ബൈബിളിലെ ഒരു ആശയം
നിങ്ങൾക്കു വിശ്വാസമുണ്ടോ?
യഹോവയെ സന്തോഷിപ്പിക്കാൻ നമുക്കു വിശ്വാസം കൂടിയേ തീരൂ. എന്നാൽ ബൈബിൾ പറയുന്നത് “വിശ്വാസം എല്ലാവർക്കുമില്ലല്ലോ” എന്നാണ്. (2 തെസ്സ. 3:2) പൗലോസ് ഇതു പറഞ്ഞത്, തന്നെ ഉപദ്രവിച്ചുകൊണ്ടിരുന്ന ‘അപകടകാരികളും ദുഷ്ടരും ആയ മനുഷ്യരെക്കുറിച്ചാണ്.’ എന്നാൽ വിശ്വാസത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ ഈ കാര്യം മറ്റു പലരുടെയും കാര്യത്തിൽ സത്യമാണ്. ഉദാഹരണത്തിന്, എല്ലാം സൃഷ്ടിച്ച ഒരു ദൈവമുണ്ടെന്നതിനു തെളിവുകളുണ്ടായിട്ടും പലരും അത് അംഗീകരിക്കുന്നില്ല. (റോമ. 1:20) വേറെ ചിലർ എന്തോ ഒരു ശക്തിയുണ്ടെന്നു മാത്രം വിശ്വസിക്കുന്നു. എന്നാൽ യഹോവയെ സന്തോഷിപ്പിക്കാൻ ഈ വിശ്വാസം മാത്രം പോരാ.
യഹോവ ഉണ്ടെന്നും യഥാർഥ വിശ്വാസമുള്ളവർക്ക് യഹോവ “പ്രതിഫലം നൽകുന്നെന്നും” ഉള്ള ശക്തമായ ബോധ്യം നമുക്ക് ആവശ്യമാണ്. (എബ്രാ. 11:6) ദൈവാത്മാവിന്റെ ഫലത്തിന്റെ ഒരു വശമാണ് വിശ്വാസം. ദൈവാത്മാവ് ലഭിക്കാൻ നമ്മൾ യഹോവയോടു പ്രാർഥിക്കേണ്ടതുണ്ട്. (ലൂക്കോ. 11:9, 10, 13) ഇനി ദൈവാത്മാവ് ലഭിക്കാനുള്ള മറ്റൊരു പ്രധാനവഴി, ദൈവപ്രചോദിതമായി എഴുതിയ ബൈബിൾ വായിക്കുന്നതാണ്. വായിച്ച കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യണം. അങ്ങനെ ചെയ്യുമ്പോൾ ദൈവത്തെ സന്തോഷിപ്പിക്കുന്ന തരം വിശ്വാസം നിങ്ങൾക്കുണ്ടെന്നു തെളിയിക്കാൻ പരിശുദ്ധാത്മാവ് സഹായിക്കും.