു​ട്ടു​കൾ ഉണ്ടായി​രു​ന്നു, നിരു​ത്സാ​ഹം തോന്നി​യി​രു​ന്നു. പക്ഷേ അതെല്ലാം മറിക​ട​ന്ന​പ്പോൾ ഞങ്ങൾക്കു മനസ്സി​ലാ​യി, ചെയ്യേ​ണ്ട​തു​ത​ന്നെ​യാണ്‌ ഞങ്ങൾ ചെയ്‌തത്‌ എന്ന്‌. ഞങ്ങൾ പൂർണ​മാ​യും യഹോ​വ​യിൽ ആശ്രയി​ക്കു​ന്നു. ഞങ്ങൾക്ക്‌ ഇപ്പോൾ യഹോ​വ​യോ​ടു മുമ്പ​ത്തെ​ക്കാൾ കൂടുതൽ അടുപ്പ​മുണ്ട്‌.” ലിയോൺസും ഴെസ്സേ​ലും രാജ്യ​സു​വി​ശേ​ഷ​കർക്കുള്ള സ്‌കൂ​ളിൽ പങ്കെടു​ത്തു. അവർ ഇപ്പോൾ താത്‌കാ​ലിക പ്രത്യേക മുൻനി​ര​സേ​വ​ക​രാണ്‌.

സ്വന്തം രാജ്യ​ത്തേക്കു മടങ്ങി​വ​രുന്ന ഇവരെ​പ്പോ​ലെ​യുള്ള സഹോ​ദ​രങ്ങൾ, തടസ്സങ്ങ​ളൊ​ന്നും വകവെ​ക്കാ​തെ കൂടുതൽ മീൻ കിട്ടുന്ന സ്ഥലങ്ങളി​ലേക്കു ധൈര്യ​ത്തോ​ടെ പോകുന്ന മീൻപി​ടു​ത്ത​ക്കാ​രെ​പ്പോ​ലെ​യാണ്‌. രാജ്യ​സ​ന്ദേശം ശ്രദ്ധി​ക്കാൻ ആഗ്രഹി​ക്കുന്ന, ശരിയായ ഹൃദയ​നി​ല​യു​ള്ള​വരെ സഹായി​ക്കാൻ അവർ മനസ്സോ​ടെ ത്യാഗങ്ങൾ ചെയ്യുന്നു. കഠിനാ​ധ്വാ​നി​ക​ളായ ഈ സഹോ​ദ​രങ്ങൾ തന്റെ നാമ​ത്തോ​ടു കാണി​ക്കുന്ന സ്‌നേഹം യഹോവ എന്നെന്നും ഓർക്കും എന്നതിനു സംശയ​മില്ല. (നെഹ. 5:19; എബ്രാ. 6:10) നിങ്ങൾ വിദേ​ശത്ത്‌ താമസി​ക്കുന്ന ഒരാളാ​ണോ? നിങ്ങളു​ടെ സ്വന്തം നാട്ടിൽ രാജ്യ​പ്ര​ചാ​ര​ക​രു​ടെ ആവശ്യം കൂടു​ത​ലു​ണ്ടെ​ങ്കിൽ നിങ്ങൾക്ക്‌ അങ്ങോ​ട്ടേക്കു തിരി​ച്ചു​പോ​കാൻ കഴിയു​മോ? നിങ്ങൾ അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ വലിയ അനു​ഗ്ര​ഹ​ങ്ങ​ളാ​ണു നിങ്ങളെ കാത്തി​രി​ക്കു​ന്നത്‌.—സുഭാ. 10:22.