വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 25

ഗീതം 7 യഹോവ നമ്മുടെ ബലം

യഹോവ ‘ജീവനുള്ള ദൈവ​മാ​ണെന്ന്‌’ ഓർക്കുക

യഹോവ ‘ജീവനുള്ള ദൈവ​മാ​ണെന്ന്‌’ ഓർക്കുക

“യഹോവ ജീവനു​ള്ളവൻ!”സങ്കീ. 18:46.

ഉദ്ദേശ്യം

നമ്മൾ ആരാധി​ക്കുന്ന ദൈവം ‘ജീവനുള്ള ദൈവ​മാ​ണെന്ന്‌’ ഓർക്കു​ന്ന​തു​കൊണ്ട്‌ നമുക്കു ധാരാളം പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌.

1. പ്രശ്‌ന​ങ്ങ​ളൊ​ക്കെ​യു​ണ്ടെ​ങ്കി​ലും യഹോ​വയെ ആരാധി​ക്കു​ന്ന​തിൽ തുടരാൻ നമ്മളെ സഹായി​ക്കു​ന്നത്‌ എന്താണ്‌?

 “ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങൾ” എന്നാണ്‌ ബൈബിൾ നമ്മുടെ കാലത്തെ വിളി​ക്കു​ന്നത്‌. (2 തിമൊ. 3:1) പൊതു​വേ ആളുകൾ അനുഭ​വി​ക്കുന്ന പ്രശ്‌ന​ങ്ങൾക്കു പുറമേ ദൈവ​ജ​ന​ത്തിന്‌ എതിർപ്പും ഉപദ്ര​വ​വും ഒക്കെ സഹി​ക്കേ​ണ്ടി​വ​രു​ന്നു. ഇങ്ങനെ​യൊ​ക്കെ ആണെങ്കി​ലും യഹോ​വയെ ആരാധി​ക്കു​ന്ന​തിൽ തുടരാൻ നമുക്കു കഴിയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? അതിനു നമ്മളെ സഹായി​ക്കുന്ന പ്രധാ​ന​പ്പെട്ട ഒരു കാര്യം യഹോവ ‘ജീവനുള്ള ദൈവ​മാ​ണെന്ന്‌’ മനസ്സി​ലാ​ക്കി​യ​താണ്‌.—യിരെ. 10:10; 2 തിമൊ. 1:12.

2. യഹോവ ജീവനുള്ള ദൈവ​മാ​ണെന്നു പറഞ്ഞി​രി​ക്കു​ന്ന​തി​ന്റെ അർഥ​മെ​ന്താണ്‌?

2 പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ നമ്മളെ താങ്ങി​നി​റു​ത്തുന്ന, ഏതു സമയത്തും സഹായി​ക്കാ​നാ​യി ഒരുങ്ങി​നിൽക്കുന്ന ഒരു യഥാർഥ​വ്യ​ക്തി​യാണ്‌ യഹോവ. (2 ദിന. 16:9; സങ്കീ. 23:4) യഹോ​വയെ ഈ വിധത്തിൽ ജീവനുള്ള ദൈവ​മാ​യി കാണു​ന്നെ​ങ്കിൽ എന്തു പ്രശ്‌ന​മു​ണ്ടാ​യാ​ലും അതിനെ വിജയ​ക​ര​മാ​യി നേരി​ടാൻ നമുക്കാ​കും. അങ്ങനെ ചെയ്‌ത ഒരാളാണ്‌ ദാവീദ്‌ രാജാവ്‌.

3. “യഹോവ ജീവനു​ള്ളവൻ” എന്നു പറഞ്ഞ​പ്പോൾ ദാവീദ്‌ എന്താണ്‌ അർഥമാ​ക്കി​യത്‌?

3 യഹോ​വയെ നന്നായി അറിയാ​മാ​യി​രു​ന്ന​തു​കൊണ്ട്‌ ദാവീദ്‌ യഹോ​വ​യിൽ ആശ്രയി​ച്ചു. ശൗൽ രാജാവ്‌ ഉൾപ്പെ​ടെ​യുള്ള ശത്രുക്കൾ ദാവീ​ദി​നെ കൊല്ലാ​നാ​യി പിന്തു​ടർന്ന​പ്പോൾ അദ്ദേഹം യഹോ​വ​യോ​ടു സഹായ​ത്തി​നാ​യി പ്രാർഥി​ച്ചു. (സങ്കീ. 18:6) ദൈവം ആ പ്രാർഥന കേൾക്കു​ക​യും ദാവീ​ദി​നെ രക്ഷിക്കു​ക​യും ചെയ്‌തു. അപ്പോൾ ദാവീദ്‌ ഇങ്ങനെ പറഞ്ഞു: “യഹോവ ജീവനു​ള്ളവൻ!” (സങ്കീ. 18:46) ഈ വാക്കുകൾ പറഞ്ഞ​പ്പോൾ ദൈവം ശരിക്കും ഉണ്ട്‌ എന്നു മാത്രമല്ല ദാവീദ്‌ ഉദ്ദേശി​ച്ചത്‌. “ജീവനുള്ള ദൈവ​മെന്ന നിലയിൽ യഹോവ തന്റെ ജനത്തി​നു​വേണ്ടി എപ്പോ​ഴും പ്രവർത്തി​ക്കും” എന്ന ബോധ്യ​മാ​ണു ദാവീ​ദി​ന്റെ ഈ വാക്കു​ക​ളിൽ കാണു​ന്നത്‌ എന്ന്‌ സങ്കീർത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ഒരു പുസ്‌തകം പറയുന്നു. യഹോവ ജീവനുള്ള ദൈവ​മാ​ണെന്നു സ്വന്തം അനുഭ​വ​ങ്ങ​ളിൽനിന്ന്‌ ദാവീദ്‌ മനസ്സി​ലാ​ക്കി​യി​രു​ന്നു. ഈ ബോധ്യം, തുടർന്നും യഹോ​വയെ സേവി​ക്കാ​നും സ്‌തു​തി​ക്കാ​നും ദാവീ​ദി​നെ പ്രേരി​പ്പി​ച്ചു.—സങ്കീ. 18:28, 29, 49.

4. യഹോവ ജീവനുള്ള ദൈവ​മാ​ണെന്ന ബോധ്യം നമ്മളെ എങ്ങനെ​യൊ​ക്കെ സഹായി​ക്കും?

4 യഹോവ ജീവനുള്ള ദൈവ​മാ​ണെന്ന ബോധ്യം തീക്ഷ്‌ണ​ത​യോ​ടെ ദൈവത്തെ സേവി​ക്കാൻ നമ്മളെ സഹായി​ക്കും. അതു പരി​ശോ​ധ​നകൾ സഹിച്ചു​നിൽക്കാൻ ആവശ്യ​മായ ശക്തി നമുക്കു നൽകും. ദൈവ​സേ​വ​ന​ത്തിൽ കഠിനാ​ധ്വാ​നം ചെയ്യാ​നും എപ്പോ​ഴും യഹോ​വ​യോട്‌ അടുത്തു​നിൽക്കാ​നും ആ ബോധ്യം നമ്മളെ പ്രേരി​പ്പി​ക്കും.

ജീവനുള്ള ദൈവം നിങ്ങൾക്കു​വേണ്ട ശക്തി തരും

5. പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ നമ്മൾ പേടി​ക്കേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? (ഫിലി​പ്പി​യർ 4:13)

5 യഹോവ ജീവനുള്ള ദൈവ​മാ​ണെ​ന്നും നമ്മളെ സഹായി​ക്കാ​നാ​യി എപ്പോ​ഴും കൂടെ​യു​ണ്ടെ​ന്നും ഓർക്കു​ന്നെ​ങ്കിൽ, ചെറു​തോ വലുതോ ആയ ഏതൊരു പ്രശ്‌ന​വും നമുക്ക്‌ സഹിച്ചു​നിൽക്കാ​നാ​കും. യഹോ​വ​യ്‌ക്കു സഹായി​ക്കാൻ കഴിയാ​ത്തത്ര വലുതല്ല ഒരു പ്രശ്‌ന​വും. യഹോവ സർവശ​ക്ത​നാണ്‌. സഹിച്ചു​നിൽക്കാൻവേണ്ട ശക്തി നമുക്കു തരാൻ യഹോ​വ​യ്‌ക്കു കഴിയും. (ഫിലി​പ്പി​യർ 4:13 വായി​ക്കുക.) അതു​കൊണ്ട്‌ പ്രശ്‌നങ്ങൾ നേരി​ടു​മ്പോൾ നമ്മൾ ഒട്ടും പേടി​ക്കേണ്ട ആവശ്യ​മില്ല. ചെറിയ പ്രശ്‌ന​ങ്ങൾപ്പോ​ലും നേരി​ടാൻ യഹോവ നമ്മളെ സഹായി​ക്കു​ന്നതു കാണു​മ്പോൾ, വലിയ പ്രശ്‌ന​ങ്ങ​ളു​ടെ സമയത്തും യഹോവ കൂടെ​യു​ണ്ടാ​കും എന്ന നമ്മുടെ ഉറപ്പ്‌ ശക്തമാ​കും.

6. ദാവീ​ദി​ന്റെ ജീവി​ത​ത്തി​ലു​ണ്ടായ ഏതെല്ലാം അനുഭ​വങ്ങൾ യഹോ​വ​യി​ലുള്ള അദ്ദേഹ​ത്തി​ന്റെ വിശ്വാ​സം കൂട്ടി?

6 യഹോ​വ​യി​ലുള്ള ദാവീ​ദി​ന്റെ വിശ്വാ​സം കൂട്ടിയ രണ്ട്‌ അനുഭ​വങ്ങൾ നോക്കാം. ദാവീദ്‌ ഒരു ഇടയബാ​ല​നാ​യി​രുന്ന സമയത്ത്‌, ഒരിക്കൽ ഒരു സിംഹ​വും മറ്റൊ​രി​ക്കൽ ഒരു കരടി​യും ആട്ടിൻകൂ​ട്ട​ത്തിൽനിന്ന്‌ ആടിനെ പിടി​ച്ചു​കൊ​ണ്ടു​പോ​യി. ഈ രണ്ടു സമയങ്ങ​ളി​ലും ദാവീദ്‌ ധൈര്യ​ത്തോ​ടെ അവയുടെ പിന്നാലെ ചെന്ന്‌ ആടിനെ രക്ഷിച്ചു. എന്നാൽ തന്റെ സ്വന്തം കഴിവു​കൊ​ണ്ടാണ്‌ അങ്ങനെ​യൊ​ക്കെ ചെയ്‌ത​തെന്ന്‌ ദാവീദ്‌ ഒരിക്ക​ലും ചിന്തി​ച്ചില്ല. യഹോ​വ​യാ​ണു ശക്തി തന്നതെന്നു ദാവീ​ദിന്‌ അറിയാ​മാ​യി​രു​ന്നു. (1 ശമു. 17:34-37) ഈ അനുഭ​വങ്ങൾ അദ്ദേഹം ഒരിക്ക​ലും മറന്നില്ല. അതെക്കു​റിച്ച്‌ എപ്പോ​ഴും ചിന്തി​ച്ച​തു​കൊണ്ട്‌ ജീവനുള്ള ദൈവം ഭാവി​യി​ലും തനിക്കു​വേണ്ട ശക്തി തരു​മെന്ന്‌ ദാവീ​ദിന്‌ ഉറപ്പ്‌ കിട്ടി.

7. ശരിയായ ഒരു വീക്ഷണ​മു​ണ്ടാ​യി​രു​ന്നത്‌ ഗൊല്യാ​ത്തി​നെ നേരി​ടാൻ ദാവീ​ദി​നെ സഹായി​ച്ചത്‌ എങ്ങനെ​യാണ്‌?

7 സാധ്യ​ത​യ​നു​സ​രിച്ച്‌ കൗമാ​ര​ത്തിൽത്ത​ന്നെ​യാ​യി​രുന്ന ദാവീ​ദി​ന്റെ ജീവി​ത​ത്തിൽ മറ്റൊരു അനുഭ​വ​മു​ണ്ടാ​യി. ദാവീദ്‌ ഒരിക്കൽ ഇസ്രാ​യേൽ​സൈ​ന്യ​ത്തി​ന്റെ പാളയ​ത്തി​ലേക്കു ചെന്ന​പ്പോൾ അവി​ടെ​യുള്ള പടയാ​ളി​കൾ പേടിച്ച്‌ നിൽക്കു​ന്നതു കണ്ടു. അതിനു കാരണം ഗൊല്യാത്ത്‌ എന്നു പേരുള്ള ഭീമാ​കാ​ര​നായ ഒരു ഫെലി​സ്‌ത്യൻ ‘ഇസ്രാ​യേൽപ​ട​നി​രയെ വെല്ലു​വി​ളി​ച്ച​താ​യി​രു​ന്നു.’ (1 ശമു. 17:10, 11) അയാളു​ടെ വലുപ്പ​ത്തി​ലും കളിയാ​ക്ക​ലി​ലും ആയിരു​ന്നു പടയാ​ളി​കൾ ശ്രദ്ധി​ച്ചത്‌. അതു​കൊണ്ട്‌ അവർ പേടി​ച്ചു​പോ​യി. (1 ശമു. 17:24, 25) പക്ഷേ, ദാവീദ്‌ ആ സാഹച​ര്യ​ത്തെ കണ്ടതു വേറൊ​രു രീതി​യി​ലാണ്‌. ഫെലി​സ്‌ത്യൻ വെറുതേ ഇസ്രാ​യേൽ​സൈ​ന്യ​ത്തെ വെല്ലു​വി​ളി​ക്കു​ന്ന​താ​യല്ല, ‘ജീവനുള്ള ദൈവത്തെ’ വെല്ലു​വി​ളി​ക്കു​ന്ന​താ​യി​ട്ടാണ്‌ ദാവീദ്‌ കണ്ടത്‌. (1 ശമു. 17:26) യഹോ​വ​യെ​ക്കു​റി​ച്ചാ​ണു ദാവീദ്‌ ചിന്തി​ച്ചത്‌. ഒരു ഇടയനാ​യി​രു​ന്ന​പ്പോൾ തന്നെ സഹായിച്ച ദൈവം, ഇപ്പോ​ഴും തന്നെ സഹായി​ക്കു​മെന്ന്‌ ദാവീദ്‌ ഉറച്ച്‌ വിശ്വ​സി​ച്ചു. ആ ഉറപ്പു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ ദാവീദ്‌ ഗൊല്യാ​ത്തി​ന്റെ നേരെ ചെല്ലു​ക​യും വിജയി​ക്കു​ക​യും ചെയ്‌തു!—1 ശമു. 17:45-51.

8. പ്രശ്‌ന​ങ്ങ​ളു​ടെ സമയത്ത്‌ യഹോവ കൂടെ​യു​ണ്ടാ​കും എന്ന ബോധ്യം ശക്തമാ​ക്കാൻ എന്തു സഹായി​ക്കും? (ചിത്ര​വും കാണുക.)

8 ജീവനുള്ള ദൈവം നമ്മളെ സഹായി​ക്കാ​നാ​യി ഒരുങ്ങി​നിൽക്കു​ക​യാണ്‌ എന്ന്‌ ഓർക്കു​ന്നെ​ങ്കിൽ പ്രശ്‌ന​ങ്ങളെ വിജയ​ക​ര​മാ​യി നേരി​ടാൻ നമുക്കും കഴിയും. (സങ്കീ. 118:6) ആ ബോധ്യം ശക്തമാ​ക്കാൻ യഹോവ മുമ്പു ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ച്ചാൽ മതി. ഉദാഹ​ര​ണ​ത്തിന്‌, യഹോവ തന്റെ ആരാധ​കരെ രക്ഷിച്ച​തി​നെ​ക്കു​റി​ച്ചുള്ള ബൈബിൾവി​വ​ര​ണങ്ങൾ വായി​ക്കുക. (യശ. 37:17, 33-37) ഇനി, ഇന്ന്‌ ദൈവം നമ്മുടെ സഹോ​ദ​ര​ങ്ങളെ സഹായി​ക്കു​ന്ന​തി​ന്റെ അനുഭ​വങ്ങൾ jw.org-ൽ നോക്കാ​നാ​കും. അതു​പോ​ലെ യഹോവ നിങ്ങൾക്കു​വേണ്ടി പ്രവർത്തി​ച്ച​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കാ​നും സമയ​മെ​ടു​ക്കുക. ഒരുപക്ഷേ സിംഹ​ത്തി​ന്റെ​യും കരടി​യു​ടെ​യും കൈയിൽനിന്ന്‌ രക്ഷിച്ച​തു​പോ​ലുള്ള വലിയ കാര്യ​ങ്ങ​ളൊ​ന്നും നിങ്ങളു​ടെ ജീവി​ത​ത്തിൽ സംഭവി​ച്ചി​ട്ടില്ല എന്നായി​രി​ക്കും നിങ്ങൾക്കു തോന്നു​ന്നത്‌. പക്ഷേ ശരിക്കും യഹോവ നിങ്ങൾക്കു​വേണ്ടി ഒരുപാ​ടു കാര്യങ്ങൾ ചെയ്‌തി​ട്ടുണ്ട്‌. നിങ്ങളെ തന്നി​ലേക്ക്‌ ആകർഷി​ച്ചു; തന്റെ സുഹൃ​ത്താ​കാൻ അനുവ​ദി​ച്ചു! (യോഹ. 6:44) ഇപ്പോ​ഴും സത്യത്തിൽത്തന്നെ തുടരാൻ നിങ്ങളെ സഹായി​ക്കു​ന്ന​തും യഹോ​വ​യാണ്‌. ദൈവം നിങ്ങളു​ടെ പ്രാർഥന കേൾക്കു​ക​യും, വേണ്ട സമയത്ത്‌ സഹായം നൽകു​ക​യും, പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യ​പ്പോൾ താങ്ങി​നി​റു​ത്തു​ക​യും ചെയ്‌ത സന്ദർഭങ്ങൾ ഓർക്കാൻ സഹായി​ക്കണേ എന്നു പ്രാർഥി​ക്കുക. അത്തരം അനുഭ​വ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നത്‌, തുടർന്നും യഹോവ നിങ്ങൾക്കു​വേണ്ടി പ്രവർത്തി​ക്കും എന്ന ബോധ്യം ശക്തമാ​ക്കും.

നമ്മൾ നേരി​ടുന്ന പരി​ശോ​ധ​നകൾ വലി​യൊ​രു പ്രശ്‌ന​ത്തി​ന്റെ ഭാഗമാണ്‌ (8-9 ഖണ്ഡികകൾ കാണുക)


9. പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ ഏതു കാര്യ​ത്തെ​ക്കു​റിച്ച്‌ നമ്മൾ ചിന്തി​ക്കണം? (സുഭാ​ഷി​തങ്ങൾ 27:11)

9 യഹോ​വയെ ജീവനുള്ള ദൈവ​മാ​യി കാണു​മ്പോൾ നമുക്കു നേരി​ടുന്ന പരി​ശോ​ധ​ന​ക​ളെ​ക്കു​റിച്ച്‌ നമു​ക്കൊ​രു ശരിയായ വീക്ഷണ​മു​ണ്ടാ​യി​രി​ക്കും. അത്‌ എങ്ങനെ​യാണ്‌? നമ്മുടെ പ്രശ്‌നത്തെ യഹോ​വ​യും സാത്താ​നും ഉൾപ്പെട്ട വലി​യൊ​രു പ്രശ്‌ന​ത്തി​ന്റെ ഭാഗമാ​യി നമ്മൾ കാണാൻതു​ട​ങ്ങും. പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ നമ്മൾ യഹോ​വയെ ഉപേക്ഷി​ക്കു​മെ​ന്നാ​ണു സാത്താൻ പറയു​ന്നത്‌. (ഇയ്യോ. 1:10, 11; സുഭാ​ഷി​തങ്ങൾ 27:11 വായി​ക്കുക.) എന്നാൽ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി നിൽക്കു​മ്പോൾ നമ്മൾ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നെ​ന്നും സാത്താൻ ഒരു നുണയ​നാ​ണെ​ന്നും തെളി​യി​ക്കു​ക​യാണ്‌. നിങ്ങൾ ഇപ്പോൾ ഗവൺമെ​ന്റി​ന്റെ എതിർപ്പോ സാമ്പത്തി​ക​ബു​ദ്ധി​മു​ട്ടോ ശുശ്രൂ​ഷ​യി​ലെ മോശം പ്രതി​ക​ര​ണ​മോ അല്ലെങ്കിൽ അതു​പോ​ലുള്ള മറ്റ്‌ ഏതെങ്കി​ലും പ്രശ്‌ന​ങ്ങ​ളോ നേരി​ടു​ന്നു​ണ്ടോ? എങ്കിൽ, അവയെ​യെ​ല്ലാം യഹോ​വ​യു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കാ​നുള്ള അവസര​ങ്ങ​ളാ​യി കാണുക. നിങ്ങൾക്കു സഹിക്കാൻ പറ്റാത്തത്ര വലിയ പ്രശ്‌നം നേരി​ടാൻ യഹോവ ഒരിക്ക​ലും അനുവ​ദി​ക്കി​ല്ലെന്ന്‌ ഓർക്കുക. (1 കൊരി. 10:13) പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ സഹിച്ചു​നിൽക്കാൻ വേണ്ട ശക്തി യഹോവ തരും.

ജീവനുള്ള ദൈവം നിങ്ങൾക്കു പ്രതി​ഫലം തരും

10. തന്നെ ആരാധി​ക്കു​ന്ന​വർക്കു​വേണ്ടി ജീവനുള്ള ദൈവം എന്തു ചെയ്യും?

10 തന്നെ ആരാധി​ക്കു​ന്ന​വർക്കു പ്രതി​ഫലം കൊടു​ക്കുന്ന ദൈവ​മാണ്‌ യഹോവ. (എബ്രാ. 11:6) ഇപ്പോൾത്തന്നെ യഹോവ സമാധാ​ന​വും സന്തോ​ഷ​വും തരും, ഭാവി​യിൽ നിത്യ​ജീ​വ​നും. നമുക്കു പ്രതി​ഫലം നൽകാ​നുള്ള ആഗ്രഹ​വും ശക്തിയും യഹോ​വ​യ്‌ക്കു​ണ്ടെന്നു നമുക്ക്‌ ഉറപ്പാണ്‌. ആ ബോധ്യം ദൈവ​സേ​വ​ന​ത്തിൽ ഏറ്റവും നല്ലതു കൊടു​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കും. മുമ്പുള്ള ദൈവ​ദാ​സ​രും അങ്ങനെ ചെയ്‌തി​ട്ടുണ്ട്‌. അതിൽ ഒരാളാണ്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ തിമൊ​ഥെ​യൊസ്‌.—എബ്രാ. 6:10-12.

11. സഭയിൽ കഠിനാ​ധ്വാ​നം ചെയ്യാൻ തിമൊ​ഥെ​യൊ​സി​നെ പ്രേരി​പ്പി​ച്ചത്‌ എന്താണ്‌? (1 തിമൊ​ഥെ​യൊസ്‌ 4:10)

11 1 തിമൊ​ഥെ​യൊസ്‌ 4:10 വായി​ക്കുക. ജീവനുള്ള ദൈവ​ത്തി​ലാ​ണു തിമൊ​ഥെ​യൊസ്‌ പ്രത്യാ​ശ​വെ​ച്ചത്‌. അതു​കൊ​ണ്ടാണ്‌ യഹോ​വ​യ്‌ക്കു​വേ​ണ്ടി​യും മറ്റുള്ള​വർക്കു​വേ​ണ്ടി​യും അദ്ദേഹം കഠിനാ​ധ്വാ​നം ചെയ്‌തത്‌. അദ്ദേഹ​ത്തിന്‌ എന്തെല്ലാം ചെയ്യാ​നു​ണ്ടാ​യി​രു​ന്നു? പഠിപ്പി​ക്കു​ക​യും പരസ്യ​മാ​യി പ്രസം​ഗി​ക്കു​ക​യും ചെയ്യു​ന്ന​തിൽ പുരോ​ഗതി വരുത്താൻ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ അദ്ദേഹത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ഇനി, ചെറു​പ്പ​ക്കാ​രും പ്രായ​മാ​യ​വ​രും ഉൾപ്പെടെ സഭയിൽ എല്ലാവർക്കും നല്ലൊരു മാതൃ​ക​യാ​യി​രി​ക്കാ​നും പൗലോസ്‌ തിമൊ​ഥെ​യൊ​സി​നോ​ടു പറഞ്ഞു. അതു​പോ​ലെ ബുദ്ധി​മു​ട്ടുള്ള ചില നിയമ​ന​ങ്ങ​ളും അദ്ദേഹ​ത്തി​നു ചെയ്യാ​നു​ണ്ടാ​യി​രു​ന്നു. ആവശ്യ​മാ​യ​വർക്കു സ്‌നേ​ഹ​ത്തോ​ടെ എന്നാൽ ശക്തമായ ബുദ്ധി​യു​പ​ദേശം കൊടു​ക്കു​ന്ന​താ​യി​രു​ന്നു അതി​ലൊന്ന്‌. (1 തിമൊ. 4:11-16; 2 തിമൊ. 4:1-5) താൻ ചെയ്യുന്ന ഈ കാര്യ​ങ്ങ​ളൊ​ക്കെ വേറെ ആരും കണ്ടി​ല്ലെ​ങ്കി​ലും, ആരും അഭിന​ന്ദി​ച്ചി​ല്ലെ​ങ്കി​ലും യഹോവ പ്രതി​ഫലം തരു​മെന്നു തിമൊ​ഥെ​യൊ​സിന്‌ ഉറപ്പാ​യി​രു​ന്നു.—റോമ. 2:6, 7.

12. കഠിനാ​ധ്വാ​നം ചെയ്യാൻ മൂപ്പന്മാ​രെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്താണ്‌? (ചിത്ര​വും കാണുക.)

12 ഇന്നത്തെ മൂപ്പന്മാർക്കും അവർ ചെയ്യുന്ന എല്ലാ സേവന​ങ്ങ​ളും യഹോവ കാണു​ന്നു​ണ്ടെ​ന്നും വിലമ​തി​ക്കു​ന്നു​ണ്ടെ​ന്നും ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും. അവർ ഇടയസ​ന്ദർശ​നങ്ങൾ നടത്തു​ക​യും പഠിപ്പി​ക്കു​ക​യും പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടു​ക​യും ചെയ്യുന്നു. അതിനു പുറമേ പല മൂപ്പന്മാ​രും നിർമാ​ണ​പ​ദ്ധ​തി​ക​ളിൽ പങ്കെടു​ക്കു​ക​യും ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ങ്ങ​ളിൽ സഹായി​ക്കു​ക​യും ചെയ്യു​ന്നുണ്ട്‌. ഇനി, രോഗീ​സ​ന്ദർശന കൂട്ടത്തി​ലോ ആശുപ​ത്രി ഏകോ​പ​ന​സ​മി​തി​യി​ലോ പ്രവർത്തി​ക്കു​ന്ന​വ​രും ഉണ്ട്‌. സഭയുടെ ഇതു​പോ​ലുള്ള പ്രവർത്ത​ന​ങ്ങൾക്കാ​യി തങ്ങളെ​ത്തന്നെ വിട്ടു​കൊ​ടു​ക്കുന്ന മൂപ്പന്മാർക്ക്‌ ഒരു കാര്യം അറിയാം: സഭ ഏതെങ്കി​ലും മനുഷ്യ​രു​ടേതല്ല, യഹോ​വ​യു​ടേ​താണ്‌. അതു​കൊണ്ട്‌ അവർ തങ്ങളുടെ നിയമ​ന​ങ്ങ​ളിൽ കഠിനാ​ധ്വാ​നം ചെയ്യുന്നു. അവർ ചെയ്യുന്ന സേവന​ത്തിന്‌ യഹോവ പ്രതി​ഫലം നൽകു​മെന്ന്‌ അവർക്ക്‌ ഉറപ്പാണ്‌.—കൊലോ. 3:23, 24.

സഭയ്‌ക്കു​വേണ്ടി നിങ്ങൾ കഠിനാ​ധ്വാ​നം ചെയ്യു​മ്പോൾ ജീവനുള്ള ദൈവം അതിനു പ്രതി​ഫലം തരും (12-13 ഖണ്ഡികകൾ കാണുക)


13. യഹോ​വ​യ്‌ക്കു​വേണ്ടി നിങ്ങൾ ചെയ്യുന്ന കാര്യ​ങ്ങളെ യഹോവ എങ്ങനെ​യാ​ണു കാണു​ന്നത്‌?

13 സഭയിൽ എല്ലാവർക്കും മൂപ്പന്മാ​രാ​കാൻ പറ്റില്ലാ​യി​രി​ക്കാം. പക്ഷേ യഹോ​വ​യ്‌ക്കു​വേണ്ടി എന്തെങ്കി​ലു​മൊ​ക്കെ ചെയ്യാൻ എല്ലാവർക്കു​മാ​കും. യഹോ​വയെ സേവി​ക്കാൻ നമ്മൾ പരമാ​വധി ശ്രമി​ക്കു​മ്പോൾ ദൈവം അതിൽ സന്തോ​ഷി​ക്കു​ന്നു. ലോക​വ്യാ​പക പ്രവർത്ത​ന​ത്തി​നു​വേണ്ടി ചെറി​യൊ​രു തുകയാ​ണെ​ങ്കി​ലും നമ്മൾ സംഭാവന ഇടു​മ്പോൾ ദൈവം അതു ശ്രദ്ധി​ക്കു​ന്നുണ്ട്‌. മീറ്റി​ങ്ങിന്‌ ഉത്തരം പറയാൻ പേടി​യും ചമ്മലും ഒക്കെ തോന്നി​യി​ട്ടും നമ്മൾ അതിനു​വേണ്ടി നന്നായി ശ്രമി​ക്കു​ന്നതു കാണു​മ്പോൾ യഹോവ അതിൽ സന്തോ​ഷി​ക്കു​ന്നു. അതു​പോ​ലെ നമ്മളോ​ടു തെറ്റു ചെയ്‌ത ഒരാ​ളോ​ടു നമ്മൾ ക്ഷമിക്കു​മ്പോൾ അതും യഹോവ വില​യേ​റി​യ​താ​യി കാണു​ന്നുണ്ട്‌. അതു​കൊണ്ട്‌ ദൈവ​ത്തി​നു​വേണ്ടി ഒരുപാ​ടൊ​ന്നും ചെയ്യാൻ കഴിയു​ന്നി​ല്ല​ല്ലോ എന്നു നിങ്ങൾക്കു തോന്നി​യാ​ലും ചെയ്യാൻ പറ്റുന്ന​തി​ന്റെ പരമാ​വധി ചെയ്യു​മ്പോൾ യഹോവ അതു വിലമ​തി​ക്കു​ക​യും നിങ്ങളെ സ്‌നേ​ഹി​ക്കു​ക​യും ചെയ്യും. ദൈവം അതിനു പ്രതി​ഫലം തരു​മെന്ന്‌ ഉറപ്പാണ്‌.—ലൂക്കോ. 21:1-4.

ജീവനുള്ള ദൈവ​ത്തോട്‌ എപ്പോ​ഴും അടുത്തു​നിൽക്കു​ക

14. യഹോ​വ​യോട്‌ അടുത്തു​നിൽക്കു​ന്നത്‌ വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ സഹായി​ക്കു​ന്നത്‌ എങ്ങനെ? (ചിത്ര​വും കാണുക.)

14 യഹോവ നമു​ക്കൊ​രു യഥാർഥ​വ്യ​ക്തി​യാ​ണെ​ങ്കിൽ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ നമുക്ക്‌ എളുപ്പ​മാ​യി​രി​ക്കും. യോ​സേഫ്‌ അതിനു നല്ലൊരു ഉദാഹ​ര​ണ​മാണ്‌. അധാർമി​ക​പ്ര​വൃ​ത്തി​ക​ളിൽ ഏർപ്പെ​ടാ​നുള്ള പ്രലോ​ഭ​നത്തെ യോ​സേഫ്‌ ശക്തമായി എതിർത്തു. ദൈവത്തെ ശരിക്കുള്ള ഒരു വ്യക്തി​യാ​യി കാണാൻ കഴിഞ്ഞ​തു​കൊണ്ട്‌ ദൈവത്തെ വിഷമി​പ്പി​ക്കാൻ യോ​സേഫ്‌ ആഗ്രഹി​ച്ചില്ല. (ഉൽപ. 39:9) നമുക്കും യഹോവ ഒരു യഥാർഥ വ്യക്തി​യാ​യി​ത്തീ​ര​ണ​മെ​ങ്കിൽ, ദൈവ​ത്തോ​ടു പ്രാർഥി​ക്കാ​നും ദൈവ​വ​ചനം വായി​ക്കാ​നും നമ്മൾ സമയം മാറ്റി​വെ​ക്കണം. അപ്പോൾ യഹോ​വ​യു​മാ​യുള്ള നമ്മുടെ സൗഹൃദം വളരും. യോ​സേ​ഫി​നെ​പ്പോ​ലെ നമുക്കും യഹോ​വ​യു​മാ​യി ഒരു അടുത്ത​ബ​ന്ധ​മു​ണ്ടെ​ങ്കിൽ ദൈവത്തെ വിഷമി​പ്പി​ക്കുന്ന ഒന്നും ചെയ്യാൻ നമ്മൾ ആഗ്രഹി​ക്കില്ല.—യാക്കോ. 4:8.

ജീവനുള്ള ദൈവ​ത്തോട്‌ അടുത്തു​നിൽക്കു​ന്നതു വിശ്വ​സ്‌ത​രാ​യി തുടരാൻ നിങ്ങളെ സഹായി​ക്കും (14-15 ഖണ്ഡികകൾ കാണുക)


15. വിജന​ഭൂ​മി​യി​ലാ​യി​രുന്ന ഇസ്രാ​യേ​ല്യർക്കു സംഭവി​ച്ച​തിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? (എബ്രായർ 3:12)

15 യഹോവ ജീവനുള്ള ദൈവ​മാണ്‌ എന്ന കാര്യം മറന്നാൽ നമ്മൾ യഹോ​വ​യിൽനിന്ന്‌ എളുപ്പം അകന്നു​പോ​യേ​ക്കാം. വിജന​ഭൂ​മി​യി​ലാ​യി​രുന്ന ഇസ്രാ​യേ​ല്യർക്കു സംഭവി​ച്ചത്‌ അതാണ്‌. “യഹോവ ഞങ്ങളുടെ ഇടയിൽ ഉണ്ടോ ഇല്ലയോ” എന്ന്‌ അവർ ചോദി​ച്ചു. (പുറ. 17:2, 7) യഹോ​വ​യുണ്ട്‌ എന്നൊക്കെ അവർക്ക്‌ അറിയാ​മാ​യി​രു​ന്നു. പക്ഷേ യഹോവ തങ്ങൾക്കു​വേണ്ടി കരുതു​മോ എന്ന്‌ അവർ സംശയി​ക്കാൻതു​ടങ്ങി. അങ്ങനെ അവസാനം അവർ യഹോ​വ​യോ​ടു ധിക്കാരം കാണിച്ചു. അവർക്കു സംഭവി​ച്ചത്‌ നമു​ക്കൊ​രു മുന്നറി​യി​പ്പാണ്‌. അവരെ​പ്പോ​ലെ​യാ​കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നില്ല.—എബ്രായർ 3:12 വായി​ക്കുക.

16. ഏതു കാര്യം നമ്മുടെ വിശ്വാ​സ​ത്തിന്‌ ഒരു പരി​ശോ​ധ​ന​യാ​യേ​ക്കാം?

16 യഹോ​വ​യോട്‌ അടുത്തു​നിൽക്കു​ന്നത്‌ ഇന്നത്തെ ഈ ലോക​ത്തിൽ അത്ര എളുപ്പമല്ല. കാരണം, പലരും ദൈവ​മു​ണ്ടെ​ന്നു​പോ​ലും അംഗീ​ക​രി​ക്കു​ന്നില്ല. ഇനി, ദൈവം പറയു​ന്നത്‌ അനുസ​രി​ക്കാ​ത്തവർ സന്തോ​ഷ​ത്തോ​ടെ ജീവി​ക്കു​ന്ന​താ​യി​രി​ക്കും നമ്മൾ കാണു​ന്നത്‌. ഇതൊക്കെ നമ്മുടെ വിശ്വാ​സ​ത്തിന്‌ ഒരു പരി​ശോ​ധ​ന​യാ​യേ​ക്കാം. ദൈവ​മില്ല എന്നൊ​ന്നും നമ്മൾ പറയി​ല്ലാ​യി​രി​ക്കും. പക്ഷേ, ദൈവം നമുക്കു​വേണ്ടി പ്രവർത്തി​ക്കു​മോ എന്നു ചില​പ്പോൾ നമ്മൾ സംശയി​ച്ചു​തു​ട​ങ്ങി​യേ​ക്കാം. 73-ാം സങ്കീർത്ത​ന​ത്തി​ന്റെ എഴുത്തു​കാ​ര​നും ഒരു സമയത്ത്‌ അങ്ങനെ തോന്നി. തന്റെ ചുറ്റു​മു​ള്ളവർ ദൈവ​ത്തി​ന്റെ നിയമങ്ങൾ അവഗണി​ച്ചി​ട്ടും സന്തോ​ഷ​ത്തോ​ടെ ജീവി​ക്കു​ന്ന​താ​യി അദ്ദേഹം കണ്ടു. ദൈവത്തെ സേവി​ക്കു​ന്ന​തു​കൊണ്ട്‌ എന്തെങ്കി​ലും പ്രയോ​ജ​ന​മു​ണ്ടോ എന്ന്‌ അദ്ദേഹം ചിന്തിച്ചു.—സങ്കീ. 73:11-13.

17. യഹോ​വ​യോട്‌ അടുത്തു​നിൽക്കാൻ നമ്മളെ എന്തു സഹായി​ക്കും?

17 തന്റെ ചിന്തയ്‌ക്കു മാറ്റം വരുത്താൻ സങ്കീർത്ത​ന​ക്കാ​രനെ എന്താണു സഹായി​ച്ചത്‌? യഹോ​വയെ മറക്കു​ന്ന​വർക്ക്‌ എന്തായി​രി​ക്കും സംഭവി​ക്കു​ന്ന​തെന്ന്‌ അദ്ദേഹം ശരിക്കും ചിന്തിച്ചു. (സങ്കീ. 73:18, 19, 27) യഹോ​വയെ സേവി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​ന​ങ്ങ​ളെ​ക്കു​റി​ച്ചും അദ്ദേഹം ഓർത്തു. (സങ്കീ. 73:24) യഹോവ നമ്മളെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ​യെ​ല്ലാ​മാ​ണെന്നു ചിന്തി​ക്കാൻ നമുക്കും സമയ​മെ​ടു​ക്കാം. യഹോ​വയെ സേവി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കിൽ നമ്മുടെ ജീവിതം എങ്ങനെ​യാ​കു​മാ​യി​രു​ന്നു എന്നും ചിന്തി​ക്കാം. ഇങ്ങനെ​യെ​ല്ലാം ചെയ്യു​ന്നെ​ങ്കിൽ വിശ്വ​സ്‌ത​രാ​യി​രു​ന്നു​കൊണ്ട്‌ സങ്കീർത്ത​ന​ക്കാ​ര​നെ​പ്പോ​ലെ നമുക്കും പറയാ​നാ​കും: “ഞാൻ ദൈവ​ത്തോട്‌ അടുത്ത്‌ ചെല്ലും; അതല്ലോ എനിക്കു നല്ലത്‌.”—സങ്കീ. 73:28.

18. ഭാവി​യെ​ക്കു​റിച്ച്‌ നമ്മൾ പേടി​ക്കേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

18 ഈ അവസാ​ന​നാ​ളു​ക​ളിൽ എന്തൊക്കെ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യാ​ലും നമുക്ക്‌ അതെല്ലാം വിജയ​ക​ര​മാ​യി നേരി​ടാ​നാ​കും. കാരണം, നമ്മൾ ‘ജീവനുള്ള സത്യ​ദൈ​വ​ത്തെ​യാണ്‌ സേവി​ക്കു​ന്നത്‌.’ (1 തെസ്സ. 1:9) തന്നെ ആരാധി​ക്കു​ന്ന​വർക്കു​വേണ്ടി പ്രവർത്തി​ക്കുന്ന, ഒരു യഥാർഥ​വ്യ​ക്തി​യാ​ണു നമ്മുടെ ദൈവം. മുൻകാ​ല​ങ്ങ​ളി​ലെ ദൈവ​ദാ​സ​രു​ടെ​കൂ​ടെ യഹോ​വ​യു​ണ്ടാ​യി​രു​ന്നു; ഇന്നു നമ്മു​ടെ​കൂ​ടെ​യും ഉണ്ട്‌. പെട്ടെ​ന്നു​തന്നെ നമ്മൾ മഹാക​ഷ്ട​തയെ നേരി​ടേ​ണ്ടി​വ​രും. പക്ഷേ നമ്മൾ ഒറ്റയ്‌ക്കാ​യി​രി​ക്കില്ല. (യശ. 41:10) അതു​കൊണ്ട്‌ നമുക്കു ധൈര്യ​ത്തോ​ടെ ഇങ്ങനെ പറയാം: “യഹോവ എന്നെ സഹായി​ക്കും. ഞാൻ പേടി​ക്കില്ല.”—എബ്രാ. 13:5, 6.

ഗീതം 3 ഞങ്ങളുടെ പ്രത്യാശ, ഞങ്ങളുടെ ആശ്രയം, ഞങ്ങളുടെ ശക്തി