നിങ്ങൾക്ക് അറിയാമോ?
യേശുവിന്റെ കാലത്ത് ആളുകൾ ഏതെല്ലാം തരം നികുതികൾ കൊടുക്കണമായിരുന്നു?
ആദ്യകാലംമുതൽതന്നെ ഇസ്രായേല്യർക്കിടയിൽ സത്യാരാധനയെ പിന്തുണയ്ക്കാൻ പണം കൊടുക്കുന്ന രീതിയുണ്ടായിരുന്നു. എന്നാൽ യേശുവിന്റെ കാലമായപ്പോഴേക്കും പലതരം നികുതി കൊടുക്കേണ്ടിയിരുന്നതുകൊണ്ട് അവർക്ക് അതൊരു ഭാരമായിത്തീർന്നു.
ദൈവത്തിന്റെ വിശുദ്ധമന്ദിരത്തിലെ ആരാധനയെ പിന്തുണയ്ക്കാൻ പ്രായപൂർത്തിയായ ഓരോ ജൂതനും അര ശേക്കെൽ (രണ്ടു ദ്രഹ്മ) വീതം നൽകിയിരുന്നു. ഒന്നാം നൂറ്റാണ്ടിൽ ആ പണം ഉപയോഗിച്ചിരുന്നത് ഹെരോദ് പണികഴിപ്പിച്ച ദേവാലയത്തിന്റെ പരിപാലനത്തിനും അവിടെ യാഗങ്ങൾ അർപ്പിക്കുന്നതിനും വേണ്ടിയാണ്. ഒരിക്കൽ ചില ജൂതന്മാർ പത്രോസിനോട് ഈ നികുതി കൊടുക്കുന്നതിനെക്കുറിച്ചുള്ള യേശുവിന്റെ നിലപാട് എന്താണെന്നു ചോദിച്ചു. യേശു അതിനെ എതിർത്തില്ല. മാത്രമല്ല, ഒരു വെള്ളിനാണയം കൊണ്ടുവന്ന് നികുതി കൊടുക്കാൻ പത്രോസിനോട് ആവശ്യപ്പെടുകയും ചെയ്തു.—മത്താ. 17:24-27.
അക്കാലത്ത് ദൈവജനം ദശാംശവും കൊടുക്കണമായിരുന്നു. തങ്ങളുടെ വിളവിന്റെയും വരുമാനത്തിന്റെയും പത്തിലൊന്നാണ് ഇങ്ങനെ നികുതിയായി കൊടുത്തിരുന്നത്. (ലേവ്യ 27:30-32; സംഖ്യ 18:26-28) “പുതിന, ചതകുപ്പ, ജീരകം” പോലുള്ള സാധനങ്ങളുടെ കാര്യത്തിൽപ്പോലും കൃത്യമായി ദശാംശം കൊടുക്കണമെന്നു മതനേതാക്കൾ നിർബന്ധംപിടിച്ചു. ദശാംശം കൊടുക്കുന്നതു തെറ്റാണെന്നൊന്നും യേശു പറഞ്ഞില്ലെങ്കിലും ശാസ്ത്രിമാരുടെയും പരീശന്മാരുടെയും കാപട്യത്തോടെയുള്ള ആ മനോഭാവത്തെ യേശു തുറന്നുകാട്ടി.—മത്താ. 23:23.
അന്നു ഭരണം നടത്തിയിരുന്ന റോമൻഗവൺമെന്റും ആളുകളുടെ മേൽ പലതരം നികുതികൾ ചുമത്തിയിരുന്നു. അതിൽ ഒന്ന് ഭൂവുടമകളുടെ മേൽ ചുമത്തിയിരുന്ന നികുതിയാണ്. അതു പണമായിട്ടോ സാധനങ്ങളായിട്ടോ കൊടുക്കാമായിരുന്നു. വിളവിന്റെ 20 മുതൽ 25 ശതമാനംവരെയാണ് ഇത്തരത്തിൽ നികുതിയായി ഈടാക്കിയിരുന്നത്. ഇനി, ഓരോ ജൂതനും തലക്കരവും കൊടുക്കണമായിരുന്നു. ഈ കരം അഥവാ നികുതി കൊടുക്കുന്നതിനോടു ബന്ധപ്പെട്ടാണു പരീശന്മാർ ഒരിക്കൽ യേശുവിനോട് ഒരു ചോദ്യം ചോദിച്ചത്. അപ്പോൾ, നികുതി കൊടുക്കുന്നതിനെ നമ്മൾ എങ്ങനെ കാണണമെന്നു തന്റെ മറുപടിയിൽ യേശു വ്യക്തമാക്കി. യേശു പറഞ്ഞു: “സീസർക്കുള്ളതു സീസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക.”—മത്താ. 22:15-22.
ചില പ്രത്യേക സ്ഥലങ്ങളിലേക്കു സാധനങ്ങൾ കൊണ്ടുപോകുന്നതിന് അല്ലെങ്കിൽ കൊണ്ടുവരുന്നതിന് ചരക്കുനികുതിയും നൽകണമായിരുന്നു. തുറമുഖങ്ങളിലും പാലങ്ങളിലും കവലകളിലും പട്ടണങ്ങളുടെയോ ചന്തകളുടെയോ കവാടങ്ങളിലും വെച്ചാണ് അതു പിരിച്ചിരുന്നത്.
ആളുകൾക്ക് ഒരുതരത്തിലും താങ്ങാൻ പറ്റാത്തത്ര നികുതിയാണു റോമൻഭരണകൂടം ഈടാക്കിയിരുന്നത്. യേശു ഭൂമിയിൽ ജീവിച്ചിരുന്ന കാലത്ത് തിബെര്യൊസ് ആയിരുന്നു റോമൻചക്രവർത്തി. “നികുതിഭാരം താങ്ങാൻ വയ്യാതായിട്ട് അതൊന്നു കുറച്ചുതരാൻ സിറിയയിലെയും യഹൂദ്യയിലെയും ആളുകൾ ചക്രവർത്തിയോട് അപേക്ഷിച്ചതായി” റോമൻചരിത്രകാരനായ റ്റാസിറ്റസ് പറയുന്നുണ്ട്.
നികുതി പിരിച്ചിരുന്ന രീതിയും അതു കൂടുതൽ ഭാരമുള്ളതാക്കി. ഒരു ലേലത്തിലൂടെയാണു നികുതി പിരിക്കാനുള്ള അവകാശം ആളുകൾക്കു കൊടുത്തിരുന്നത്. കൂടുതൽ തുക പറയുന്നവർക്ക് ആ അവകാശം കിട്ടുമായിരുന്നു. അവരാകട്ടെ നികുതി പിരിക്കാൻവേണ്ടി മറ്റ് ആളുകളെ തങ്ങളുടെ കീഴിൽ നിയമിച്ചിരുന്നു. എല്ലാവരും ലാഭം ഉണ്ടാക്കാൻ ആഗ്രഹിച്ചിരുന്നതുകൊണ്ട് ആളുകളിൽനിന്ന് അവർ കൂടുതൽ പണം ഈടാക്കിയിരുന്നു. സക്കായിയുടെ കീഴിലും ഇതുപോലുള്ള നികുതിപിരിവുകാർ ഉണ്ടായിരുന്നെന്നു തോന്നുന്നു. (ലൂക്കോ. 19:1, 2) ആളുകൾ ഈ രീതിയെ എതിർക്കുകയും നികുതിപിരിവുകാരെ വെറുക്കുകയും ചെയ്തതിൽ ഒട്ടും അതിശയിക്കാനില്ല.