പഠനലേഖനം 23
ഗീതം 28 യഹോവയുടെ സൗഹൃദം നേടുക
യഹോവ നമ്മളെ അതിഥിയായി ക്ഷണിക്കുന്നു
“എന്റെ കൂടാരം അവരുടെ ഇടയിലായിരിക്കും. ഞാൻ അവരുടെ ദൈവവും . . . ആയിരിക്കും.”—യഹ. 37:27.
ഉദ്ദേശ്യം
യഹോവയുടെ ആലങ്കാരികകൂടാരത്തിൽ അതിഥിയായിരിക്കുക എന്നു പറഞ്ഞാൽ എന്താണ് അർഥമെന്നും അതിഥികളായ നമുക്കുവേണ്ടി യഹോവ എങ്ങനെയാണ് കരുതുന്നതെന്നും നമ്മൾ മനസ്സിലാക്കും.
1-2. തന്റെ വിശ്വസ്താരാധകർക്ക് യഹോവ എന്തു ക്ഷണമാണ് നൽകുന്നത്?
‘യഹോവ നിങ്ങൾക്ക് ആരാണ്’ എന്ന് ആരെങ്കിലും ചോദിച്ചാൽ നിങ്ങൾ എന്തു മറുപടി പറയും? ‘യഹോവ എന്റെ പിതാവാണ്, എന്റെ ദൈവമാണ്, എന്റെ സുഹൃത്താണ്’ എന്നൊക്കെ നിങ്ങൾ പറയുമായിരിക്കും. ഇതിനു പുറമേ മറ്റു പല വാക്കുകളിലും നിങ്ങൾ യഹോവയെ വർണിച്ചേക്കാം. എന്നാൽ ‘യഹോവ എന്റെ ആതിഥേയനാണ്’ എന്ന് എപ്പോഴെങ്കിലും നിങ്ങൾ പറഞ്ഞിട്ടുണ്ടോ?
2 യഹോവയ്ക്ക് തന്റെ വിശ്വസ്തദാസരോടുള്ള സൗഹൃദത്തെ ദാവീദ് താരതമ്യം ചെയ്തത് ഒരു അതിഥിയും ആതിഥേയനും തമ്മിലുള്ള ബന്ധത്തോടാണ്. ദാവീദ് ഇങ്ങനെ ചോദിച്ചു: “യഹോവേ, അങ്ങയുടെ കൂടാരത്തിൽ അതിഥിയായി വരാൻ ആർക്കു കഴിയും? അങ്ങയുടെ വിശുദ്ധപർവതത്തിൽ താമസിക്കാൻ ആർക്കാകും?” (സങ്കീ. 15:1) ദൈവപ്രചോദിതമായ ഈ വാക്കുകളിൽനിന്ന് നമുക്കു മനസ്സിലാകുന്നത് നമുക്ക് യഹോവയുടെ അതിഥികൾ ആകാൻ അല്ലെങ്കിൽ സുഹൃത്തുക്കൾ ആകാൻ പറ്റും എന്നാണ്. യഹോവയിൽനിന്നുള്ള എത്ര വലിയൊരു ക്ഷണമാണ് അത്!
നമ്മളെ അതിഥികളാക്കാൻ യഹോവ ആഗ്രഹിക്കുന്നു
3. ആരായിരുന്നു യഹോവയുടെ ആദ്യത്തെ അതിഥി, അവർക്കു രണ്ടു പേർക്കും എന്താണ് തോന്നിയത്?
3 എല്ലാം സൃഷ്ടിക്കുന്നതിനു മുമ്പ് യഹോവ ഒറ്റയ്ക്കായിരുന്നു. പിന്നീട് യഹോവ തന്റെ ആദ്യജാതനെ സൃഷ്ടിച്ചു. അങ്ങനെ തന്റെ ആലങ്കാരികകൂടാരത്തിലേക്ക് ആദ്യത്തെ അതിഥിയെ ക്ഷണിച്ചു. അതിൽ യഹോവ ഒരുപാട് സന്തോഷിക്കുകയും ചെയ്തു. കാരണം ബൈബിൾ പറയുന്നത്, തന്റെ മകനോടു ദൈവത്തിനു “പ്രത്യേകമായൊരു ഇഷ്ടമുണ്ടായിരുന്നു” എന്നാണ്. അതുപോലെ ദൈവത്തിന്റെ ആദ്യത്തെ അതിഥിയും “എപ്പോഴും ദൈവസന്നിധിയിൽ സന്തോഷിച്ചുകൊണ്ടിരുന്നു.”—സുഭാ. 8:30.
4. പിന്നീട് ആരെയൊക്കെ യഹോവ തന്റെ അതിഥികളായി ക്ഷണിച്ചു?
4 അതിനു ശേഷം യഹോവ ദൂതന്മാരെ സൃഷ്ടിച്ചു. അങ്ങനെ അവരെയും തന്റെ അതിഥികളായി ക്ഷണിച്ചു. അവർ ‘ദൈവപുത്രന്മാർ’ ആണെന്നും യഹോവയുടെകൂടെ ആയിരിക്കുന്നതിൽ അവർ സന്തോഷിക്കുന്നെന്നും ബൈബിൾ കാണിച്ചുതരുന്നു. (ഇയ്യോ. 38:6; ദാനി. 7:10) വർഷങ്ങളോളം യഹോവയുടെ സുഹൃത്തുക്കൾ സ്വർഗത്തിലുള്ളവർ മാത്രമായിരുന്നു. പിന്നീട് മനുഷ്യരെ സൃഷ്ടിച്ചപ്പോൾ അവർക്കും തന്റെ കൂടാരത്തിൽ അതിഥികൾ ആകാനുള്ള അവസരം ദൈവം കൊടുത്തു. അങ്ങനെ യഹോവയുടെ അതിഥികളായ ചിലരായിരുന്നു ഹാനോക്കും നോഹയും അബ്രാഹാമും ഇയ്യോബും ഒക്കെ. ആ സത്യാരാധകരെ ദൈവത്തിന്റെ സുഹൃത്തുക്കളായും ‘സത്യദൈവത്തിന്റെകൂടെ നടന്നവരായും’ ബൈബിൾ വിശേഷിപ്പിക്കുന്നു.—ഉൽപ. 5:24; 6:9; ഇയ്യോ. 29:4; യശ. 41:8.
5. യഹസ്കേൽ 37:26, 27-ൽ കാണുന്ന പ്രവചനത്തിൽനിന്ന് നമ്മൾ എന്തു പഠിക്കുന്നു?
5 യഹോവ മനുഷ്യരെ അതിഥികളായി ക്ഷണിക്കുന്നതു പിന്നീടുള്ള നൂറ്റാണ്ടുകളിലും തുടർന്നു. അതിന് ഒരു ഉദാഹരണമാണ് യഹസ്കേലിലെ പ്രവചനം. (യഹസ്കേൽ 37:26, 27 വായിക്കുക.) അതിൽനിന്ന് നമുക്കു മനസ്സിലാകുന്നത്, തന്റെ വിശ്വസ്തദാസരുമായി ഒരു അടുത്തബന്ധത്തിലേക്കു വരാൻ യഹോവ ആഗ്രഹിക്കുന്നു എന്നാണ്. അവരുമായി “സമാധാനത്തിന്റെ ഒരു ഉടമ്പടി ഉണ്ടാക്കും” എന്ന് ദൈവം വാക്കുതന്നിരിക്കുന്നു. ഈ പ്രവചനം എപ്പോൾ നിറവേറുന്നതാണ്? സ്വർഗത്തിൽ ജീവിക്കാൻ പ്രത്യാശയുള്ളവരും ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ളവരും യഹോവയുടെ കൂടാരത്തിൽ ‘ഒറ്റ ആട്ടിൻകൂട്ടമായിത്തീരുന്ന’ സമയത്ത് നിറവേറുന്നതാണ് ഇത്. (യോഹ. 10:16) ആ സമയത്താണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്!
നമ്മൾ എവിടെയാണെങ്കിലും യഹോവ നമുക്കുവേണ്ടി കരുതും
6. യഹോവയുടെ കൂടാരത്തിൽ ഒരാൾ അതിഥിയാകുന്നത് എപ്പോഴാണ്, ഈ കൂടാരം എവിടെ കണ്ടെത്താനാകും?
6 ബൈബിൾക്കാലങ്ങളിൽ വിശ്രമിക്കാനും കാറ്റിൽനിന്നും മഴയിൽനിന്നും ഒക്കെ സംരക്ഷണം നേടാനും ആളുകൾ കൂടാരം ഉപയോഗിച്ചിരുന്നു. ആ കൂടാരത്തിലേക്ക് ഒരാൾ അതിഥിയായി വന്നാൽ ആതിഥേയൻ അയാളെ ഏറ്റവും നന്നായി നോക്കും. നമ്മൾ ജീവിതം യഹോവയ്ക്കു സമർപ്പിക്കുമ്പോൾ യഹോവയുടെ കൂടാരത്തിലെ ഒരു അതിഥിയാകുകയാണ്. (സങ്കീ. 61:4) അവിടെ സമൃദ്ധമായ ആത്മീയാഹാരമുണ്ട്. അതുപോലെ യഹോവയുടെ കൂടാരത്തിലെ മറ്റ് അതിഥികളെ നമുക്കു കൂട്ടുകാരാക്കാനും പറ്റും. യഹോവയുടെ ഈ കൂടാരം ഏതെങ്കിലും ഒരു പ്രത്യേകസ്ഥലത്ത് ഉള്ളവർക്കുവേണ്ടി മാത്രമുള്ളതല്ല. ഒരുപക്ഷേ മറ്റൊരു രാജ്യത്ത് നിങ്ങൾ ഒരു പ്രത്യേക കൺവെൻഷനോ മറ്റോ കൂടാൻ പോയിട്ടുണ്ടെങ്കിൽ, അവിടെയും ദൈവത്തിന്റെ കൂടാരത്തിൽ അതിഥികൾ ആയിട്ടുള്ളവരെ നിങ്ങൾ കണ്ടിട്ടുണ്ടാകും. യഹോവയെ അനുസരിക്കുന്നവർ എവിടെയുണ്ടോ അവിടെ യഹോവയുടെ കൂടാരമുണ്ട്.—വെളി. 21:3.
7. മരിച്ചുപോയ വിശ്വസ്തർ ഇപ്പോഴും ദൈവത്തിന്റെ കൂടാരത്തിലെ അതിഥികളാണെന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ടാണ്? (ചിത്രവും കാണുക.)
7 എന്നാൽ മരിച്ചുപോയ വിശ്വസ്തരുടെ കാര്യമോ? അവർ ഇപ്പോഴും യഹോവയുടെ കൂടാരത്തിലെ അതിഥികളാണ് എന്നു പറയാൻ കഴിയുമോ? കഴിയും. കാരണം, അവർ യഹോവയുടെ ഓർമയിൽ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. യേശു ഇങ്ങനെ പറഞ്ഞു: “മരിച്ചവർ ഉയിർപ്പിക്കപ്പെടുമെന്നു മുൾച്ചെടിയെക്കുറിച്ചുള്ള വിവരണത്തിൽ മോശതന്നെ സൂചിപ്പിച്ചിട്ടുണ്ട്. മോശ യഹോവയെ, ‘അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും’ എന്നാണല്ലോ വിളിച്ചത്. ദൈവം മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമാണ്. കാരണം ദൈവമുമ്പാകെ അവരെല്ലാം ജീവിച്ചിരിക്കുന്നവരാണ്.”—ലൂക്കോ. 20:37, 38.
നമുക്കു പ്രയോജനങ്ങളും ഒപ്പം ഉത്തരവാദിത്വങ്ങളും ഉണ്ട്
8. യഹോവയുടെ കൂടാരത്തിൽ അതിഥി ആയിരിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാമാണ്?
8 ഒരു കൂടാരം വിശ്രമിക്കാൻ ഒരു ഇടവും കാറ്റിലും മഴയിലും ഒരു സംരക്ഷണവും ആയിരിക്കുന്നതുപോലെ, യഹോവയുടെ ആലങ്കാരിക കൂടാരം അതിലെ അതിഥികൾക്ക് ആത്മീയസംരക്ഷണവും ഭാവിയിലേക്കു നല്ലൊരു പ്രത്യാശയും നൽകുന്നു. യഹോവയോട് അടുത്തുനിൽക്കുന്നെങ്കിൽ നമുക്ക് എതിരെ നിലനിൽക്കുന്ന ഒരു ദ്രോഹവും ചെയ്യാൻ സാത്താനാകില്ല. (സങ്കീ. 31:23; 1 യോഹ. 3:8) പുതിയ ലോകത്തിൽ യഹോവ തന്റെ വിശ്വസ്തദാസർക്ക് ആത്മീയസംരക്ഷണം മാത്രമല്ല നൽകുക, അവരെ മരണത്തിൽനിന്നും സംരക്ഷിക്കും.—വെളി. 21:4.
9. തന്റെ അതിഥികൾ എന്തു ചെയ്യണമെന്നാണ് യഹോവ പ്രതീക്ഷിക്കുന്നത്?
9 യഹോവയുടെ കൂടാരത്തിൽ ഒരു അതിഥിയായിരിക്കാൻ ആകുന്നത് വലിയൊരു അനുഗ്രഹമാണ്. യഹോവയുമായി എന്നും നിലനിൽക്കുന്ന, അടുത്ത സൗഹൃദം നമുക്ക് അതിലൂടെ ആസ്വദിക്കാനാകും. എന്നാൽ യഹോവയുടെ അതിഥികളായി തുടരണമെങ്കിൽ നമ്മൾ എന്തു ചെയ്യണം? നിങ്ങളെ ആരെങ്കിലും അവരുടെ വീട്ടിലേക്ക് അതിഥിയായി ക്ഷണിച്ചാൽ അവിടെ നല്ല രീതിയിൽ പെരുമാറാൻ നിങ്ങൾ ആഗ്രഹിക്കും. ഉദാഹരണത്തിന്, വീട്ടിൽ കയറുന്നതിനു മുമ്പ് ചെരുപ്പ് ഊരാൻ അവർ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ നമ്മൾ സന്തോഷത്തോടെ അതു ചെയ്യും. അതുപോലെതന്നെയാണ് യഹോവയുടെ കൂടാരത്തിൽ അതിഥികളായി തുടരാൻ ആഗ്രഹിക്കുന്നവരുടെ കാര്യവും. അവരിൽനിന്ന് യഹോവ പ്രതീക്ഷിക്കുന്ന ചില കാര്യങ്ങളുണ്ട്. യഹോവയോടു സ്നേഹം ഉള്ളതുകൊണ്ട് ‘ദൈവത്തെ പൂർണമായി പ്രസാദിപ്പിക്കാൻ’ കഴിയുന്നതെല്ലാം നമ്മൾ ചെയ്യും. (കൊലോ. 1:10) യഹോവ നമ്മുടെ സുഹൃത്താണ് എന്നതു ശരിയാണ്. പക്ഷേ യഹോവ നമ്മുടെ ദൈവവും പിതാവും കൂടിയാണ്. അതുകൊണ്ട് നമ്മുടെ ബഹുമാനം ദൈവം അർഹിക്കുന്നു. (സങ്കീ. 25:14) അത് എപ്പോഴും മനസ്സിൽപ്പിടിച്ചുകൊണ്ട് നമുക്ക് യഹോവയോട് ആഴമായ ആദരവ് കാണിക്കാം. അങ്ങനെയാകുമ്പോൾ യഹോവയെ വിഷമിപ്പിക്കുന്ന ഒരു കാര്യവും നമ്മൾ ചെയ്യില്ല. നമ്മൾ എപ്പോഴും ‘ദൈവത്തോടൊപ്പം എളിമയോടെ നടക്കാൻ’ ആഗ്രഹിക്കും.—മീഖ 6:8.
യഹോവ ഇസ്രായേല്യരോട് പക്ഷപാതമില്ലാതെ ഇടപെട്ടു
10-11. സീനായ് വിജനഭൂമിയിൽവെച്ച് യഹോവ ഇസ്രായേല്യരോട് പക്ഷപാതം കാണിച്ചില്ലെന്നു നമുക്ക് എങ്ങനെ അറിയാം?
10 ദൈവം തന്റെ അതിഥികളോടു പക്ഷപാതം കാണിക്കുന്നില്ല. (റോമ. 2:11) യഹോവയുടെ ഈ ഗുണത്തെക്കുറിച്ച് മനസ്സിലാക്കാൻ നമുക്ക് സീനായ് വിജനഭൂമിയിൽവെച്ച് യഹോവ ഇസ്രായേല്യരോട് ഇടപെട്ട വിധത്തെക്കുറിച്ച് ഒന്നു നോക്കാം.
11 ഈജിപ്തിൽനിന്ന് ഇസ്രായേല്യരെ വിടുവിച്ചശേഷം വിശുദ്ധകൂടാരത്തിൽ പുരോഹിതന്മാരായി സേവിക്കാൻ യഹോവ ചില ആളുകളെ നിയമിച്ചു. അതുപോലെ വിശുദ്ധകൂടാരത്തിലെ മറ്റു ജോലികൾ ചെയ്യാൻ ലേവ്യരെയും നിയമിച്ചാക്കി. എന്നാൽ വിശുദ്ധകൂടാരത്തിൽ സേവിച്ചിരുന്നവർക്കോ അതിന് അടുത്തുള്ള കൂടാരങ്ങളിൽ താമസിച്ചിരുന്നവർക്കോ മറ്റുള്ളവരെക്കാൾ എന്തെങ്കിലും പ്രത്യേകപരിഗണന യഹോവ കൊടുത്തോ? ഇല്ല. യഹോവ പക്ഷപാതമുള്ള ദൈവമല്ല.
12. യഹോവ ഇസ്രായേല്യരോട് പക്ഷപാതം ഇല്ലാതെ ഇടപെട്ടതിന്റെ ചില ഉദാഹരണങ്ങൾ പറയുക. (പുറപ്പാട് 40:38) (ചിത്രവും കാണുക.)
12 വിശുദ്ധകൂടാരത്തിൽ സേവിക്കുന്നവർക്കും വിശുദ്ധകൂടാരത്തിന് അടുത്ത് താമസിക്കുന്നവർക്കും മാത്രമല്ല എല്ലാ ഇസ്രായേല്യർക്കും യഹോവയുമായി ഒരു അടുത്ത ബന്ധത്തിലേക്കു വരാൻ പറ്റുമായിരുന്നു. ഉദാഹരണത്തിന്, വിശുദ്ധകൂടാരത്തിനു മുകളിലുള്ള അത്ഭുതകരമായ മേഘസ്തംഭവും രാത്രിയിലെ അഗ്നിസ്തംഭവും ജനത്തിലെ എല്ലാവർക്കും കാണാമെന്ന് യഹോവ ഉറപ്പാക്കി. (പുറപ്പാട് 40:38 വായിക്കുക.) ഈ മേഘം മറ്റൊരു സ്ഥലത്തേക്കു നീങ്ങിത്തുടങ്ങുന്നത് എല്ലാവർക്കും, വിശുദ്ധകൂടാരത്തിൽനിന്ന് ഒരുപാട് അകലെ താമസിക്കുന്നവർക്കുപോലും കാണാൻ പറ്റുമായിരുന്നു. അങ്ങനെ അവർക്കും കൂടാരം അഴിച്ച്, സാധനങ്ങളൊക്കെ എടുത്ത്, എല്ലാവരുടെയുംകൂടെ പോകാൻ കഴിഞ്ഞു. (സംഖ്യ 9:15-23) അതുപോലെ വെള്ളികൊണ്ടുള്ള രണ്ടു കാഹളത്തിൽനിന്നുള്ള ശബ്ദവും ജനത്തിനു മുഴുവൻ കേൾക്കാമായിരുന്നു. പാളയമഴിച്ച് പുറപ്പെടാനുള്ള അറിയിപ്പായിരുന്നു അതും. (സംഖ്യ 10:2) അതുകൊണ്ട് ഒരാൾ വിശുദ്ധകൂടാരത്തിന് അടുത്താണ് താമസിക്കുന്നത് എന്നതുകൊണ്ട് അയാൾക്ക് ദൂരെ താമസിക്കുന്ന ആളെക്കാൾ യഹോവയുമായി അടുത്തബന്ധമുണ്ടെന്നു പറയാൻ പറ്റില്ലായിരുന്നു. പകരം എല്ലാ ഇസ്രായേല്യർക്കും യഹോവയുടെ അതിഥികളാകാനും യഹോവയുടെ സംരക്ഷണവും വഴിനടത്തിപ്പും നേടാനും കഴിഞ്ഞു. അതുപോലെ ഇന്നും, നമ്മൾ എവിടെയാണ് ജീവിക്കുന്നതെങ്കിലും യഹോവയുടെ സ്നേഹവും കരുതലും സംരക്ഷണവും നമുക്കും കിട്ടും.
ഇന്നും യഹോവ പക്ഷപാതമില്ലാതെ ഇടപെടുന്നു
13. യഹോവ എങ്ങനെയാണ് ഇന്നു പക്ഷപാതമില്ലാതെ ഇടപെടുന്നത്?
13 ദൈവജനത്തിൽ ചിലർ നമ്മുടെ ലോകാസ്ഥാനത്തിന് അടുത്തോ അല്ലെങ്കിൽ ഏതെങ്കിലും ഒരു ബ്രാഞ്ചോഫീസിന് അടുത്തോ ആയിരിക്കും താമസിക്കുന്നത്. ഇനി, അവിടെത്തന്നെ സേവിക്കുന്ന ചിലരുമുണ്ട്. അതുകൊണ്ട് അവിടെ നടക്കുന്ന പ്രവർത്തനങ്ങളിൽ ഉൾപ്പെടാനും നേതൃത്വം എടുക്കുന്നവരോടൊപ്പം അടുത്ത് സഹവസിക്കാനും അവർക്കാകുന്നു. വേറെ ചിലർ സഞ്ചാരമേൽവിചാരകന്മാരായി പ്രവർത്തിക്കുന്നു. ഇനി, പ്രത്യേക മുഴുസമയസേവനത്തിന്റെ മറ്റു മേഖലകളിൽ പ്രവർത്തിക്കുന്നവരുമുണ്ട്. എന്നാൽ നിങ്ങളുടെ സാഹചര്യം ഇതൊന്നുമല്ലെങ്കിലും നിങ്ങൾക്ക് യഹോവയുടെ അതിഥികളാകാൻ പറ്റും. യഹോവ തന്റെ എല്ലാ അതിഥികളെയും സ്നേഹിക്കുന്നു. ദൈവത്തിന് നിങ്ങളെ ഓരോരുത്തരെയും അറിയാം. നിങ്ങൾക്ക് വേണ്ടത് എന്താണോ അത് യഹോവ ചെയ്തുതരും. (1 പത്രോ. 5:7) തന്റെ എല്ലാ ആരാധകർക്കും ദൈവം ആത്മീയാഹാരം കൊടുക്കുന്നു, അവരെ വഴിനയിക്കുന്നു, സംരക്ഷിക്കുന്നു.
14. നമ്മുടെ ആതിഥേയനായ യഹോവയ്ക്ക് പക്ഷപാതമില്ല എന്നതിന്റെ മറ്റൊരു തെളിവ് എന്താണ്?
14 ലോകത്തുള്ള എല്ലാവർക്കും ബൈബിൾ ലഭ്യമാക്കിയിരിക്കുന്നു എന്നത് നമ്മുടെ ആതിഥേയനു പക്ഷപാതമില്ല എന്നതിന്റെ മറ്റൊരു തെളിവാണ്. വിശുദ്ധതിരുവെഴുത്തുകൾ ആദ്യം എഴുതിയത് മൂന്നു ഭാഷകളിലായിരുന്നു; എബ്രായയിലും അരമായയിലും ഗ്രീക്കിലും. ഈ ഭാഷകളിൽ ബൈബിൾ വായിക്കാൻ പറ്റുന്നവർക്ക് അതിനു കഴിയാത്തവരെക്കാൾ യഹോവയോട് കൂടുതൽ ബന്ധമുണ്ടെന്നു പറയാനാകുമോ? ഒരിക്കലും ഇല്ല.—മത്താ. 11:25.
15. യഹോവ പക്ഷപാതം കാണിക്കുന്നില്ല എന്നതിന് എന്തു തെളിവാണുള്ളത്? (ചിത്രവും കാണുക.)
15 യഹോവ ഒരാളെ സുഹൃത്തായി ക്ഷണിക്കുന്നത് അദ്ദേഹത്തിന്റെ വിദ്യാഭ്യാസമോ ബൈബിൾ ആദ്യം എഴുതിയ ഭാഷകൾ അദ്ദേഹത്തിന് അറിയാമോ എന്നൊന്നും നോക്കിയല്ല. ഉന്നതവിദ്യാഭ്യാസം ഉള്ളവർക്കു മാത്രമല്ല യഹോവ തന്റെ ജ്ഞാനം ലഭ്യമാക്കിയിരിക്കുന്നത്. ലോകത്തുള്ള എല്ലാവർക്കും യഹോവ അതു കൊടുത്തിരിക്കുന്നു. ദൈവവചനമായ ബൈബിൾ ആയിരക്കണക്കിനു ഭാഷകളിലേക്കു പരിഭാഷ ചെയ്തിട്ടുണ്ട്. അതുകൊണ്ട് എല്ലാ ആളുകൾക്കും അതിൽനിന്ന് പഠിക്കാനും, യഹോവയുടെ സുഹൃത്തുക്കളാകാൻ എങ്ങനെ പറ്റുമെന്നു മനസ്സിലാക്കാനും കഴിയുന്നു.—2 തിമൊ. 3:16, 17.
യഹോവ ‘അംഗീകരിക്കുന്ന’ ഒരാളായി തുടരുക
16. പ്രവൃത്തികൾ 10:34, 35 അനുസരിച്ച് നമുക്ക് എങ്ങനെ യഹോവ അംഗീകരിക്കുന്ന ഒരാളായി തുടരാം?
16 യഹോവ തന്റെ ആലങ്കാരികകൂടാരത്തിലേക്ക് അതിഥികളായി നമ്മളെ ക്ഷണിച്ചിരിക്കുന്നത് എത്ര വലിയൊരു ബഹുമതിയാണ്! യഹോവയാണ് സ്നേഹവും ദയയും ഉള്ള ഏറ്റവും നല്ല ആതിഥേയൻ. പക്ഷപാതമില്ലാതെ എല്ലാവരെയും അതിഥികളായി ക്ഷണിക്കുന്ന ദൈവവും ആണ് യഹോവ. ഒരാളുടെ സ്ഥലമോ പശ്ചാത്തലമോ വിദ്യാഭ്യാസമോ വംശമോ ഗോത്രമോ പ്രായമോ ഒരാൾ സ്ത്രീയാണോ പുരുഷനാണോ എന്നതോ ഒന്നും യഹോവ നോക്കുന്നില്ല. എന്നാൽ തന്നെ അനുസരിക്കുന്നവരെ മാത്രമേ യഹോവ അതിഥികളായി അംഗീകരിക്കൂ.—പ്രവൃത്തികൾ 10:34, 35 വായിക്കുക.
17. യഹോവയുടെ കൂടാരത്തിൽ അതിഥിയാകുന്നതിനെക്കുറിച്ചുള്ള കൂടുതലായ വിവരങ്ങൾ നമുക്ക് എവിടെ കണ്ടെത്താനാകും?
17 സങ്കീർത്തനം 15:1-ൽ ദാവീദ് ഈ ചോദ്യങ്ങൾ ചോദിച്ചു: “യഹോവേ, അങ്ങയുടെ കൂടാരത്തിൽ അതിഥിയായി വരാൻ ആർക്കു കഴിയും? അങ്ങയുടെ വിശുദ്ധപർവതത്തിൽ താമസിക്കാൻ ആർക്കാകും?” യഹോവ ദാവീദിലൂടെത്തന്നെ അതിന് ഉത്തരം നൽകി. 15-ാം സങ്കീർത്തനത്തിൽ നമുക്ക് അതു കാണാം. അതിലെ ചില കാര്യങ്ങൾ നമ്മൾ അടുത്ത ലേഖനത്തിൽ പഠിക്കും. യഹോവ അംഗീകരിക്കുന്ന ഒരാളായി തുടരാൻ അതു നമ്മളെ സഹായിക്കും.
ഗീതം 32 യഹോവയുടെ പക്ഷത്ത് നിൽക്കുക!