പഠനലേഖനം 26
ഗീതം 8 യഹോവ നമുക്ക് അഭയം
യഹോവയെ നിങ്ങളുടെ പാറയാക്കുക
“നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയുമില്ല.”—1 ശമു. 2:2.
ഉദ്ദേശ്യം
യഹോവയെ പാറ എന്നു വിളിച്ചിരിക്കുന്നത് എന്തുകൊണ്ടെന്നും അങ്ങനെ വിളിക്കാൻ ഇടയാക്കുന്ന ഗുണങ്ങൾ നമുക്ക് എങ്ങനെ അനുകരിക്കാമെന്നും ഈ ലേഖനത്തിൽ പഠിക്കും.
1. സങ്കീർത്തനം 18:46-ൽ കാണുന്നതുപോലെ ദാവീദ് യഹോവയെ എന്തിനോടാണ് ഉപമിച്ചത്?
ചിലപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത ചില പ്രശ്നങ്ങൾ ഇന്നു നമുക്കു നേരിട്ടേക്കാം. അതു നമ്മുടെ ജീവിതം ബുദ്ധിമുട്ടുള്ളതാക്കിയേക്കാം, അല്ലെങ്കിൽ പാടേ മാറ്റിമറിക്കുകപോലും ചെയ്തേക്കാം. അപ്പോഴൊക്കെ സഹായത്തിനായി യഹോവയിലേക്കു നോക്കാനാകുമെന്നത് എത്ര ആശ്വാസമാണ്! യഹോവ ജീവനുള്ള ദൈവമാണെന്നും നമ്മളെ സഹായിക്കാൻ എപ്പോഴും തയ്യാറാണെന്നും കഴിഞ്ഞ ലേഖനത്തിൽ നമ്മൾ കണ്ടു. ഓരോ തവണ അത്തരം സഹായം ലഭിക്കുമ്പോഴും “യഹോവ ജീവനുള്ള” ദൈവമാണെന്ന നമ്മുടെ ബോധ്യം ശക്തമാകും. (സങ്കീർത്തനം 18:46 വായിക്കുക.) എന്നാൽ യഹോവ ജീവനുള്ള ദൈവമാണെന്നു പറഞ്ഞ ഉടനെതന്നെ ദാവീദ് ദൈവത്തെക്കുറിച്ച് “എന്റെ പാറ” എന്നു പറഞ്ഞു. എന്തുകൊണ്ടായിരിക്കും ദാവീദ് ജീവനുള്ള ദൈവമായ യഹോവയെ ജീവനില്ലാത്ത ഒരു വസ്തുവിനോട്, അതായത് ഒരു ‘പാറയോട്’ ഉപമിച്ചത്?
2. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
2 ഈ ലേഖനത്തിൽ യഹോവയെ പാറയോട് ഉപമിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്നും അതിൽനിന്ന് യഹോവയെക്കുറിച്ച് എന്തൊക്കെ കാര്യങ്ങൾ പഠിക്കാനാകുമെന്നും നമ്മൾ കാണും. കൂടാതെ യഹോവയെ എങ്ങനെ നമ്മുടെ പാറയായി കാണാമെന്നും പഠിക്കും. അവസാനമായി, നമുക്ക് എങ്ങനെ യഹോവയുടെ ഗുണങ്ങൾ അനുകരിക്കാമെന്നും ചിന്തിക്കും.
യഹോവയെ “പാറ” എന്നു വിളിച്ചിരിക്കുന്നത് എന്തുകൊണ്ട്?
3. ബൈബിളിൽ മിക്കപ്പോഴും “പാറ” എന്ന പദം ഉപയോഗിച്ചിരിക്കുന്നത് ഏതു സന്ദർഭങ്ങളിലാണ്? ( ചിത്രം കാണുക.)
3 യഹോവയുടെ ചില ഗുണങ്ങൾ മനസ്സിലാക്കാൻ നമ്മളെ സഹായിക്കുന്നതിനുവേണ്ടിയാണു ബൈബിളിൽ യഹോവയെ ‘പാറയോട്’ ഉപമിച്ചിരിക്കുന്നത്. ദൈവദാസന്മാർ ദൈവത്തിന്റെ മഹത്തായ ഗുണങ്ങളെ സ്തുതിച്ചുപറയുമ്പോഴാണു മിക്കപ്പോഴും യഹോവയെ പാറ എന്നു വിളിച്ചിട്ടുള്ളത്. ആവർത്തനം 32:4-ലാണ് ആദ്യമായി യഹോവയെ “പാറ” എന്നു വിളിച്ചിരിക്കുന്നതായി കാണുന്നത്. ഹന്ന യഹോവയോടു പ്രാർഥിച്ചപ്പോൾ “നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയുമില്ല” എന്നു പറഞ്ഞു. (1 ശമു. 2:2) ഹബക്കൂക്ക് യഹോവയെ “എന്റെ പാറ” എന്നു വിളിച്ചു. (ഹബ. 1:12) 73-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരൻ യഹോവയെക്കുറിച്ച് പറഞ്ഞത് “എന്റെ ഹൃദയത്തിന്റെ പാറ” എന്നാണ്. (സങ്കീ. 73:26) ഇനി, യഹോവയും തന്നെക്കുറിച്ച് “പാറ” എന്നു പറഞ്ഞിട്ടുണ്ട്. (യശ. 44:8) നമുക്ക് ഇപ്പോൾ, യഹോവയെ പാറ എന്നു വിളിക്കാൻ കാരണമായ മൂന്നു ഗുണങ്ങളെക്കുറിച്ചും നമുക്ക് എങ്ങനെ യഹോവയെ ‘നമ്മുടെ പാറയാക്കാം’ എന്നും നോക്കാം.—ആവ. 32:31.
4. യഹോവ നമ്മുടെ അഭയസ്ഥാനമായിരിക്കുന്നത് എങ്ങനെ? (സങ്കീർത്തനം 94:22)
4 യഹോവ നമുക്ക് ഒരു അഭയസ്ഥാനമാണ്. കൊടുങ്കാറ്റ് അടിക്കുന്ന സമയത്ത് വലിയൊരു പാറ നമുക്കു സംരക്ഷണം തരും. അതുപോലെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ യഹോവ നമുക്ക് ഒരു അഭയസ്ഥാനമായിരിക്കും. (സങ്കീർത്തനം 94:22 വായിക്കുക.) യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ തകർത്തേക്കാവുന്ന എല്ലാ കാര്യങ്ങളിൽനിന്നും ദൈവം നമ്മളെ സംരക്ഷിക്കും. മാത്രമല്ല നമ്മൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ താത്കാലികമായിരിക്കുമെന്നും യഹോവ ഉറപ്പുതന്നിട്ടുണ്ട്. അതിലും വലിയൊരു കാര്യം ചെയ്യുമെന്നും യഹോവ വാക്കുതന്നിരിക്കുന്നു: ഉത്കണ്ഠയ്ക്കും കഷ്ടപ്പാടിനും ഇടയാക്കുന്ന എല്ലാ കാര്യങ്ങളും ഭാവിയിൽ യഹോവ മാറ്റും.—യഹ. 34:25, 26.
5. യഹോവയെ നമുക്ക് എങ്ങനെ പാറപോലുള്ള ഒരു അഭയസ്ഥാനമാക്കാം?
5 പ്രശ്നങ്ങളൊക്കെ ഉണ്ടാകുമ്പോൾ യഹോവയെ പാറപോലുള്ള അഭയസ്ഥാനമാക്കാൻ നമുക്കു ചെയ്യാനാകുന്ന ഒരു കാര്യം പ്രാർഥിക്കുക എന്നതാണ്. പ്രാർഥിക്കുമ്പോൾ യഹോവ നമുക്കു “ദൈവസമാധാനം” തരും. അതു നമ്മുടെ ഹൃദയത്തെയും മനസ്സിനെയും കാക്കും. (ഫിലി. 4:6, 7) വിശ്വാസത്തിനുവേണ്ടി ജയിലിൽ കഴിയേണ്ടിവന്ന ആർട്ടേം സഹോദരന്റെ അനുഭവം നോക്കുക. ജയിലിലായിരുന്നപ്പോൾ ഒരു ഉദ്യോഗസ്ഥൻ പല തവണ അദ്ദേഹത്തെ ചോദ്യം ചെയ്യുകയും പേടിപ്പിക്കാൻ ശ്രമിക്കുകയും ഉപദ്രവിക്കുകയും ഒക്കെ ചെയ്തു. ആർട്ടേം പറയുന്നു: “ചോദ്യം ചെയ്തപ്പോഴൊക്കെ എനിക്കു പേടി തോന്നി. . . . അപ്പോഴെല്ലാം ഞാൻ യഹോവയോടു പ്രാർഥിച്ചു. മനസ്സമാധാനത്തിനും ജ്ഞാനത്തിനും വേണ്ടി അപേക്ഷിച്ചു. ഉപദ്രവം സഹിക്കേണ്ടിവന്നെങ്കിലും യഹോവയുടെ സഹായത്താൽ ശാന്തനായി നിൽക്കാൻ എനിക്കു കഴിഞ്ഞു. കരിങ്കല്ലുകൊണ്ട് കെട്ടിപ്പൊക്കിയ വലിയൊരു മതിലിന്റെ മറവിൽ നിൽക്കുന്നതുപോലെയാണ് എനിക്ക് അപ്പോൾ അനുഭവപ്പെട്ടത്.”
6. നമുക്ക് എപ്പോഴും യഹോവയിൽ ആശ്രയിക്കാവുന്നത് എന്തുകൊണ്ട്? (യശയ്യ 26:3, 4)
6 യഹോവ ആശ്രയിക്കാവുന്നവനാണ്. ഒരു വലിയ പാറ എപ്പോഴും അതിന്റെ സ്ഥാനത്തുതന്നെ ഉണ്ടായിരിക്കും. അതുപോലെ നമ്മളെ സഹായിക്കാൻ യഹോവയും എപ്പോഴും നമ്മുടെ കൂടെയുണ്ട്. “ശാശ്വതമായ പാറ” ആയതുകൊണ്ട് നമുക്ക് യഹോവയിൽ ആശ്രയിക്കാം. (യശയ്യ 26:3, 4 വായിക്കുക.) ഇനി, തന്റെ വാക്കു പാലിക്കാനും നമ്മുടെ പ്രാർഥനകൾ കേൾക്കാനും നമുക്കു വേണ്ട സഹായം ചെയ്തുതരാനും യഹോവ എപ്പോഴും ജീവനോടെയുണ്ടായിരിക്കും. യഹോവയിൽ ആശ്രയിക്കാവുന്നതിന്റെ മറ്റൊരു കാരണം, തന്നെ സേവിക്കുന്നവരോട് യഹോവ വിശ്വസ്തനായിരിക്കും എന്നതാണ്. (2 ശമു. 22:26) ദൈവസേവനത്തിൽ നമ്മൾ ചെയ്യുന്ന ഒരു കാര്യവും യഹോവ മറക്കില്ല; അതിനെല്ലാം പ്രതിഫലം തരുകയും ചെയ്യും.—എബ്രാ. 6:10; 11:6.
7. യഹോവയിൽ ആശ്രയിക്കുന്നതു നമ്മളെ എങ്ങനെ സഹായിക്കും? (ചിത്രവും കാണുക.)
7 യഹോവയിൽ പൂർണമായി ആശ്രയിക്കുമ്പോൾ നമ്മൾ യഹോവയെ നമ്മുടെ പാറയാക്കുകയാണ്. ബുദ്ധിമുട്ടുള്ള സമയങ്ങളിൽപ്പോലും ദൈവത്തെ അനുസരിക്കുന്നതു നമുക്കു പ്രയോജനം ചെയ്യുമെന്ന് ഉറപ്പാണ്. (യശ. 48:17, 18) ഓരോ തവണ യഹോവയുടെ സഹായം അനുഭവിച്ചറിയുമ്പോഴും യഹോവയിലുള്ള നമ്മുടെ ആശ്രയം കൂടും. മാത്രമല്ല, എത്ര വലിയ പ്രശ്നത്തെയും നേരിടാൻ നമ്മൾ സജ്ജരാകുകയും ചെയ്യും. മിക്കപ്പോഴും സഹായിക്കാൻ മറ്റാരും ഇല്ലാത്ത സാഹചര്യങ്ങളിലായിരിക്കും നമുക്ക് ആശ്രയിക്കാൻ യഹോവ മാത്രമേ ഉള്ളൂ എന്ന ബോധ്യം ശക്തമാകുന്നത്. വ്ലാഡിമിർ പറയുന്നു: “വിചാരണത്തടവിലായിരുന്ന ആ കാലത്താണ് യഹോവയോട് എനിക്ക് ഏറ്റവും അധികം അടുപ്പം തോന്നിയത്. യഹോവയിൽ കൂടുതലായി ആശ്രയിക്കാൻ ഞാൻ പഠിച്ചു. കാരണം ഞാൻ അവിടെ ഒറ്റയ്ക്കായിരുന്നു. മാത്രമല്ല, കാര്യങ്ങളൊന്നും എന്റെ നിയന്ത്രണത്തിലുമായിരുന്നില്ല.”
8. (എ) യഹോവ മാറ്റമില്ലാത്തവനാണെന്നു പറയാവുന്നത് എന്തുകൊണ്ട്? (ബി) യഹോവയെ നമ്മുടെ പാറയായി കാണുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്? (സങ്കീർത്തനം 62:6, 7)
8 യഹോവ മാറ്റമില്ലാത്തവൻ. ഒരേ സ്ഥലത്തുതന്നെ, മാറാതെ ഉറച്ചുനിൽക്കുന്ന ഒരു പാറപോലെയാണ് യഹോവ. യഹോവയുടെ വ്യക്തിത്വത്തിനും ഉദ്ദേശ്യത്തിനും ഒരിക്കലും മാറ്റംവരില്ല. (മലാ. 3:6) ആദാമും ഹവ്വയും യഹോവയെ ധിക്കരിച്ചപ്പോഴും മനുഷ്യരെക്കുറിച്ചുള്ള തന്റെ ഉദ്ദേശ്യത്തിന് യഹോവ മാറ്റംവരുത്തിയില്ല. അപ്പോസ്തലനായ പൗലോസ് പറഞ്ഞതുപോലെ “തന്റെ പ്രകൃതത്തിനു നിരക്കാത്തതു ചെയ്യാൻ ദൈവത്തിനു കഴിയില്ല.” (2 തിമൊ. 2:13) അതു കാണിക്കുന്നത്, എന്തൊക്കെ സംഭവിച്ചാലും മറ്റുള്ളവർ എന്തുതന്നെ ചെയ്താലും യഹോവയ്ക്കോ യഹോവയുടെ ഉദ്ദേശ്യത്തിനോ നിലവാരങ്ങൾക്കോ മാറ്റംവരില്ല എന്നാണ്. യഹോവ മാറ്റമില്ലാത്തവനായതുകൊണ്ട് ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങളിൽ നമ്മളെ സഹായിക്കുമെന്നും ഭാവിയെക്കുറിച്ച് യഹോവ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം ചെയ്യുമെന്നും നമുക്ക് ഉറപ്പോടെ വിശ്വസിക്കാം.—സങ്കീർത്തനം 62:6, 7 വായിക്കുക.
9. റ്ററ്റ്യാനയുടെ അനുഭവത്തിൽനിന്ന് എന്തു പഠിക്കാം?
9 യഹോവയെ നമ്മുടെ പാറയാക്കാൻ, യഹോവയുടെ ഗുണങ്ങളെക്കുറിച്ചും ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും നമ്മൾ ആഴത്തിൽ ചിന്തിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നെങ്കിൽ പരിശോധനകൾ ഉണ്ടാകുമ്പോൾ ശാന്തരായി നിൽക്കാനും വിശ്വസ്തരായി തുടരാനും നമുക്കാകും. (സങ്കീ. 16:8) റ്ററ്റ്യാന സഹോദരിയുടെ അനുഭവം അതാണു കാണിക്കുന്നത്. വിശ്വാസത്തിന്റെ പേരിൽ സഹോദരിയെ വീട്ടുതടങ്കലിലാക്കി. സഹോദരി പറയുന്നു: “ശരിക്കും ഒറ്റയ്ക്കായതുപോലെ എനിക്കു തോന്നി. ആദ്യമൊക്കെ അതു വലിയ ബുദ്ധിമുട്ടായിരുന്നു. പലപ്പോഴും നിരാശയും സങ്കടവും ഒക്കെ തോന്നി.” എന്നാൽ തന്റെ ഈ പ്രശ്നങ്ങളെല്ലാം യഹോവയുമായും യഹോവയുടെ ഉദ്ദേശ്യവുമായും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നെന്നു തിരിച്ചറിഞ്ഞപ്പോൾ സഹോദരിക്കു സഹിച്ചുനിൽക്കാനും വിശ്വസ്തയായി തുടരാനും കഴിഞ്ഞു. “ഞാൻ ഇങ്ങനെയൊരു സാഹചര്യത്തിലായിരിക്കുന്നത് യഹോവയ്ക്കുവേണ്ടിയാണല്ലോ എന്ന് ഓർത്തത് എന്നെ ശരിക്കും സഹായിച്ചു. അതോടെ എന്നെക്കുറിച്ചുതന്നെ ചിന്തിക്കുന്നതു ഞാൻ നിറുത്തി.”
10. യഹോവയെ നമ്മുടെ പാറയാക്കാൻ ഇപ്പോൾത്തന്നെ നമുക്ക് എന്തു ചെയ്യാം?
10 തൊട്ടടുത്തുതന്നെ വലിയ പരീക്ഷണങ്ങൾ നമുക്കു നേരിടും. ആ സമയത്ത് മുമ്പെന്നത്തെക്കാൾ അധികമായി നമ്മൾ യഹോവയിൽ ആശ്രയിക്കേണ്ടിവരും. അതുകൊണ്ട് വിശ്വസ്തമായി സഹിച്ചുനിൽക്കാൻ നമുക്ക് ആവശ്യമായത് യഹോവ തരുമെന്ന ബോധ്യം ഇപ്പോൾത്തന്നെ ശക്തമാക്കണം. അത് എങ്ങനെ ചെയ്യാം? ബൈബിൾവിവരണങ്ങളും ഇക്കാലത്തെ ദൈവജനത്തിന്റെ അനുഭവങ്ങളും വായിക്കുക. ആ വിവരണങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുക. യഹോവ എങ്ങനെയാണു തന്റെ ദാസന്മാരെ സഹായിക്കാൻ പാറപോലുള്ള ഗുണങ്ങൾ കാണിച്ചിരിക്കുന്നതെന്നു കണ്ടെത്താൻ ശ്രമിക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ യഹോവയെ നിങ്ങളുടെ പാറയാക്കാനാകും.
പാറയായ യഹോവയുടെ ഗുണങ്ങൾ അനുകരിക്കുക
11. യഹോവയുടെ പാറതുല്യമായ ഗുണങ്ങൾ നമ്മൾ അനുകരിക്കേണ്ടത് എന്തുകൊണ്ട്? (“ ചെറുപ്പക്കാരായ സഹോദരന്മാർക്കു വെക്കാനാകുന്ന ലക്ഷ്യം” എന്ന ചതുരവും കാണുക.)
11 യഹോവയെ പാറയെന്നു വിളിച്ചിരിക്കുന്നത് എന്തുകൊണ്ടെന്നു നമ്മൾ പഠിച്ചല്ലോ. ഇനി, നമുക്ക് എങ്ങനെ ആ ഗുണങ്ങൾ അനുകരിക്കാമെന്നു നോക്കാം. യഹോവയുടെ അത്തരം ഗുണങ്ങൾ എത്ര നന്നായി നമ്മൾ അനുകരിക്കുന്നോ അതനുസരിച്ച് സഹോദരങ്ങളെ ശക്തിപ്പെടുത്താൻ നമുക്കാകും. ഉദാഹരണത്തിന്, ശിമോൻ പത്രോസിന്റെ കാര്യം നോക്കുക. യേശു ശിമോനെ കേഫ (പരിഭാഷപ്പെടുത്തുമ്പോൾ “പത്രോസ്”) എന്നു വിളിച്ചു. ആ വാക്കിന്റെ അർഥം “പാറക്കഷണം” എന്നാണ്. (യോഹ. 1:42) അതിലൂടെ പത്രോസ് ഭാവിയിൽ സഹോദരങ്ങളെ ആശ്വസിപ്പിക്കുകയും അവരുടെ വിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്യുമെന്നു യേശു സൂചിപ്പിക്കുകയായിരുന്നു. ഇനി, സഭയിലെ മൂപ്പന്മാരെക്കുറിച്ച് ബൈബിൾ പറയുന്നത് “പടുകൂറ്റൻ പാറയുടെ തണൽ” എന്നാണ്. അവർ സഭയിലെ സഹോദരങ്ങൾക്ക് ഒരു സംരക്ഷണമായിരിക്കുമെന്ന് അതു കാണിക്കുന്നു. (യശ. 32:2) എന്നാൽ എല്ലാ സഹോദരങ്ങളും യഹോവയുടെ ഈ ഗുണങ്ങൾ അനുകരിക്കുന്നതു നല്ലതാണ്. അപ്പോൾ ഉറപ്പായും സഭയ്ക്ക് അതിന്റെ പ്രയോജനം കിട്ടും.—എഫെ. 5:1.
12. ഏതെല്ലാം വിധങ്ങളിൽ നമുക്കു സഹോദരങ്ങൾക്ക് ഒരു അഭയമായിരിക്കാൻ കഴിയും?
12 അഭയസ്ഥാനമാകുക. പ്രകൃതിദുരന്തമോ ആഭ്യന്തരകലാപമോ യുദ്ധമോ കാരണം സഹോദരങ്ങൾക്കു വീടു നഷ്ടപ്പെടുമ്പോൾ അഭയം കൊടുക്കാൻ നമുക്കു ചിലപ്പോൾ സാധിച്ചേക്കും. ഈ “അവസാനകാലത്ത്,” സാഹചര്യങ്ങൾ കൂടുതൽ മോശമാകുമ്പോൾ സഹോദരങ്ങളെ നമ്മൾ കൂടുതലായി സഹായിക്കേണ്ടിവരും. (2 തിമൊ. 3:1) ഇനി, ആവശ്യമായ ആശ്വാസം കൊടുത്തുകൊണ്ടും സ്നേഹം കാണിച്ചുകൊണ്ടും സഹോദരങ്ങൾക്ക് ഒരു അഭയമായിരിക്കാൻ നമുക്കാകും. അതിനുള്ള ഒരു വഴി മീറ്റിങ്ങിനു വരുമ്പോൾ സഹോദരങ്ങളോടു സ്നേഹത്തോടെ സംസാരിക്കുക എന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ സഭ സ്നേഹത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഒരു ഇടമായി മാറും. ആളുകൾ പൊതുവേ മര്യാദയില്ലാതെ ഇടപെടുന്ന ഒരു ലോകത്താണു നമ്മൾ ജീവിക്കുന്നത്. ഇതു പലപ്പോഴും നമ്മുടെ സഹോദരങ്ങൾക്കു ടെൻഷനും തങ്ങളെ ആരും സ്നേഹിക്കുന്നില്ലെന്ന തോന്നലും ഉണ്ടാക്കുന്നു. അതുകൊണ്ടുതന്നെ സഹോദരങ്ങൾ മീറ്റിങ്ങിനു വരുമ്പോൾ, അവരെ പ്രോത്സാഹിപ്പിക്കാനും നമ്മൾ അവരെ സ്നേഹിക്കുന്നുണ്ടെന്ന് ഉറപ്പുകൊടുക്കാനും മറക്കരുത്.
13. ബുദ്ധിമുട്ടുള്ള സമയങ്ങളിൽ സഹോദരങ്ങൾക്ക് ഒരു അഭയസ്ഥാനമായിരിക്കാൻ മൂപ്പന്മാർക്ക് എങ്ങനെ കഴിയും? (ചിത്രവും കാണുക.)
13 സഹോദരങ്ങൾ പലപല പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോൾ അവർക്ക് ഒരു അഭയസ്ഥാനമായിരിക്കാൻ മൂപ്പന്മാർക്കു കഴിയും. ഒരു പ്രകൃതിദുരന്തം ഉണ്ടാകുമ്പോഴോ സഹോദരങ്ങളിൽ ആർക്കെങ്കിലും പെട്ടെന്ന് ഒരു ചികിത്സ ആവശ്യമായിവരുമ്പോഴോ, സഹായം എത്തിച്ചുകൊടുക്കാൻ മൂപ്പന്മാർ ഉടനടി വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നു. അതോടൊപ്പം അവർ ബൈബിളിൽനിന്ന് മാർഗനിർദേശവും പ്രോത്സാഹനവും നൽകുന്നു. തങ്ങളോടു ദയയോടെ സംസാരിക്കുന്ന, തങ്ങൾക്കു പറയാനുള്ളതു ശ്രദ്ധയോടെ കേൾക്കുന്ന, തങ്ങളെ മനസ്സിലാക്കുന്ന ഒരു മൂപ്പനോടു സഹായം ചോദിക്കാൻ സഹോദരങ്ങൾക്ക് എളുപ്പമായിരിക്കും. മൂപ്പന്മാർ ഈ രീതിയിൽ ഇടപെടുമ്പോൾ അവർ തങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന തോന്നൽ സഹോദരങ്ങൾക്കുണ്ടാകും. അങ്ങനെയാകുമ്പോൾ ബൈബിളിൽനിന്ന് മൂപ്പന്മാർ നൽകുന്ന ഉപദേശം അനുസരിക്കാൻ സഹോദരങ്ങൾക്കും സന്തോഷമായിരിക്കും.—1 തെസ്സ. 2:7, 8, 11.
14. ആശ്രയിക്കാൻ കൊള്ളാവുന്നവരാണെന്നു നമുക്ക് എങ്ങനെയെല്ലാം തെളിയിക്കാം?
14 ആശ്രയിക്കാവുന്നവരായിരിക്കുക. നമ്മൾ മറ്റുള്ളവർക്ക് ആശ്രയിക്കാൻ കൊള്ളാവുന്നവരായിരിക്കണം, പ്രത്യേകിച്ച് അവർക്ക് ഒരു ബുദ്ധിമുട്ട് നേരിടുമ്പോൾ. (സുഭാ. 17:17) നമുക്ക് അത് എങ്ങനെ തെളിയിക്കാം? അക്കാര്യത്തിൽ നമുക്ക് യഹോവയെ അനുകരിക്കാം. പറഞ്ഞ വാക്കനുസരിച്ച് പ്രവർത്തിച്ചുകൊണ്ടും സമയനിഷ്ഠ പാലിച്ചുകൊണ്ടും അതു ചെയ്യാം. (മത്താ. 5:37) കൂടാതെ ആർക്കെങ്കിലും സഹായം ആവശ്യമാണെന്നു കണ്ടാൽ അതു ചെയ്തുകൊടുക്കാനും തയ്യാറാകുക. മാത്രമല്ല കിട്ടുന്ന നിയമനങ്ങൾ, നിർദേശമനുസരിച്ചുതന്നെ ചെയ്തുതീർക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുക.
15. മൂപ്പന്മാർ ആശ്രയിക്കാവുന്നവരാണെങ്കിൽ സഭയ്ക്ക് അത് എങ്ങനെ പ്രയോജനം ചെയ്യും?
15 മൂപ്പന്മാർ ആശ്രയിക്കാവുന്നവരാണെങ്കിൽ സഭയ്ക്ക് അത് എങ്ങനെ പ്രയോജനം ചെയ്യും? ഒരു പ്രശ്നമുണ്ടായാൽ എപ്പോൾ വേണമെങ്കിലും തങ്ങൾക്കു മൂപ്പന്മാരെ, പ്രത്യേകിച്ച് തങ്ങളുടെ വയൽസേവന ഗ്രൂപ്പ് മേൽവിചാരകനെ, വിളിക്കാമെന്നുള്ളതു സഹോദരങ്ങളുടെ ഉത്കണ്ഠ കുറയ്ക്കും. മൂപ്പന്മാർ തങ്ങളെ സഹായിക്കാൻ മനസ്സുള്ളവരാണെന്ന് അറിയുന്നതും അവർക്കു വലിയ ആശ്വാസമാണ്. ഇനി, ഒരു ഉപദേശം നൽകുമ്പോൾ, സ്വന്തം അഭിപ്രായങ്ങൾ പറയാതെ ബൈബിളിൽനിന്നും നമ്മുടെ പ്രസിദ്ധീകരണങ്ങളിൽനിന്നും അതു നൽകുന്നെങ്കിൽ സഹോദരങ്ങൾക്ക് അവരെ കൂടുതലായി ആശ്രയിക്കാൻ തോന്നും. മൂപ്പന്മാർ വാക്കു പാലിക്കുകയും അവരോടു പറയുന്ന കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്നതു കാണുമ്പോഴും സഹോദരങ്ങൾക്ക് അവരിലുള്ള വിശ്വാസം ശക്തമാകും.
16. നമ്മൾ മാറാതെ ഉറച്ചുനിൽക്കുന്നതു നമുക്കും മറ്റുള്ളവർക്കും എങ്ങനെയാണു പ്രയോജനം ചെയ്യുന്നത്?
16 മാറാതെ ഉറച്ചുനിൽക്കുന്നവരായിരിക്കുക. എല്ലാ കാര്യങ്ങളിലും യഹോവയെ അനുസരിക്കുകയും ബൈബിളിനെ അടിസ്ഥാനമാക്കി എപ്പോഴും തീരുമാനമെടുക്കുകയും ചെയ്യുമ്പോൾ നമ്മൾ മറ്റുള്ളവർക്ക് ഒരു നല്ല മാതൃകയായിരിക്കും. വിശ്വാസത്തിലും ശരിയായ അറിവിലും നമ്മൾ വളർന്നുവരുമ്പോൾ നമുക്കു സത്യത്തിൽ ഉറച്ചുനിൽക്കാനാകും. അങ്ങനെയാകുമ്പോൾ, തെറ്റായ പഠിപ്പിക്കലുകളാലും ലോകത്തിന്റേതായ ചിന്തകളാലും സ്വാധീനിക്കപ്പെട്ട് നമ്മൾ ആടിയുലയുന്നവരാകില്ല. (എഫെ. 4:14; യാക്കോ. 1:6-8) യഹോവയിലും ദൈവത്തിന്റെ വാഗ്ദാനങ്ങളിലും ഉള്ള വിശ്വാസം, ദുർവാർത്തകൾ കേട്ടാലും ശാന്തരായിരിക്കാൻ നമ്മളെ സഹായിക്കും. (സങ്കീ. 112:7, 8) മാത്രമല്ല, പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്ന മറ്റുള്ളവരെ സഹായിക്കാനും നമുക്കാകും.—1 തെസ്സ. 3:2, 3.
17. സഭയിൽ നല്ലൊരു സ്വാധീനമായിരിക്കാൻ മൂപ്പന്മാർക്ക് എന്തൊക്കെ ചെയ്യാം?
17 മൂപ്പന്മാർ ശീലങ്ങളിൽ മിതത്വം പാലിക്കുന്നവരും സുബോധമുള്ളവരും ചിട്ടയോടെ ജീവിക്കുന്നവരും വിട്ടുവീഴ്ച ചെയ്യാൻ മനസ്സുള്ളവരും ആയിരിക്കണം. ‘വിശ്വസ്തവചനത്തെ മുറുകെ പിടിച്ചുകൊണ്ട്’ മൂപ്പന്മാർ, ശാന്തരായിരിക്കാനും യഹോവയിൽ ശക്തമായ വിശ്വാസമുണ്ടായിരിക്കാനും സഹോദരങ്ങളെ സഹായിക്കും. (തീത്തോ. 1:9; 1 തിമൊ. 3:1-3) തങ്ങളുടെ നല്ല മാതൃകയിലൂടെയും ഇടയവേലയിലൂടെയും, പതിവായി മീറ്റിങ്ങുകൾക്കു ഹാജരാകാനും വയൽസേവനത്തിൽ പങ്കെടുക്കാനും വ്യക്തിപരമായി ബൈബിൾ പഠിക്കാനും മൂപ്പന്മാർ സഹോദരങ്ങളെ സഹായിക്കുന്നു. ഉത്കണ്ഠയ്ക്ക് ഇടയാക്കിയേക്കാവുന്ന വലിയ പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോൾ യഹോവയിലും ദൈവത്തിന്റെ വാഗ്ദാനങ്ങളിലും ആശ്രയിക്കാൻ മൂപ്പന്മാർ സഹോദരങ്ങളെ ഓർമിപ്പിക്കുന്നു.
18. യഹോവയെ സ്തുതിക്കാനും ദൈവവുമായി കൂടുതൽ അടുത്ത ബന്ധത്തിലേക്കു വരാനും നമ്മൾ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്? (“ യഹോവയോടു കൂടുതൽ അടുക്കാൻ” എന്ന ചതുരവും കാണുക.)
18 യഹോവയുടെ മഹത്തായ ഗുണങ്ങളെക്കുറിച്ച് പഠിച്ചുകഴിഞ്ഞ നമുക്കും ദാവീദു രാജാവിനെപ്പോലെ പറയാനാകും: “എന്റെ പാറയായ യഹോവ വാഴ്ത്തപ്പെടട്ടെ.” (സങ്കീ. 144:1) നമുക്ക് എപ്പോഴും ആശ്രയിക്കാവുന്ന ദൈവമാണ് യഹോവ. താനുമായി ഒരു നല്ല ബന്ധത്തിലേക്കു വരാൻ യഹോവ നമ്മളെ എപ്പോഴും സഹായിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ട് ജീവിതകാലത്തെല്ലാം, നമ്മുടെ വാർധക്യത്തിൽപ്പോലും ദൈവത്തെക്കുറിച്ച് നമുക്ക് ഇങ്ങനെ പറയാനാകും: “ദൈവം എന്റെ പാറ.”—സങ്കീ. 92:14, 15.
ഗീതം 150 രക്ഷയ്ക്കായ് ദൈവത്തെ അന്വേഷിക്കാം
a ചിത്രങ്ങളുടെ വിവരണം : രാജ്യഹാളിൽവെച്ച് ഒരു സഹോദരി ഒരു മടിയും കൂടാതെ രണ്ടു മൂപ്പന്മാരുടെ അടുത്ത് ചെന്ന് സംസാരിക്കുന്നു.