ജീവിതകഥ
‘ഓരോ തീരുമാനമെടുത്തപ്പോഴും യഹോവയ്ക്ക് ഒന്നാം സ്ഥാനം നൽകി’
1984-ലെ നല്ല തെളിവുള്ള ഒരു ദിവസം. പതിവുപോലെ രാവിലെ ഞാൻ വെനസ്വേലയിലെ കരാക്കസിലുള്ള ഞങ്ങളുടെ വീട്ടിൽനിന്ന് ജോലിസ്ഥലത്തേക്കു പോകുകയായിരുന്നു. പോകുന്നവഴി അടുത്തയിടെ വീക്ഷാഗോപുരത്തിൽ വന്ന ഒരു ലേഖനത്തെക്കുറിച്ച് ഞാൻ ചിന്തിക്കാൻതുടങ്ങി. അയൽക്കാർ നമ്മളെക്കുറിച്ച് എന്താണു ചിന്തിക്കുന്നത് എന്നതിനെപ്പറ്റിയുള്ളതായിരുന്നു ആ ലേഖനം. അടുത്തുള്ള വീടുകളിലേക്കു നോക്കിയിട്ട് ഞാൻ ആലോചിച്ചു: ‘ഇവരൊക്കെ എന്നെ എങ്ങനെയായിരിക്കും കാണുന്നത്? മിടുക്കനായ ഒരു ബാങ്ക് ഉദ്യോഗസ്ഥനായിട്ടോ അതോ കുടുംബത്തെ പോറ്റാൻ ബാങ്കിൽ ജോലി ചെയ്യുന്ന ഒരു ദൈവദാസനായിട്ടോ?’ അതിന്റെ ഉത്തരം എന്തായിരിക്കുമെന്നു ഞാൻ ഊഹിച്ചു. എനിക്ക് അതിൽ ഒട്ടും തൃപ്തി തോന്നിയില്ല. അതുകൊണ്ട് ചില മാറ്റങ്ങൾ വരുത്താൻ ഞാൻ തീരുമാനിച്ചു.
1940 മെയ് 19-ന് ലബാനോനിലെ അമ്യൂൻ പട്ടണത്തിലാണു ഞാൻ ജനിച്ചത്. കുറച്ച് വർഷം കഴിഞ്ഞ് ഞങ്ങളുടെ കുടുംബം ട്രിപ്പൊളി നഗരത്തിലേക്കു മാറിത്താമസിച്ചു. അവിടെയാണു ഞാൻ വളർന്നത്. യഹോവയെ ആരാധിക്കുന്ന നല്ല സ്നേഹവും സന്തോഷവുമുള്ള ഒരു കുടുംബമായിരുന്നു ഞങ്ങളുടേത്. ഞങ്ങൾ അഞ്ചു മക്കളായിരുന്നു, മൂന്നു പെണ്ണും രണ്ട് ആണും. ഏറ്റവും ഇളയവനായിരുന്നു ഞാൻ. എന്റെ മാതാപിതാക്കൾക്കു കുറെ പണം ഉണ്ടാക്കണം എന്ന ചിന്തയൊന്നും ഇല്ലായിരുന്നു. ബൈബിൾ പഠിക്കുന്നതിലും മീറ്റിങ്ങുകൾക്കു പോകുന്നതിലും ദൈവത്തെക്കുറിച്ച് അറിയാൻ മറ്റുള്ളവരെ സഹായിക്കുന്നതിലും ഒക്കെയായിരുന്നു ഞങ്ങളുടെ ശ്രദ്ധ.
ഞങ്ങളുടെ സഭയിൽ അഭിഷിക്തരായ ചില സഹോദരങ്ങൾ ഉണ്ടായിരുന്നു. അതിൽ ഒരാളായിരുന്നു മിഷേൽ അബഡ്. അദ്ദേഹമാണു ഞങ്ങളുടെ പുസ്തകാധ്യയനം നടത്തിയിരുന്നത്. ന്യൂയോർക്കിൽവെച്ച് സത്യം പഠിച്ച അദ്ദേഹമായിരുന്നു ലബാനോനിൽ ആദ്യമായി പ്രസംഗപ്രവർത്തനം തുടങ്ങിയത്. 1921-ലായിരുന്നു അത്. ആ സഹോദരനെക്കുറിച്ച് ഞാൻ എന്നും ഓർക്കുന്ന ഒരു കാര്യമുണ്ട്: ഞങ്ങളുടെ സഭയിൽ ഗിലെയാദിൽനിന്ന് ബിരുദംനേടിയ ചെറുപ്പക്കാരായ രണ്ടു സഹോദരിമാരുണ്ടായിരുന്നു. ആൻ ബീവറും ഗ്വെൻ ബീവറും. മിഷേൽ സഹോദരൻ അവരോട് എത്ര ആദരവോടെയും സ്നേഹത്തോടെയും ആണ് ഇടപെട്ടിരുന്നതെന്നോ! ആ സഹോദരിമാർ ഞങ്ങളുടെയും നല്ല സുഹൃത്തുക്കളായി. വർഷങ്ങൾക്കുശേഷം ഐക്യനാടുകളിൽവെച്ച് ആൻ സഹോദരിയെ വീണ്ടും കണ്ടപ്പോൾ എനിക്കു വളരെ സന്തോഷമായി. അതിനുശേഷം ഞാൻ ഗ്വെൻ സഹോദരിയെയും കണ്ടു. ആ സമയത്ത് സഹോദരിയും
ഭർത്താവായ വിൽഫ്രെഡ് ഗൂഷ് സഹോദരനും ഇംഗ്ലണ്ടിലെ ലണ്ടനിലുള്ള ബഥേലിൽ സേവിക്കുകയായിരുന്നു.ലബാനോനിലെ സാക്ഷീകരണം
എന്റെ ചെറുപ്പത്തിൽ ലബാനോനിൽ വളരെ കുറച്ച് സാക്ഷികളേ ഉണ്ടായിരുന്നുള്ളൂ. ബൈബിളിൽനിന്ന് പഠിച്ച കാര്യങ്ങൾ ഞങ്ങൾ വളരെ ഉത്സാഹത്തോടെ ആളുകളെ അറിയിച്ചിരുന്നു. ചില മതനേതാക്കന്മാരിൽനിന്നുള്ള എതിർപ്പ് ഒക്കെ ഉണ്ടായിരുന്നെങ്കിലും അതൊന്നും ഞങ്ങൾ അത്ര കാര്യമാക്കിയില്ല. അക്കാലത്തുണ്ടായ ചില സംഭവങ്ങൾ ഇപ്പോഴും എന്റെ മനസ്സിലുണ്ട്.
ഒരു ദിവസം ഞാനും ചേച്ചി സനയും കൂടി ഒരു വലിയ അപ്പാർട്ട്മെന്റിൽ പ്രസംഗപ്രവർത്തനം നടത്തുകയായിരുന്നു. ഞങ്ങൾ ആളുകളോടു സംസാരിച്ചുകൊണ്ടിരുന്ന ആ നിലയിലേക്ക് പെട്ടെന്ന് ഒരു പുരോഹിതൻ പാഞ്ഞെത്തി. ആരോ അദ്ദേഹത്തെ വിളിച്ചു വരുത്തിയതായിരിക്കണം. ആ പുരോഹിതൻ എന്റെ ചേച്ചിയെ കുറെ ചീത്ത വിളിച്ചു. അക്രമാസക്തനായിത്തീർന്ന അദ്ദേഹം സനയെ സ്റ്റെപ്പിലൂടെ താഴേക്ക് തള്ളിയിട്ടു. ആരോ പെട്ടെന്ന് പോലീസിനെ വിളിച്ചു. അവർ വന്ന് മുറിവേറ്റ സനയ്ക്ക് വേണ്ട പരിചരണം കൊടുക്കാനുള്ള ഏർപ്പാടുകൾ ചെയ്തു. എന്നിട്ട് പുരോഹിതനെയുംകൊണ്ട് പോലീസ് സ്റ്റേഷനിലേക്കു പോയി. അവിടെവെച്ച് ആ പുരോഹിതന്റെ കൈയ്യിൽ ഒരു തോക്കുണ്ടെന്ന കാര്യം പോലീസ് കണ്ടെത്തി. പോലീസ് മേലധികാരി അദ്ദേഹത്തോടു ചോദിച്ചു: “താൻ ശരിക്കും ആരാ? ഒരു മതനേതാവോ അതോ ഒരു ഗുണ്ടാത്തലവനോ?”
ഞാൻ ഓർക്കുന്ന മറ്റൊരു സംഭവമുണ്ട്: ഞങ്ങളുടെ സഭ ഒരു ബസ്സ് വാടകയ്ക്കെടുത്ത് നഗരത്തിൽനിന്ന് ദൂരെയുള്ള ഒരു പട്ടണത്തിൽ പ്രസംഗപ്രവർത്തനത്തിനു പോയി. ഞങ്ങൾ വളരെ സന്തോഷത്തോടെ അവിടെ പ്രവർത്തിക്കുകയായിരുന്നു. അപ്പോഴാണ് ഒരു പുരോഹിതൻ ഞങ്ങൾ അവിടെ എത്തിയതറിഞ്ഞ് കുറെ ആളെയും കൂട്ടി ആക്രമിക്കാൻ വന്നത്. അവർ ഞങ്ങളെ ഉപദ്രവിച്ചു. കല്ലു പെറുക്കി എറിയുകപോലും ചെയ്തു. കല്ലു കൊണ്ട് എന്റെ പപ്പയുടെ മുഖത്തുനിന്ന് രക്തം വാർന്നൊഴുകി. പപ്പയും മമ്മിയും കൂടെ നേരെ ബസ്സിനടുത്തേക്ക് നടന്നു. ഞങ്ങളും പുറകേ പോയി. പപ്പയുടെ മുറിവ് വൃത്തിയാക്കുന്നതിനിടെ മമ്മി പറഞ്ഞ കാര്യം ഞാൻ ഒരിക്കലും മറക്കില്ല: “യഹോവേ, ഇവരോടു ക്ഷമിക്കേണമേ, ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർക്ക് അറിയില്ലല്ലോ.”
നാട്ടിലുള്ള ബന്ധുക്കളെ കാണാൻ പോയപ്പോൾ നടന്ന ഒരു സംഭവംകൂടി പറയാം. അവിടെ എന്റെ മുത്തച്ഛന്റെ വീട്ടിൽവെച്ച് ഒരു ബിഷപ്പിനെ കാണാൻ ഇടയായി. എന്റെ മാതാപിതാക്കൾ യഹോവയുടെ സാക്ഷികളാണെന്ന് ആ ബിഷപ്പിന് അറിയാമായിരുന്നു. എനിക്ക് അന്ന് വെറും ആറു വയസ്സേ ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളവരുടെ മുന്നിൽവെച്ച് എന്നെ കളിയാക്കാൻവേണ്ടി അദ്ദേഹം ചോദിച്ചു: “നീ എന്താ ഇതുവരെ ജ്ഞാനസ്നാനം ചെയ്യാത്തത്?” ഞാൻ ഇപ്പോഴും ഒരു കുട്ടിയാണെന്നും സ്നാനപ്പെടണമെങ്കിൽ ബൈബിളിനെക്കുറിച്ച് കൂടുതൽ പഠിക്കുകയും എന്റെ വിശ്വാസം ശക്തമാക്കുകയും ചെയ്യേണ്ടതുണ്ടെന്നും ഞാൻ പറഞ്ഞു. അദ്ദേഹത്തിന് എന്റെ മറുപടി തീരെ ഇഷ്ടമായില്ല. അതുകൊണ്ട് അദ്ദേഹം എന്റെ മുത്തച്ഛനോടു പറഞ്ഞു, ഞാൻ തീരെ മര്യാദയില്ലാതെയാണു സംസാരിക്കുന്നത് എന്ന്.
എന്നാൽ ഇതുപോലുള്ള മോശമായ അനുഭവങ്ങൾ ഞങ്ങൾക്ക് അധികം ഉണ്ടായിട്ടില്ല. ലബാനോൻകാർ പൊതുവേ നല്ല സ്നേഹവും ആതിഥ്യമര്യാദയും ഉള്ളവരാണ്. അതുകൊണ്ടുതന്നെ ഞങ്ങൾക്കു ധാരാളം നല്ല ബൈബിൾചർച്ചകൾ നടത്താനായി. ഒരുപാടു ബൈബിൾപഠനങ്ങളും ഉണ്ടായിരുന്നു.
മറ്റൊരു ദേശത്തേക്കു മാറിത്താമസിക്കാൻ തീരുമാനിക്കുന്നു
ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്താണു വെനസ്വേലയിൽനിന്നുള്ള ഒരു യുവസഹോദരൻ ലബാനോൻ സന്ദർശിക്കാൻ വന്നത്. അദ്ദേഹം മീറ്റിങ്ങ് കൂടിയത് ഞങ്ങളുടെ സഭയിലായിരുന്നു. എന്റെ ചേച്ചി വഫയെ അദ്ദേഹം പരിചയപ്പെട്ടു. പിന്നീട് അവർ കല്യാണം കഴിച്ച് വെനസ്വേലയിൽ താമസിക്കാൻതുടങ്ങി. കത്തെഴുതുമ്പോഴൊക്കെ
ചേച്ചി പപ്പയോടു ഞങ്ങളെയും കൂട്ടി വെനസ്വേലയിൽ വന്ന് താമസമാക്കാൻ പറയുമായിരുന്നു. കാരണം ഞങ്ങളെ കാണാഞ്ഞിട്ട് ചേച്ചിക്ക് ആകെ വിഷമമായിരുന്നു. അവസാനം അവിടേക്കു മാറാൻ ചേച്ചി ഒരുതരത്തിൽ ഞങ്ങളെ സമ്മതിപ്പിച്ചു.അങ്ങനെ, 1953-ൽ ഞങ്ങൾ വെനസ്വേലയിൽ എത്തി. അവിടെ കരാക്കസിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിനടുത്തായിട്ടായിരുന്നു ഞങ്ങളുടെ താമസം. ഞാൻ അന്ന് ഒരു കൊച്ചുകുട്ടിയാണ്. അതുകൊണ്ടുതന്നെ പ്രസിഡന്റ് തന്റെ ആഢംബര കാറിൽ അങ്ങനെ പോകുന്നത് കാണാനൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. എന്നാൽ ദേശം, ഭാഷ, സംസ്കാരം, ഭക്ഷണരീതി, കാലാവസ്ഥ അങ്ങനെ എല്ലാം പുതിയതായിരുന്നതുകൊണ്ട് എന്റെ മാതാപിതാക്കൾക്ക് അവിടത്തെ താമസം ഒട്ടും എളുപ്പമായിരുന്നില്ല. അതൊക്കെയായി ഒന്നു പൊരുത്തപ്പെട്ടു വരുമ്പോഴാണ് ഞങ്ങളെയെല്ലാം വിഷമിപ്പിക്കുന്ന ഒരു സംഭവം ഉണ്ടായത്.
അപ്രതീക്ഷിതമായ ദുരന്തം
എന്റെ പപ്പയ്ക്ക് പെട്ടെന്ന് സുഖമില്ലാതായി. അദ്ദേഹം പൊതുവേ നല്ല ആരോഗ്യമുള്ള കരുത്തനായ ആളായിരുന്നതുകൊണ്ട് ഞങ്ങൾക്ക് അത് വിശ്വസിക്കാനായില്ല. അദ്ദേഹം അസുഖം പിടിച്ച് കിടക്കുന്നത് ഞങ്ങൾ അങ്ങനെ കണ്ടിട്ടേയില്ലായിരുന്നു. പരിശോധനയിൽ അദ്ദേഹത്തിന് പാൻക്രിയാസിൽ ക്യാൻസർ ബാധിച്ചിരിക്കുന്നതായി കണ്ടെത്തി. ഒരു ഓപ്പറേഷൻ വേണ്ടിവന്നു. എന്നാൽ അതുകഴിഞ്ഞ് ഒരാഴ്ചകൂടിയേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ.
എനിക്ക് അന്ന് വെറും പതിമൂന്ന് വയസ്സേയുള്ളൂ. പപ്പയുടെ പെട്ടെന്നുള്ള വേർപാട് ഞങ്ങൾക്ക് ഒട്ടും ഉൾക്കൊള്ളാനായില്ല. ഞങ്ങൾ ആകെ തകർന്നുപോയി. പപ്പ കൂടെയില്ലെന്നുള്ള കാര്യം അംഗീകരിക്കാൻ കുറെക്കാലത്തേക്ക് മമ്മിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ എന്നും അങ്ങനെ ഇരിക്കാൻ ആകില്ലല്ലോ. യഹോവയുടെ സഹായത്താൽ അതെല്ലാം സഹിച്ച് ഞങ്ങൾ മുന്നോട്ടുനീങ്ങി. പതിനാറാം വയസ്സിൽ ഞാൻ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് എങ്ങനെയും കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ ഞാൻ ആഗ്രഹിച്ചു.
അതിനിടെ എന്റെ ചേച്ചി സന, രൂബേൻ അരോഹോയെ വിവാഹം കഴിച്ചു. ഗിലെയാദ് സ്കൂളിൽനിന്ന് ബിരുദം നേടിയിട്ട് വെനസ്വേലയിൽ തിരിച്ചെത്തിയ ആളായിരുന്നു അദ്ദേഹം. ന്യൂയോർക്കിലേക്കു താമസം മാറാൻ അവർ തീരുമാനിച്ചു. ഞാൻ കോളേജിൽ പോയി പഠിക്കണമെന്നായിരുന്നു വീട്ടുകാരുടെ തീരുമാനം. അങ്ങനെ ഞാൻ ന്യൂയോർക്കിൽ എന്റെ ചേച്ചിയുടെയും ഭർത്താവിന്റെയും കൂടെ താമസിച്ച് പഠിക്കാൻതുടങ്ങി. ആ സമയത്ത് ആത്മീയമായി പുരോഗമിക്കാൻ ചേച്ചിയും ഭർത്താവും എന്നെ ഒരുപാട് സഹായിച്ചു. ഇനി, ബ്രൂക്ലിനിലെ ഞങ്ങളുടെ സ്പാനിഷ് സഭയിൽ പക്വതയുള്ള ധാരാളം സഹോദരങ്ങൾ ഉണ്ടായിരുന്നു. അവരിൽ രണ്ടുപേരാണ് മിൽട്ടൻ ഹെൻഷൽ സഹോദരനും ഫ്രഡെറിക് ഫ്രാൻസ് സഹോദരനും. രണ്ടുപേരും ബ്രൂക്ലിൻ ബെഥേലിൽ സേവിക്കുന്നവരായിരുന്നു.
കോളേജിലെ ആദ്യവർഷത്തെ പഠനം ഏതാണ്ട് തീരാറായ സമയത്ത് എന്റെ ജീവിതംകൊണ്ട് ശരിക്കും ഞാൻ എന്താണ് ചെയ്യുന്നതെന്ന് ഞാൻ ചിന്തിച്ചുതുടങ്ങി. യഹോവയുടെ സേവനത്തിൽ നല്ല ലക്ഷ്യങ്ങൾവെച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ചുള്ള ചില വീക്ഷാഗോപുരലേഖനങ്ങൾ ആ സമയത്ത് ഞാൻ വായിക്കുകയും അതെക്കുറിച്ച് കുറെ ചിന്തിക്കുകയും ചെയ്തു. കൂടാതെ ഞങ്ങളുടെ സഭയിലെ മുൻനിരസേവകരുടെയും ബഥേൽ അംഗങ്ങളുടെയും സന്തോഷവും ഞാൻ കണ്ടു. അതോടെ അവരെപ്പോലെ ആകണമെന്ന് ഞാനും ആഗ്രഹിച്ചു. പക്ഷേ ഞാൻ അപ്പോഴും സ്നാനപ്പെട്ടിട്ടില്ലായിരുന്നു. പെട്ടെന്നുതന്നെ യഹോവയ്ക്ക് ഞാൻ എന്റെ ജീവിതം സമർപ്പിക്കണമെന്ന് എനിക്കു മനസ്സിലായി. ഞാൻ അങ്ങനെ ചെയ്തു, തുടർന്ന് 1957 മാർച്ച് 30-ന് സ്നാനപ്പെട്ടു.
പ്രധാനപ്പെട്ട തീരുമാനങ്ങൾ
സ്നാനപ്പെട്ടതോടെ മുഴുസമയസേവനം തുടങ്ങുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചു. ഒരു മുൻനിരസേവകനാകാൻതന്നെ ഞാൻ ആഗ്രഹിച്ചു. എന്നാൽ എന്റെ കോളേജ് പഠനവും മുൻനിരസേവനവും ഒരുമിച്ചുകൊണ്ടുപോകുന്നത് അത്ര എളുപ്പമായിരിക്കില്ലെന്ന് എനിക്കു മനസ്സിലായി. പഠനമൊക്കെ അവസാനിപ്പിച്ച് വെനസ്വേലയിൽ വന്ന്
മുൻനിരസേവനം തുടങ്ങാനുള്ള എന്റെ ആഗ്രഹം അമ്മയെയും കൂടപ്പിറപ്പുകളെയും പറഞ്ഞുസമ്മതിപ്പിക്കാൻവേണ്ടി എനിക്ക് കുറെ കത്തുകൾ എഴുതേണ്ടി വന്നു.1957 ജൂണിൽ ഞാൻ കരാക്കസിൽ തിരിച്ചെത്തി. എന്നാൽ വീട്ടിലെ സാമ്പത്തികസ്ഥിതി അത്ര നല്ലതായിരുന്നില്ല. അതുകൊണ്ട് ഞാനുംകൂടെ ജോലിക്കു പോകേണ്ടതുണ്ടായിരുന്നു. എനിക്ക് ബാങ്കിൽ ഒരു ജോലി കിട്ടി. എന്നാൽ മുൻനിരസേവനം ചെയ്യാനായിരുന്നു എന്റെ ആഗ്രഹം. കാരണം അതിനുവേണ്ടിയാണല്ലോ ഞാൻ വെനസ്വേലയിലേക്കു തിരിച്ചുവന്നതുതന്നെ. അതുകൊണ്ട് ജോലിയും മുൻനിരസേവനവും ഒരുമിച്ചുകൊണ്ടുപോകാൻ ഞാൻ തീരുമാനിച്ചു. വർഷങ്ങളോളം ഞാൻ ബാങ്ക് ജോലിയോടൊപ്പം മുൻനിരസേവനവും ചെയ്തു. ഇത്രയും തിരക്കും ഇത്രയും സന്തോഷവും ഉള്ള നാളുകൾ മുമ്പ് ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല.
അങ്ങനെയിരിക്കെയാണ് ഞാൻ സിൽവിയയെ കണ്ടുമുട്ടിയത്. യഹോവയെ ഒരുപാട് സ്നേഹിച്ചിരുന്ന സുന്ദരിയായ ഒരു ജർമൻ സഹോദരിയായിരുന്നു സിൽവിയ. മാതാപിതാക്കളോടൊപ്പം വെനസ്വേലയിലേക്ക് താമസംമാറിയതായിരുന്നു അവൾ. ഞങ്ങൾ വിവാഹിതരായി. പിന്നീട് ഞങ്ങൾക്ക് രണ്ടു കുട്ടികൾ ജനിച്ചു; മോൻ മിഷേലും (മിക്ക്) മോൾ സമീറയും. കൂടാതെ അമ്മയെ നോക്കാനുള്ള ഉത്തരവാദിത്വവും ഞാൻ ഏറ്റെടുത്തു. അങ്ങനെ അമ്മ ഞങ്ങളുടെകൂടെ താമസിക്കാൻതുടങ്ങി. കുടുംബോത്തരവാദിത്വങ്ങൾ കാരണം എനിക്കു മുൻനിരസേവനം നിറുത്തേണ്ടി വന്നെങ്കിലും പ്രസംഗപ്രവർത്തനത്തിലെ ഉത്സാഹം ഞാൻ നിലനിറുത്തി. അവധിക്കാലത്ത് പറ്റുമ്പോഴെല്ലാം സിൽവിയയും ഞാനും സഹായ മുൻനിരസേവനം ചെയ്യുമായിരുന്നു.
പ്രധാനപ്പെട്ട മറ്റൊരു തീരുമാനം
മക്കൾ സ്കൂളിൽ പഠിക്കുന്ന സമയത്താണു തുടക്കത്തിൽ ഞാൻ പറഞ്ഞ ആ സംഭവം നടക്കുന്നത്. ഞങ്ങളുടെ ജീവിതം വലിയ കുഴപ്പമില്ലാതെ മുന്നോട്ടുപോകുകയായിരുന്നു. ബാങ്കിലെ ജോലിക്കാരുടെ ഇടയിൽ എനിക്കു നല്ലൊരു പേരുമുണ്ടായിരുന്നു. എങ്കിലും യഹോവയുടെ ഒരു ദാസനായി അറിയപ്പെടാനാണ് ഞാൻ ആഗ്രഹിച്ചത്. അതിനുവേണ്ടി എനിക്ക് എന്തു ചെയ്യാനാകുമെന്ന് ഞാൻ ആലോചിച്ചു. അങ്ങനെ ഞാനും ഭാര്യയും കൂടെ ഇരുന്ന് ഞങ്ങളുടെ സാമ്പത്തികസ്ഥിതിയൊക്കെ ഒന്നു വിലയിരുത്തിനോക്കി. ബാങ്കിലെ ജോലി ഞാൻ വിടുകയാണെങ്കിൽ നല്ലൊരു തുക ഒരുമിച്ച് കൈയിൽ വരുമായിരുന്നു. കടബാധ്യതയൊന്നും ഇല്ലായിരുന്നതുകൊണ്ട് ജീവിതം ഒന്ന് ലളിതമാക്കുന്നെങ്കിൽ ഞങ്ങൾക്ക് ആ പണംകൊണ്ട് കുറെക്കാലം മുന്നോട്ടു പോകാനാകുമായിരുന്നു.
ആ തീരുമാനം എടുക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. എങ്കിലും എന്റെ പ്രിയ ഭാര്യയും അമ്മയും അതിനെ പൂർണമായി പിന്തുണച്ചു. അങ്ങനെ ഞാൻ വീണ്ടും മുഴുസമയസേവകരുടെ നിരയിലേക്കു വരുകയായിരുന്നു. എനിക്ക് ഒരുപാടു സന്തോഷം തോന്നി. മുന്നോട്ടു നോക്കുമ്പോൾ പ്രത്യേകിച്ച് തടസ്സങ്ങളൊന്നുമില്ല. അപ്പോഴാണ് ഞങ്ങളെ അതിശയിപ്പിച്ചുകൊണ്ട് ആ വാർത്തയെത്തിയത്.
അപ്രതീക്ഷിതമായ ഒരു വാർത്ത!
ഡോക്ടർ ഞങ്ങളോടു പറഞ്ഞു, സിൽവിയ ഗർഭിണിയാണെന്ന്! അത് വളരെ അപ്രതീക്ഷിതമായിരുന്നു. എങ്കിലും ഞങ്ങൾക്ക് സന്തോഷമായി. ഒപ്പം, മുൻനിരസേവനം തുടങ്ങാനുള്ള എന്റെ തീരുമാനം എന്താകുമെന്നും ഞാൻ ഓർത്തു. എന്നാൽ പെട്ടെന്നുതന്നെ മാനസികമായും വൈകാരികമായും ഞങ്ങൾ അതുമായി പൊരുത്തപ്പെട്ടു. കുടുംബത്തിലെ പുതിയ അതിഥിയെ സ്വീകരിക്കാൻ ഞങ്ങൾ
ഒരുങ്ങി. അപ്പോഴും മുൻനിരസേവനത്തെക്കുറിച്ചുള്ള ചിന്തയായിരുന്നു എന്റെ മനസ്സുനിറയെ.എന്തായാലും മുൻനിരസേവനം തുടങ്ങാനുള്ള തീരുമാനവുമായി ഞങ്ങൾ മുന്നോട്ടുപോയി. 1985 ഏപ്രിലിൽ ഞങ്ങളുടെ മോൻ ഗബ്രിയേൽ ജനിച്ചു. ബാങ്കിലെ ജോലി രാജിവെച്ച് 1985 ജൂണിൽ ഞാൻ സാധാരണ മുൻനിരസേവനം തുടങ്ങി. പിന്നീട് ഞാൻ ഒരു ബ്രാഞ്ച് കമ്മിറ്റി അംഗമായി. ഞങ്ങളുടെ ബ്രാഞ്ചോഫീസ് കരാക്കസിൽ ആയിരുന്നില്ല. ഞാനാണെങ്കിൽ വന്നുപോയി സേവിക്കുന്ന ആളും. അതുകൊണ്ടുതന്നെ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം എനിക്ക് ഏതാണ്ട് 80 കിലോമീറ്റർ യാത്ര ചെയ്യണമായിരുന്നു.
വീണ്ടും ഒരു മാറ്റം
ലാ വിക്ടോറിയ എന്ന പട്ടണത്തിലാണ് ബ്രാഞ്ചോഫീസ് ഉണ്ടായിരുന്നത്. അതുകൊണ്ട് ആ പട്ടണത്തിലേക്ക് താമസംമാറാൻ ഞങ്ങൾ തീരുമാനിച്ചു. അത് വലിയൊരു മാറ്റമായിരുന്നു. ഭാര്യയും മക്കളും ഒരു മടിയും കൂടാതെ അതിനോടു പൊരുത്തപ്പെടാൻ തയ്യാറായി. അതിന് അവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അമ്മയെ നോക്കാമെന്ന് എന്റെ ചേച്ചി ബാഹ സമ്മതിച്ചു. അപ്പോഴേക്കും മിക്കിന്റെ കല്യാണം കഴിഞ്ഞിരുന്നു. എന്നാൽ സമീറയും ഗബ്രിയേലും ഞങ്ങളുടെ കൂടെത്തന്നെയാണ് താമസിച്ചിരുന്നത്. കരാക്കസിൽനിന്ന് ലാ വിക്ടോറിയയിലേക്ക് മാറിയതുകൊണ്ട് അവർക്ക് അവരുടെ കൂട്ടുകാരെ വിട്ടുപോരേണ്ടി വന്നു. വലിയ ആളും ബഹളവും ഒക്കെയുള്ള തലസ്ഥാന നഗരിയിൽനിന്ന് ഒരു ചെറിയ പട്ടണത്തിലേക്കുള്ള മാറ്റം സിൽവിയയ്ക്കും അത്ര എളുപ്പമായിരുന്നില്ല. പുതിയ സ്ഥലത്ത് ഞങ്ങൾക്ക് ഉണ്ടായിരുന്ന വീടും ചെറുതായിരുന്നു. അതെ, ശരിക്കും അത് വലിയൊരു മാറ്റം തന്നെയായിരുന്നു.
എന്നാൽ മാറ്റങ്ങൾ അവിടംകൊണ്ടും തീർന്നില്ല. ഗബ്രിയേലിന്റെയും കല്യാണം കഴിഞ്ഞു. സമീറയാണെങ്കിൽ വീട്ടിൽനിന്ന് മാറിത്താമസിക്കാനും തീരുമാനിച്ചു. തുടർന്ന് 2007-ൽ ബഥേലിൽ താമസിച്ചു പ്രവർത്തിക്കാൻ സിൽവിയയ്ക്കും എനിക്കും ക്ഷണം ലഭിച്ചു. ഞങ്ങൾ ഇന്നും ആ സേവനത്തിൽ തന്നെയാണ്. ഞങ്ങളുടെ മൂത്ത മോൻ മിക്ക് ഒരു മൂപ്പനാണ്. കൂടാതെ അവനും ഭാര്യ മോനിക്കയും മുൻനിരസേവനവും ചെയ്യുന്നു. ഗബ്രിയേലും ഒരു മൂപ്പനാണ്. അവനും ഭാര്യ ആംബ്രയും ഇറ്റലിയിലാണ്. സമീറ മുൻനിരസേവനം ചെയ്യുന്നു, ഒപ്പം ഒരു വിദൂര ബഥേൽ സേവികയായും പ്രവർത്തിക്കുന്നു.
ഇനിയാണെങ്കിലും ഞാൻ ഇതേ തീരുമാനങ്ങൾ തന്നെയെടുക്കും
ജീവിതത്തിൽ എനിക്കു പലപ്പോഴും വലിയ തീരുമാനങ്ങൾ എടുക്കേണ്ടിവന്നു. എന്നാൽ അവയെക്കുറിച്ച് ഓർത്ത് എനിക്ക് ഒരു സങ്കടവുമില്ല. ഇനി ഒരവസരം കിട്ടിയാലും എന്റെ തീരുമാനങ്ങൾ ഇതൊക്കെത്തന്നെയായിരിക്കും. യഹോവയുടെ സേവനത്തിൽ എനിക്കു ചെയ്യാൻ കഴിഞ്ഞ എല്ലാ കാര്യങ്ങളെയും കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ഒരുപാട് നന്ദി തോന്നുന്നു. യഹോവയുമായി ഒരു ഉറ്റ സ്നേഹബന്ധം ഉണ്ടായിരിക്കുന്നത് എത്ര പ്രധാനമാണെന്ന് ഇക്കാലംകൊണ്ട് ഞാൻ പഠിച്ചു. നമുക്ക് എടുക്കേണ്ടി വരുന്ന തീരുമാനങ്ങൾ വലുതോ ചെറുതോ ആയിക്കൊള്ളട്ടെ, “മനുഷ്യബുദ്ധിക്ക് അതീതമായ” സമാധാനം തരാൻ യഹോവയ്ക്കാകും. (ഫിലി. 4:6, 7) സിൽവിയയ്ക്കും എനിക്കും ഞങ്ങളുടെ ബഥേൽ സേവനം ഒരുപാട് ഇഷ്ടമാണ്. യഹോവ ഞങ്ങളുടെ തീരുമാനങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. കാരണം, ഓരോ തീരുമാനമെടുത്തപ്പോഴും ഞങ്ങൾ യഹോവയ്ക്ക് ഒന്നാംസ്ഥാനം നൽകി.