വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
സങ്കീർത്തനം 12:7 എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? ‘യഹോവ കാക്കും’ എന്നു പറഞ്ഞിരിക്കുന്നത് ‘ക്ലേശിതരെക്കുറിച്ചാണോ’ (5-ാം വാക്യം) അതോ ‘യഹോവയുടെ വാക്കുകളെക്കുറിച്ചാണോ’ (6-ാം വാക്യം)?
ഈ സങ്കീർത്തനം തുടക്കംമുതൽ വായിച്ചുവരുമ്പോൾ ഇവിടെ പറഞ്ഞിരിക്കുന്നത് ആളുകളെക്കുറിച്ചാണെന്ന് നമുക്കു മനസ്സിലാകും.
സങ്കീർത്തനം 12:1-4-ൽ “വിശ്വസിക്കാവുന്നവരെ മനുഷ്യരുടെ ഇടയിൽ കാണാനേ ഇല്ല” എന്നൊരു കാര്യമാണ് പറഞ്ഞുവരുന്നത്. തുടർന്ന് 5-7 വരെ ഇങ്ങനെ പറയുന്നു:
“‘ക്ലേശിതരെ അടിച്ചമർത്തുന്നു,
പാവങ്ങൾ നെടുവീർപ്പിടുന്നു.
അതുകൊണ്ട് ഞാൻ എഴുന്നേറ്റ് നടപടിയെടുക്കും’ എന്ന് യഹോവ പറയുന്നു.
‘അവരോടു പുച്ഛത്തോടെ പെരുമാറുന്നവരിൽനിന്ന് അവരെ ഞാൻ രക്ഷിക്കും.’
യഹോവയുടെ വാക്കുകൾ നിർമലം.
അവ മണ്ണുകൊണ്ടുള്ള ഉലയിൽ ഏഴു പ്രാവശ്യം ശുദ്ധീകരിച്ചെടുത്ത വെള്ളിപോലെ.
യഹോവേ, അങ്ങ് അവരെ കാക്കും.
അവരെ ഓരോരുത്തരെയും അങ്ങ് ഈ തലമുറയിൽനിന്ന് എന്നേക്കുമായി രക്ഷിക്കും.”
5-ാം വാക്യത്തിൽ ‘ക്ലേശിതർക്കുവേണ്ടി’ യഹോവ ചെയ്യുന്ന കാര്യത്തെക്കുറിച്ചാണ് പറയുന്നത്; യഹോവ അവരെ രക്ഷിക്കുമെന്ന്.
തുടർന്ന് 6-ാം വാക്യത്തിൽ “ശുദ്ധീകരിച്ചെടുത്ത വെള്ളിപോലെ” “യഹോവയുടെ വാക്കുകൾ നിർമലം” ആണെന്നു കാണാം. യഹോവയുടെ വാക്കുകളെക്കുറിച്ച് നമുക്കും അതുതന്നെയാണു തോന്നുന്നത്.—സങ്കീ. 18:30; 119:140.
ഇനി 7-ാം വാക്യം നോക്കാം: “യഹോവേ, അങ്ങ് അവരെ കാക്കും. അവരെ ഓരോരുത്തരെയും അങ്ങ് ഈ തലമുറയിൽനിന്ന് എന്നേക്കുമായി രക്ഷിക്കും.” ചില ഭാഷാന്തരങ്ങൾ ഇവിടെ “അവരെ” എന്നതിനു പകരം “അവയെ” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
തൊട്ടുമുമ്പത്തെ വാക്യത്തിൽ ‘യഹോവയുടെ വാക്കുകളെക്കുറിച്ച്’ പറഞ്ഞുവരുന്നതുകൊണ്ട് 7-ാം വാക്യത്തിൽ “അവയെ” എന്നു പറഞ്ഞിരിക്കുന്നത്, യഹോവയുടെ വാക്കുകളെക്കുറിച്ചുതന്നെയാണെന്നു ചിലർ ചിന്തിക്കുന്നു. യഹോവ തന്റെ വാക്കുകൾ കാക്കും എന്നതു ശരിയുമാണ്. കാരണം ശത്രുക്കൾ ബൈബിളിനെ നിരോധിക്കാനും ഇല്ലാതാക്കാനും ശ്രമിച്ചപ്പോഴെല്ലാം യഹോവ അതിനെ സംരക്ഷിച്ചിട്ടുണ്ട്.—യശ. 40:8; 1 പത്രോ. 1:25.
എന്നാൽ 5-ാം വാക്യം പറയുന്നതുപോലെ യഹോവ ആളുകളെയും സംരക്ഷിക്കുന്നു. ‘ക്ലേശിതരെയും അടിച്ചമർത്തപ്പെട്ടവരെയും’ യഹോവ സംരക്ഷിച്ചിട്ടുണ്ട്, ഇനിയും സംരക്ഷിക്കും.—ഇയ്യോ. 36:15; സങ്കീ. 6:4; 31:1, 2; 54:7; 145:20.
അപ്പോൾ 7-ാം വാക്യത്തിൽ ‘യഹോവ കാക്കും’ എന്നു പറഞ്ഞിരിക്കുന്നത് എന്തിനെയാണ്? ആളുകളെയാണോ അതോ യഹോവയുടെ വാക്കുകളെയാണോ?
12-ാം സങ്കീർത്തനം അടുത്ത് പരിശോധിച്ചാൽ, ആളുകളെയാണ് ഇവിടെ ഉദ്ദേശിക്കുന്നതെന്നു മനസ്സിലാകും.
സങ്കീർത്തനം 12-ന്റെ തുടക്കത്തിൽ, പല ആളുകളും അവിശ്വസ്തരും സത്യസന്ധതയില്ലാത്തവരും ആയെന്നും അത് തനിക്കും മറ്റുള്ളവർക്കും ഒരുപാടു പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നും ദാവീദ് പറയുന്നു. തുടർന്നുള്ള വാക്യങ്ങളിൽ ആ ദുഷ്ടരായ ആളുകൾക്കെതിരെ യഹോവ പ്രവർത്തിക്കുമെന്നു പറയുന്നു. യഹോവയുടെ വാക്കുകൾ നിർമലമായതുകൊണ്ട് യഹോവ തന്റെ വിശ്വസ്തർക്കുവേണ്ടി എന്തായാലും പ്രവർത്തിക്കുമെന്നുള്ള ഒരു ഉറപ്പാണ് ഈ സങ്കീർത്തനം മൊത്തത്തിൽ തരുന്നത്.
അതുകൊണ്ട് 7-ാം വാക്യത്തിൽ ‘യഹോവ കാക്കും’ എന്നു പറഞ്ഞിരിക്കുന്നത് ആളുകളെക്കുറിച്ച്, അതായതു ദുഷ്ടന്മാരുടെ ഇരകളായ ക്ലേശിതരെക്കുറിച്ച് ആണെന്നു ന്യായമായും ചിന്തിക്കാം.
ഈ രീതിയിൽ പരിഭാഷപ്പെടുത്തുന്നതിനു എബ്രായതിരുവെഴുത്തുകളുടെ ആശ്രയയോഗ്യമായ പകർപ്പുകളുടെ പിന്തുണയുണ്ട്. അതുപോലെ ഗ്രീക്ക് സെപ്റ്റുവജിന്റിൽ, ‘യഹോവ ഞങ്ങളെ കാക്കും, യഹോവ ഞങ്ങളെ രക്ഷിക്കും’ എന്ന വാക്കുകളാണ് ഈ ഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത്. അതിൽനിന്ന് നമുക്കു വീണ്ടും മനസ്സിലാകുന്നത്, 7-ാം വാക്യം ക്ലേശിതരായ ആളുകളെക്കുറിച്ചാണ് പറയുന്നതെന്നാണ്. ഇനി ആ വാക്യത്തിൽ, ‘ഓരോരുത്തരെയും ഈ തലമുറയിൽനിന്ന് രക്ഷിക്കും’ എന്നും പറയുന്നു. അതായത്, വിശ്വസ്തരെ വഷളത്തത്തിന് ഒത്താശ ചെയ്യുന്നവരിൽനിന്ന് രക്ഷിക്കുമെന്ന്. (സങ്കീ. 12:7, 8) അതുകൂടാതെ എബ്രായതിരുവെഴുത്തുകളുടെ ഒരു അരമായ പരിഭാഷയിൽ ഈ വാക്യഭാഗം പറയുന്നത് ഇങ്ങനെയാണ്: “കർത്താവേ, അങ്ങ് നീതിമാന്മാരായ ആളുകളെ രക്ഷിക്കും, ഈ ദുഷ്ടതലമുറയിൽനിന്ന് അവരെ എന്നുമെന്നേക്കും കാക്കും.” സങ്കീർത്തനം 12:7 യഹോവയുടെ വാക്കുകളെക്കുറിച്ച് അല്ല പറയുന്നതെന്ന് ഇതും കാണിക്കുന്നു.
അതുകൊണ്ട് ‘വിശ്വസ്തർക്കുവേണ്ടി’ യഹോവ പ്രവർത്തിക്കും എന്നുള്ള ഉറപ്പ് ഈ വാക്യം തരുന്നു.