ജീവിതകഥ
യഹോവ എന്റെ പ്രാർഥനകൾ ശ്രദ്ധിച്ചിരിക്കുന്നു
എനിക്ക് പത്ത് വയസ്സുള്ളപ്പോൾ ഒരു രാത്രി ഞാൻ ആകാശത്ത് നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നത് നോക്കിയിരിക്കുകയായിരുന്നു. അപ്പോൾ എനിക്ക് മുട്ടുകുത്തി ദൈവത്തോടു പ്രാർഥിക്കാൻ തോന്നി. ഞാൻ യഹോവയെക്കുറിച്ച് അറിഞ്ഞിട്ട് അധികമായിരുന്നില്ല. എന്നിട്ടും എന്റെ ഉള്ളിന്റെ ഉള്ളിലെ ചിന്തകളെല്ലാം ഞാൻ യഹോവയോടു പറഞ്ഞു. ആ പ്രാർഥന ഒരു തുടക്കമായിരുന്നു—“പ്രാർഥന കേൾക്കുന്ന” ദൈവമായ യഹോവയോടൊത്തുള്ള എന്റെ ജീവിതയാത്രയുടെ തുടക്കം. (സങ്കീ. 65:2) ആയിടെ അറിഞ്ഞ ഒരു ദൈവത്തോട് ഞാൻ പ്രാർഥിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് പറയാം.
വഴിത്തിരിവായ ഒരു സന്ദർശനം
1929 ഡിസംബർ 22-ന് നോവൽ എന്ന സ്ഥലത്താണ് ഞാൻ ജനിച്ചത്. ബെൽജിയത്തിലെ ഓർഡെൻ വനപ്രദേശങ്ങളിലെ ബാസ്റ്റോണിനോടു ചേർന്നുകിടക്കുന്ന ഒൻപതു ഫാമുകളുള്ള ഒരു ചെറിയ ഗ്രാമമാണ് അത്. പപ്പയും മമ്മിയും ഒത്തുള്ള അവിടത്തെ കുട്ടിക്കാലം എന്തു രസമായിരുന്നെന്നോ! എല്ലാ ദിവസവും പശുക്കളെ കറക്കുന്ന ജോലി എനിക്കും അനിയൻ റെയ്മണ്ടിനും ആയിരുന്നു. കൊയ്ത്തുകാലത്തും ഞങ്ങൾ സഹായിച്ചിരുന്നു. ആ ഗ്രാമത്തിലെ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കുമായിരുന്നു. ഒരു കുടുംബംപോലെയാണ് എല്ലാവരും കഴിഞ്ഞിരുന്നത്.
എന്റെ പപ്പ എമിലും മമ്മി ആലീസും കടുത്ത കത്തോലിക്കാ മതവിശ്വാസികളായിരുന്നു. എല്ലാ ഞായറാഴ്ചയും അവർ കുർബാനയ്ക്കു പോകും. എന്നാൽ 1939 ഒക്കെയായപ്പോൾ ഇംഗ്ലണ്ടിൽനിന്നുള്ള മുൻനിരസേവകർ ഞങ്ങളുടെ ഗ്രാമത്തിൽ വന്നു. അവർ പപ്പയ്ക്ക് ആശ്വാസം മാസികയുടെ (ഇപ്പോൾ ഉണരുക! എന്ന് അറിയപ്പെടുന്നു.) വരിസംഖ്യ കൊടുത്തു. ഇതാണ് സത്യമെന്ന് പപ്പ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു, ബൈബിൾ വായിക്കാനും തുടങ്ങി. പപ്പ കുർബാന കൂടുന്നതു നിറുത്തിയപ്പോൾ അതുവരെ നല്ല അടുപ്പത്തിലായിരുന്ന അയൽക്കാരുടെ വിധം മാറി. പപ്പ കത്തോലിക്കാമതം വിട്ടുപോകരുതെന്നു പറഞ്ഞ് അവർ നിർബന്ധം പിടിച്ചു. വലിയവലിയ തർക്കങ്ങളുണ്ടായി, ആകെ പ്രശ്നമായി.
പപ്പ അനുഭവിക്കുന്ന വിഷമം കണ്ടപ്പോൾ എനിക്കാകെ സങ്കടമായി. അപ്പോഴാണ് തുടക്കത്തിൽ പറഞ്ഞതുപോലെ ഞാൻ ഉള്ളുനൊന്ത് ദൈവത്തോടു പ്രാർഥിച്ചത്. അയൽക്കാരുടെ എതിർപ്പ് പതുക്കെ കെട്ടടങ്ങിയപ്പോൾ എന്റെ മനസ്സ് സന്തോഷംകൊണ്ട് നിറഞ്ഞു. യഹോവ ‘പ്രാർഥന കേൾക്കുന്നവൻ’ തന്നെയാണെന്ന് എനിക്ക് ഉറപ്പായി.
യുദ്ധകാലത്തെ ജീവിതം
1940 മേയ് 10-ന് നാസി ജർമനി ബെൽജിയത്തെ ആക്രമിച്ചു. സാധാരണജനങ്ങൾക്ക് അവിടെനിന്ന് പലായനം ചെയ്യേണ്ടിവന്നു. ഞങ്ങളുടെ കുടുംബം പോയത് ഫ്രാൻസിന്റെ തെക്കുഭാഗത്തേക്കാണ്. പോയ വഴിക്ക്, ജർമൻ സൈന്യവും ഫ്രഞ്ച് സൈന്യവും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടങ്ങളിൽ ഞങ്ങൾ പലപ്പോഴും അകപ്പെട്ടുപോയി.
തിരിച്ച് ഫാമിൽ എത്തിയപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി. ഞങ്ങളുടെ മിക്കവാറും എല്ലാ സാധനങ്ങളും കൊള്ളയടിക്കപ്പെട്ടിരുന്നു.
ഞങ്ങളുടെ നായ ബോബി മാത്രമേ ഞങ്ങളെ സ്വീകരിക്കാൻ അവിടെ ഉണ്ടായിരുന്നുള്ളൂ. ഇതൊക്കെ കണ്ടപ്പോൾ ‘യുദ്ധവും കഷ്ടപ്പാടും ഉള്ളത് എന്തുകൊണ്ടാണ്’ എന്നു ഞാൻ ഓർത്തുപോയി.ഏതാണ്ട് ആ സമയത്തെ എമിൽ ഷ്രാൻസ് സഹോദരന്റെ a സന്ദർശനങ്ങൾ ഞങ്ങൾക്ക് ഒരുപാട് പ്രയോജനം ചെയ്തു. വിശ്വസ്തനായ ഒരു മുൻനിരസേവകനും മൂപ്പനും ആയിരുന്നു അദ്ദേഹം. കഷ്ടപ്പാടുള്ളത് എന്തുകൊണ്ടാണെന്ന് അദ്ദേഹം വളരെ നന്നായി ബൈബിളിൽനിന്ന് വിശദീകരിച്ചുതന്നു. കൂടാതെ ജീവിതത്തെക്കുറിച്ചുള്ള എന്റെ പല ചോദ്യങ്ങൾക്കുള്ള ഉത്തരവും കിട്ടി. ഞാൻ യഹോവയോടു കൂടുതൽ അടുത്തു. യഹോവ സ്നേഹമുള്ള ദൈവമാണെന്ന് എനിക്കു ബോധ്യം വന്നു.
യുദ്ധം അവസാനിക്കുന്നതിനു മുമ്പുതന്നെ പല സഹോദരങ്ങളുമായും അടുത്ത് സഹവസിക്കാനുള്ള അവസരം ഞങ്ങളുടെ കുടുംബത്തിനു കിട്ടി. 1943 ആഗസ്റ്റിൽ ജോസ് നിക്കോളാസ് മിനെറ്റ് സഹോദരൻ ഞങ്ങളുടെ ഫാം സന്ദർശിക്കുകയും ഒരു പ്രസംഗം നടത്തുകയും ചെയ്തു. സഹോദരൻ ചോദിച്ചു: “ആരൊക്കെയാണ് സ്നാനപ്പെടാൻ ആഗ്രഹിക്കുന്നത്?” എന്റെ പപ്പ കൈ ഉയർത്തി, ഞാനും കൈ ഉയർത്തി. അങ്ങനെ ഞങ്ങൾ ഫാമിന് അടുത്തുള്ള ഒരു കൊച്ചുപുഴയിൽ സ്നാനപ്പെട്ടു.
1944 ഡിസംബറിൽ ജർമൻ സൈന്യം പടിഞ്ഞാറൻ യൂറോപ്പിൽ അവസാനത്തെ ശക്തമായ ആക്രമണം തുടങ്ങി. ബൾജ് പോരാട്ടം എന്നാണ് അത് അറിയപ്പെടുന്നത്. ആ പോരാട്ടം നടക്കുന്നതിന് അടുത്താണ് ഞങ്ങൾ താമസിച്ചിരുന്നത്. അതുകൊണ്ട് ഏതാണ്ട് ഒരു മാസത്തോളം ഞങ്ങളുടെ വീടിന്റെ ബേസ്മെന്റിലാണ് ഞങ്ങൾ കഴിഞ്ഞുകൂടിയത്. ഒരു ദിവസം മൃഗങ്ങൾക്കു തീറ്റ കൊടുക്കാൻ ഞാൻ പുറത്ത് ഇറങ്ങിയപ്പോൾ ഞങ്ങളുടെ ഫാമിൽ ഷെല്ലുകൾ വന്ന് പതിക്കാൻതുടങ്ങി. കെട്ടിടത്തിന്റെ മേൽക്കൂരവരെ പറന്നുപോയി. അപ്പോൾ ഒരു അമേരിക്കൻ പട്ടാളക്കാരൻ “നിലത്ത് കിടക്ക്” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. ഞാൻ ഓടി അദ്ദേഹത്തിന്റെ അടുത്ത് പോയി കിടന്നു. എന്റെ രക്ഷയെ കരുതി അദ്ദേഹം സ്വന്തം ഹെൽമറ്റ് ഊരി എന്റെ തലയിൽ വെച്ചുതന്നു.
ആത്മീയവളർച്ച
യുദ്ധത്തിനു ശേഷം, ഏതാണ്ട് 90 കിലോമീറ്റർ വടക്കോട്ട് മാറി ലീജിലുള്ള ഒരു സഭയുമായി പതിവായി ബന്ധപ്പെടാൻ ഞങ്ങൾക്കു പറ്റി. ക്രമേണ ബാസ്റ്റോണിൽ ഒരു ചെറിയ ഗ്രൂപ്പ് രൂപീകരിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. ഞാൻ നികുതിവകുപ്പിൽ ജോലി ചെയ്യാൻ തുടങ്ങി. നിയമം പഠിക്കാനുള്ള ഒരു അവസരവും കിട്ടി. പിന്നീട് ഞാൻ അനുഭവസമ്പന്നനായ ഒരു വക്കീലിന്റെ ക്ലർക്കായി ജോലി ചെയ്തു. 1951-ൽ ബാസ്റ്റോണിൽ ഒരു ചെറിയ സർക്കിട്ട് സമ്മേളനം സംഘടിപ്പിച്ചു. നൂറു പേരോളം വന്നിരുന്നു. അക്കൂട്ടത്തിൽ ഒരാളായിരുന്നു എലെ റോയ്റ്റർ എന്ന തീക്ഷ്ണതയുള്ള മുൻനിരസേവിക. 50 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് ആ സഹോദരി അവിടെ വന്നത്. പെട്ടെന്നുതന്നെ ഞങ്ങൾ അടുപ്പത്തിലായി, വിവാഹവും ഉറപ്പിച്ചു. എന്നാൽ ഏതാണ്ട് ആ സമയത്തുതന്നെയാണ് ഐക്യനാടുകളിൽ
നടക്കുന്ന ഗിലെയാദ് സ്കൂളിലേക്ക് എലെയ്ക്കു ക്ഷണം ലഭിച്ചത്. ആ ക്ഷണം നിരസിക്കുന്നതിന്റെ കാരണം വിശദീകരിച്ചുകൊണ്ട് അവൾ ലോകാസ്ഥാനത്തേക്ക് കത്ത് എഴുതി. ആ സമയത്ത് യഹോവയുടെ ജനത്തിനു നേതൃത്വം നൽകിയിരുന്ന നോർ സഹോദരൻ മറുപടിയും അയച്ചു, ഒരുപക്ഷേ ഒരു ദിവസം ഭർത്താവിനൊപ്പം ഗിലെയാദിൽ പങ്കെടുക്കാൻ കഴിഞ്ഞേക്കും എന്ന്. 1953 ഫെബ്രുവരിയിൽ ഞങ്ങൾ വിവാഹിതരായി.ആ വർഷംതന്നെ ന്യൂയോർക്കിലെ യാങ്കീ സ്റ്റേഡിയത്തിൽ നടന്ന പുതിയലോക സമുദായം സമ്മേളനത്തിൽ എലെയും ഞാനും പങ്കെടുത്തു. അവിടെ കണ്ട ഒരു സഹോദരൻ എന്നെ അമേരിക്കയിലേക്കു ക്ഷണിച്ചു. നല്ലൊരു ജോലിയും വാഗ്ദാനം ചെയ്തു. എലെയും ഞാനും അക്കാര്യം പ്രാർഥനയിൽ യഹോവയോടു പറഞ്ഞശേഷം ആ ജോലി വേണ്ടെന്നുവെച്ചു. പകരം ബെൽജിയത്തിലേക്കു തിരിച്ചുപോകാൻ തീരുമാനിച്ചു; അവിടെ ബാസ്റ്റോണിലെ, ഏതാണ്ട് പത്ത് പ്രചാരകർ മാത്രമുള്ള ഒരു ചെറിയ ഗ്രൂപ്പിനെ സഹായിക്കാൻവേണ്ടി. പിറ്റെ വർഷം ഞങ്ങൾക്ക് ഒരു ആൺകുഞ്ഞ് പിറന്നു. സെർജ് എന്നായിരുന്നു പേര്. അവന് ഏഴു മാസം പ്രായമുള്ളപ്പോൾ ഒരു അസുഖം വന്നു, മരിച്ചുപോയി. ഞങ്ങളുടെ സങ്കടമെല്ലാം ഞങ്ങൾ യഹോവയോടു തുറന്നുപറഞ്ഞു. പുനരുത്ഥാനമെന്ന ഉറച്ച പ്രത്യാശയെക്കുറിച്ച് ഓർത്തപ്പോൾ ഞങ്ങൾ ശക്തി വീണ്ടെടുത്തു.
മുഴുസമയസേവനം
1961 ഒക്ടോബറിൽ, മുൻനിരസേവനം ചെയ്യാൻ കഴിയുന്ന ഒരു പാർട്ട്-ടൈം ജോലി എനിക്കു കിട്ടി. അന്നേ ദിവസംതന്നെ ബെൽജിയത്തിലെ ബ്രാഞ്ച് ദാസൻ എന്നെ ഫോണിൽ വിളിച്ചു. സർക്കിട്ട് ദാസനായി (ഇപ്പോൾ സർക്കിട്ട് മേൽവിചാരകൻ എന്ന് അറിയപ്പെടുന്നു.) സേവിക്കാൻ പറ്റുമോ എന്ന് അദ്ദേഹം എന്നോടു ചോദിച്ചു. ഞാൻ ചോദിച്ചു: “അതിനു മുമ്പ് കുറച്ച് നാൾ ഞങ്ങൾ മുൻനിരസേവനം ചെയ്തോട്ടേ?” അത് അവർ സമ്മതിച്ചു. അങ്ങനെ എട്ടു മാസം മുൻനിരസേവകരായി സേവിച്ചശേഷം 1962 സെപ്റ്റംബറിൽ ഞങ്ങൾ സർക്കിട്ട് വേല ആരംഭിച്ചു.
രണ്ടു വർഷം കഴിഞ്ഞപ്പോൾ ബെൽജിയത്തിലെ ബഥേലിലേക്കു ഞങ്ങളെ ക്ഷണിച്ചു. 1964 ഒക്ടോബർ മുതൽ ഞങ്ങൾ അവിടെ സേവിക്കാൻതുടങ്ങി. ഒരുപാട് അനുഗ്രഹങ്ങൾ നിറഞ്ഞതായിരുന്നു ആ നിയമനം. 1965-ൽ നോർ സഹോദരൻ ഞങ്ങളുടെ ബഥേലിൽ വന്നു. അധികം താമസിയാതെ, എന്നെ ബ്രാഞ്ച് ദാസനായി നിയമിച്ചു. ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി. പിന്നീട് എലെയ്ക്കും എനിക്കും ഗിലെയാദ് സ്കൂളിന്റെ 41-ാം ക്ലാസ്സിലേക്കു ക്ഷണം കിട്ടി. അങ്ങനെ 13 വർഷം മുമ്പ് നോർ സഹോദരൻ പറഞ്ഞ വാക്കുകൾ സത്യമായി! ഗിലെയാദ് സ്കൂളിൽനിന്ന് ബിരുദം ലഭിച്ചശേഷം ഞങ്ങൾ ബെൽജിയം ബഥേലിലേക്കു തിരിച്ചുപോയി.
നിയമപരമായ നമ്മുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്നു
വർഷങ്ങളോളം യൂറോപ്പിലും മറ്റിടങ്ങളിലും നമ്മുടെ ആരാധനാസ്വാതന്ത്ര്യത്തിനുവേണ്ടി പോരാട്ടങ്ങൾ നടത്താൻ നിയമരംഗത്തെ അനുഭവപരിചയം എന്നെ സഹായിച്ചിട്ടുണ്ട്. (ഫിലി. 1:7) നമ്മുടെ പ്രവർത്തനത്തിനു നിരോധനമോ നിയന്ത്രണമോ ഉള്ള 55-ലധികം രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുമായി എനിക്ക് ഇടപെടാൻ കഴിഞ്ഞിട്ടുണ്ട്. ഉദ്യോഗസ്ഥരുമായി സംസാരിക്കുമ്പോൾ എന്റെ നിയമപരിജ്ഞാനത്തെക്കുറിച്ച് പറയുന്നതിനു പകരം ‘ദൈവത്തിന്റെ ഒരു ദാസൻ’ ആയിട്ടാണ് എന്നെത്തന്നെ പരിചയപ്പെടുത്താറ്. “രാജാവിന്റെ ഹൃദയം യഹോവയുടെ കൈകളിൽ അരുവിപോലെ. തനിക്ക് ഇഷ്ടമുള്ളിടത്തേക്കു ദൈവം അതു തിരിച്ചുവിടുന്നു” എന്ന് അറിയാവുന്നതുകൊണ്ട് പ്രാർഥിക്കാതെ ഞാൻ ഒന്നും ചെയ്യാറില്ലായിരുന്നു.—സുഭാ. 21:1.
യൂറോപ്യൻ പാർലമെന്റിലെ ഒരു അംഗത്തോടു സംസാരിച്ച സംഭവം ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. അദ്ദേഹത്തോടു സംസാരിക്കാൻ പല പ്രാവശ്യം അനുവാദം ചോദിച്ചിട്ടാണ് ഒടുവിൽ അദ്ദേഹം സമ്മതിച്ചത്. അദ്ദേഹം പറഞ്ഞു: “ഞാൻ 5 മിനിട്ട് തരാം. ഒരു മിനിട്ടുപോലും കൂടുതൽ എടുത്തേക്കരുത്.” ഞാൻ അപ്പോൾ തല കുനിച്ചൊന്ന് പ്രാർഥിച്ചു. കാര്യം പിടികിട്ടാതെ അദ്ദേഹം ഞാൻ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. റോമർ 13:4 കാണിച്ചു. അദ്ദേഹം ഒരു പ്രൊട്ടസ്റ്റന്റ് വിശ്വാസിയായിരുന്നു. അതുകൊണ്ട് ബൈബിളിൽനിന്ന് ആ വാക്യം കാണിച്ചപ്പോൾ അദ്ദേഹം ശ്രദ്ധിച്ചു. പിന്നെ എന്താണ് സംഭവിച്ചതെന്നോ? ഒരു മിനിട്ടുപോലും കൂടുതൽ എടുക്കരുതെന്നു പറഞ്ഞയാൾ അര മണിക്കൂർ എനിക്കു തന്നു. ആ കൂടിക്കാഴ്ചയ്ക്കു നല്ല ഫലം കിട്ടി. അദ്ദേഹം നമ്മുടെ പ്രവർത്തനത്തെ വിലമതിക്കുകപോലും ചെയ്തു.
തല ഉയർത്തിയിട്ട് ഞാൻ പറഞ്ഞു: “ഞാൻ ദൈവത്തോടു നന്ദി പറയുകയായിരുന്നു. കാരണം സാർ ദൈവത്തിന്റെ ഒരു ശുശ്രൂഷകനാണല്ലോ.” അദ്ദേഹം പറഞ്ഞു: “മനസ്സിലായില്ല.” ഞാൻ അപ്പോൾഇക്കഴിഞ്ഞ വർഷങ്ങളിലെല്ലാം യഹോവയുടെ ജനം യൂറോപ്പിൽ പല നിയമയുദ്ധങ്ങളും നടത്തിയിട്ടുണ്ട്. ക്രിസ്തീയ നിഷ്പക്ഷത, മക്കളുടെ സംരക്ഷണാവകാശം, നികുതി അങ്ങനെ പല വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകൾ. ഇതിൽ പലതിലും ഉൾപ്പെടാനും യഹോവ അതിലെല്ലാം വിജയം നൽകി അനുഗ്രഹിക്കുന്നതു കാണാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. യഹോവയുടെ സാക്ഷികൾ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ 140-ലധികം കേസുകളിൽ ജയം നേടിയിട്ടുണ്ട്!
ക്യൂബയിലെ നിയമപോരാട്ടങ്ങൾ
1990-കളിൽ നമ്മുടെ പ്രവർത്തനത്തിനു നിയന്ത്രണമുണ്ടായിരുന്ന ക്യൂബയിലെ സഹോദരങ്ങൾക്ക് കുറച്ചുകൂടെ ആരാധനാസ്വാതന്ത്ര്യം കിട്ടാൻവേണ്ടി ഞാൻ പ്രവർത്തിച്ചു. ലോകാസ്ഥാനത്തുനിന്നുള്ള ഫിലിപ്പ് ബ്രംലി സഹോദരനോടും ഇറ്റലിയിൽനിന്നുള്ള വാൾട്ടർ ഫാർനെറ്റി സഹോദരനോടും ഒപ്പമായിരുന്നു ഞാൻ. ബെൽജിയത്തിലെ ക്യൂബൻ എംബസിയിലേക്ക് ഞാൻ എഴുതി. അവിടത്തെ ഒരു ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച നടത്തി. നിയന്ത്രണങ്ങളിലേക്കു നയിച്ച തെറ്റിദ്ധാരണകൾ മാറ്റാൻ ആദ്യത്തെ ചില മീറ്റിങ്ങുകളിൽ കഴിഞ്ഞില്ല.
യഹോവയോടു പ്രാർഥിച്ചിട്ട് ഞങ്ങൾ ക്യൂബയിലേക്ക് 5,000 ബൈബിളുകൾ കയറ്റി അയയ്ക്കാൻ അനുവാദം ചോദിച്ചു. ഞങ്ങൾക്ക് അനുമതി കിട്ടുകയും ചെയ്തു. ബൈബിളുകൾ സുരക്ഷിതമായി അവിടെ എത്തി. സഹോദരങ്ങൾക്ക് അതു കൊടുത്തു. യഹോവ ഞങ്ങളുടെ ശ്രമങ്ങളെ അനുഗ്രഹിക്കുന്നുണ്ടെന്ന് ഞങ്ങൾക്കു മനസ്സിലായി. പിന്നെ ഞങ്ങൾ 27,500 ബൈബിളുംകൂടെ അയയ്ക്കാനുള്ള അനുമതി ചോദിച്ചു. അതും കിട്ടി. ക്യൂബയിലെ ഓരോ സഹോദരന്റെയും സഹോദരിയുടെയും കൈകളിൽ ബൈബിൾ എത്തിക്കാൻ യഹോവ എന്നെ ഉപയോഗിച്ചതിൽ എനിക്ക് ഒരുപാട് സന്തോഷം തോന്നി.
ക്യൂബയിലെ നമ്മുടെ പ്രവർത്തനത്തിനു കൂടുതൽ നിയമസ്വാതന്ത്യം കിട്ടാൻ ഞാൻ പല പ്രാവശ്യം അവിടെ പോയി. അങ്ങനെ അവിടെയുള്ള പല ഗവൺമെന്റ് അധികാരികളുമായും നല്ല ഒരു ബന്ധത്തിലേക്കു വരാൻ എനിക്കു കഴിഞ്ഞിട്ടുണ്ട്.
റുവാണ്ടയിലെ നമ്മുടെ സഹോദരങ്ങളെ സഹായിക്കുന്നു
1994-ൽ റുവാണ്ടയിലെ ടൂട്ട്സികൾക്ക് എതിരെ നടന്ന വംശഹത്യയിൽ 10,00,000-ത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. നമ്മുടെ ചില സഹോദരങ്ങളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു എന്നത് സങ്കടകരമാണ്. പെട്ടെന്നുതന്നെ ആ രാജ്യത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ടി സഹോദരന്മാരുടെ ഒരു കൂട്ടത്തെ നിയമിച്ചു.
ഞങ്ങളുടെ കൂട്ടം തലസ്ഥാനമായ കിഗാലിയിൽ എത്തിയപ്പോൾ, പരിഭാഷാകേന്ദ്രവും സാഹിത്യങ്ങൾ സൂക്ഷിക്കുന്ന കെട്ടിടവും വെടിയുണ്ടകൾ കൊണ്ട് തുളഞ്ഞിരിക്കുന്നതാണ് കണ്ടത്. വടിവാളുകൾകൊണ്ട് ക്രൂരമായി കൊല്ലപ്പെട്ട സഹോദരന്മാരുടെയും സഹോദരിമാരുടെയും ദാരുണമായ കഥകൾ
ഞങ്ങൾ കേട്ടു. പക്ഷേ അക്കൂട്ടത്തിൽ ക്രിസ്തീയസ്നേഹത്തിന്റെ കഥകളും ഞങ്ങൾക്കു കേൾക്കാനായി. ഉദാഹരണത്തിന് ഞങ്ങൾ ഒരു ടൂട്ട്സി സഹോദരനെ കണ്ടു. അദ്ദേഹം 28 ദിവസത്തോളം ഒരു കുഴിയിലാണ് ഒളിച്ചിരുന്നത്. ഹൂട്ടു സാക്ഷികളുടെ ഒരു കുടുംബമാണ് അദ്ദേഹത്തെ ഇങ്ങനെ സംരക്ഷിച്ചത്. കിഗാലിയിൽ നടന്ന ഒരു മീറ്റിങ്ങിൽ 900-ത്തിലധികം സഹോദരീസഹോദരന്മാർക്ക് ഞങ്ങൾ ദൈവവചനത്തിൽനിന്നുള്ള ആശ്വാസം പകർന്നു.പിന്നെ ഞങ്ങൾ അതിർത്തി കടന്ന് സയറിലേക്കു (ഇപ്പോൾ കോംഗോ ജനാധിപത്യ റിപ്പബ്ലിക് എന്നറിയപ്പെടുന്നു.) പോയി. ഗോമ നഗരത്തിന് അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്കു പലായനം ചെയ്ത റുവാണ്ടയിലെ കുറെയധികം സാക്ഷികളെ തിരഞ്ഞ് കണ്ടുപിടിക്കാനായിരുന്നു അത്. ഞങ്ങൾക്ക് അവരെ കണ്ടെത്താൻ പറ്റിയില്ല. ഞങ്ങളെ അങ്ങോട്ടേക്ക് വഴിനയിക്കണേ എന്ന് അപ്പോൾ യഹോവയോടു പ്രാർഥിച്ചു. അപ്പോൾ ഒരാൾ ഞങ്ങളുടെ അടുത്തേക്കു നടന്നുവരുന്നത് കണ്ടു. യഹോവയുടെ സാക്ഷികളെ അറിയാമോ എന്ന് അദ്ദേഹത്തോടു ചോദിച്ചു. “ആ, ഞാൻ ഒരു സാക്ഷിയാണ്” എന്ന് അദ്ദേഹം പറഞ്ഞു. “ദുരിതാശ്വാസ കമ്മിറ്റിയുടെ അടുത്തേക്കു നിങ്ങളെ കൊണ്ടുപോകാൻ എനിക്ക് സന്തോഷമേ ഉള്ളൂ.” ദുരിതാശ്വാസ കമ്മിറ്റിയുമായി ഞങ്ങൾ നടത്തിയ മീറ്റിങ്ങ് വളരെ പ്രയോജനം ചെയ്തു. അതിനു ശേഷം, ഞങ്ങൾ കണ്ട 1,600-ഓളം അഭയാർഥികൾക്ക് ആശ്വാസവും പ്രോത്സാഹനവും നൽകി. ഭരണസംഘത്തിൽനിന്നുള്ള കത്തിലെ ആശയങ്ങളും ഞങ്ങൾ അവരോടു പങ്കുവെച്ചു. “നിങ്ങൾ ഞങ്ങളുടെ പ്രാർഥനയിൽ എപ്പോഴുമുണ്ട്. യഹോവ നിങ്ങളെ ഒരിക്കലും കൈവിടില്ലെന്ന് ഞങ്ങൾക്ക് അറിയാം.” ഈ വാക്കുകൾ സഹോദരങ്ങളെ ആഴത്തിൽ സ്പർശിച്ചു. ഭരണസംഘത്തിന്റെ ആ വാക്കുകൾ എത്ര ശരിയായിരുന്നു! ഇപ്പോൾ 30,000-ത്തിലധികം സാക്ഷികളാണ് റുവാണ്ടയിൽ ഉത്സാഹത്തോടെ യഹോവയെ സേവിക്കുന്നത്.
വിശ്വസ്തതയോടെ മുന്നോട്ട്. . .
58 വർഷത്തെ വിവാഹജീവിതത്തിനു ശേഷം 2011-ൽ എന്റെ പ്രിയപ്പെട്ട എലെയെ എനിക്കു നഷ്ടപ്പെട്ടു. എന്റെ സങ്കടങ്ങൾ യഹോവയോടു പറഞ്ഞപ്പോൾ യഹോവ എനിക്ക് ആശ്വാസം തന്നു. അയൽക്കാരോടു സന്തോഷവാർത്ത പറഞ്ഞപ്പോഴും എനിക്ക് ആശ്വാസം കിട്ടി.
പ്രായം 90 കഴിഞ്ഞെങ്കിലും ഞാൻ ഇപ്പോഴും എല്ലാ ആഴ്ചയിലും ശുശ്രൂഷയിൽ ഏർപ്പെടും. സന്തോഷം തരുന്ന മറ്റു കാര്യങ്ങളും എനിക്കു ചെയ്യാനാകുന്നുണ്ട്. ബെൽജിയം ബ്രാഞ്ചിലെ ലീഗൽ ഡിപ്പാർട്ടുമെന്റിനൊപ്പം പ്രവർത്തിക്കുന്നത്, എന്റെ അനുഭവങ്ങൾ മറ്റുള്ളവരോടു പറയുന്നത്, ബഥേൽ കുടുംബത്തിലെ ചെറുപ്പക്കാർക്ക് ഇടയസന്ദർശനം നടത്തുന്നത്, ഇതെല്ലാം.
ഏതാണ്ട് 84 വർഷം മുമ്പാണ് ഞാൻ ആദ്യമായി യഹോവയോടു പ്രാർഥിച്ചത്. യഹോവയോടൊത്തുള്ള മനോഹരമായ യാത്രയുടെ തുടക്കമായിരുന്നു അത്. ഇക്കാലംകൊണ്ട് ഞാൻ യഹോവയോട് വളരെയധികം അടുത്തു. ജീവിതത്തിൽ ഇന്നുവരെ യഹോവ എന്റെ പ്രാർഥനകൾ ശ്രദ്ധിച്ചിട്ടുണ്ട്. അതിനു ഞാൻ യഹോവയോടു നന്ദിയുള്ളവനാണ്.—സങ്കീ. 66:19. b